Current Date

Search
Close this search box.
Search
Close this search box.

നാം ശ്രദ്ധിക്കേണ്ട വീഴ്ച്ചകള്‍

masjid333.jpg

നമസ്‌കരിക്കാനെത്തുന്നവരില്‍ നിന്നും പലപ്പോഴും സംഭവിക്കാറുള്ള ചില വീഴ്ച്ചകളെ കുറിച്ച് ഉണര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ജുമുഅക്ക് ബാങ്കു കൊടുക്കുന്ന സമയത്ത് പള്ളിയില്‍ പ്രവേശിക്കുന്ന പലരും സുന്നത്ത് നമസ്‌കരിക്കാനായി ബാങ്ക് അവസാനിക്കുന്നത് കാത്തുനില്‍ക്കുന്നത് കാണാം. പിന്നീട് ഖുതുബ ആരംഭിച്ചതിന് ശേഷമാണ് അവര്‍ നമസ്‌കരിക്കുന്നത്. എന്നാല്‍ ബാങ്ക് കേള്‍ക്കുന്നതിനേക്കാള്‍ പ്രാധാന്യം ഖുതുബ കേള്‍ക്കുന്നതിനാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. ഇങ്ങനെ ബാങ്കിന്റെ സമയത്ത് കയറി വരുന്നവര്‍ ഖുതുബക്ക് മുമ്പായി ബാങ്ക് കൊടുക്കുമ്പോള്‍ തന്നെ നമസ്‌കാരം നിര്‍വഹിക്കുകയാണ് വേണ്ടത്.

അതോടൊപ്പം ഇമാം മിമ്പറില്‍ കയറുന്നതിന് മുമ്പ് തന്നെ മസ്ജിദില്‍ പ്രവേശിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഇമാം മിമ്പറില്‍ കയറിയാല്‍ മലക്കുകള്‍ തങ്ങളുടെ രേഖകള്‍ അടച്ചു വെക്കുമല്ലോ. വൈകിയെത്തി നേരത്തെ വന്നവരെ കവച്ചു വെച്ചു മുന്നോട്ടു പോകുന്നത് പലര്‍ക്കും സംഭവിക്കുന്ന വീഴ്ച്ചയാണ്. നേരത്തെ എത്തിയാലും ചുമരുകളിലും തൂണുകളിലും ചാരിഇരിക്കുന്നവരും മുന്നിലെ സ്വഫ്ഫുകള്‍ വേണ്ടെന്നു വെച്ച് പിന്നില്‍ ഇടം പിടിക്കുന്നവരും പല മസ്ജിദുകളിലും കാണുന്ന കാഴ്ച്ചയാണ്. തങ്ങളെ കവച്ചു വെക്കാന്‍ ശേഷം വരുന്നവരെ നിര്‍ബന്ധിതരാക്കുകയാണ് അത്തരക്കാര്‍ ചെയ്യുന്നത്.

ഖുതുബ നടന്നു കൊണ്ടിരിക്കുമ്പോള്‍ അതില്‍ നിന്ന് ശ്രദ്ധ തിരിക്കുന്ന ഒരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെടരുത്. ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞും ചിരിച്ചും സംസാരിച്ചും അടുത്തിരിക്കുന്നവരുടെ ശ്രദ്ധ കൂടി തെറ്റിക്കുന്നവരായി നാം ഒരിക്കലും മാറരുത്. ഖുതുബ നടന്നു കൊണ്ടിരിക്കെ മസ്ജിദിലുള്ള ചരല്‍ കല്ലുകളെടുക്കുന്നത് പോലും വ്യര്‍ഥമായ പ്രവര്‍ത്തനമാണെന്നാണ് പ്രവാചകന്‍(സ) പറഞ്ഞിരിക്കുന്നത്. ഖുതുബ നടക്കുമ്പോള്‍ താടിയിലും മുടിയിലും വിരലോടിച്ച് അശ്രദ്ധയോടെയിരിക്കുന്നതും ജുമുഅയുടെ മര്യാദക്ക് ചേര്‍ന്ന പ്രവര്‍ത്തനമല്ല.

‘മനുഷ്യപുത്രന്മാരേ, എല്ലാ ആരാധനാസന്ദര്‍ഭങ്ങളിലും അലങ്കാരങ്ങളണിഞ്ഞുകൊള്ളുവിന്‍.’  (7: 31) എന്ന് അല്ലാഹു നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഓഫീസിലോ പാര്‍ട്ടിക്കോ പോകുമ്പോള്‍ നല്ല വസ്ത്രങ്ങള്‍ എടുത്തണിയുന്ന പലരും അല്ലാഹുവിന്റെ ഭവനങ്ങളിലേക്ക് പോകുമ്പോള്‍ അതത്ര കാര്യമായി ശ്രദ്ധിക്കാറില്ല. അല്ലാഹു സൗന്ദര്യമുള്ളവനും സൗന്ദര്യം ഇഷ്ടപ്പെടുന്നവനുമാണ്. വൃത്തിയുള്ളവനും അതിഷ്ടപ്പെടുന്നവനുമാണ്. അതുകൊണ്ട് പരമാവധി വൃത്തിയോടെയും വെടിപ്പോടെയായിരിക്കണം അവന്റെ ഭവനത്തിലേക്ക് നാം പോകേണ്ടത്.

അപ്രകാരം മസ്ജിദില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് സ്വഫ്ഫുകള്‍ക്കിടയിലെ വിടവുകളും വളവുകളും. സ്വഫ്ഫുകള്‍ ശരിയായിരിക്കല്‍ നമസ്‌കാരത്തിന്റെ പൂര്‍ണതയുടെ ഭാഗമാണെന്നത് നാം വിസ്മരിക്കരുത്.

മൊഴിമാറ്റം: നസീഫ്‌

Related Articles