Current Date

Search
Close this search box.
Search
Close this search box.

ജീവിതത്തില്‍ പ്രതിഫലിക്കേണ്ട അനുഷ്ഠാനങ്ങള്‍

flower-bee.jpg

അല്ലാഹു വിശ്വാസികളോട് അനുഷ്ഠിക്കാന്‍ കല്‍പിച്ചിട്ടുള്ള അഞ്ചുനേരത്തെ നമസ്‌കാരങ്ങളുടെയും റമദാനിലെ നോമ്പിന്റെയും സകാത്ത് നല്‍കുന്നതിലും മറ്റു നിര്‍ബന്ധ കര്‍മങ്ങളിലും കണിശത പുലര്‍ത്തുന്നവനായിരിക്കും ഒരു മുസ്‌ലിം എന്നതില്‍ സംശയമില്ല. അധ്വാനവും ഇച്ഛകളോടുള്ള പോരാട്ടവും ആവശ്യമായിട്ടുള്ള കാര്യങ്ങളാണിവ. കാരണം മനുഷ്യമനസ്സിന്റെ ഇച്ഛകള്‍ എപ്പോഴും താല്‍പര്യപ്പെടുന്നത് വിശ്രമവും പ്രയാസങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണ്. എന്നാല്‍ മുസ്‌ലിംകളുടെ നിലവിലെ അവസ്ഥ വെച്ചു നോക്കുമ്പോള്‍ ഏറ്റവും പ്രയാസകരമായ അനുഷ്ഠാന കര്‍മം ഈ ആരാധനാ കര്‍മങ്ങളുടെ നിത്യജീവിതത്തിലെ പ്രതിഫലനമാണ്. ആ ആരാധനാ കര്‍മങ്ങള്‍ കൊണ്ട് പ്രതീക്ഷിക്കപ്പെടുന്ന ഫലങ്ങള്‍ അവരുടെ ഇടപാടുകളിലും അവര്‍ ജീവിക്കുന്ന സമൂഹത്തിലും പ്രകടലമാവലാണത്. നിര്‍ബന്ധ കര്‍മങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഇസ്‌ലാമിക ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍ പ്രായോഗികമായി നടപ്പാക്കാനുള്ളതാണ്.

ആളുകള്‍ക്കിടയിലെ പരസ്പര ഇടപാടുകളില്‍ അതിഭീകരമായ വീഴ്ച്ചകളും തെറ്റുകളുമാണ് പലപ്പോഴും സംഭവിക്കുന്നത്. ഏഷണി, പരദൂഷണം, കളവ്, വാഗ്ദാനലംഘനം, അന്യന്റെ സമ്പത്ത് അന്യായമായി അപഹരിക്കല്‍, അതിക്രമം പ്രവര്‍ത്തിക്കല്‍, പരിഹാസം, കുത്തുവാക്കുകള്‍, ചുഴിഞ്ഞന്വേഷണം, അപവാദം തുടങ്ങി അത്തരത്തിലുള്ള നിരവധി വീഴ്ച്ചകള്‍ മുസ്‌ലിംകള്‍ക്കിടയില്‍ പോലും കാണാം.

നിര്‍ബന്ധ അനുഷ്ഠാന കര്‍മങ്ങള്‍ക്ക് നിര്‍വഹിക്കുന്നിടത്ത് മുസ്‌ലിംകള്‍ക്ക് വീഴ്ച്ചകള്‍ സംഭവിക്കുന്നുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണത്. പ്രസ്തുത കര്‍മങ്ങളുടെ ചൈതന്യവും ശരീഅത്ത് അതുകൊണ്ടുദ്ദേശിക്കുന്ന ലക്ഷ്യങ്ങളും മനസ്സിലാക്കുന്നതില്‍ സംഭവിച്ച വീഴ്ച്ചയാണ് അത് എടുത്തുകാണിക്കുന്നത്. നമസ്‌കാരത്തിന്റെ നിര്‍വഹണത്തിനും ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന അതിലൂടെ പ്രതീക്ഷിക്കപ്പെടുന്ന ഫലങ്ങള്‍ക്കും ഇടയില്‍ വലിയ വിടവ് സംഭവിച്ചിരിക്കുന്നതാണ് കാണുന്നത്. ”നിങ്ങള്‍ നമസ്‌കാരം നിലനിര്‍ത്തുക, നിശ്ചയം, നമസ്‌കാരം മ്ലേച്ഛകൃത്യങ്ങളില്‍നിന്നും ദുര്‍വൃത്തികളില്‍നിന്നും തടയുന്നതാണ്.” (അല്‍അന്‍കബൂത്ത്: 45) അപ്രകാരം നോമ്പിന്റെ ഉദ്ദേശ്യവും ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ”അല്ലയോ വിശ്വസിച്ചവരേ, നിങ്ങള്‍ക്കുമുമ്പുള്ള പ്രവാചകന്മാരുടെ അനുയായികള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടപോലെ നിങ്ങള്‍ക്കും വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. അതുവഴി നിങ്ങളില്‍ ഭക്തിയുടെ ഗുണങ്ങള്‍ വളര്‍ന്നേക്കാം.” (അല്‍ബഖറ: 183)

മുസ്‌ലിംകളില്‍ ചിലരുടെയെല്ലാം നിര്‍ബന്ധ അനുഷ്ഠാന കര്‍മങ്ങള്‍ക്കും അതവരുടെ നിത്യജീവിതത്തിലെ ഇടപാടുകളിലും സ്വഭാവത്തിലും ഉണ്ടാക്കേണ്ട ഗുണങ്ങള്‍ക്കും ഇടയില്‍ വലിയ അകല്‍ച്ചയും വിടവുമാണ് പ്രകടമാവുന്നത്. നമസ്‌കരിക്കുന്നവരായ ആളുകളുടെ പണമിടപാടുകളെ സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. നിര്‍ബന്ധ നോമ്പുകള്‍ക്ക് പുറമെ സുന്നത്തായ നോമ്പുകള്‍ കൂടി അനുഷ്ഠിക്കുന്ന പലരും വിശ്വാസികളിലുണ്ടായിരിക്കണമെന്ന് അല്ലാഹു നിഷ്‌കര്‍ശിച്ച സല്‍സ്വഭാവത്തില്‍ നിന്ന് വളരെയേറെ അകലെയാണ് പലപ്പോഴും.

അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും കല്‍പനകള്‍ ശരിയാംവിധം മനസ്സില്ലാക്കലും ഏറ്റവും നന്നായി അത് നിര്‍വഹിക്കലുമാണ് ഏറ്റവും പ്രയാസകരമായ ഇബാദത്ത്  എന്ന് പറയാന്‍ എന്നെ പ്രേരിപ്പിക്കുന്നതും അതാണ്. അല്ലാഹുവിന്റെ മറ്റ് ദാസന്‍മാരോടുള്ള ഇപഴകലുകളിലും ഇടപാടുകളിലും ആ ഫലങ്ങള്‍ പ്രകടമാവണം. കുടുംബത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ആരംഭിക്കുന്ന അത് അയല്‍ക്കാരിലേക്കും നാട്ടുകാരിലേക്കും വ്യാപിക്കുകയും പൊതുസമൂഹത്തില്‍ പന്തലിക്കുകയും വേണം.

വീട്ടിലും സമൂഹത്തിലും അങ്ങാടിയിലുമെല്ലാം ഉത്തമസ്വഭാവത്തിന്റെ ഉടമകളായിരിക്കണം മുസ്‌ലിംകള്‍ എന്നാവശ്യപ്പെടുന്ന ഖുര്‍ആന്‍ സൂക്തങ്ങളും പ്രവാചകവചനങ്ങളുമുണ്ട്. അല്ലാഹു പറയുന്നു: ”അല്ലയോ വിശ്വാസികളേ, നിങ്ങളുടെ ദാനധര്‍മങ്ങളെ, കൊടുത്തത് വിളിച്ചോതിയും ശല്യംചെയ്തും പാഴാക്കാതിരിക്കുവിന്‍.” (അല്‍ബഖറ: 264)
”ഹജ്ജു ചെയ്യാന്‍ തീരുമാനിച്ചവര്‍ ഹജ്ജുവേളയില്‍ സ്ത്രീസംസര്‍ഗവുംപാപവൃത്തികളുംവാക്കേറ്റങ്ങളുംവര്‍ജിക്കാന്‍ ജാഗ്രതയുള്ളവരായിരിക്കട്ടെ.” (അല്‍ബഖറ: 197)

നോമ്പിനെ കുറിച്ച് പ്രവാചകന്‍(സ) പറയുന്നു: ”ഒരാള്‍ ചീത്തവാക്കും പ്രവൃത്തിയും ഉപേക്ഷിക്കുന്നില്ലെങ്കില്‍ അയാള്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കേണ്ട ആവശ്യം അല്ലാഹുവിനില്ല.” (ബുഖാരി)
അബൂഹുറൈറയില്‍ നിന്നും നിവേദനം, നബി(സ)ചോദിച്ചു: പാപ്പരായവന്‍ ആരാണെന്ന് നിങ്ങള്‍ക്കറിയാമോ? അവര്‍ (സഹാബികള്‍) പറഞ്ഞു: സമ്പത്തും ജീവിതവിഭവങ്ങളുമില്ലാത്തവനാണ് ഞങ്ങളുടെ കൂട്ടത്തില്‍ പാപ്പരായവന്‍. തദവസരത്തില്‍ നബി(സ) പറഞ്ഞു: എന്റെ സമൂദായത്തിലെ പാപ്പരാവയന്‍ അന്ത്യനാളില്‍ നമസ്‌കാരം, നോമ്പ്, സകാത്ത് എന്നിവയുമായി വരുന്നവനാണ്; പക്ഷേ അവന്‍ ഒരാളെ ചീത്തപറഞ്ഞിട്ടുണ്ട്. ഒരാളെ കുറിച്ച് ദുരാരോരപണം ഉന്നയിച്ചിട്ടുണ്ട്. ഒരാളുടെ ധനം അപഹരിച്ചിട്ടുണ്ട്. ഒരാളെ അടിച്ചിട്ടുണ്ട് (ഈ നിലയിലാണ് അവന്‍ മഹ്ശറില്‍ വരുന്നത്). അന്നേരം അക്രമത്തിന്നിരയായ ഓരോരുത്തര്‍ക്കും അയാളുടെ നന്മകളില്‍ നിന്ന് അര്‍ഹമായത് നല്‍കപ്പെടും. അവകാശങ്ങള്‍ മുഴുവന്‍ കൊടുത്തുവീട്ടും മുമ്പും അയാളുടെ നന്മകള്‍ തീര്‍ന്നുപോയാല്‍ അവരുടെ (മര്‍ദ്ദിതരുടെ) പാപങ്ങള്‍ എടുത്ത് അയാളുടെ മേല്‍ ചുമത്തപ്പെടും. അന്നേരം അവന്‍ നരകത്തില്‍ എറിയപ്പെടും.

നമസ്‌കരിച്ചിട്ടും നോമ്പെടുത്തിട്ടും ഇയാളുടെ സ്വഭാവമെന്തുകൊണ്ട് നന്നാവുന്നില്ലെന്ന വിമര്‍ശനവും കുറ്റപ്പെടുത്തലും ഒഴിവാക്കാന്‍ മുസ്‌ലിം സമൂഹത്തിലെ ചിലര്‍ ആ കര്‍മങ്ങള്‍ തന്നെ ഉപേക്ഷിക്കുന്നു എന്നത് ദുഖകരമാണ്. നിര്‍ബന്ധ അനുഷ്ഠാന കര്‍മങ്ങള്‍ ഉപേക്ഷിക്കുന്നതിന് പകരം തെറ്റുകളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ശ്രമങ്ങളാണ് അത്തരക്കാരില്‍ നിന്നും ഉണ്ടാവേണ്ടത്.

 

വിവ: നസീഫ്‌

Related Articles