Current Date

Search
Close this search box.
Search
Close this search box.

ദിവ്യസന്ദേശങ്ങളെ തുച്ഛമായ വിലയ്ക്ക് വില്‍ക്കുന്നവര്‍

drops1.jpg

ലോക മനുഷ്യസമൂഹങ്ങളില്‍ ദൈവം പ്രത്യേകമായി അനുഗ്രഹം ചെയ്ത ജനതയായിരുന്നു ഇസ്‌റാഈല്‍ സന്തതികള്‍ അഥവാ യഅ്ഖൂബ് സന്തതികള്‍. ഇസ്‌റാഈല്യരെ അഭിസംബോധന ചെയ്തുകൊണ്ട് സൂറ: അല്‍ബഖറയില്‍ അല്ലാഹു പറയുന്നു: `ഓ ഇസ്‌റാഈല്‍ സന്തതികളെ! നിങ്ങള്‍ക്ക് ഞാന്‍ (പ്രത്യേകമായി) പ്രദാനം ചെയ്തിട്ടുള്ള അനുഗ്രഹത്തെ അനുസ്മരിക്കുകയും, ഞാന്‍ എന്റെ ഉടമ്പടി നിറവേറ്റുന്നതുപോലെ നിങ്ങളുടെ ഉടമ്പടി നിങ്ങളും നിറവേറ്റുകയും എന്നെമാത്രം നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക.` തങ്ങള്‍ ഒരു അനുഗ്രഹീത ജനതയാണെന്നും ഞങ്ങളും ദൈവവുമായി പ്രത്യേക ഉടമ്പടിയുണ്ടെന്നും അവകാശപ്പെടുന്നവരാണ് ഇസ്‌റാഈല്യര്‍. ഫിര്‍ഔന്റെ അടിമത്തത്തില്‍നിന്നും മോചനം നല്‍കുകയും ശേഷം `പാലും തേനും ഒഴുകുന്ന` കനാന്‍ ദേശം അവര്‍ക്ക് നല്‍കി ദൈവം ആ ഉടമ്പടിയില്‍ അവന്റെ പങ്ക് നിറവേറ്റിയെങ്കിലും അവര്‍ കാര്യങ്ങള്‍ വിസ്മരിച്ചുകളഞ്ഞിരുന്നു.

തുടര്‍ന്ന് അല്ലാഹു ഇസ്‌റാഈല്യരെ ഉപദേശിക്കുന്നു:  നിങ്ങളുടെ പക്കലുള്ള ദിവ്യസന്ദേശത്തെ സ്ഥിതീകരിച്ചുകൊണ്ട് ഞാന്‍ (മുഹമ്മദ് നബി(സ)ക്ക് അവതരിപ്പിച്ചതില്‍ നിങ്ങള്‍ വിശ്വസിക്കുകയും, അതില്‍ ആദ്യമായി അവിശ്വസിക്കുന്നത് നിങ്ങളാകാതിരിക്കുകയും ചെയ്യുക. എന്റെ ദൃഷ്ടാന്തങ്ങളെ തുച്ഛമായ വിലയ്ക്ക് നിങ്ങള്‍ വില്‍ക്കരുത്. എന്നോട് മാത്രം നിങ്ങള്‍ ഭക്തി കാണിക്കുകയും ചെയ്യുക. ശേഷം, സത്യത്തെ അസത്യം കൊണ്ട് മൂടരുതെന്നും യാഥാര്‍ത്ഥ്യം അറിഞ്ഞുകൊണ്ട് സത്യത്തെ മറച്ചുവെക്കരുതെന്നും പ്രാര്‍ഥന സ്ഥിരമായി നിര്‍വഹിക്കാനും നിയമാനുസൃത ദാനം നല്‍കാനും ആരാധനാവേളയില്‍ തലകുനിക്കുന്നവരോടൊപ്പം തലകുനിക്കാനും അല്ലാഹു അവരെ ഉപദേശിക്കുന്നു. ഇവിടെ അഭിസംബോധിതര്‍ ജൂതന്മാരാണെങ്കിലും ഈ സന്ദേശം മുഴുവന്‍ ലോകമനുഷ്യരോടുമാണ്. അല്ലാഹു വിവിധങ്ങളായ ഉദാഹരണങ്ങളിലൂടെ മനുഷ്യര്‍ക്ക് പാഠങ്ങള്‍ വിവരിച്ചുകൊടുക്കുന്നവനാണല്ലോ.

ജനങ്ങളോട് സല്‍ക്കര്‍മ്മം ചെയ്യാനാജ്ഞാപിക്കുകയും സ്വയം അത് ജീവിതത്തില്‍ പ്രയോഗികമാക്കാന്‍ മറക്കുകയും ചെയ്യുന്നവരെ അല്ലാഹു ഇവിടെ ചോദ്യം ചെയ്യുന്നുണ്ട്. ദിവ്യഗ്രന്ഥം വായിച്ചു പഠിട്ടുകൊണ്ടിരിക്കെത്തന്നെ കാര്യം ഗ്രഹിക്കാത്തവരാണവര്‍. ഇസ്‌ലാമും അതിന്റെ സന്ദേശവും അറിയാത്തവര്‍ ഇന്ന് വിരളമാണ്. മുസ്‌ലിമായി ജനിച്ചവരും വിശുദ്ധ ഖുര്‍ആന്‍ വായിച്ചു കൊണ്ടിരിക്കുന്നവരും ധാരാളമാണ്. അച്ചടി, ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ അതിന്റെ സന്ദേശം നമ്മളിലേക്കിന്ന് സദാസമയം എത്തിക്കൊണ്ടിരിക്കുന്നു. കണ്ണുകള്‍കൊണ്ട് നാമത് വായിക്കുന്നുണ്ട്; കാതുകള്‍കൊണ്ട് കേള്‍ക്കുന്നുണ്ട്; പക്ഷേ, ഹൃദയം കൊണ്ടും ആത്മാവ് കൊണ്ടും അത് മനസിലാക്കാന്‍ എത്രപേരുണ്ട് എന്നാണ് അല്ലാഹുവിന്റെ ചോദ്യം. ദിവ്യസന്ദേശത്തിന്റെ വക്താക്കള്‍ എന്ന് പറയുന്നവര്‍ തന്നെയാണ് ചരിത്രത്തില്‍ വഴിപിഴച്ചുപോയിട്ടുള്ളത്. ഇത് ഏവര്‍ക്കും സംഭവിച്ചേക്കാവുന്ന ദുരന്തമാണ്. നേരാംവണ്ണം കാര്യം ഗ്രഹിക്കുന്നില്ല എങ്കില്‍.

ഇങ്ങനെയുള്ള പ്രയാസങ്ങളില്‍നിന്നും ദുരന്തങ്ങളില്‍നിന്നും മുക്തി നേടാന്‍ അല്ലാഹു ചില ഉപദേശങ്ങളും ജനങ്ങള്‍ക്ക് നല്‍കുന്നു. ക്ഷമാപൂര്‍വകമായ സ്ഥിരോത്സാഹം കൊണ്ടും പ്രാര്‍ഥനകൊണ്ടും (ദൈവത്തിന്റെ) സഹായം തേടുക എന്നതാണത്. ഈ കാര്യം രണ്ട് വിഭാഗം ആളുകള്‍ക്ക് ഒഴികെ പ്രയാസകരമാണ് എന്നും അല്ലാഹു പറയുന്നു. ഒന്ന്, താഴ്മയോടുകൂടിയ മനസുള്ളവര്‍ക്കാണ്.  മറ്റൊന്ന് തങ്ങളുടെ നാഥനെ കണ്ടുമുട്ടേണമെന്നും അവന്റെയടുക്കലേക്ക് തിരിച്ചു ചെല്ലേണ്ടവരുമാണെന്ന വസ്തുത മനസില്‍ വെച്ചുകൊണ്ടിരിക്കുന്നവരുമാണ്. ഏതു പ്രതിസന്ധിയിലും ക്ഷമയും മനസ്ഥൈര്യവും കൈക്കൊള്ളാനാണ് അല്ലാഹു ജനങ്ങളെ ഇവിടെ ഉപദേശിക്കുന്നത്. അതിന്റെ സ്വഭാവം ക്ഷണികമോ അവസരവാദപരമോ അല്ല. അത് വ്യവസ്ഥാപിതവും സുസ്ഥിരവുമാണ്. തന്റെ പരിമിതികളും ദൗര്‍ബല്യങ്ങളും ദൈവത്തിന് മുമ്പില്‍ സമര്‍പ്പിച്ച് നേരായ പാതയിലേക്ക് നയിക്കേണമേ എന്ന സദാപ്രാര്‍ഥനയുമായി തന്റെ റബ്ബിനെ കണ്ടുമുട്ടേണമെന്ന പ്രതീക്ഷയും മനസില്‍ സൂക്ഷിച്ചു ഈ ക്ഷണിക ജീവിതത്തെ ദൈവമുദ്ദേശിച്ച പൂര്‍ണാര്‍ഥത്തില്‍ പൂര്‍ത്തിയാക്കാന്‍ നമുക്ക് സാധിക്കുമാറാകട്ടെ.

കടപ്പാട് : അല്ലാമാ യൂസുഫലി, വിശുദ്ധക്വുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും (വിവ: ചെറിയമുണ്ടം അബ്ദുല്‍ഹമീദ്)

Related Articles