Current Date

Search
Close this search box.
Search
Close this search box.

പണ്ഡിതന്‍ ഭൗതിക പ്രേമിയാകുമ്പോള്‍

coin.jpg

(ഭൗതിക ലൊകത്തെ സ്‌നേഹിക്കുകയും അതിന്നു വേണ്ടി ജ്ഞാനം സമ്പാദിക്കുകയും ചെയ്യുന്ന ദുഷ്ട പണ്ഡിതന്മാരുടെ ഹാനി വിവരിച്ചു കൊണ്ട്, മുല്ലാ ഹാജി മുഹമ്മദ് ലാഹോരിക്കെഴുതിയ കത്ത്)

പണ്ഡിതന്മാരുടെ ഭൗതിക സ്‌നേഹവും ആസക്തിയും, സുന്ദരമായ മുഖത്തെ കറുത്ത മറുകിന്ന് സമാനമാണ്. ഇവരുടെ ജ്ഞാനം, ആളുകള്‍ക്ക് പ്രയോജനകരമെങ്കിലും, അവര്‍ക്ക് അത് കൊണ്ട് യാതൊരു ഉപകാരവുമുണ്ടായിരിക്കില്ല. ഇവര്‍ ഇസ്‌ലാമിന് ശക്തി പകരുകയും ശരീഅത്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നത് ശരി തന്നെ. ചിലപ്പോള്‍, ഒരു അവിശ്വാസിയൊ, തെമ്മാടിയൊ ഈ ജോലി നിര്‍വഹിക്കുന്നുണ്ടായിരിക്കും. അങ്ങനെയാണല്ലോ പ്രവാചകന്‍ (സ) സൂചിപ്പിക്കുന്നത്: ‘നിശ്ചയം, തെമ്മാടിയായ ഒരു മനുഷ്യനിലൂടെ, അല്ലാഹു ഈ മതത്തിന്നു ബലമേകും’. തീക്കല്ലുകള്‍ പോലെയാണവര്‍. അതില്‍ ഊര്‍ജ്ജമുണ്ടാകും. അത് ഉപയോഗിച്ച് ആളുകള്‍ തീ കത്തിക്കും. പക്ഷെ, ആ കല്ലിന്ന് അത് കൊണ്ട് യാതൊരു പ്രേയോജനവും ലഭിക്കുന്നില്ലല്ലോ. അത് പോലെ, സ്വന്തം ജ്ഞാനത്താല്‍ ഇത്തരക്കാര്‍ക്കും യാതൊരു ഫലവും ലഭിക്കുന്നില്ല. മാത്രമല്ല, തങ്ങള്‍ക്കത് ഹാനികരമായിരിക്കുകയും ചെയ്യും. കാരണം, ‘അത് തെറ്റാണെന്ന് ഞങ്ങള്‍ക്കറിയുകയില്ലായിരുന്നു, അറിയുമെങ്കില്‍ അങ്ങനെ ചെയ്യുകയില്ലായിരുന്നു’വെന്ന് , അന്ത്യ നാളില്‍ ഇവര്‍ക്ക് പറയാന്‍ കഴിയുകയില്ലല്ലോ.
ഒരു ഹദീസില്‍ ഇങ്ങനെ വന്നിരിക്കുന്നു: സ്വന്തം ഞാനത്തില്‍ നിന്നും നേട്ടമില്ലാത്ത പണ്ഡിതനായിരിക്കും അന്ത്യനാളില്‍ ഏറ്റവും ശിക്ഷിക്കപ്പെടുക.’
ശരിയാണ്. സര്‍വോപരി, അല്ലാഹു ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ജ്ഞാനത്തെ, ധനവും സ്ഥാനവും ആര്‍ജ്ജിക്കാനുള്ള മാധ്യമമാക്കുന്നവര്‍ക്ക് അത് ഹാനി തന്നെയായിരിക്കും.

സത്യത്തില്‍, ഭൗതിക പ്രേമം, അല്ലാഹുവെ സംബന്ധിച്ചിടത്തോളം, ഏറ്റവും വെറുക്കപ്പെട്ട കാര്യമാണ്. അതിനാല്‍ തന്നെ, അവന്‍ ആദരിക്കുന്ന ജ്ഞാനത്തെ അവന്‍ ഇഷ്ടപ്പെടാത്ത മാര്‍ഗത്തില്‍ വിനിയോഗികുന്നത് നികൃഷ്ടം തന്നെയാണ്. അവന്‍ ആദരിക്കുന്നതിനെ വെറുക്കുകയും, അവന്‍ വെറുക്കുന്നതിനെ ആദരിക്കുകയും വാഴ്ത്തുകയും ചെയ്യുകയാണല്ലോ, ഇത് വഴി സംഭവിക്കുക. വ്യക്തമായി പറഞ്ഞാല്‍, അല്ലാഹുവിന്നെതിരെ നിലകൊള്ളുകയാണിത് വഴി സംഭവിക്കുക. പ്രഭാഷണം, പ്രബോധനം, മതലേഖനങ്ങള്‍, പുസ്തകങ്ങള്‍, പത്രമാസികകള്‍ എന്നിവയെല്ലാം ഗുണപ്രദം തന്നെ. അവ അല്ലാഹുവിന്നു വേണ്ടിയായിരിക്കണമെന്ന് മാത്രം. അല്ലാതെ, സ്ഥാനമാനങ്ങളോ, ധനമോ, പ്രസിദ്ധിയോ ആര്‍ജ്ജിക്കാനുള്ള മാധ്യമമായിരിക്കരുത്.

ഭൗതിക പ്രമത്തത ഇല്ലാതിരിക്കുക എന്നതാണ്, പരിശുദ്ധവും ഭക്തിസാന്ദ്രവുമായ, ഇത്തരമൊരു ചിന്തയുടെ ലക്ഷണം. ഈ അനര്‍ത്ഥം വരുത്തുന്ന, ഭൗതിക പ്രേമികളായ പണ്ഡിതന്മാര്‍, യഥാര്‍ത്ഥത്തില്‍, ഭൗതികരാണ്; ദുഷ്ട പണ്ഡിതരാണ്; ജനങ്ങളില്‍ ഏറ്റവും വില കുറഞ്ഞവരാണ്; വിശ്വാസ മോഷ്ടാക്കളാണ്. പക്ഷെ, തങ്ങള്‍ മത പണ്ഡിതന്മാരാണെന്നായിരിക്കും ഇവര്‍ സ്വയം കരുതുക; മത പണ്ഡിതന്മാരും, പാരത്രികരും, സര്‍വോത്തമരും എന്ന നിലക്കായിരിക്കും ഇവര്‍ പ്രതിനിധാനം ചെയ്യുക. തങ്ങള്‍ അവരുടെ അനുധാവകരും സര്‍വോത്തമരുമാണെന്ന് ഇവര്‍ സ്വയം വിശ്വസിക്കുന്നു. തങ്ങള്‍ എന്തോ ഒന്ന് നേടിയതായി അവര്‍ വിചാരിക്കുകയും ചെയ്യും. ‘അറിയുക: തീര്‍ച്ചയായും അവര്‍ തന്നെയാകുന്നു കള്ളം പറയുന്നവര്‍. പിശാച് അവരെ കീഴടക്കി വെക്കുകയും അങ്ങനെ അല്ലാഹുവെ പറ്റിയുള്ള ഉല്‌ബോധനം അവര്‍ക്ക്  വിസ്മരിപ്പിച്ചു കളയുകയും ചെയ്തിരിക്കുന്നു. അക്കൂട്ടരാകുന്നു പിശാചിന്റൊ കക്ഷി. അറിയുക; തീര്‍ച്ചയായും പിശാചിന്റെ  കക്ഷി തന്നെയാകുന്നു നഷ്ടക്കാര്‍’ എന്നാണല്ലോ ഖുര്‍ ആന്‍ പറയുന്നത്.

ഒരിക്കല്‍, ആളുകളെ വഴി തെറ്റിക്കാനൊ, വഞ്ചിക്കാനോ പോകാതെ, പിശാച് അലസനായി ഇരിക്കുന്നത് ഒരു മഹാന്‍ കാണുകയുണ്ടായി. എന്താണ് ഇങ്ങനെ അലസനായി ഇരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍, അവന്റെ മറുപടി ഇതായിരുന്നു: ‘ഇക്കാലത്തെ ദുഷ്ട പണ്ഡിതന്മാര്‍ എന്റെ കാര്യത്തില്‍ വളരെയധികം സഹായിച്ചിരിക്കുന്നു. എന്റെ മാര്‍ഗഭ്രംശന ജോലി അവര്‍ ഏറ്റെടുത്തിരിക്കുകയാണ്. അങ്ങനെ, എന്റെ മനസ്സ് അവര്‍ സ്വതന്ത്രമാക്കിയിരിക്കുന്നു.’
യഥാര്‍ത്ഥത്തില്‍, ശരീ അത്ത് നിയമങ്ങള്‍ പാലിക്കുന്നതിലുള്ള ഇന്നത്തെ അനാസ്ഥയും മതവ്യതിയാനവുമെല്ലാം, ഈ ദുഷ്ട പണ്ഡിതന്മാരുടെ ദുരയാല്‍ ഉണ്ടായി തീര്‍ന്നതാണ്.

എന്നാല്‍, ഭൗതിക പ്രേമം പിടികൂടാത്ത, ധനം, സ്ഥാനം, പ്രസിദ്ധി എന്നിവയെ കുറിച്ച് ആശങ്കപ്പെടാത്തന്മാരാകട്ടെ, അവരാണ് പാരത്രിക പണ്ഡിതന്മാരും, പ്രവാചകന്മാരുടെ അനന്തിരവന്മാരും പ്രതിനിധികളും. ഉത്തമ പുരുഷരും. അന്ത്യനാളില്‍, ഇവരുടെ മഷിയും രക്തസാക്ഷിയുടെ രക്തവും തൂക്കിനോക്കും. അപ്പോള്‍ ഇവരുടെ മഷിക്കായിരിക്കും തൂക്കമുണ്ടാവുക. ‘പണ്ഡിതന്മാരുടെ ഉറക്കം ഉപാസനയാണെ’ന്ന തിരുവചനവും ഇവരെ കുറിച്ചുള്ളതാണ്. പരലോകത്തിലെ അനന്താനുഗ്രഹങ്ങളുടെ സൗന്ദര്യം മനസ്സിലാക്കി, അത് അനന്തമാണെന്നും, ഭൗതിക ലോകം ക്ഷണികമാണെന്നും തിരിച്ചറിഞ്ഞു, നൈതികതയുള്ളതിനെ മുറുകെ പിടിക്കുന്നവരും ഇവരാണ്.

ദൈവിക മഹത്വത്തിന്റെ നൈതിക കാണുക വഴി മാത്രമേ പരലോക മഹത്വം മനസ്സിലാക്കാനാവുകയുള്ളു. പരലോക മഹത്വം മനസ്സിലാക്കിയവന്‍ ഭൗതിക ലോകം അവഗണിക്കുകയും ചെയ്യുന്നു. കാരണം, ഭൗതിക ലോകവും പരലോകവും സഹകളത്രങ്ങളാണ്. ഒന്നിനെ പ്രീതിപ്പെടുത്തുകയാണെങ്കില്‍ മറ്റേതിനെ വെറുക്കുകയായിരിക്കും ഫലം. രണ്ടിനെയും ഒരുമിച്ചു ഇഷ്ടപ്പെടാനോ വെറുക്കാനോ സാധ്യമല്ല. അത് വൈരുദ്ധ്യമായിരിക്കുമല്ലോ.
എന്നാല്‍, സ്വയം വിസ്മരിക്കുകയും ഭൗതിക ലോകത്തെ അവഗണിക്കുകയും ചെയ്ത ചില മഹാന്മാര്‍, പ്രത്യക്ഷത്തില്‍ ഭൗതിക പ്രേമികളായി അഭിനയിക്കുകയുണ്ടായി. അതിനവര്‍ക്ക് കാരണവും നേട്ടവും ഉണ്ടായിരുന്നു. അവര്‍ ഭൗതിക സുഖം അന്വേഷിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നതായേ നമുക്കു തോന്നുകയുള്ളു. യഥാര്‍ത്ഥത്തില്‍, അവയുമായി അവര്‍ക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ‘ചില ആളുകള്‍. അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും, നമസ്‌കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല.’ (24: 37) എന്ന്, അന്നൂര്‍ സൂറയില്‍ സൂചിപ്പിച്ചത് ഇവരെ കുറിച്ചത്രെ.

മക്കയിലെ, മിന ബസാറില്‍ നിന്ന്, ഏകദേശം 50,000 ത്തോളം സ്വര്‍ണ നാണയത്തിന്ന് ചരക്കുകള്‍ വാങ്ങുന്ന ചെറുപ്പക്കാരനായ ഒരു യുവ കച്ചവടക്കാരനെ താന്‍ കണ്ടതായി ഖാജാ ബഹാ ഉദ്ദീന്‍ നഖ്ഷബന്തി ബുഖാരി പറയുന്നു. ഇദ്ദേഹത്തിന്റെ മനസ്സ് ഒരിക്കല്‍ പോലും ദൈവിക സ്മരണയില്‍ നിന്ന് മാറിയിരുന്നില്ലത്രെ.
(മക്തൂബാത്)

വിവ: കെ.എ. ഖാദര്‍ ഫൈസി

Related Articles