Current Date

Search
Close this search box.
Search
Close this search box.

കുട്ടികള്‍ കോപിക്കുമ്പോള്‍

mad-child.jpg

ദേഷ്യം എന്നത് മനുഷ്യന്റെ പ്രകൃതത്തിന്റെ ഭാഗമാണ്. അതിനെ പൂര്‍ണ്ണമായി ഇല്ലാതാക്കാനോ പിഴുതെറിയാനോ ആര്‍ക്കുമാവില്ല. എന്നാല്‍ അതിനെ നിയന്ത്രിക്കാനും വരുതിയില്‍ വരുത്താനും സാധ്യമാണ്. കുട്ടിയുടെ ഉള്ളില്‍ തന്നെയുള്ള ആന്തരികമായ ആധിപത്യമാണ് അതിനുള്ള മാര്‍ഗം. അല്ലാതെ പിതാവിനെ പോലുള്ള ആളുകളില്‍ നിന്നുള്ള ബാഹ്യമായ ആധിപത്യമല്ല. ദേഷ്യപ്പെടുന്നതില്‍ നിന്ന് ബലം പ്രയോഗിച്ച് അവനെ തടയുന്നതിലൂടെയല്ല.

ഇത്തരത്തില്‍ ശക്തി പ്രയോഗിച്ച് ദേഷ്യത്തെ അടിച്ചമര്‍ത്തുന്നത് കുട്ടിയുടെ മനസ്സില്‍ അസ്വസ്ഥതയും സമ്മര്‍ദ്ധവും ഉണ്ടാകുന്നതിന് കാരണമാകുന്നു. അത് ഒട്ടേറെ മാനസിക രോഗങ്ങള്‍ക്കും കാരണമായി മാറാറുണ്ട്. അതുകൊണ്ട് തന്നെ വളരെ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. അതിനുള്ള ഏറ്റവും ഉത്തമമായ മാര്‍ഗം കുട്ടിയില്‍ മനോദാര്‍ഢ്യം വളര്‍ത്തുകയെന്നതാണ്. അതിലൂടെ അവന് കോപത്തെ സ്വയം നിയന്ത്രിക്കാനാവും.

കോപം കൊണ്ട് ധാരാളം ഫലങ്ങളുമുണ്ട്. സ്വന്തത്തിന്റെയും ദീനിന്റെയും സംരക്ഷണത്തിലും അഭിമാനം കാത്തുസൂക്ഷിക്കുന്നതിലും രാഷ്ട്രത്തിന്റെ സംരക്ഷണത്തിലും അതിന് പങ്ക് നിര്‍വഹിക്കാനുണ്ട്. കോപം എന്ന പ്രതിഭാസം ഇല്ലായിരുന്നെങ്കില്‍ അല്ലാഹുവിന്റെ അതിരുകള്‍ ലംഘിക്കപ്പെടുമ്പോള്‍ ഒരു വിശ്വാസി അതിനെതിരെ എങ്ങനെ പ്രതികരിക്കും? ശത്രു നിങ്ങളുടെ മേല്‍ അതിര് വിടുകയും നിങ്ങളുടെ നാട്ടില്‍ അധികാരം സ്ഥാപിക്കാനും വരുമ്പോള്‍ കോപിക്കാതിരിക്കുന്നതെങ്ങനെ? പ്രവാചകന്‍(സ)യും ചില സന്ദര്‍ഭങ്ങളില്‍ കോപിച്ചിട്ടുള്ളതായി നമുക്ക് കാണാം. ശിക്ഷാവിധിയില്‍ ഇളവ് ലഭിക്കുന്നതിന് ശിപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് ഒരാള്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് ദേഷ്യത്തിന്റെ അടയാളങ്ങള്‍ പ്രത്യക്ഷമായി. അദ്ദേഹം പറഞ്ഞു: ….. കുലീനനായ ഒരാള്‍ മോഷ്ടിച്ചാല്‍ അവനെ ശിക്ഷിക്കാതിരിക്കുകയും ദുര്‍ബലന്‍ മോഷ്ടിച്ചാല്‍ അവന്റെ മേല്‍ ശിക്ഷ നടപ്പാക്കുകയും ചെയ്തതിന്റെ പേരില്‍ മാത്രമാണ് പൂര്‍വസമൂഹങ്ങള്‍ നശിച്ചത്. അല്ലാഹുവാണ സത്യം, മോഷ്ടിച്ചത് മുഹമ്മദിന്റെ മകള്‍ ഫാത്വിമ തന്നെയാണെങ്കിലും അവളുടെ കൈഛേദിക്കുക തന്നെ ചെയ്യും.’ (ബുഖാരി)

ദേഷ്യത്തെ അടക്കിനിര്‍ത്താനാണ് ഖുര്‍ആന്‍ വിശ്വാസി – വിശ്വാസിനികളോട് ആവശ്യപ്പെടുന്നത്. അല്ലാഹു പറയുന്നു: ‘നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട് തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മമിത്രത്തെപ്പോലെയായിത്തീരും.’ (ഫുസ്സിലത്: 34) അല്ലാഹു പറയുന്നു: ‘പരമകാരുണികനായ അല്ലാഹുവിന്റെ ദാസന്മാര്‍ ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരാണ്. അവിവേകികള്‍ വാദകോലാഹലത്തിനുവന്നാല്‍ ‘നിങ്ങള്‍ക്കു സമാധാനം’ എന്നുമാത്രം പറഞ്ഞൊഴിയുന്നവരാണവര്‍.’ (ഫുര്‍ഖാന്‍: 63) മറ്റൊരിടത്ത് വിശ്വാസികളുടെ സവിശേഷതയായി പറയുന്നു: ‘കോപം വരുമ്പോള്‍ മാപ്പേകുന്നവരും.’ (അശ്ശൂറ: 37)

കുട്ടികള്‍ ദേഷ്യപ്പെടുന്നതിന്റെ കാരണങ്ങള്‍

കുട്ടികള്‍ ശുണ്ഠികാണിക്കുന്നതിന് പലകാരണങ്ങളുണ്ട്. അവ മനസിലാക്കിയാല്‍ അതിനെ ചികിത്സിക്കാന്‍ വളരെ എളുപ്പമാണ്. അതിനുദാഹരണമാണ് അവനെ നിസാരനാക്കുക, പരിഹസിക്കുക, നിന്ദിക്കുക തുടങ്ങിയ കാര്യങ്ങള്‍. കുട്ടികളെ നിന്ദിക്കുകയും നിസാരരാക്കുകയും ചെയ്യുന്ന തരത്തിലുള്ള വാക്കുകള്‍ രക്ഷിതാക്കളില്‍ നിന്നുണ്ടാകരുത്. അത് അവനെ/അവളെ വളരെയധികം സ്വാധീനിക്കും. അവനെ ശുണ്ഠിക്കാരനാക്കുന്നതില്‍ അതിന് കാര്യമായ പങ്കുണ്ട്. നാം കുട്ടികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് നല്‍കുകയാണ് വേണ്ടത്. ഇബ്‌നു അബ്ബാസ്(റ) ഇബ്‌നുമാജഃ ഉദ്ധരിക്കുന്നു: ‘നിങ്ങളുടെ മക്കളെ മര്യാദ പഠിപ്പിക്കുക, അവരോട് നല്ല മര്യാദ കാണിക്കുകയും ചെയ്യുക.’ കുട്ടികളോട് എല്ലാവരോടും തുല്യമായി പെരുമാറാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. രക്ഷിതാക്കള്‍ തന്നെക്കാള്‍ തന്റെ സഹോദരനെ പരിഗണിക്കുന്നത് കാണുന്ന കുട്ടിയുടെ മനസില്‍ ദേഷ്യം സ്വാഭാവികമായും വളരും. ഇവിടെ കാരണക്കാരന്‍ രക്ഷിതാവാണ്. സ്‌നേഹിക്കുന്നതില്‍ പോലും നീതി പുലര്‍ത്തേണ്ടതുണ്ട്. ഇസ്‌ലാമിന്റെ അധ്യാപനമായിട്ടാണതിനെ മനസിലാക്കേണ്ടത്.

കുട്ടിക്ക് വഹിക്കാന്‍ കഴിയാത്ത തരത്തിലുള്ള കല്‍പനകളും നിര്‍ദേശങ്ങളും നല്‍കുന്നത് അവനെ ദേഷ്യക്കാരനാക്കുന്നതിന് കാരണമാകും. അപ്രകാരം തന്നെ വിശപ്പും ദേഷ്യത്തിന് കാരണം തന്നെ. കൃത്യസമയങ്ങളില്‍ അവനെ ഊട്ടേണ്ടതും രക്ഷിതാവിന്റെ ഉത്തരവാദിത്വമാണ്. അതില്‍ വരുത്തുന്ന വീഴ്ച്ച അവന്റെ ശാരീരികാരോഗ്യത്തെയന്ന പോലെ മാനസികാരോഗ്യത്തെയും ബാധിക്കും. ഒരാള്‍ താന്‍ ഊട്ടേണ്ടവരെ ഊട്ടാതിരിക്കുന്നത് തെറ്റാണെന്നാണ് പ്രവാചകന്‍(സ) പഠിപ്പിക്കുന്നത്.

രോഗവും വിശപ്പ് പോലെ ഒരു പ്രശ്‌നമാണ്. അവന് ആവശ്യമായ ചികിത്സയും പരിചരണവും നല്‍കേണ്ടതുണ്ട്. എല്ലാ രോഗത്തിനും മരുന്നുണ്ടെന്നാണ് നബി(സ) പഠിപ്പിച്ചിട്ടുള്ളത്. ശരിയായ മരുന്ന് ലഭിക്കുമ്പോള്‍ രോഗം സുഖം പ്രാപിക്കുന്നു.

ഫലപ്രദമായ ചികിത്സ

കോപത്തെ നിയന്ത്രിക്കുന്നതിന് മാതാപിതാക്കള്‍ മക്കളെ പരിശീലിപ്പിക്കണം. നിങ്ങള്‍ അതിന് ചില രീതികള്‍ സ്വീകരിക്കേണ്ടതുണ്ട്.

1. കോപം ഉണ്ടാകുന്ന സാഹചര്യങ്ങള്‍ പരമാവധി ഇല്ലാതാക്കുക. പ്രവാചകന്‍(സ) പറഞ്ഞതായി ഇമാം അഹ്മദിനെ പോലുള്ളവര്‍ പറയുന്നു: ‘നിങ്ങളില്‍ ആര്‍ക്കെങ്കിലും ദേഷ്യം വന്നാല്‍ നില്‍ക്കുകയാണെങ്കില്‍ അവന്‍ ഇരിക്കട്ടെ, എന്നിട്ടും ദേഷ്യം പോയില്ലെങ്കില്‍ അവന്‍ കിടക്കട്ടെ.’ ദേഷ്യത്തെ ശമിപ്പിക്കാന്‍ പ്രവാചകന്‍(സ) പഠിപ്പിച്ച മാര്‍ഗ്ഗം അതാണ്.

2. കോപത്തെ നിയന്ത്രിക്കാന്‍ പ്രവാചകന്‍(സ) നിര്‍ദേശിച്ച മറ്റൊരു മാര്‍ഗ്ഗമാണ് അംഗശുദ്ധി (വുദു) എടുക്കുകയെന്നത്. ‘കോപം പിശാചില്‍ നിന്നുള്ളതാണ്, പിശാചിനെ തീ കൊണ്ടാണ് സൃഷ്ടിച്ചിട്ടുള്ളത്. തീയിനെ കെടുത്തുന്നത് വെള്ളമാണ്. അതിനാല്‍ ആരെങ്കിലും കോപിച്ചാല്‍ വുദുവെടുക്കട്ടെ.’

3. മൗനം പാലിക്കുക. നിങ്ങള്‍ ആരെങ്കിലും കോപിച്ചാല്‍ മിണ്ടാതിരിക്കട്ടെ എന്നാണ് നബി(സ) ഉപദേശിച്ചിട്ടുള്ളത്.

4. ശപിക്കപ്പെട്ട പിശാചില്‍ നിന്നും അല്ലാഹുവില്‍ അഭയം തേടുക. പ്രവാചകന്റെ അടുക്കല്‍ വെച്ച് രണ്ടാളുകള്‍ ശണ്ഠകൂടി. അവരില്‍ ഒരാള്‍ കോപിഷ്ടനായി മുഖമെല്ലാം ചുവന്ന മറ്റവനെ ശകാരിക്കുകയാണ്. അപ്പാള്‍ നബി(സ) പറഞ്ഞു: ‘അവനിലുള്ളതിനെ നീക്കി കളയാന്‍ കഴിയുന്ന ഒരു വാക്ക് എനിക്കറിയാം, ശപിക്കപ്പെട്ട പിശാചില്‍ നിന്നും ഞാന്‍ അല്ലാഹുവില്‍ അഭയം തേടുന്നു എന്നവന്‍ പറഞ്ഞിരുന്നെങ്കില്‍.’

ഇതെല്ലാമായിരുന്നു കോപത്തെ ലഘുകരിക്കുന്നതിനായി പ്രവാചകന്‍(സ) പഠിപ്പിച്ച മാര്‍ഗങ്ങള്‍. ഇക്കാര്യങ്ങള്‍ രക്ഷിതാക്കള്‍ ഒരിക്കലും അവഗണിക്കരുത്. അപ്രകാരം തന്നെ വ്യക്തി സംസ്‌കരണം നല്‍കുന്നതിന് കഴിവുള്ള ആളുകളുണ്ടായിരിക്കലും ആവശ്യമാണ്. നിസ്സാര കാര്യങ്ങള്‍ക്ക് ദേഷ്യം പിടിക്കുന്നതിന് പകരം കുട്ടിയെ അവന്റെ ദീനിന്റെയും അഭിമാനത്തിന്റെയും നാടിന്റെയും സംരക്ഷണത്തിനായി ദേഷ്യപ്പെടുന്നതിന് പരിശീലിപ്പിക്കുകയും ചെയ്യണം.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി
 

Related Articles