Current Date

Search
Close this search box.
Search
Close this search box.

ഗ്ലാസിന്റെ നിറഞ്ഞ പകുതി

GLASS.jpg

നാം എല്ലാവരും, മുസ്‌ലിമായാലും അമുസ്‌ലിമായാലും, ദൈവം നല്‍കിയ എണ്ണമറ്റ അനുഗ്രഹങ്ങള്‍ ദിനേന ആസ്വദിക്കുന്നവരാണ്. എന്നാല്‍ പല ആളുകളും ഇത്തരം അനുഗ്രഹങ്ങളൊന്നും ലഭിക്കാത്തവരായും സമൂഹത്തിലുണ്ട്. എന്നാല്‍ ഉള്ളതിനെ മറന്നും അതിന് നന്ദി അര്‍പ്പിക്കാതെയും ഇല്ലാത്തത് തേടിക്കൊണ്ടിരിക്കുന്നവരാണ് അധിക മനുഷ്യരും. പകുതി വെള്ളമുള്ള ഗ്ലാസിലെ വെള്ളമുള്ള പകുതി കാണാതെ വെള്ളമില്ലാത്ത പകുതിയെ കുറിച്ച് പരാതി പറയുന്നവരാണ് അവര്‍. നമ്മേക്കാള്‍ ഉള്ളവരിലേക്കല്ല, നമ്മുടെ അത്ര പോലും ഇല്ലാത്തവരിലേക്ക് നോക്കുമ്പോഴാണ് അല്ലാഹു നല്‍കിയതിന്റെ നിറവ് നാം അനുഭവിക്കുകയുള്ളൂ.

ഒരു സുഹൃത്ത് ഇമെയില്‍ വഴി അയച്ചുതന്ന ഒരു കഥ നമ്മള്‍ മനസ്സിലാക്കേണ്ട വലിയ പാഠം പകര്‍ന്നു നല്‍കുന്നതാണ്. ഇടിഞ്ഞുവീഴാറായ ഒരു പഴയ കെട്ടിടത്തിന്റെ മുകള്‍നിലയില്‍ മേല്‍ക്കൂരയില്ലാത്ത ഒരു മുറിയില്‍ ഒരു വൃദ്ധ താമസിച്ചിരുന്നു. അവര്‍ക്ക് കൂട്ടായി ഉണ്ടായിരുന്നത് ഒരു ചെറിയ ബാലന്‍ മാത്രമായിരുന്നു. മുറിയുടെ വാതില്‍ അടച്ചുറപ്പില്ലാത്ത ഒന്നായിരുന്നു. അത് ശരിയാക്കാന്‍ പലവട്ടം ശ്രമിച്ച് പരാജയപ്പെട്ട് വാതില്‍ മതിലിന് ചാരിവെച്ചിരിക്കുന്നത് കാണാം. ഈ വേനല്‍കാലം എങ്ങനെയെങ്കിലും തള്ളിനീക്കാം. എന്നാല്‍ മരംകോച്ചുന്ന ശീതക്കാറ്റടിക്കുന്ന തണുപ്പുകാലത്ത് മേല്‍ക്കൂരയോ വാതിലോ ഇല്ലാത്ത ഈ വീട്ടില്‍ എങ്ങനെയാണ് ഈ വൃദ്ധയും ആ ചെറിയ കുട്ടിയും കഴിയുക?

തണുപ്പുകാലം വന്നെത്തിയതോടെ ശക്തമായ ശീതക്കാറ്റ് വീശാന്‍ തുടങ്ങി. ഒരുദിവസം, ആകാശം മേഘാവൃതമാവുകയും കനത്ത മഴ വര്‍ഷിക്കാനും തുടങ്ങി. മേല്‍ക്കൂരയില്ലാത്ത ആ മുറിയില്‍ വൃദ്ധയും കുട്ടിയും നനഞ്ഞൊലിച്ചു. മറ്റുള്ളവര്‍ വാതിലും ജനലും വലിച്ചടച്ച് തങ്ങളുടെ വീടുകളില്‍ അഭയം തേടിയപ്പോള്‍ തനിക്കോ തന്റെ കുട്ടിക്കോ അഭയം കണ്ടെത്താനാകാതെ ആ വൃദ്ധമാതാവ് വിശമിച്ചു. അവസാനം, മതിലിന് ചാരിവെച്ച ആ പഴകി ദ്രവിച്ച വാതിലാണ് അവര്‍ക്ക് തുണയായത്. തന്റെ കുട്ടിയെ മുറുകെ പിടിച്ച് അവര്‍ ആ ചാരിവെച്ച വാതിലിന് പിന്നിലിരുന്നു. എന്നാല്‍ മഴ അധികസമയം നീണ്ടുനിന്നില്ല. പതിയെ വെയില്‍ പരക്കാന്‍ തുടങ്ങി. അപ്പോള്‍ വളരെ സന്തോഷത്തോടെ ആ ബാലന്‍ തന്റെ വൃദ്ധമാതാവിനോട് പറഞ്ഞു: ”ഈ വാതില്‍ അഭയമായി ലഭിച്ചതിന് നമുക്ക് അല്ലാഹുവിനെ സ്തുതിക്കാം. ഈയൊരു വാതില്‍ പോലും ഇല്ലാത്തവര്‍ എന്ത് ചെയ്യും?”

ആ കുട്ടി പ്രകടിപ്പിച്ച നിഷ്‌കളങ്കമായ മനസ്സാണ് നമുക്കില്ലാതെ പോകുന്നത്. നാശം എന്ന് എത്രയോ തവണ നാം പിറുപിറുക്കേണ്ട ഒരു ഘട്ടത്തിലാണ് ആ കുട്ടി തങ്ങള്‍ക്ക് കിട്ടിയ ചെറിയ അനുഗ്രഹത്തെ വിലമതിക്കുന്നത്. അവന്‍ കണ്ടത് കോപ്പയിലെ നിറഞ്ഞ പകുതിയായിരുന്നു. ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ലഭിക്കണമെങ്കില്‍ ഉള്ളതില്‍ തൃപ്തിപ്പെടാനും അതില്‍ നന്ദി അര്‍പ്പിക്കാനും നാം ശീലിക്കണം. നമ്മേക്കാള്‍ ധാരാളം അനുഗ്രഹങ്ങളുള്ള എത്രയോ ആളുകള്‍ ഈ ഭൂമിയിലുണ്ടെന്നത് ശരിയാണ്. എന്നാല്‍ നമുക്കുള്ളത് പോലും ഇല്ലാത്ത അതിലുമധികം ആളുകള്‍ ഉണ്ട് എന്നതല്ലേ യാഥാര്‍ത്ഥ്യം? നമുക്ക് രണ്ടു കണ്ണുകളുണ്ട്. എന്നാല്‍ ജന്മനാ ഈ ലോകത്തെ മനോഹര കാഴ്ചകള്‍ നിഷേധിക്കപ്പെട്ട എത്ര ആളുകളുണ്ട്? നമുക്ക് പൂര്‍ണ ആരോഗ്യമുള്ള രണ്ട് കാലുകളുണ്ട്. എന്നാല്‍ നടക്കാന്‍ കാലുകളില്ലാതെ നിരങ്ങി നീങ്ങേണ്ടിവരുന്ന എത്ര ആളുകളെ നാം കണ്ടിട്ടുണ്ട്? എന്തും കഴിക്കാനുള്ള സ്വാതന്ത്ര്യവും സുഭിക്ഷതയും നമുക്കുണ്ട്. എന്നാല്‍ ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാത്തവരും പട്ടിണിമൂലം മരിക്കുന്നവരുമായ എത്ര മനുഷ്യരുണ്ട്? പൈപ്പ് തുറന്നാല്‍ ശുദ്ധജലം നമുക്ക് ലഭിക്കുന്നു. എന്നാല്‍ ഒരിറ്റു ജലം കിട്ടാതെ കിലോമീറ്ററുകള്‍ ജലത്തിനായി അലയുന്നവര്‍ എത്രയാണ്? നമുക്ക് സന്താന സൗഭാഗ്യമുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി ഒരു കുഞ്ഞിന് വേണ്ടി ആറ്റുനോറ്റിരിക്കുന്ന ദമ്പതികള്‍ എത്ര പേരുണ്ട്? മനോഹരവും വിശാലവുമായ വീടുകളിലാണ് നാം കഴിയുന്നത്. എന്നാല്‍ തെരുവുകളില്‍ അന്തിയുറങ്ങേണ്ടി വരുന്നവര്‍ എത്രപേരുണ്ട്? നമ്മുടെ രാജ്യത്ത് സുരക്ഷിതത്വവും നിര്‍ഭയത്വവും നാം അനുഭവിക്കുന്നു. എന്നാല്‍ ബോംബാക്രമണങ്ങളും കലാപങ്ങളും യുദ്ധങ്ങളും ജീവിതമായ ജനതകള്‍ എത്രയുണ്ട്? ചിന്തിക്കാനും എഴുതാനും പറയാനും നമുക്ക് സ്വാതന്ത്ര്യമുണ്ട്. അതിന് പോലും അവകാശമില്ലാത്ത എത്ര ആളുകള്‍ ലോകത്തു ജീവിക്കുന്നുണ്ട്?

അല്ലാഹു പറയുന്നു: ”നിങ്ങള്‍ക്ക് ആവശ്യമുള്ളതൊക്കെ അവന്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ക്ക് എണ്ണിക്കണക്കാക്കാനാവില്ല. തീര്‍ച്ചയായും മനുഷ്യന്‍ കടുത്ത അക്രമിയും വളരെ നന്ദികെട്ടവനും തന്നെ.” (ഇബ്‌റാഹീം: 34)

ഉള്ളതുകൊണ്ട് തൃപ്തിപ്പെടുകയെന്നാല്‍ ഒന്നും ആഗ്രഹിക്കാതിരിക്കലോ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്താതിരിക്കലോ അല്ല. സ്വന്തം ജീവിതാനുഭവങ്ങളില്‍ ക്ഷമയവലംബിക്കുകയും ലഭിച്ച അനുഗ്രഹങ്ങളില്‍ നന്ദിയര്‍പ്പിക്കുകയും ചെയ്യുക എന്നതാണ് അതിന്റെ പൊരുള്‍. അല്ലാഹുവിങ്കലാണ് നമ്മുടെ വിധിയുടെ കടിഞ്ഞാണിരിക്കുന്നത്. വിധിയെ മാറ്റിമറിക്കാന്‍ ഒരിക്കലും നമുക്ക് സാധിക്കില്ല, ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകള്‍ കൊണ്ടല്ലാതെ. നമ്മുടെ പ്രവര്‍ത്തനങ്ങളെ അല്ലാഹുവിലേക്ക് സമര്‍പ്പിക്കുകയും അവന്റെ പ്രീതി കാംക്ഷിക്കുകയും ചെയ്യുക എന്നതായിരിക്കണം ഒരു വിശ്വാസിയുടെ നിലപാട്.

വിവ: അനസ് പടന്ന

Related Articles