Current Date

Search
Close this search box.
Search
Close this search box.

എന്റെ മുഖഭാവം എല്ലാവരോടും ഒരു പോലെയാണോ..?

smily1.jpg

അല്ലാഹുവിന്റെ അടിമകളായ മനുഷ്യര്‍ വൈവിധ്യപൂര്‍ണമായ രീതിയിലാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഒരു മനുഷ്യന്റെ രൂപ ഭാവമായിരിക്കില്ല മറ്റൊരു മനുഷ്യന്നുള്ളത്. ഒരേ മാതാവിന്റെയും പിതാവിന്റെയും മക്കളില്‍ പോലും മനുഷ്യ പ്രകൃതിയിലുള്ള വലിയ അന്തരം കാണപ്പെടുന്നു. ചിലരുടെ സൗന്ദര്യം വളരെ ആകര്‍ഷണീയമായിരിക്കും, എന്നാല്‍ മറ്റു ചിലരുടേത് അത്ര പ്രസന്നമായിരിക്കില്ല. ചിലരുടെ സംസാരം വളരെ ആസ്വാധ്യകരമായിരിക്കും, എന്നാല്‍ മറ്റു ചിലരുടെ സംസാരം അവസാനിപ്പിച്ച് കിട്ടിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിപ്പിക്കുന്ന രീതിയിലായിരിക്കും. പലപ്പോഴും ഇത്തരത്തിലുള്ള ന്യൂനതകള്‍ മനുഷ്യരെ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തുവാന്‍ കാരണമാകാറുണ്ട്.

ഒരു ധനികനോടുള്ള അതേ മുഖഭാവമല്ല ദരിദ്രനായ ഒരുവ്യക്തിയോടുള്ളത്. ഒരു സല്‍ക്കാരത്തിലേക്ക് സന്തോഷപൂര്‍വ്വം എത്തിച്ചേരുന്ന എല്ലാ അതിഥികളേയും ഒരേ മുഖഭാവത്തിലല്ല ആതിഥേയന്‍ സ്വീകരിക്കാറുള്ളത്. ഇങ്ങനെ സാമ്പത്തികവും മാനസികവും ശാരീരികവുമായ ന്യൂനതകളുടെ പേരില്‍ പല വ്യക്തിളും സമൂഹത്തില്‍ നിന്ന് തഴയപ്പെട്ടു കൊണ്ടിരിക്കുന്നു. എന്നാല്‍ വിശ്വാസികളുടെ അടുത്ത് മനുഷ്യരില്‍ ദൈവം നിശ്ചയിച്ച ന്യൂനതകള്‍ അവരെ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നതിന്റെ കാരണമാക്കാന്‍ പാടില്ലാത്തതാണ്.

അല്ലാഹു പ്രവാചകനെ ശക്തമായി വിമര്‍ശിക്കുന്ന ഏക ഇടമാണ് പരിശുദ്ധഖുര്‍ആനിലുള്ളത്. എണ്‍പതാം അധ്യായമായ സൂറ: അബസയുടെ ആദ്യഭാഗങ്ങളിലാണ് അതുള്ളത്. അല്ലാഹു പറയുന്നു: അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു. അദ്ദേഹത്തിന്റെ അടുത്ത് ഒരു അന്ധന്‍ വന്നതിനാല്‍. നിനക്ക് എന്തറിയാം? അയാള്‍ ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ? അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്‌തേക്കാമല്ലോ (അബസ: 14) ഈ സൂക്തങ്ങളില്‍ അല്ലാഹു പ്രവാചകനെ(സ) പേരെടുത്ത് വിളിക്കാത്ത വിധം അപരിചിതനെപ്പോലെയാണ് അഭിസംബോധന ചെയ്യുന്നത്. അല്ലാഹു പവാചകനു നേരെ ഇപ്രകാരമൊരു നിലപാടു സ്വീകരിക്കാനുണ്ടായ സന്ദര്‍ഭം ഇവിടെ വിവരിക്കാം. പ്രവാചകന്‍ (സ)ക്ക് ഖുറൈശി പ്രമുഖരോട് ഇസ്‌ലാമിനെ കുറിച്ച് സംവദിക്കാന്‍ ലഭിച്ച അസുലഭ മുഹൂര്‍ത്തം, ആ സന്ദര്‍ഭത്തിലാണ് അബ്ദുല്ലാഹിബ്‌നു ഉമ്മി മഖ്തൂം എന്ന അന്ധനായ സ്വഹാബി ഇസ്‌ലാമിക അധ്യാപനങ്ങള്‍ തേടിക്കൊണ്ട് പ്രവാചക സദസ്സിലേക്ക് കടന്നു വരുന്നത്. അദ്ദേഹത്തോട് മറ്റു സന്ദര്‍ഭങ്ങളിലും സംസാരിക്കാമല്ലോ എന്ന് ആലോചിച്ചുകൊണ്ട് പ്രവാചകന്‍(സ) അബ്ദുല്ലാഹ് ബിന്‍ ഉമ്മി മഖ്തൂം(റ)വിന് വേണ്ടത്ര ശ്രദ്ധ നല്‍കാതെ ഖുറൈശീ പ്രമുഖരോടുള്ള സംസാരം തുടര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് ഈ സൂക്തങ്ങള്‍ അവതീര്‍ണമാകുന്നത്. അതിനു ശേഷം പ്രവാചകന്‍ (സ) അബ്ദുല്ലാഹിബ്‌നു ഉമ്മി മഖ്തൂം(റ)വിനെ പ്രത്യേകമായി ആദരിച്ചിരുന്നു. പല കാരണങ്ങളാല്‍ മക്കയുടെ പുറത്തേക്ക് പോകേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ പലപ്പോഴും പ്രവാചകന്‍ തന്റെ പ്രതിനിധിയായി നിശ്ചയിക്കാറുണ്ടായിരുന്നത് അബ്ദുല്ലാഹ് ബിന്‍ ഉമ്മി മഖ്തൂം(റ)വിനെ ആയിരുന്നു. സമാന ആശയമുള്ള ഒട്ടനവധി  ചരിത്രസംഭവങ്ങള്‍ രഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ഒരിക്കല്‍ പ്രവാചകന്റെ അരുമശിഷ്യരായ അബൂദര്‍റില്‍ ഗിഫാരിയും കറുത്ത അടിമയായിരുന്ന ബിലാലുബ്‌നു റബാഹും ശണ്ഠ കൂടി. വഴക്ക് രൂക്ഷമായപ്പോള്‍ അബൂദര്‍റില്‍ ഗിഫാരി തന്റെ കൂട്ടുകാരനെ ‘കറുത്തവളുടെ പുത്രാ’ എന്ന് വിളിക്കാനിടയായി. (ജാഹിലിയ്യാ കാലഘട്ടത്തില്‍ തന്നെ ധനാഢ്യനും സമൂഹത്തിലെ ഉന്നതനുമായിരുന്നു അബൂദ്ദര്‍ദാര്‍) ഉടനെ ബിലാല്‍ പ്രവാചകന്റെ സന്നിധിയിലെത്തി അദ്ദേഹത്തോട് പരാതി പറഞ്ഞു. പ്രവാചകന്‍ അബൂദര്‍റില്‍ ഗിഫാരിയെ വിളിച്ചുവരുത്തി ചോദിച്ചു: ‘അല്ല; നീ നിന്റെ കൂട്ടുകാരനെ അവന്റെ മാതാവിന്റെ പേരില്‍ ആക്ഷേപിച്ചുവോ?’ ‘അതെ’ എന്നു പറഞ്ഞപ്പോള്‍, പ്രവാചകന്‍ പറഞ്ഞു: ‘എങ്കില്‍ താങ്കളില്‍ ഇസ്‌ലാം പൂര്‍ണമായിട്ടില്ല; ഇപ്പോഴും താങ്കളില്‍ അനിസ്‌ലാമികതയുണ്ട്. അതിനാല്‍ താങ്കള്‍ പശ്ചാത്തപിക്കണം.’ ഇതുകേട്ട് പശ്ചാത്താപവിവശനായ കുലീന ഗോത്രക്കാരനായ പ്രവാചക ശിഷ്യന്‍ അബൂദര്‍റ് ബിലാലിനെ സമീപിച്ച് തന്റെ മുഖം നിലത്തുവച്ച് കൊണ്ട് പറഞ്ഞു: ‘ബിലാലേ, നിന്നോട് ഞാന്‍ ചെയ്ത അപരാധത്തിന് എന്റെ കവിളില്‍ ചവിട്ടി പ്രതിക്രിയ ചെയ്യൂ.’ ഇതുകേട്ട ബിലാല്‍ പറഞ്ഞു: ‘ഞാന്‍ താങ്കള്‍ക്ക് മാപ്പ് നല്‍കിയിരിക്കുന്നു. ബിലാല്‍(റ) ഞാന്‍ നാളേക്ക് വേണ്ടി ഒന്നും ബാക്കി വക്കുന്നില്ലെന്ന് പറഞ്ഞ് മാപ്പ് നല്കിയപ്പോള്‍ മാത്രമാണ് അബൂദര്‍റ്(റ) മണ്ണില്‍ നിന്നും എഴുന്നേല്‍ക്കാന്‍ തയ്യാറായാത്. ഇത്തരം ചരിത്രസംഭവങ്ങളില്‍ നിന്നെല്ലാം നമുക്ക് പ്രചോദനം ഉള്‍ക്കൊള്ളാന്‍ സാധിക്കേണ്ടതുണ്ട്. ധനികന്‍, ദരിദ്രന്‍, അന്ധന്‍, ബധിരന്‍, മൂകന്‍, ദുര്‍ബലന്‍, അശക്തന്‍ തുടങ്ങി വ്യത്യസ്ത പ്രകൃതികളിലുള്ള വ്യക്തികളുമായി പലപ്പോഴും നാം ഇടപഴകാറുണ്ട്. നമ്മുടെ മുഖഭാവം എല്ലാവരോടും ഒരുപോലെയായിരുന്നോ? അല്ലെങ്കില്‍ നമ്മുടെ ഉള്ളിലും ആ ജാഹിലിയത്തിന്റെ കണികകള്‍ അവശേഷിക്കുന്നുണ്ടോ?

Related Articles