Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക മൂല്യങ്ങളിലൂടെ നഷ്ടപ്രതാപം വീണ്ടെടുക്കാം

planting.jpg

ഇസ്‌ലാമിക നാഗരിക മൂല്യങ്ങള്‍ വേണ്ടവിധം നടപ്പാക്കുകയാണെങ്കില്‍ മുസ്‌ലിം സമുദായം നിലവിലെ ദൗര്‍ബല്യത്തെയും നിന്ദ്യതയെയും മറികടന്ന് വളര്‍ച്ചയും പുരോഗതിയും പ്രാപിക്കും. ഇസ്‌ലാമിക ശരീഅത്ത് ലക്ഷ്യം വെക്കുന്ന ഉന്നതമായ മൂല്യങ്ങള്‍ നാം മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തേണ്ട അടിസ്ഥാന കാര്യങ്ങളാണ്. പ്രത്യേകിച്ചും ഇസ്‌ലാമിന്റെ ചിത്രം വികൃതമാക്കാന്‍ ലോകം ഒന്നിച്ചിരിക്കുന്ന വേളയില്‍. ഇസ്‌ലാമിക നാഗരിക മൂല്യങ്ങള്‍ നിരവധിയാണ്. ജീവിതത്തിന്റെ അറ്റങ്ങളെ അത് ഒരുമിപ്പിക്കുന്നു. പൊതുവായതും സവിശേഷമായതുമായ എല്ലാത്തരം നിലപാടുകള്‍ക്കും തീരുമാനങ്ങള്‍ക്കും അവ അടിത്തറ പാകുന്നു. ലോകത്തിന്റെ ആവശ്യവും ഇസ്‌ലാമിനെതിരെ അതിന്റെ ശത്രുക്കള്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങളും പരിഗണിച്ച് അവയില്‍ അഞ്ച് കാര്യങ്ങള്‍ നിങ്ങള്‍ക്ക് മുമ്പില്‍ വെക്കാനാണ് ഞാന്‍ താല്‍പര്യപ്പെടുന്നത്. പ്രസ്തുത മൂല്യങ്ങള്‍ നാം ഉച്ചത്തില്‍ ഉയര്‍ത്തേണ്ട സന്ദര്‍ഭമാണിത്.

അല്ലാഹുവിന് മാത്രം അടിമയാവുക
ഏറ്റവും ഉന്നതമായ മൂല്യമാണ് അല്ലാഹുവിന് മാത്രം അടിമപ്പെടല്‍. ആരാധനകള്‍ അര്‍പ്പിക്കേണ്ടതും അവന് മാത്രമാണ്. അവന്റെ സൃഷ്ടികള്‍ക്കുള്ള എല്ലാ അടിമത്തങ്ങളെയും വലിച്ചെറിയണം. അടിമകള്‍ക്ക് ഒരിക്കലും ഒരു നാഗരികത കെട്ടിപ്പടുക്കാനാവില്ല. സ്വാതന്ത്ര്യവും കഴിവും ഉള്ളവര്‍ക്കാണതിന് സാധിക്കുക. അതുകൊണ്ടു തന്നെ അല്ലാഹുവിന്റെ അടിമയാവുക എന്നതിനേക്കാള്‍ ഉന്നതമായ മറ്റൊരു സ്ഥാനവുമില്ല. അല്ലാഹുവല്ലാത്ത എല്ലാറ്റിനുമുള്ള അടിമത്വം ഉപേക്ഷിക്കണമെന്ന് ചുരുക്കം. ആളുകളെ അടിമകളുടെ അടിമത്തത്തില്‍ നിന്ന് ദൈവത്തിന്റെ അടിമത്തത്തിലേക്കും, ഐഹിക ജീവിതത്തിന്റെ കുടുസ്സില്‍ നിന്ന് ഇഹപരലോകങ്ങളുടെ വിശാലതയിലേക്കും നയിക്കുന്നതിന് അല്ലാഹു ഞങ്ങളെ നിയോഗിച്ചിരിക്കുകയാണെന്ന് പേര്‍ഷ്യന്‍ സേനാ നായകനോട് പറയാന്‍ പ്രമുഖ സഹാബിയെ പ്രേരിപ്പിച്ചത് അതാണ്.

കാരുണ്യം
മഹത്തായ സാര്‍വലൗകിക നാഗരിക മൂല്യമാണത്. പാശ്ചാത്യരോ പൗരസ്ത്യരോ കാരുണ്യത്തിന് നല്‍കുന്ന നിര്‍വചനമല്ല ഇസ്‌ലാമിന്റേത്. മൃഗങ്ങളോടുള്ള കാരുണ്യത്തെ കുറിച്ച് വാചാലരാവുന്നതോടൊപ്പം തന്നെ അവര്‍ ലോകത്തിന്റെ പല ഭാഗത്തും മനുഷ്യരോ ദ്രോഹിക്കുന്നു. ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തിലുള്ള മൂല്യങ്ങള്‍ക്കും അടിസ്ഥാനങ്ങള്‍ക്കും മേലാണ് ഇസ്‌ലാമിലെ കാരുണ്യം നിലകൊള്ളുന്നത്. അതിന്റെ പ്രായോഗിക മാതൃക പ്രവാചകന്‍(സ) കാണിച്ചു തന്നിട്ടുമുണ്ട്.

ഇസ്‌ലാമികാധ്യാപനങ്ങളിലും ശരീഅത്തിലെ നിയമങ്ങൡലുമെല്ലാം പ്രസ്തുത കാരുണ്യം പ്രകടമാണ്. പ്രയാസത്തെ ഇല്ലാതാക്കുന്ന എളുപ്പം, എളുപ്പത്തിന് വഴിയൊരുക്കുന്ന പ്രയാസം, ഞെരുക്കമുള്ള സന്ദര്‍ഭത്തിലെ വിശാലമായ വിധി തുടങ്ങിയ അടിസ്ഥാനങ്ങളെല്ലാം കാരുണ്യത്തിന്റെ ഫലമാണ്. ഇസ്‌ലാമിന്റെ സന്ദേശം മൊത്തത്തില്‍ കാരുണ്യമാണ്. ”മുഴുലോകര്‍ക്കും കാരുണ്യമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല” എന്നാണ് അല്ലാഹു പ്രവാചകനെ കുറിച്ച് പറയുന്നത്. അറിവില്ലാത്തവനെ സംബന്ധിച്ചടത്തോളം വിജ്ഞാനത്തിന്റെ പ്രകാശമാകുന്ന കാരുണ്യം. വഴിപിഴച്ചവന് നേര്‍മാര്‍ഗത്തിന്റെ കാരുണ്യം. ദരിദ്രനെ സംബന്ധിച്ചടത്തോളം അവനെ സഹായിക്കുന്ന കാരുണ്യം. രോഗിക്ക് അവനെ സന്ദര്‍ശിച്ചും ചിക്തിസാ ചെലവുകളും സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്ന കാരുണ്യം. സ്ത്രീക്ക് അവളുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കുന്ന കാരുണ്യം. ഇങ്ങനെയത് തുടര്‍ന്നു പോകുന്നു.

നീതി
മഹത്തായ മൂല്യവും സുഗമമായ ജീവിതത്തിന്റെ അടിസ്ഥാനവുമാണ് നീതി. സമൂഹങ്ങളുടെയും രാഷ്ട്രങ്ങളുടെയും നിലനില്‍പിന്റെ ആണിക്കല്ലുകളിലൊന്നാണത്. അവയുടെ ഉണര്‍ച്ചക്കും പുരോഗതിക്കും അനിവാര്യമാണത്. സമൂഹത്തിന്റെ സകല മേഖലകളിലും പ്രായോഗികമായി നടപ്പാക്കേണ്ട ഒന്നാണത്.

മനുഷ്യബുദ്ധിയുടെ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ നീതിക്കും വികാരത്തിനും ഇടയില്‍ വലിയ വൈരുദ്ധ്യം പ്രകടമാണെങ്കിലും അത്ഭുതകരമാം വിധം ഇസ്‌ലാം അവ രണ്ടിനെയും ചേര്‍ത്ത് നിര്‍ത്തിയിരിക്കുകയാണ്. നീതിയെയും വികാരങ്ങളെയും സമന്വയിപ്പിച്ചു കൊണ്ടുള്ള പ്രായോഗിക മാതൃകയാണ് ഇസ്‌ലാം സമര്‍പിക്കുന്നത്. ജീവിതത്തിലുടനീളം ഉള്ള ഒന്നാണ് വികാരങ്ങള്‍. മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കാത്തടത്തോളം അത് പ്രശംസനീയമാണ്. എന്നാല്‍ വികാരങ്ങള്‍ അതിന്റെ പരിധി കടക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ മുന്നോട്ടു പോക്കിന് തടസ്സം സൃഷ്ടിച്ച് നീതിയുടെ നിയന്ത്രണ രേഖ അതിന് കടിഞ്ഞാണിടും.

അവകാശങ്ങള്‍ വകവെച്ചു കൊടുക്കലും ബാധ്യതകള്‍ നിര്‍വഹിക്കലുമാണ് ഇസ്‌ലാമില്‍ നീതിയുടെ പ്രകടമായ മുഖം. എന്നാല്‍ ആന്തരികമായിട്ടത് മനസ്സിനെ ജീവിപ്പിക്കലും അത്യാഗ്രഹങ്ങളെയും അന്യായങ്ങളെയും തടയലും ഉള്ളതില്‍ തൃപ്തിപ്പെടുന്ന മനസ്സ് ഉണ്ടാക്കിയെടുക്കലുമാണ്.

പൂര്‍ണതയില്‍ നിര്‍വഹിക്കുക
ഏതൊരു കാര്യവും അതിന്റെ പൂര്‍ണതയില്‍ നിര്‍വഹിക്കുക എന്നത് ഒരു മുസ്‌ലിമിന്റെ വിശേഷണമായിട്ടാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. അശ്രദ്ധമായി ചെയ്യുന്ന കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കുകയില്ല. ബോധപൂര്‍വം കൃത്യമായ ഉദ്ദേശ്യത്തോടെ ആത്മാര്‍ഥമായി ചെയ്യുന്ന കര്‍മങ്ങളാണ് അല്ലാഹു സ്വീകരിക്കുക. അതില്‍ യാതൊരു വിധ പങ്കും മറ്റാര്‍ക്കും വകവെച്ചു കൊടുക്കരുത്. ഒരു സമൂഹത്തിലെ അംഗങ്ങളെല്ലാം തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റവും ഭംഗിയായി നിര്‍വഹിക്കുന്നവരാണെന്ന് സങ്കല്‍പിച്ചു നോക്കൂ. ഭരണാധികാരി ജനതയുടെ അവകാശങ്ങള്‍ വകവെച്ചു നല്‍കുന്നു. ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ അവകാശങ്ങള്‍ നിര്‍വഹിക്കുന്നു. ഓരോ ജോലിക്കാരനും അവന്റെ ജോലി ഏറ്റവും നന്നായി നിര്‍വഹിക്കുന്നു. അപ്പോള്‍ ആ സമൂഹത്തിന് വൃത്തിയിലും വെടപ്പിലും സംസ്‌കാരത്തിലും എത്രത്തോളം ഉയരാന്‍ സാധിക്കുമെന്ന് സങ്കല്‍പിച്ചു നോക്കു. അതേസമയം സമൂഹത്തിലെ ആളുകള്‍ തങ്ങളുടെ അവകാശങ്ങളിലും ബാധ്യതകളിലും വീഴ്ച്ച വരുത്തുകയാണെങ്കില? അതില്‍ ഓരോരുത്തരും തങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ കൂടി മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമിക്കുക. അതിലെ ജോലിക്കാരന് എങ്ങനെയെങ്കിലും വൈകുന്നേരമാക്കുക എന്നതിനപ്പുറം താന്‍ ചെയ്യുന്ന ജോലി ഏറ്റവും നന്നായി ചെയ്യണമെന്ന ചിന്തക്കൊന്നും ഇടമുണ്ടാകില്ല. അങ്ങനെയുള്ള സമൂഹം തകരാന്‍ മറ്റ് കാരണങ്ങളൊന്നും വേണ്ടി വരില്ല.

സ്‌നേഹം
സ്‌നേഹമെന്ന മൂല്യത്തിന് ഇസ്‌ലാം വലിയ പ്രാധാന്യവും പരിഗണനയും നല്‍കുന്നുണ്ട്. സ്‌നേഹബന്ധത്തെ അതില്ലാതാക്കുകയോ അതിന് മേല്‍ പാപത്തിന്റെ ചെളി പുരട്ടുകയോ ചെയ്യുന്നില്ല. മറിച്ച് എപ്പോഴും അതിന് പവിത്രമായി മാറ്റുന്നു. സ്‌നേഹം അല്ലാഹുവിന് വേണ്ടിയാവുക, വെറുപ്പ് അല്ലാഹുവിന് വേണ്ടിയാവുക എന്നത് വിശ്വാസത്തിന്റെ ഏറ്റവും ശക്തമായ പാശ്വമായിട്ടാണ് എണ്ണപ്പെടുന്നത്.

പ്രവര്‍ത്തനത്തിനുള്ള ഊര്‍ജ്ജം പകരുന്ന ഘടകമായിട്ടാണ് സ്‌നേഹത്തെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. അല്ലാഹു പറയുന്നു: ”പറയുക, നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുക. അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരികയും ചെയ്യും.” ഒരു വിശ്വാസി ഏതൊന്നിനെയും സ്‌നേഹിക്കുന്നതിന്റെ അടിസ്ഥാനം അല്ലാഹുവിനോടുള്ള സ്‌നേഹമായിരിക്കും.” സംശുദ്ധമായ സ്‌നേഹത്തില്‍ വാര്‍ത്തെടുക്കപ്പെട്ട സമൂഹത്തിലെ അംഗങ്ങള്‍ പരസ്പരം ഇണക്കപ്പെട്ടവരായിരിക്കും. അതില്‍ അസൂയക്കോ പകക്കോ വിദ്വേഷത്തിനോ ഇടമുണ്ടായിരിക്കുകയില്ല. മറിച്ച് പരസ്പരം കൈകോര്‍ത്തും സഹകരിച്ചും വിജയങ്ങള്‍ വരിക്കുന്നവരായിരിക്കും അവര്‍.

Related Articles