Current Date

Search
Close this search box.
Search
Close this search box.

കലക്കമില്ലാത്ത ജീവിതമുണ്ടോ?

life-vli.jpg

രോഗമോ പ്രശ്‌നങ്ങളോ ഇല്ലാത്ത, പരീക്ഷണങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലാത്ത തെളിഞ്ഞ ശാന്തമായ ജീവിതം സാധിക്കണമെന്ന ഉപാധിയോടെയാണ് ചിലര്‍ മതനിഷ്ഠ പുലര്‍ത്തുകയും ആരാധനാ കര്‍മങ്ങള്‍ അനുഷ്ടിക്കുകയും ചെയ്യുന്നത്. വല്ല പരീക്ഷണവും ബാധിച്ചാല്‍ ഐഹിക കാര്യത്തില്‍ തന്നെ പ്രയാസപ്പെടുത്തുന്ന ശക്തിയെ ഒഴിപ്പിക്കാനുള്ള വഴികള്‍ തേടുന്നവനായി അവന്‍ മാറും. രക്ഷിതാവായ അല്ലാഹുവുമായുള്ള ബന്ധം വിസ്മരിച്ച് വിഭവങ്ങള്‍ അധികരിപ്പിക്കുന്നതിലായിരിക്കും അവന്റെ ശ്രദ്ധ. അങ്ങനെ ഐഹികലോകത്തിന്റെ അലങ്കാരങ്ങളില്‍ കൂടുതല്‍ കെട്ടുപിണഞ്ഞവനായിട്ടവന്‍ മാറുന്നു.

അത്തരക്കാരെ കുറിച്ച് ഖുര്‍ആന്‍ വളരെ സൂക്ഷ്മായ വിശദീകരിക്കുന്നുണ്ട്: ”ഓരത്ത് നിന്ന് അല്ലാഹുവിന് വഴിപ്പെടുന്ന ചിലരുണ്ട്. നേട്ടം വല്ലതും കിട്ടുകയാണെങ്കില്‍ അതിലവന്‍ സമാധാനമടയും. വല്ല വിപത്തും വന്നാലോ, അപ്പോഴവന്‍ തിരിഞ്ഞുകളയും. അവന് ഇഹവും പരവും നഷ്ടപ്പെട്ടതുതന്നെ. പ്രകടമായ നഷ്ടവും ഇതത്രെ. അല്ലാഹുവെവിട്ട് തനിക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാനാവാത്ത വസ്തുക്കളെയവന്‍ വിളിച്ചു പ്രാര്‍ഥിക്കുന്നു. ഇതുതന്നെയാണ് പരമമായ വഴികേട്.
ആരുടെ ഉപദ്രവം അവന്റെ ഉപകാരത്തെക്കാള്‍ അടുത്തതാണോ അവരെയാണവന്‍ വിളിച്ചു പ്രാര്‍ഥിക്കുന്നത്. അവന്റെ രക്ഷകന്‍ എത്ര ചീത്ത! എത്ര വിലകെട്ട കൂട്ടുകാരന്‍! സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ അല്ലാഹു, താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അല്ലാഹു അവനിച്ഛിക്കുന്നത് ചെയ്യുന്നു.ഇഹത്തിലും പരത്തിലും പ്രവാചകനെ അല്ലാഹു സഹായിക്കുകയില്ലെന്ന് കരുതുന്നവന്‍, ആകാശത്തേക്ക് ഒരു കയര്‍ നീട്ടിക്കെട്ടിയിട്ട് ആ സഹായം മുറിച്ചുകളയട്ടെ. എന്നിട്ട് തന്നെ വെറുപ്പ് പിടിപ്പിക്കുന്ന അക്കാര്യം ഇല്ലാതാക്കാന്‍ തന്റെ തന്ത്രം കൊണ്ട് സാധിക്കുമോയെന്ന് അവനൊന്ന് നോക്കട്ടെ.” (അല്‍ഹജ്ജ്: 11-15)

ജീവിതം യാതൊരു കലക്കവുമില്ലാതെ എപ്പോഴും തെളിഞ്ഞതായിരിക്കില്ലെന്നത് അല്ലാഹു അല്ലാഹു ഈ പ്രപഞ്ചത്തെ സംവിധാനിച്ചിരിക്കുന്ന ചര്യയുടെ ഭാഗമാണ്. പലതരം പരീക്ഷണങ്ങളാലും അവന്‍ വിശ്വാസികളെ പരിശോധിക്കുന്നു. വിശ്വാസം ശക്തിപ്പെടുന്നതിനനുസരിച്ച് പരീക്ഷണത്തിന്റെ തീവ്രതയും ശക്തിയും വര്‍ധിക്കുന്നു. അല്ലാഹുവിന്റെ അടുക്കല്‍ പ്രവാചകനേക്കാള്‍ ഉന്നതമായ സ്ഥാനം മറ്റാര്‍ക്കുമില്ല. എന്നിട്ടും അങ്ങേയറ്റം കഠിനമായ പരീക്ഷണങ്ങളും ദ്രോഹങ്ങളുമാണ് അദ്ദേഹം അഭിമുഖീകരിക്കേണ്ടി വന്നത്.

അബൂഹുറൈറയില്‍ നിന്നും നിവേദനം, പ്രവാചകന്‍(സ) പറഞ്ഞു: ”അല്ലാഹു ഒരാള്‍ക്ക് നന്മ ഉദ്ദേശിച്ചാല്‍ അവന് പ്രയാസമുണ്ടാക്കും.”
അനസ്(റ)ല്‍ നിന്ന് നിവേദനം: പ്രവാചകന്‍(സ) പറഞ്ഞു: അല്ലാഹു അവന്റെ ഒരു അടിമക്ക് നനമ ഉദ്ദേശിച്ചാല്‍ ഈ ലോകത്ത് തന്നെ അവനുള്ള ശിക്ഷ നല്‍കും. അല്ലാഹു ഒരാള്‍ക്ക് തിന്മയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന്റെ പാപങ്ങളെ അന്ത്യദിനത്തിലേക്ക് നീട്ടിവെക്കും.
അബൂഹുറൈറയില്‍ നിന്നും നിവേദനം: പ്രവാചകന്‍(സ) പറഞ്ഞു: ”വിശ്വാസിക്കും വിശ്വാസിനിയും അവന്റെ സ്വന്തത്തിലും സന്താനങ്ങളിലും സമ്പത്തിലും പരീക്ഷിക്കപ്പെട്ടു കൊണ്ടേയിരിക്കും, പാപങ്ങളൊന്നുമില്ലാതെ അല്ലാഹുവെ കണ്ടുമുട്ടുന്നത് വരെ.”

വ്യാജന്‍മാരില്‍ നിന്നും സത്യവാന്‍മാരെ തിരിച്ചറിയുന്നതിനായി അല്ലാഹു വിശ്വാസി സമൂഹത്തെ പരീക്ഷിച്ചു കൊണ്ടേയിരിക്കും. അതിലൂടെ അവരെ സംസ്‌കരിച്ച് ശുദ്ധീകരിച്ച് പാപമില്ലാത്ത അവസ്ഥയിലെത്തിക്കും. മാത്രമല്ല, പ്രതിസന്ധി ഘട്ടങ്ങളില്‍ സ്ഥൈര്യവും, പ്രയാസങ്ങളില്‍ സഹനശേഷിയും, വേദനകളില്‍ ആശ്വാസവും, ശത്രുക്കള്‍ക്കെതിരെ വിജയവും, തടസ്സങ്ങള്‍ക്ക് മുന്നില്‍ കരുത്തും നല്‍കി അല്ലാഹു അവരെ അനുഗ്രഹിക്കുകയും ചെയ്യും.

അല്ലാഹുവില്‍ നിന്നുള്ള എല്ലാറ്റിലും നന്മ ദര്‍ശിക്കാന്‍ നമുക്ക് സാധിക്കണം. പരീക്ഷണങ്ങളിലും പ്രയാസങ്ങളിലുമെല്ലാം നമുക്ക് തിരിച്ചറിയാനാവാത്ത മഹത്തായ യുക്തിയുണ്ടെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ നമ്മെ ബാധിക്കുന്ന കാര്യങ്ങളെയെല്ലാം തൃപ്തിയോടെ ഉള്‍ക്കൊള്ളുകയും സഹനം കൈക്കൊള്ളുകയുമാണ് വേണ്ടത്. ഏത് അവസ്ഥയിലും അല്ലാഹുവിനെ സ്തുതിക്കാന്‍ നമ്മുടെ നാവുകള്‍ക്ക് സാധിക്കണം. അല്ലാഹു പറയുന്നത് കാണുക: ”ജനങ്ങള്‍ വിചാരിക്കുന്നുണ്ടോ; ‘ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു’വെന്ന് പറയുന്നതു കൊണ്ടു മാത്രം അവരെ വെറുതെ വിട്ടേക്കുമെന്ന്. അവര്‍ പരീക്ഷണ വിധേയരാവാതെ. നിശ്ചയം, അവര്‍ക്കു മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്. അപ്പോള്‍ സത്യവാന്മാര്‍ ആരെന്ന് അല്ലാഹു തിരിച്ചറിയുകതന്നെ ചെയ്യും. കള്ളന്മാരാരെന്നും.” (അല്‍അന്‍കബൂത്ത്: 2-3)

Related Articles