Current Date

Search
Close this search box.
Search
Close this search box.

ഒരൊറ്റ ഹൃദയം

retension.jpg

ഭൗതികമായി എത്ര വിദൂരത്താണെങ്കിലും വിശ്വാസികളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു കണ്ണിയുണ്ട്. പ്രത്യക്ഷത്തില്‍ കാണാന്‍ സാധിക്കാത്ത ആ കണ്ണിയാണ് വിശ്വാസി ഹൃദയങ്ങളെ ചേര്‍ത്തു നിര്‍ത്തുന്നത്. ഭൗതികമായ ഏത് ബന്ധത്തേക്കാളും ശക്തമാണത്. അവര്‍ക്കിടയില്‍ അവരുടെ ഹൃദയങ്ങളിലത് സ്‌നേഹം ജനിപ്പിക്കുന്നു. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാനുള്ള പ്രേരണയുണ്ടാക്കുന്നു. ശക്തമായ ഒരു കെട്ടിടം പോലെ ഒറ്റ ശരീരമായി അവരെ നിലനിര്‍ത്തുന്ന ഘടകം അതാണ്.

വിശ്വാസികളുടെ പരസ്പര ബന്ധത്തെ പ്രവാചകന്‍(സ) ഉപമിച്ചത് ഒരു ശരീരത്തോടാണെന്നു കാണാം. അതിലെ ഒരവയവത്തിന് ബാധിക്കുന്ന പ്രയാസം മുഴുവന്‍ ശരീരത്തിന്റെയും പ്രയാസമായി മാറുന്നു. ഈമാനിക ബന്ധത്തിന്റെ വിലയറിയുന്ന സത്യവിശ്വാസികളെയാണ് ഇത്തരത്തില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. എല്ലാ വിധ ഐഹിക താല്‍പര്യങ്ങള്‍ക്കും മുകളിലാണ് അതിന് സ്ഥാനം. മുറിയാതെ എന്നെന്നും നിലനില്‍ക്കുന്ന ബന്ധമാണത്. അത് മുറുകെ പിടിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ പ്രതിഫലമുണ്ട്. സമൂഹത്തിന് ഉത്തമ മൂല്യങ്ങളവന്‍ പകര്‍ന്നു നല്‍കും. മര്‍ദിതനും ദുര്‍ബലനും വേണ്ടി ശബ്ദമുയര്‍ത്തുകയും അനാഥയെ സംരക്ഷിക്കുകയും ചെയ്യും. എന്നാല്‍ ഇതെല്ലാം ചെയ്യുന്നത് അല്ലാഹുവിന്റെ പ്രീതി നേടണമെന്ന ഒറ്റ ഉദ്ദേശ്യത്തോടെയായിരിക്കും.

ജീവനുള്ള ഒരു ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഏല്‍ക്കുന്ന മുറിവ് ആ ശരീരത്തെ വേദനിപ്പിക്കുന്ന പോലെ സമൂഹത്തിലെ ആളുകളുടെ പ്രയാസങ്ങളും വിഷമങ്ങളും അവനെ വേദനിപ്പിക്കും. അതിനോടുള്ള പ്രതികരണമെന്നോണം അവരെ സഹായിക്കാന്‍ അവന്റെ മനസ്സ് ആവശ്യപ്പെടും. അതുകൊണ്ടാണ് ‘വിശ്വാസികളും വിശ്വാസിനികളും പരസ്പരം മിത്രങ്ങളാണെന്ന്’ അല്ലാഹു പറഞ്ഞത്. അപ്രകാരം എപ്പോഴും അവരുടെ പ്രാര്‍ഥനകളിലും പ്രയാസപ്പെടുന്ന തങ്ങളുടെ സഹോദരങ്ങള്‍ക്ക് സ്ഥാനമുണ്ടാകും. മുസ്‌ലിംകള്‍ ആരെങ്കിലും മരണപ്പെടുന്ന വേളയില്‍ പ്രവാചകന്‍(സ) അവരുടെ കടം ഏറ്റെടുത്തിരുന്നുവെന്ന് ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം. എന്നിട്ടദ്ദേഹം ഇങ്ങനെ പറയുമായിരുന്നു: ‘വിശ്വാസികളോട് അവരേക്കാള്‍ അടുത്തവന്‍ ഞാനാണ്. ആരെങ്കിലും കടക്കാരനായി മരിച്ചാല്‍ നാമാണത് വീട്ടേണ്ടത്. അവന്‍ വല്ല സമ്പത്തും ഉപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ അനന്തരാവകാശികള്‍ക്കുള്ളതാണ്.’ വിശ്വാസികള്‍ തമ്മിലുള്ള ബന്ധം എത്രത്തോളം ശക്തമായിരിക്കണം എന്നാണത് നമ്മോട് ആവശ്യപ്പെടുന്നത്.

ലക്ഷക്കണക്കിന് വിശ്വാസികള്‍ ദാരിദ്ര്യവും അജ്ഞതയും ദൗര്‍ബല്യവും കാരണം പ്രയാസപ്പെടുമ്പോള്‍ അതിനോട് നിസംഗത പുലര്‍ത്താന്‍ ഒരു വിശ്വാസിക്ക് സാധിക്കുകയില്ല. തണുപ്പില്‍ പിഞ്ചു ശരീരങ്ങള്‍ വിറങ്ങലിച്ചിരിക്കുമ്പോള്‍ സ്വസ്ഥമായി ഉറങ്ങാന്‍ മറ്റൊരു വിശ്വാസിക്ക് എങ്ങനെയാണ് സാധിക്കുക? ദുര്‍ബലരായ സ്ത്രീകളും കുട്ടികളും പട്ടിണിയിലും ഭീതിയിലും കഴിയുമ്പോള്‍ എന്ത് ന്യായമാണ് നമുക്കുള്ളത്? ഒരു മുസ്‌ലിമിന്റെ വിശ്വാസം ഏടുകളില്‍ ഉണങ്ങി കിടക്കേണ്ട ഒന്നല്ല, മറിച്ച് പ്രായോഗിക ജീവിതത്തില്‍ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കേണ്ട ജീവസ്സുറ്റ ആശയമാണ് അവന്‍ വഹിക്കുന്നത്.

Related Articles