Current Date

Search
Close this search box.
Search
Close this search box.

കേവലം മോഹങ്ങള്‍ പുരോഗതിയിലേക്ക് നയിക്കില്ല

pearl.jpg

മോഹങ്ങള്‍ ഒരിക്കലും ഉന്നതിയില്‍ എത്തിക്കുകയോ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യത്തെ മാറ്റുകയോ ഇല്ല. അധ്വാനവും പരിശ്രമവും നിശ്ചയദാര്‍ഢ്യവും കൊണ്ട് മാത്രമേ അതുണ്ടാവുകയുള്ളൂ. നമ്മുടെ ഉമ്മത്തിനെ ആക്ഷേപിച്ചു കൊണ്ട് നാം ധാരാളം സംസാരിക്കാറുണ്ട്. അതിന്റെ പിന്നോക്കാവസ്ഥയില്‍ ഏറെ പരിതപിക്കാറുമുണ്ട്. എന്നാല്‍ അതിന്റെ ഉയര്‍ച്ചക്ക് വേണ്ട ആത്മാര്‍ഥമായ പ്രവര്‍ത്തനം വളരെ കുറച്ചേ നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നുള്ളൂ. അതിനെ പുരോഗതിയിലേക്ക് നയിക്കുന്ന സംഭാവനകളും നമ്മുടെ ഭാഗത്തു നിന്നം കുറവാണ്.

നാം സമര്‍പ്പിക്കുന്നത് വാക്കുകള്‍ മാത്രമാണ്. കേവലം വാചക ഘടനകള്‍ മാത്രം. നാഗരികതയുടെ വീണ്ടെടുപ്പിന് വഴികാണിക്കുകയും ഗുണപാഠങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്യുന്ന നല്ലൊരു ഗവേഷണ പ്രബന്ധത്തിന്റെയോ നടപ്പാക്കാവുന്ന ചിന്തയുടെയോ പ്രവര്‍ത്തന പദ്ധതിയുടെയോ തലത്തിലേക്ക് പോലും അവ ഉയരുന്നില്ല. നമ്മുടെ ആദര്‍ശം കേവലം തത്വശാസ്ത്രമോ സോഫിസ്റ്റ് ചിന്താപദ്ധതിയോ, അല്ലെങ്കില്‍ ഉപരിപ്ലവമായ മറ്റേതെങ്കിലും തത്വശാസ്ത്രമോ അല്ല. യഥാര്‍ഥ പ്രകാശവും തെളിമയാര്‍ന്ന ഏകദൈവത്വവുമാണത്. പ്രപഞ്ചത്തിന്റെയും ജനങ്ങളുടെയും ജീവിതത്തിന്റെയും സംസ്‌കരണമാണത് കല്‍പിക്കുന്നത്. മനസ്സില്‍ അടിയുറച്ച് സ്ഥിരപ്പെട്ട അതിന്റെ പ്രായോഗവല്‍കരണം കൂടി അടങ്ങുന്നതാണത്.

വാക്കും കര്‍മവും കൂടിചേര്‍ന്നതാണ് നമ്മുടെ ദീന്‍. ലോകരക്ഷിതാവിലുള്ള വിശ്വാസത്തില്‍ അടിയുറച്ച് നിലകൊള്ളുന്നതും ജീവിതത്തിന്റെ എല്ലാ തുറകളെയും സ്പര്‍ശിക്കുന്നതുമായ പ്രായോഗിക സിദ്ധാന്തമാണ് അതെന്ന് പറയാം. ഹൃദയം പരമമായ സത്യത്തില്‍ ബന്ധിക്കപ്പെടുമ്പോള്‍ ശരീരം അതിനനുസരിച്ച് ചലിക്കുന്നു. ആ ഹൃദയത്തിലെ വിശ്വാസം ശരീരത്തിലെ പഞ്ചേന്ദ്രിയങ്ങളിലൂടെ പ്രകടമാവുന്നു. അതിന്റെ ചൊവ്വായ പ്രകാശവൃത്തത്തിനകത്തു നിന്നു കൊണ്ട് ശരീരം ചലിക്കുന്നു. ”അറിയുക, നിശ്ചയമായും ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന് നന്നായി. അത് ദുഷിച്ചാല്‍ ശരീരം മുഴുവന് ദുഷിച്ചു.” എന്ന് പ്രവാചകന്‍(സ) പറഞ്ഞതിന്റെ പൊരുളും മറ്റൊന്നല്ല.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ പറയുന്നു: ”ഹൃദയം അതിലെ വിശ്വാസത്തോട് മാനസികമായ ബോധ്യം കൊണ്ടും കര്‍മം കൊണ്ടും യോജിച്ചാല്‍, പ്രകടമായ വാക്കുകളാലും പ്രവര്‍ത്തികളാലും അതിനോടുള്ള ശരീരത്തിന്റെ യോജിപ്പ് അനിവാര്യമായും പ്രകടമാവും. ഹദീസ് പണ്ഡിത ശേഷ്ഠര്‍ പറയുന്നു: വാക്കും കര്‍മവുമാണത്. ആന്തരികവും ബാഹ്യവുമായ വാക്ക്. അപ്രകാരം ആന്തരികവും ബാഹ്യവുമായ പ്രവര്‍ത്തനം. ബാഹ്യമായവക്ക് ആന്തരികമായതിനെ പിന്‍പറ്റല്‍ അനിവാര്യമാണ്. ആന്തരികമായി സംസ്‌കരിക്കപ്പെട്ടാല്‍ ബാഹ്യമായും സംസ്‌കരിക്കപ്പെട്ടു, ദുഷിച്ചാല്‍ ദുഷിക്കുകയും ചെയ്തു. അതുകൊണ്ടാണ് അലക്ഷ്യമായി നമസ്‌കരിക്കുന്നവനെ കുറിച്ച് ‘അവന്റെ ഹൃദയത്തില്‍ ഖുശൂഅ് ഉണ്ടായിരുന്നെങ്കില്‍ അവന്റെ അവയവങ്ങളിലും അതുണ്ടാകുമായിരുന്നു’ എന്ന് സഹാബികള്‍ പറഞ്ഞിട്ടുള്ളത്.”

സംസ്‌കരണത്തിനും നിലവിലെ അവസ്ഥക്ക് മാറ്റം വരുത്തുന്നതിനും കേവലം മോഹങ്ങള്‍ മതിയാവില്ലെന്ന് പറയുന്നത് അതിനാലാണ്. മറിച്ച് അതിന് നല്ല അധ്വാനവും പരിശ്രമവും ക്ഷമയും സമര്‍പ്പണവും ആവശ്യമാണ്. ഒരു പ്രവര്‍ത്തനം യഥാര്‍ത്ഥത്തില്‍ തുടങ്ങുന്നത് ഹൃദയം കൊണ്ടാണ്. നേട്ടങ്ങള്‍ക്കും പുരോഗതിക്കും മനസ്സിന് പ്രചോദനം നല്‍കുന്നത് ഹൃദയമാണ്. അവയവങ്ങളെ ചലിപ്പിക്കുന്ന എഞ്ചിനാണ് ഹൃദയം. ഒരു മനുഷ്യന്‍ വിശ്വസിക്കുന്ന അടിസ്ഥാനങ്ങളാണ് അയാളുടെ വാക്കുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും വിവര്‍ത്തനം ചെയ്യപ്പെടുന്നത്. ഹൃദയത്തില്‍ വിശ്വാസം വര്‍ധിക്കുന്നതിനനുസരിച്ച് അവയവങ്ങളിലൂടെയുള്ള അതിന്റെ പ്രതിഫലനങ്ങളും വര്‍ധിക്കും.

മൊഴിമാറ്റം: നസീഫ്‌

Related Articles