Current Date

Search
Close this search box.
Search
Close this search box.

ഇഹപര വിജയം സന്മനസുള്ളവര്‍ക്ക്

purity.jpg

കാരുണ്യവാന്റെ കൂട്ടുകാരനെ കുറിച്ച വിശുദ്ധ ഖുര്‍ആനിന്റെ പരാമര്‍ശം ഏറെ ഹൃദയഹാരിയാണ്. അദ്ദേഹവുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ പ്രതിപാദിച്ച മുഴുവന്‍ വിഷയങ്ങളും ഇവിടെ പരാമര്‍ശ വിധേയമാക്കുന്നില്ല. ”സുരക്ഷിത ഹൃദയവുമായി അദ്ദേഹം നാഥങ്കല്‍ ആഗതനായ സന്ദര്‍ഭം” (അസ്വാഫാത്ത് :84) എന്ന ദിവ്യ സൂക്തം മാത്രമേ ഇവിടെ സൂചിപ്പിക്കുന്നുള്ളൂ. ഈ സൂക്തം പാരായണം ചെയ്യുന്ന ഒരാള്‍ അല്ലാഹു പ്രത്യേകം പുകഴ്ത്തിയ സുരക്ഷിത ഹൃദയം എന്നതുകൊണ്ട് എന്താണ് ഉദ്ദേശ്യമെന്ന് ചിന്തിച്ചേക്കാം.

തദ്‌വിഷയത്തില്‍ ഇബ്‌നുല്‍ ഖയ്യിമിന്റെ വിശദീകരണം ശ്രദ്ധേയമാണ്. ”ദൈവിക കല്‍പനകള്‍ക്ക് വിരുദ്ധമായ എല്ലാ ഇഛകളില്‍ നിന്നും ശരിയായ വസ്തുതകള്‍ക്ക് നിരക്കാത്ത എല്ലാ തെറ്റായ സങ്കല്‍പങ്ങളില്‍ നിന്നും ദൈവേതര ശക്തികള്‍ക്കടിപ്പെടുന്നതില്‍ നിന്നും തീര്‍ത്തും മുക്തനായി തിരുമേനിയുടെ വിധി കര്‍തൃത്വമംഗീകരിച്ച് ദൈവാനുരാഗത്തില്‍ അനുരക്തനായി ദൈവപ്രീതിക്ക് പ്രാമുഖ്യം നല്‍കി ഭയവും പ്രതീക്ഷയുമെല്ലാം ദൈവത്തോട് ബന്ധിപ്പിച്ച് ദൈവത്തിങ്കലര്‍പ്പിച്ച് ദൈവത്തിന്ന് കീഴൊതുങ്ങി ദൈവ കോപത്തില്‍ നിന്നകന്ന് കഴിയുന്നവനത്രെ സംരക്ഷിത ഹൃദയത്തിനുടമ.”

അല്ലാഹു ലോക നേതാവായി തെരഞ്ഞെടുത്ത ഇബ്രാഹിം നബി(അ) സച്ചരിതനും സന്മനസ്‌കനുമായിരുന്നു. ”സുരക്ഷിത ഹൃദയവുമായി അദ്ദേഹം നാഥങ്കല്‍ നാഥങ്കല്‍ വന്നു. (അസ്വാഫാത്ത് :84) എന്ന സൂക്തത്തിലൂടെ അല്ലാഹു ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ഗുണവിശേഷങ്ങളും പ്രവര്‍ത്തനങ്ങളും അദ്ദേഹം നേരിട്ട പരീക്ഷണങ്ങളുമെല്ലാം നിസ്സംശയം അദ്ദേഹം പരിശുദ്ധമായ ഒരു മനസ്സിന്നുടമയായിരുന്നുവെന്ന് വ്യക്തമാക്കുന്നു.

ശത്രുക്കളില്‍ നിന്ന് ഒട്ടേറെ പീഢനങ്ങല്‍ക്കേണ്ടി വന്ന അദ്ദേഹം ജീവിതത്തിലൊരിക്കല്‍ പോലും അവരിലൊരാള്‍ക്കെതിരെയും പ്രാര്‍ഥിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നല്ല, ”ആരെങ്കിലും എന്നെ ധിക്കരിച്ചിട്ടുണ്ടെങ്കില്‍ നീ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമല്ലോ” എന്നു പ്രാര്‍ഥിക്കുകയാണദ്ദേഹം ചെയ്തത്. സത്യവിശ്വാസികള്‍ക്കു വേണ്ടി അദ്ദേഹം നടത്തുന്ന ധാരാളം പ്രാര്‍ഥനകള്‍ ഖുര്‍ആനിലും സുന്നത്തിലും കാണാം. മക്കാ നിവാസികള്‍ക്ക് അനുഗ്രഹം ചൊരിയണമെന്ന അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ പ്രാര്‍ഥനയുടെ ഫലങ്ങള്‍ ഇന്നും നമുക്കവിടെ അനുഭവഭേദ്യമല്ലോ.

സ്വപിതാവ് ദൈവശത്രുവാണെന്ന് വ്യക്തമാവും വരെ അദ്ദേഹം പിതാവിന്നു വേണ്ടി പ്രാര്‍ഥിക്കുന്നതു തന്നെ അദ്ദേഹത്തിന്റെ ഹൃദയ ശുദ്ധിക്ക് മതിയായ തെളിവത്രെ. അദ്ദേഹത്തിന്റെ ചരിത്രത്തിലുടനീളം സംഭാഷണങ്ങളിലും സംവാദങ്ങളിലും ഈ ഹൃദയ നൈര്‍മല്യം നിഴലിച്ചു കാണാം. ഹൃദയ ശുദ്ധിയുടെ സല്‍ഫലങ്ങള്‍ അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. ”സകല ജനങ്ങളും ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടും നാളില്‍” ”സമ്പത്തും സന്താനങ്ങളും പ്രയോജനപ്പെടാത്ത നാളില്‍” ”സുരക്ഷിതമായ മനസ്സുമായി അല്ലാഹുവിന്റെ സന്നിധിയില്‍ ഹാജരാവുന്നതൊഴിച്ച്”,  നീ എന്നെ നിന്ദിതനാക്കാതിരിക്കേണമേ (അശ്ശുഅറാഅ് :87-89) എന്നദ്ദേഹം നടത്തുന്ന പ്രാര്‍ഥനയിലും അതാണ് പ്രതിഫലിക്കുന്നത്. പ്രബോധക സംഘമേ, ശുദ്ധ മനസ്‌കര്‍ മാത്രം രക്ഷപ്പെടുന്ന, സമ്പത്തും സന്താനങ്ങളും പ്രയോജനപ്പെടാത്ത നാളില്‍ നമുക്കും അതാണത്യന്താപേക്ഷിതം. അതിനാല്‍ തലമുറകള്‍ക്ക് അസൂയ, പക, വിദ്വേഷം തുടങ്ങിയ മനോരോഗങ്ങളില്‍ നിന്നും മുക്തമായ നല്ല മനസ്സ് നേടിയെടുക്കാന്‍ സഹായകമായ ശിക്ഷണ ശീലങ്ങള്‍ നല്‍കുക. പ്രബോധകരും പണ്ഡിതരുമായിട്ടുള്ള ചിലര്‍ – അല്ലാഹു അവര്‍ക്ക് നേര്‍വഴി കാണിക്കട്ടെ – പകയും വിദ്വേഷവുമാണ് തലമുറകളില്‍ ഊട്ടിയുറപ്പിക്കുന്നത്. അവര്‍ വളര്‍ന്നു വരുന്ന പുതുതലമുറകളുടെ മനസ്സുകളെ മുസ്‌ലിം പണ്ഡിതന്മാരോടും പ്രബോധകരോടുമുള്ള വിദ്വേഷത്താല്‍ വിഷലിപ്തമാക്കുന്നത് നാം കാണുന്നു. അവര്‍ തങ്ങളുടെ മുസ്‌ലിം സഹോദരങ്ങളോട് മഹാനായ ഇബ്‌റാഹിം നബി(അ) ശത്രുക്കളോട് സ്വീകരിച്ച നയനിലപാട് പിന്തുടര്‍ന്നിരുന്നെങ്കില്‍ എന്ന് ഞാനാശിക്കുന്നു. അദ്ദേഹം തന്റെ ജനതയില്‍ ഒരാള്‍ക്കെതിരെയും പ്രാര്‍ഥിക്കുന്നില്ല. അവരുടെ മാര്‍ഗ ദര്‍ശനത്തിനും സച്ചരിതത്തിനും വേണ്ടി ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തന നയം എത്ര മഹത്തരം!

മുസ്‌ലിം സഹോദരാ, നീ നിന്റെ ഹൃദയമൊന്ന് സ്വയം പരിശോധിക്കുക… അവിടം കാണുന്നവന്‍ നീ മാത്രം! ജനങ്ങള്‍ക്ക് നിന്റെ ബാഹ്യ രൂപവും പ്രവര്‍ത്തനങ്ങളും ക്രിയവിക്രയങ്ങളും പെരുമാറ്റവും കാണാം. നിന്റെ ഹൃദയത്തിലുള്ളത് കാണാന്‍ അവര്‍ക്കൊരിക്കലും സാധ്യമല്ല. ”രഹസ്യങ്ങള്‍ പരിശോധിക്കപ്പെടും നാളില്‍” (അത്താരിഖ് : 9) ”ഹൃദയങ്ങളിലുള്ളത് പുറത്തെടുക്കപ്പെടും നാളില്‍” (അല്‍ ആദിയാത് :10) എല്ലാ രഹസ്യങ്ങളും അറിയുന്ന നിന്റെ നാഥന്റെ മുമ്പില്‍ വിചാരണ ചെയ്യപ്പെടുന്നതിന്നു മുമ്പ് നിന്റെ മനസ്സ് വഞ്ചനയും പകയും കൊണ്ട് രോഗാതുരമായിട്ടുണ്ടോ എന്ന ആത്മ പരിശോധന നടത്തുക.

മനശുദ്ധി- അതാണ് നിന്റെ ഇരുലോക വിജയ നിദാനം. സഹിഷ്ണുതയും സന്മനസ്സും കൊണ്ട് അനുഗ്രഹീതരായ എത്രയോ പേര്‍ സന്തോഷത്തോടും സൗഭാഗ്യത്തോടും സംതൃപ്തിയോടും കൂടി ജീവിക്കുന്നത് നിനക്ക് കാണാം. നീ നിന്റെ ഹൃദയത്തെ നിരന്തരം പരിശോധനക്ക് വിധേയമാക്കുക. നിന്റെ ഇഹപര നാശത്തിനു കാരണമാവുന്ന പക, വിദ്വേഷം, അസൂയ പോലുള്ള മനോരോഗങ്ങള്‍ കടന്നു കൂടുന്നത് നീ ജാഗ്രതയോടെ നിരീക്ഷിക്കുക. സന്മനസ്സുള്ളവര്‍ക്കേ പരലോക മോക്ഷം നേടാനാവൂ. നാഥാ, ഞങ്ങളെയും അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണമേ.

മൊഴിമാറ്റം: കെ.കെ. ഫാതിമ സുഹ്റ

Related Articles