Current Date

Search
Close this search box.
Search
Close this search box.

നിങ്ങളുടെ വ്യക്തിത്വത്തെയാണ് വാക്കുകള്‍ കോറിയിടുന്നത്

personality.jpg

മറ്റുള്ളവരുമായി സംസാരിക്കുന്നതിന് നിങ്ങള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് വലിയ സ്ഥാനവും സ്വാധീനവുമാണുള്ളത്. നിങ്ങളുടെ സംസാരത്തിന്റെ ശൈലി നിങ്ങളുടെ വ്യക്തിത്വത്തെയാണ് കോറിയിടുന്നത്. നിങ്ങളുടെ വ്യക്തിത്വവും സംസ്‌കാരവും ചിന്തകളും അത് വെളിപ്പെടുത്തുന്നു. ബുദ്ധിയില്‍ നിന്നും ഉള്‍ക്കാഴ്ച്ചയില്‍ നിന്നും രൂപപ്പെടുന്ന യുക്തി സംസാരത്തിനുമുണ്ട്. എല്ലാവരെയും പിടിച്ചു വെക്കാന്‍ അതുകൊണ്ട് സാധിക്കും. പണം കൊണ്ട് സാധിക്കാത്തത് പലപ്പോഴും അതുകൊണ്ട് സാധ്യമാവും. അതുകൊണ്ടു തന്നെ മഹാന്‍മാരായ ആളുകളുടെ സംസാരം അമൂല്യമായ മുത്തുകള്‍ പോലെ അവരുടെ യുക്തിയെയും ബുദ്ധിയെയും പ്രതിഫലിപ്പിക്കുന്നതായി കാണാം.

അലി ത്വന്‍താവി പറയുന്നു: ‘എത്രയെത്ര വാക്കുകളാണ് സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നത്, നരകത്തില്‍ പ്രവേശിപ്പിക്കുന്ന വാക്കുകളെത്ര, കൊലയില്‍ രക്ഷപ്പെടുത്തിയ വാക്കുകളെത്ര, കൂട്ടുകാരനെ കൊലക്ക് പ്രേരിപ്പിച്ച വാക്കുകളെത്ര. മന്ത്രിയുടെയോ പ്രമുഖരുടെയോ അടുത്ത് തന്റെ ആവശ്യം ഉന്നയിച്ച് അത് നേടാനറിയുന്ന എത്ര ആവശ്യക്കാരുണ്ട്! തന്റെ ആവശ്യം ഉന്നയിച്ചിട്ടും നേടാനാകാത്തവരുമുണ്ട്. എന്റെ അടുത്ത് വരുന്നവരില്‍ വലിയൊരു വിഭാഗം ആവശ്യക്കാരാണ്. അവര്‍ക്ക് വേണ്ടി എനിക്ക് പരിചയമുള്ള മന്ത്രിമാരോടോ നേതാക്കളോടോ സംസാരിക്കാന്‍ അവര്‍ എന്നോട് ആവശ്യപ്പെടുന്നു. എന്റെയോ മറ്റുള്ളവരുടെയോ ഒരാവശ്യം ചോദിക്കുക എന്നത് എനിക്കിഷ്ടമില്ലാത്ത കാര്യമാണ്. അതുകൊണ്ട് ഞാന്‍ അവരോട് ക്ഷമാപണം നടത്തും. എന്നാല്‍ എന്റെ മധ്യസ്ഥതയേക്കാള്‍ വലിയൊരു കാര്യം അവര്‍ക്ക് ഞാന്‍ നല്‍കും. മന്ത്രിമാരുടെയോ നേതാക്കളുടെയോ അടുത്ത് അവര്‍ക്ക് പറയാനുള്ള കാര്യം പറഞ്ഞു കൊടുക്കലാണത്.’

സംസാരത്തിലെ യുക്തിയുടെ ഭാഗമാണ് ആളുകളുടെ നിലവാരത്തിനനുസരിച്ച് സന്ദര്‍ഭവും സാഹചര്യവും പരിഗണിച്ചാവുക എന്നത്. സംസാരമുണ്ടാക്കുന്ന സ്വാധീനം നിര്‍ണയിക്കുന്നതിലെ സുപ്രധാന ഘടകമാണിത്. അപ്രകാരം കേള്‍ക്കുന്നവനും പറയുന്നവും ഫലം ചെയ്യുകയെന്നതും യുക്തമായ സംസാരത്തിന്റെ സവിശേഷതയാണ്. ഉള്ളില്‍ ഉറങ്ങി കിടക്കുന്ന ശക്തിയെ ഉണര്‍ത്തിയെടുക്കാന്‍ പലപ്പോഴും അത് സഹായകമാകും. പലപ്പോഴും മുഴുവന്‍ മനുഷ്യര്‍ക്കും ഉപകാരപ്രദമായ ഒന്നായിട്ടത് മാറുകയും ചെയ്‌തേക്കാം. തോമസ് എഡിസന്റെ പരീക്ഷണശാല കത്തിനശിക്കുമ്പോള്‍ അദ്ദേഹത്തിന് 67 വയസ്സെങ്കിലും പ്രായമുണ്ട്. അതിന്റെ തീ പൂര്‍ണമായും അണയുന്നതിന് മുമ്പ് നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടുള്ള ഹെന്റി ഫോര്‍ഡ് 750,000 ഡോളറിന്റെ ഒരു ചെക്ക് അദ്ദേഹത്തിന് അയച്ചു. എഡിസണ് കൂടുതലായി വല്ലതും ആവശ്യമുണ്ടെങ്കില്‍ ആ തുകകൂടി ഞാന്‍ തരാമെന്ന് അറിയിക്കുകയും ചെയ്തു.

ഉന്നതമായ ഔദാര്യം പലരെയും ആശ്ചര്യപ്പെടുത്തി. എഡിസണ്‍റെ പഴയൊരു നിലപാടാണ് ഫോര്‍ഡിനെ അതിന് പ്രേരിപ്പിച്ച കാരണങ്ങളിലൊന്ന്. എഡിസണ്‍ ഇലക്ട്രിക് കാര്‍ നിര്‍മിച്ചെടുക്കുന്നതിന്റെ പണിയിലായിരുന്നു. അതിനാവശ്യമായ ബാറ്ററികള്‍ അദ്ദേഹം തയ്യാറാക്കിയിരുന്നു. ആ സമയത്താണ് എഡിസള്‍ പെട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍ നിര്‍മിച്ച ഫോര്‍ഡ് എന്ന ചെറുപ്പക്കാരനെ കുറിച്ച് കേള്‍ക്കുന്നത്. ആ യുവാവിനെ കാണുന്നതിനായി എഡിസണ്‍ പുറപ്പെട്ടു. അങ്ങനെ അയാളെ കണ്ടെത്തി കുറേ ചോദ്യങ്ങള്‍ ചോദിച്ചു. അതിനെല്ലാം ഫോര്‍ഡ് സൂക്ഷ്മായ മറുപടിയും നല്‍കി. കൂടിക്കാഴ്ച്ചയുടെ അവസാനത്തില്‍ എഡിസണ്‍ ഫോര്‍ഡിനോട് പറഞ്ഞു: പ്രിയ കൂട്ടുകാരാ, നീ എന്തെങ്കിലും ഒന്ന് സാക്ഷാല്‍കരിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നിന്റെ ശ്രമങ്ങള്‍ തുടരാന്‍ ഞാന്‍ നിന്നെ ഉപദേശിക്കുകയാണ്. ഫോര്‍ഡ് പറയുന്നു: ‘അമേരിക്കയില്‍ വലിയ സ്ഥാനമുള്ള വലിയ കണ്ടുപിടുത്തങ്ങളുടെ ഉടമയുടെ പ്രോത്സാഹന വചനങ്ങള്‍ എന്നെ സംബന്ധിച്ചടത്തോളം വലിയ പരിഗണനയായിരുന്നു.’ അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വിജയിക്കുകയും മുഴുവന്‍ മനുഷ്യര്‍ക്കും ഉപകാരപ്പെടുന്ന വാഹനങ്ങളുടെ കണ്ടുപിടുത്തത്തിന് അത് വഴിവെക്കുകയും ചെയ്തു.

നാം പ്രാധാന്യവും പരിഗണനയും നല്‍കേണ്ട കലയും ശേഷിയുമാണ് സംസാരം. ഒരു മുസ്‌ലിമിനെ സംബന്ധിച്ചടത്തോളം അവന്റെ വിശ്വാസം അവനോട് ആവശ്യപ്പെടുന്നതാണ് മാധുര്യമുള്ള സംസാരം. ഹൃദയങ്ങളുടെ പൂട്ടുകളെ തുറക്കുന്ന താക്കോലും സ്‌നേഹത്തിന്റെ ദൂതനുമാണത്.

Related Articles