Current Date

Search
Close this search box.
Search
Close this search box.

നാഗരികത കെട്ടിപ്പടുക്കുന്നതില്‍ സന്തുലിത വ്യക്തിത്വത്തിന്റെ പങ്ക്

face.jpg

‘മുസ്‌ലിങ്ങളുടെ സാമൂഹികവും വ്യക്തിപരവുമായ ജീവിതത്തിന് മേലുള്ള നിയന്ത്രണം ഇസ്‌ലാമിന് നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്, പൂര്‍വാവസ്ഥയിലേക്ക് ഇനി മടങ്ങാനാവാത്ത വിധത്തില്‍ അവര്‍ നിയന്ത്രണങ്ങള്‍ക്ക് വളരെ അകലെയാണുള്ളത്’ എന്ന് വ്യാകുലപ്പെടുന്നവര്‍ ഇന്ന് ധാരാളമുണ്ട്. വ്യക്തികളെ എപ്രകാരം വളര്‍ത്തിയെടുക്കണമെന്ന പ്രവാചക പാഠങ്ങള്‍ മുസ്‌ലിങ്ങള്‍ വിസ്മരിച്ചുപോയതാണ് ഇതിനുള്ള അടിസ്ഥാന കാരണം. വ്യക്തികളെ വളര്‍ത്തിയെടുക്കാന്‍ ഇസ്‌ലാം ആവിഷ്‌കരിച്ച വ്യവസ്ഥകള്‍ നാം പഠിക്കേണ്ടതുണ്ട്. അണികളുടെ മേലുള്ള നിയന്ത്രണം ഇസ്‌ലാമിന് നഷ്ട്രപ്പെട്ടുവെന്ന മേല്‍സൂചിപ്പിച്ച പരാമര്‍ശത്തിന്റെ ഉള്ളുകള്ളികള്‍ വ്യക്തമാവാന്‍ ഈ അന്വേഷണം നമ്മെ സഹായിച്ചേക്കും.

ഇസ്‌ലാം എല്ലാ കാര്യങ്ങളിലും സന്തുലിതമാണ് ആഗ്രഹിക്കുന്നത്. അല്ലാഹു പറയുന്നത് കാണുക: ‘നിശ്ചയമായും നാം നമ്മുടെ ദൂതന്മാരെ തെളിഞ്ഞ തെളിവുകളുമായി നിയോഗിച്ചിരിക്കുന്നു. അവരോടൊപ്പം വേദവും തുലാസ്സും അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യര്‍ നീതി നിലനിര്‍ത്താന്‍. നാം ഇരുമ്പും ഇറക്കിക്കൊടുത്തിരിക്കുന്നു.’ (57:25) പ്രവാചകന്മാരെ നിയോഗിച്ചിരിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ സന്തുലിതത്വം(തവാസുന്‍) ഉണ്ടാക്കാനാണെന്നാണ് ഇതിന്റെ അര്‍ഥം. ഈ സന്തുലിതത്വം ആരംഭിക്കേണ്ടത് വ്യക്തിയില്‍ നിന്നാണ്. അവിടെനിന്നത് കുടുംബത്തിലേക്ക് വികസിക്കണം. അതിലൂടെ സമുദായം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. അത് സമൂഹത്തിലേക്കും വിവിധ സമൂഹങ്ങളിലേക്കും വികസിക്കണം. അപ്രകാരം മനുഷ്യസമൂഹത്തിനും പ്രപഞ്ചത്തിനും ജീവിതത്തിനുമിടയില്‍ സര്‍ഗാത്മകമായ സന്തുലിതത്വം രൂപപ്പെടണം. ഇത്തരം സന്തുലിതത്വം സാക്ഷാല്‍കരിക്കപ്പെടുന്നതോടെ നാഗരികതയുടെ നിര്‍മാണമാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്. ഇപ്രകാരമാണ് മനുഷ്യന്റെ ഭൂമിയിലുള്ള പ്രാതിനിധ്യം നടപ്പാക്കപ്പെടുക. (ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ നിയോഗിക്കുകയാണ്. 2: 30)

സന്തുലിതത്വം ഇസ്‌ലാമിന്റെ ലക്ഷ്യങ്ങളില്‍ സുപ്രധാനമായ ഒന്നാണ്. ഈ സന്തുലിതത്വത്തെ ഇസ്‌ലാമില്‍ തഖ്‌വ എന്നാണ് പറയുക. ഇതാണ് സൂക്ഷമത. ഈ സൂക്ഷ്മത വ്യക്തിയിലാണ് രൂപപ്പെടേണ്ടത്. പിന്നീടത് കുടുംബത്തിലേക്കും സമൂഹത്തിലേക്കും നാഗരികതയിലേക്കും വളര്‍ച്ച പ്രാപിക്കണം. സൂക്ഷ്മത (തഖ്‌വ) എല്ലാ സന്തുലിത പ്രവര്‍ത്തനങ്ങളെയും ഉള്‍കൊള്ളുന്ന സമഗ്രമായൊരു പദമാണ്. ഇപ്രകാരം സന്തുലിതമായ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുമ്പോഴാണ് നാഗരികതയുടെ നിര്‍മാണം സാധ്യമാകുന്നത്.

സാമൂഹികമായ ഒരു സന്തുലിതത്വം എപ്രകാരം സാധ്യമാകുമെന്ന് ജനങ്ങള്‍ സംശയിക്കാറുണ്ട്. അത് അസാധ്യമാണെന്നാണ് അവരുടെ ധാരണ. പശ്ചാത്യനും പൗരസ്ത്യനും ഒരുപോലെയാവാന്‍ എങ്ങനെ സാധിക്കും! ദേശീയതയുടെ കാലത്ത് ഏകസ്വഭാവം എങ്ങനെ രൂപപ്പെടും! അതും ന്യൂനപക്ഷങ്ങള്‍കൂടിയുള്ള കാലത്ത്. ന്യൂനപക്ഷങ്ങള്‍ക്കായി പ്രത്യേക കര്‍മശാസ്ത്രങ്ങള്‍ വരെ രൂപപ്പെടുമ്പോള്‍? ഒറ്റ സമൂഹം രൂപപ്പെടാന്‍ എല്ലാവരെയും ഒരേ മൂശയിലെങ്ങനെ വാര്‍ത്തെടുക്കാനാവും!

എന്നാല്‍ ഭൗതിക കാഴ്ചപ്പാടോടെ സന്തുലിതത്വത്തെകുറിച്ച് ചിന്തിക്കുന്നവര്‍ക്കാണ് ഈ പ്രയാസം അനുഭവപ്പെടുക. കാരണം അവരുടെ പരസ്പര ബന്ധങ്ങള്‍ ഉപകാരങ്ങളെയും ലാഭങ്ങളെയും അടിസ്ഥാനമാക്കിയാണ് രൂപപ്പെടുന്നതും ഇല്ലാതാകുന്നതും. അവരുടെ സേവനങ്ങളും ആരാധനകള്‍ പോലും ഭൗതികലാഭത്തിനടിസ്ഥാനത്തിലായിരിക്കും. അവര്‍ക്ക് മറ്റുള്ളവരെ കൊല്ലാതെയും കൊള്ളിവെപ്പ് നടത്താതെയും ജീവിക്കാനാവില്ല. കാരണം ഭൗതിക നേട്ടങ്ങളാണ് അവരുടെ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമെന്നതിനാലാണ്. എന്നാല്‍ ഇസ്‌ലാമിന്റെ വീക്ഷണം നേരെ വിപരീതമാണ്. ഉന്നതവും ഉദാത്തവുമായ ലക്ഷ്യങ്ങളാണ് അതിനുള്ളത്. ഇഹത്തില്‍ എന്ത് ത്യാഗവും സഹിച്ച് എത്ര വിലപ്പെട്ടതും ത്യജിച്ച് പരലോക വിജയം നേടാനാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ടുതന്നെ അവര്‍ക്ക് ഐക്യവും സന്തുലനവും ഒരു പ്രയാസമായിരിക്കില്ല. പാശ്ചാത്യനും പൗരസ്ത്യനും ഒരേ ദൈവത്തിലാണ് വിശ്വസിക്കുന്നത്. വിശ്വാസത്തിന്റെ ഉറവിടമൊന്നാണ്. ആരാധനാ ശൈലിയൊന്നാണ്. ഖിബ്‌ലയും വേദഗ്രന്ഥവും ചിന്തകളും ഒന്നാണ്. അപ്രകാരമാവുകയാണെങ്കില്‍ ഈ അസാധ്യങ്ങളെല്ലാം ക്ഷിപ്രസാധ്യമായിരിക്കും.

പ്രവാചകന്‍ മുഹമ്മദിന് ഇതെല്ലാം സാധിച്ചിരുന്നു. അദ്ദേഹം സന്തുലിതമായി വ്യക്തികളെ വളര്‍ത്തിയെടുത്തു. അതിലൂടെ കുടുംബവും സമൂഹവും നിര്‍മിച്ചു. ഉമ്മത്ത് ഏകീകരിക്കപ്പെട്ടു. അതിന്റെ എല്ലാ കടമകളും പ്രത്യേക നിര്‍മാതാവില്ലാതെതന്നെ അത് നിര്‍വഹിച്ച് തുടങ്ങി. പേര്‍ഷ്യയും റോമും താര്‍താരികളും മംഗോളിയരും അതില്‍ പ്രവേശിച്ചു. എല്ലാ സമൂഹങ്ങളും ദൈവിക ദീനില്‍ കൂട്ടം കൂട്ടമായി പ്രവേശിച്ചു. മനുഷ്യചരിത്രത്തില്‍ ആദ്യമായി ഒരു പതാകക്ക് കീഴില്‍ എണ്ണിതിട്ടപ്പെടുത്താനാവുന്നതിനേക്കാള്‍ കൂടുതലാളുകള്‍ അപ്രകാരം ഐക്യപ്പെട്ടു. അപ്രകാരം ഇസ്‌ലാമിന് എല്ലാവരെയും ഒരേ മൂശയില്‍ വാര്‍ത്തെടുക്കാനായി. എല്ലാവരുടെയും ലക്ഷ്യം ഒന്നായി മാറി. ‘റബ്ബേ നീയാണ് എന്റെ ലക്ഷ്യം, നിന്റെ തൃപ്തിയാണ് എന്റെ ആവശ്യം’ ഇതായിരുന്നു അവരുടെയെല്ലാവരുടെയും മുദ്രാവാക്യം. അപ്രകാരം എല്ലാവരും ഒറ്റക്കെട്ടായി കൈകോര്‍ത്ത് സഹകരിച്ച് മഹത്തായ നാഗരികത കെട്ടിപ്പടുത്തു. ചൈനാ വന്മതിലും ഇന്ത്യയുടെ അതിര്‍ത്തികളും പാരീസും വിയന്നയും എല്ലാം അത് കീഴടക്കി. ആ നാഗരികതക്കൊണ്ട് ഭൂമിയില്‍ ശാന്തിയും സമാധാനവും നീതിയും സുരക്ഷിതത്തവും വിശ്വാസവും അറിവും വികസനവും വ്യാപിച്ചു. കാരുണ്യവും നൈര്‍മല്യവും സ്‌നേഹവും ഇവിടെ നിറഞ്ഞു. അപ്രകാരം പുതുമയും അല്‍ഭുതവുമുണ്ടാക്കുന്ന സാമൂഹിക സുരക്ഷിതത്വവും പരസ്പര സഹകരണവും വളര്‍ന്നുവന്നു.

ഇസ്‌ലാം അതിന്റെ നാഗരികത കെട്ടിപ്പടുത്തത് ക്രമപ്രവൃദ്ധമായിട്ടായിരുന്നു. വ്യക്തിയില്‍ നിന്ന് കുടുംബം വഴി സമൂഹത്തിലെത്തുന്നതായിരുന്നു അതിന്റെ ക്രമം. ഇസ്‌ലാമിക സമൂഹത്തിന്റെ അടിസ്ഥാനശില വ്യക്തിയാണ്. അവന്റെ സംസ്‌കരണവും വിദ്യാഭ്യാസവും ശ്രദ്ധിക്കുന്നു. അതോടൊപ്പം ആത്മാവിനെയും ശരീരത്തെയും അത് പരിഗണിക്കുന്നു. ഇവിടെനിന്നുതന്നെ ഇസ്‌ലാം അതിന്റെ സന്തുലിതത്വതത്വം പ്രയോഗവല്‍കരിച്ച് തുടങ്ങുന്നു. വ്യക്തികളില്‍ സന്തുലിതത്വം സാധ്യമായാല്‍ അത് കുടുംബത്തിലേക്ക് വ്യാപിക്കും, അതിലൂടെ അടുത്ത കുടുംബങ്ങളിലേക്കും. കുടുംബങ്ങളില്‍ നിന്ന് സമൂഹങ്ങളിലേക്കും പിന്നീട് മനുഷ്യരിലേക്കും ഇത് വ്യപിക്കുന്നു.

മനുഷ്യന്റെ രഹസ്യത്തെയും പരസ്യത്തെയും ഒരു പോലെ സംസ്‌കരിക്കാനാണ് ഇസ്‌ലാം പരിശീലിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ പ്രാഥമികമായി ഒരാളുടെ ഹൃദയത്തെ ശുദ്ധീകരിക്കണമെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. അത് നന്നായാല്‍ ബാക്കി കാര്യങ്ങള്‍ എളുപ്പമാണ്. പ്രവാചകന്‍ പറയുന്നത് കാണുക: ‘അറിയുക! ശരീരത്തില്‍ ഒരു രക്തകട്ടയുണ്ട്. അത് നന്നായാല്‍ ശരീരം നന്നാവും അത് ചീത്തയായാല്‍ ശരീരവും ചീത്തയാകും. അറിയുക അതാണ് ഹൃദയം.’ ഹൃദയമാണ് ഗതി നിര്‍ണയിക്കേണ്ടത്. ലക്ഷ്യം തീരുമാനിക്കേണ്ടതും. ബുദ്ധിയില്ലാതെ ഈ ഗതി നിര്‍ണയിക്കാനാവില്ല. ബുദ്ധി വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിശ്വാസങ്ങള്‍ രൂപപ്പെടുത്തുന്നു. ആ വിശ്വാസങ്ങള്‍ മനസ്സിനെ ദൈവപ്രീതിക്ക് നേരെ തിരിക്കുന്നു. ബുദ്ധിയാണ് മനസ്സിനെ നേര്‍മാര്‍ഗത്തിലെത്തിക്കുന്നത്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ വ്യവസ്ഥക്ക് ഇസ്‌ലാം മുഖ്യ പരിഗണന നല്‍കുന്നുണ്ട്.

നാഗരികതകളും ശാസ്ത്രവിദ്യാലയങ്ങളും കണ്ടുപിടുത്തങ്ങളും നേരെ പ്രമാണങ്ങള്‍കൊണ്ട് സ്ഥാപിക്കുകയല്ല ഇസ്‌ലാം ചെയ്തത്. മറിച്ച് ഇവയെല്ലാം സാധിക്കുന്ന തരത്തില്‍ വ്യക്തികളെ നിര്‍മിച്ചെടുക്കുകയാണത് ചെയ്തത്. ഇസ്‌ലാം നിര്‍മിച്ചെടുത്ത വ്യക്തികള്‍ ചരിത്രത്തില്‍ ശാസ്ത്രവും നാഗരികതവും സൃഷ്ടിച്ചിട്ടുണ്ട്. കണ്ടുപിടുത്തങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അപ്രകാരം ഒരു ലോകം നിര്‍മിച്ചെടുക്കാന്‍ ഇസ്‌ലാം വ്യക്തികളെ വളര്‍ത്തുകയാണ് ചെയ്തത്.

വ്യക്തിയുടെ സമഗ്ര വികസനത്തിനാണ് ഇസ്‌ലാം മുന്‍ഗണന നല്‍കിയത്. അവന്റെ മനസ്സിനെയും ശരീരത്തെയും ഇസ്‌ലാം ഒരുപോലെ പരിഗണിക്കുന്നുണ്ട്. ശരീരത്തിനും മനസ്സിനും അവകാശങ്ങളുണ്ട്. ഒന്നിനോടും അക്രമം ചെയ്യാവതല്ല. അപ്രകാരമുള്ള ഒരു സന്തുലിതത്തം വ്യക്തിയെ വളര്‍ത്തിയെടുക്കുന്നതില്‍ പാലിക്കണമെന്നാണ് ഇസ്‌ലാം കല്‍പിക്കുന്നത്. അവന്റെ ശരീരത്തിനും മനസ്സിനും ഒരുപോലെ ഭക്ഷണം ലഭ്യമാക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അപ്രകാരം സന്തുലിതത്വം വ്യക്തിയിലും സമൂഹത്തിലും ഉണ്ടാക്കണമെന്ന് ഇസ്‌ലാം ആഗ്രഹിക്കുന്നു.

വിവ: ജുമൈല്‍ കൊടിഞ്ഞി
 

Related Articles