Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാം യുവാക്കള്‍ക്ക് നല്‍കിയ പരിഗണന -1

youth.jpg

മനുഷ്യചരിത്രത്തിന്റെ എല്ലാ ഘട്ടങ്ങളിലും സമൂഹത്തിന്റെ നെടുന്തൂണായി വര്‍ത്തിച്ചതും നവോത്ഥാനത്തിന് കാരണമായതും യുവാക്കളായിരുന്നു. അല്ലാഹുവിന്റെ സന്ദേശം ജനങ്ങള്‍ക്കെത്തിയതും, അവന്റെ ഏകത്വം ഭൂമിയില്‍ സ്ഥാപിക്കപ്പെട്ടതും ബഹുദൈവത്വത്തിന്റെ കോട്ടകൊത്തളങ്ങള്‍ തകര്‍ത്തതും അവരുടെ കരങ്ങള്‍ കൊണ്ടായിരുന്നു.

ഇബ്‌റാഹീം പ്രവാചകന്‍ മഴുവുമായി വന്ന് ബിംബങ്ങളെ തകര്‍ത്തത് യുവാവായിരിക്കെയായിരുന്നു. അദ്ദേഹത്തിന്റെ ജനത പറഞ്ഞതിപ്രകാരമാണ്. ‘ഒരു യുവാവ് അവയെ കുറിച്ച് സംസാരിക്കുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്. ഇബ്‌റാഹീം എന്നാണ് അവന്റെ പേര്’ (അമ്പിയാഅ് 60). പരീക്ഷിക്കപ്പെട്ടപ്പോള്‍ സ്ഥൈര്യത്തോടെ അദ്ദേഹം ഉറച്ച് നിന്നു. ഇബ്‌നു അബ്ബാസ്(റ) പറയുന്നു. ‘അല്ലാഹു പ്രവാചകന്‍മാരെ യുവത്വത്തിലാണ് നിയോഗിക്കാറ്. ഒരു പണ്ഡിതനും യുവത്വത്തിലല്ലാതെ വിജ്ഞാനം ലഭിച്ചിട്ടുമില്ല’.

ഇബ്‌റാഹീം(അ) നബി മകന്‍ ഇസ്മാഈലിന്റെ യുവത്വത്തിലും ശക്തിയിലും തന്റേടത്തിലും സന്തോഷിക്കുമ്പോഴാണ് അവനെ ബലിയര്‍പ്പിക്കുവാനുള്ള ദൈവിക കല്‍പന വരുന്നത്. അദ്ദേഹം കാര്യം അവനുമായി കൂടിയാലോചിച്ചു. പ്രവാചകന്‍മാരെ അടിയുറപ്പിച്ച് നിര്‍ത്തുന്നതില്‍ യുവാക്കള്‍ക്ക് പ്രത്യേകമായ പങ്ക് തന്നെ ഉണ്ടല്ലോ. വളരെ തികഞ്ഞ പക്വതയുള്ള യുവാവായ ഇസ്മാഈല്‍(അ) നല്‍കുന്ന മറുപടി അല്ലാഹു വിശദീകരിച്ചിട്ടുണ്ട് ‘അദ്ദേഹം (പിതാവ്) പറഞ്ഞു എന്റെ മകനെ നിന്നെ ബലിയറുക്കണമെന്ന് ഞാന്‍ സ്വപ്‌നം കണ്ടിരിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം? അദ്ദേഹം (ഇസ്മാഈല്‍) പറഞ്ഞു. അല്ലയോ പിതാവേ, താങ്കള്‍ കല്‍പിക്കപ്പെട്ടതെന്താണോ അതനുസരിക്കുക. അല്ലാഹു ഉദ്ദേശിച്ചിട്ട് താങ്കള്‍ക്കെന്നെ ക്ഷമാലുക്കളില്‍ കാണാവുന്നതാണ്’ സ്വാഫ്ഫാത്ത്:102.

 

സ്വന്തം സമൂഹത്തിന്റെ ബഹുദൈവാരാധനയുപേക്ഷിച്ച് നാട് വിട്ട ധീരയുവാക്കളുടെ ചരിത്രം വിശുദ്ധവേദം വിവരിക്കുന്നുണ്ട്. ഗുഹയില്‍ അഭയം പ്രാപിച്ച അവരുടെ കൂടെ ഒരു നായയും ഉണ്ടായിരുന്നു. അല്ലാഹു അവരെ മുന്നൂറ്റൊമ്പത് വര്‍ഷങ്ങള്‍ ഉറക്കി. വളരെ ഹൃദയസ്പൃക്കായ ചരിത്രമാണത്. ‘താങ്കള്‍ക്ക് നാം അവരുടെ ചരിത്രം വിശദീകരിക്കാം, സ്വന്തം രക്ഷിതാവില്‍ വിശ്വസിച്ച ഏതാനും ചെറുപ്പക്കാരായിരുന്നു അവര്‍, നാമര്‍ക്ക് സന്മാര്‍ഗം അധികരിപ്പിക്കുകയും ചെയ്തു’. അല്‍ കഹ്ഫ്:13
നബി തിരുമേനി(സ) നിയോഗിക്കപ്പെട്ടപ്പോള്‍ ഖുറൈശികളിലെ പ്രമാണിമാരും വയോധികരും അദ്ദേഹത്തെ പിന്‍പറ്റുന്നതില്‍ വിമുഖത കാണിച്ചു. മക്കയിലെ യുവാക്കളായിരുന്നു അദ്ദേഹത്തെ സഹായിച്ചതും പിന്തുണച്ചതും. ഇസ്‌ലാമിലേക്ക് കടന്ന് വന്നവരില്‍ കൂടുതലും അവരായിരുന്നു. രഹസ്യ പ്രബോധനകാലത്ത് ദാറുല്‍ അര്‍ഖമില്‍ തമ്പടിച്ചത് നാല്‍പതോളം വരുന്ന ചെറുപ്പക്കാരായിരുന്നു. മുപ്പത്തെട്ടാം വയസ്സിലാണ് അബൂബക്കര്‍(റ) ഇസ്‌ലാം സ്വീകരിച്ചത്. അദ്ദേഹമായിരുന്നു ഇസ്‌ലാമിക പ്രബോധനത്തിന് വലംകയ്യായി വര്‍ത്തിച്ചത്. പ്രവാചകന്‍ ഹിജ്‌റക്ക് തന്റെ കൂട്ടാളിയായി തെരഞ്ഞെടുത്തതും അദ്ദേഹത്തെയായിരുന്നു. മുപ്പതിനോടടുത്ത് പ്രായത്തിലാണ് ഉമര്‍(റ) ഇസ്‌ലാം സ്വീകരിച്ചത്. അദ്ദേഹം മുഖേന ഇസ്‌ലാമിന് പ്രതാപം കൈവരികയും മുസ്‌ലിംകള്‍ ദാറുല്‍ അര്‍ഖം വിട്ട് പുറത്തിറങ്ങാന്‍ തുടങ്ങുകയും ചെയ്തു. ‘ഉമര്‍ കടന്ന് വരുന്നത് വരെ ഇസ്‌ലാം രഹസ്യമായിരുന്നു’വെന്ന് സാധാരണ പറയാറുണ്ട്. മുപ്പത്തി നാലാം വയസ്സിലാണ് ഉസ്മാന്‍(റ) ഇസ്‌ലാം സ്വീകരിച്ചത്. ഇസ്‌ലാമിന് വേണ്ടി കയ്യയച്ച് ദാനം ചെയ്യാറുണ്ടായിരുന്നു അദ്ദേഹം. ഒമ്പതാം വയസ്സിലാണ് അലി(റ) കടന്ന് വരുന്നത്. ബദ്‌റില്‍ കൊടിപിടിക്കുമ്പോള്‍ ഇരുപതായിരുന്നു പ്രായം. സുബൈര്‍(റ) പതിനാറാം വയസ്സിലാണ് ഇസ്‌ലാമാശ്ലേഷിക്കുന്നത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആദ്യമായി വാളൂരിയത് അദ്ദേഹമാണ്. സഅ്ദു ബ്‌നു അബീ വഖാസ് പത്തൊമ്പതാം വയസ്സിലാണ് രംഗപ്രവേശം നടത്തുന്നത്. ഇസ്‌ലാമില്‍ ആദ്യമായി അമ്പെറിഞ്ഞത് അദ്ദേഹമായിരുന്നു. വിവേകത്തോടടുക്കുന്ന പ്രായത്തില്‍ ത്വല്‍ഹ(റ)യും മുപ്പതാം വയസ്സില്‍ അബ്ദുര്‍റഹ്മാന്‍(റ)വും, സഅദു ബ്‌നു അബീ വഖാസ്വ്(റ)വും ഇസ്‌ലാം സ്വീകരിച്ചു. സഅദ് ബ്‌നു സൈദ്(റ) ഇസ്‌ലാമിലേക്ക് കടന്ന് വരുന്നത് ഇരുപതിന് താഴെ പ്രായമുള്ളപ്പോഴാണ്. മേല്‍പറഞ്ഞ ഇസ്‌ലാം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട എല്ലാവരും യുവാക്കളായിരുന്നുവെന്ന് ചുരുക്കം.
ഇളം തലമുറയില്‍പെട്ട ഖുറൈശി യുവാക്കള്‍, അവരുടെ ഹൃദയങ്ങള്‍ പരിശുദ്ധവും, മനസ്സ് പവിത്രവുമാണ്. നിശിദ്ധത്തില്‍ നിന്നും അടച്ച് വെച്ച കണ്ണുകളും, അനാവശ്യത്തില്‍ നിന്നും കെട്ടിവെച്ച കൈകളുമാണവരുടേത്. അനുഗ്രഹീതമായ ഈ ഉമ്മത്തിന്റെ മുന്നണിപ്പടയാളികളായി അല്ലാഹു തെരഞ്ഞെടുത്തത് അവരെയാണ്. അങ്ങനെ അവരുടെ തോളിലും നെഞ്ചിലുമാണ് ഇസ്‌ലാം ഉയര്‍ന്ന് നിന്നത്.
അനുഗ്രഹീതമായ പ്രവാചക ഹിജ്‌റ വിജയിക്കുന്നത് യുവാക്കളുടെ കൂടി സഹായത്താലാണ്. പ്രവാചകന്‍ തിരുമേനിയുടെ വിരിപ്പില്‍ അന്തിയുറങ്ങിയത് മഹാനായ അലി(റ)യായിരുന്നു. അത് മുഖേന മുശ്‌രിക്കുകളുടെ കണ്ണ് വെട്ടിച്ച് പ്രവാചകന്‍ യാത്രയായി. നബി തിരുമേനിയുടെ സ്ഥാനത്ത് കിടന്നുറങ്ങിയാല്‍ ശത്രുക്കള്‍ തന്റെ ജീവന്‍ അപരഹരിച്ചേക്കും എന്ന ദൃഢബോധ്യമുള്ളപ്പോഴാണ് ധീരനായ അലി(റ) അത് ഏറ്റെടുക്കുന്നത്.
അബൂബക്കര്‍(റ)ന്റെ മകള്‍ അസ്മാഅ്(റ) ആയിരുന്നു ഭക്ഷണം തയ്യാറാക്കി അവര്‍ക്ക് എത്തിച്ച് കൊടുത്തിരുന്നത്. തന്റെ വസ്ത്രം രണ്ട് കീറാക്കി ഒരു ഭാഗം കൊണ്ട് തന്നെയും മറ്റേത് കൊണ്ട് ഭക്ഷണവും വാഹനപ്പുറത്ത് കെട്ടിവെച്ചായിരുന്നു അവരുടെ യാത്ര. അതിനാലാണ് ദുന്നിത്വാഖൈന്‍ (ഇരട്ടപട്ടക്കാരി) എന്ന് അവര്‍ അറിയപ്പെട്ടത്. അപ്പോള്‍ അവരുടെ പ്രായം ഇരുപത്തേഴായിരുന്നു. അവരുടെ യുവസഹോദരന്‍ അബ്ദുല്ലാ(റ) ആയിരുന്നു ഖുറൈശികളുടെ വാര്‍ത്തകള്‍ എല്ലാരാത്രിയിലും പ്രവാചകന് എത്തിക്കുകയും അവരുടെ കൂടെ രാപ്പാര്‍ക്കുകയും ചെയ്തിരുന്നത്. പ്രഭാതമാവുമ്പോഴെക്കും ആരോരുമറിയാതെ അദ്ദേഹം മക്കയിലേക്ക് തന്നെ മടങ്ങും. ഇരുപതിനോടടുത്ത പ്രായത്തിലാണ് ആമിറു ബ്‌നു ഫുഹൈറ(റ) ഇസ്‌ലാം ആശ്ലേഷിക്കുന്നത്. ആട്ടിടയനായിരുന്ന അദ്ദേഹം പാല്‍ കറന്നെടുത്ത് പ്രവാചകനും അബൂബക്കറും(റ) താമസിക്കുന്ന ഗുഹയില്‍ വന്ന് അവര്‍ക്ക് നല്‍കും. ഈ യുവാക്കളുടെയെല്ലാം സഹായത്താലാണ് ഹിജ്‌റ വിജയിച്ചത്.
അഖബ ഉടമ്പടിക്ക് ശേഷം വിശുദ്ധ ഖുര്‍ആന്റെയും ഇസ്‌ലാമിന്റെയും സന്ദേശം വഹിച്ച് മദീനയിലേക്ക് പോയത് മിസ്അബ് ബ്‌നു ഉമൈര്‍(റ)ആയിരുന്നു. അദ്ദേഹമാവട്ടെ മുപ്പതിനോടടുത്ത കാലമായിരുന്നു അത്. ഹിജ്‌റക്ക് മുമ്പ് മദീനിയലെ പ്രബോധകനും ഖുര്‍ആന്‍ പഠിപ്പിക്കുന്നവനുമായിരുന്നു. മക്കയിലെ ഏറ്റവും ധനാഢ്യനും ആഢംബരപ്രിയനുമായ യുവാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കരങ്ങളാലാണ് ഔസ് ഗോത്രത്തിന്റെ നേതാവായ സഅ്ദു ബ്‌നു മുആദ് ഇസ്‌ലാം സ്വീകരിച്ചത്. മുപ്പത് കഴിഞ്ഞ സന്ദര്‍ഭത്തിലായിരുന്നു ഇത്. അദ്ദേഹം സ്വന്തം ജനതക്കിടയില്‍ എഴുന്നേറ്റ് നിന്ന് ഇപ്രകാരം പ്രഖ്യാപിച്ചു. ‘ഇസ്‌ലാം സ്വീകരിക്കുന്നത് വരെ നിങ്ങളിലെ സ്ത്രീകളും പുരുഷന്‍മാരോടും എന്നോട് സംസാരിക്കുകയേ വേണ്ട’ കേള്‍ക്കേണ്ട താമസം അവരെല്ലാം ഇസ്‌ലാമാശ്ലേഷിച്ചു. ഇസ്‌ലാമില്‍ ഏറ്റവും കൂടുതല്‍ അനുഗ്രഹം ലഭിച്ചവരില്‍ ഒരാളായിരുന്നു അദ്ദേഹം.
അന്‍സ്വാരികളിലെ പണ്ഡിതനും മുഫ്തിയും ജഡ്ജിയുമായ മുആദ് ബ്‌നു ജബല്‍(റ) പതിനെട്ടാം വയസ്സിലാണ് ഇസ്‌ലാം സ്വീകരിച്ചത്. പ്രവാചകന്‍(സ) അദ്ദേഹത്തെ ജഡ്ജിയും അദ്ധ്യാപകനുമായി യമനിലേക്ക് നിയോഗിച്ചു.
അല്ലാഹുവിന്റെ ദീനിന്റെ മാര്‍ഗത്തില്‍ പോരാടാന്‍ മത്സരിക്കുകയായിരുന്നു പ്രവാചകകാലത്തെ യുവാക്കള്‍. തങ്ങള്‍ക്ക് യുദ്ധത്തില്‍ പങ്കെടുക്കാന്‍ അനുവാദം തരണമെന്നാവശ്യപ്പെട്ട് അവര്‍ പ്രവാചകന്റെ മുന്നില്‍ വന്ന് നില്‍ക്കും. അവരില്‍ നന്നെ ചെറുപ്പമായവരെ പ്രവാചകന്‍ തിരിച്ചയക്കും. അവരാകട്ടെ അതിന്റെ പേരില്‍ വളരെ വ്യസനത്തോടെ തിരിച്ച് പോവും.
ഇബ്‌നു ഉമര്‍(റ)പറയുന്നു. ‘പതിനാല് വയസ്സുള്ളപ്പോഴാണ് ഉഹ്ദ് യുദ്ധത്തിന് വേണ്ടി ഞാന്‍ പ്രവാചകന്‍ മുന്നിലെത്തിയത്. പക്ഷെ അദ്ദേഹം എന്നെ അനുവദിച്ചില്ല. പതിനഞ്ച് വയസ്സുള്ളപ്പോഴാണ് ഖന്തക്ക് യുദ്ധം നടക്കുന്നത്. അപ്പോള്‍ അദ്ദേഹമെനിക്ക് അനുവാദം തരികയുണ്ടായി’. മുസ്‌ലിം
തന്നെ വലിപ്പക്കുറവ് കാരണം അവസരം നിഷേധിക്കുമെന്ന് ശങ്കിച്ച റാഫിഅ് ബ്‌നു ഖദീജ് തന്റെ കാല്‍ വിരലുകളില്‍ ഊന്നി നിന്ന് ഉയരം കാണിക്കാന്‍ ശ്രമിച്ചു. നല്ല അമ്പെയ്ത്തുകാരനാണെന്ന് അറിയിക്കപ്പെട്ടതിനാല്‍ പ്രവാചകന്‍ അദ്ദേഹത്തെ അനുവദിച്ചു. ഇത് കണ്ട് സംറഃ ബിന്‍ ജുന്‍ദുബ് പരാതി പറഞ്ഞു. അങ്ങനെ പ്രവാചകന്‍ അവര്‍ക്കിടയില്‍ ഗുസ്തി മത്സരം നടത്തുകയും റാഫിഇനെ കീഴടക്കിയ അദ്ദേഹത്തിന് പ്രവാചകന്‍ അനുമതി നല്‍കുകയും ചെയ്തു.
ഇപ്രകാരം പ്രവാചകാനുചരരിലെ യുവാക്കള്‍ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതിലും മുന്‍പന്തിയിലുണ്ടായിരുന്നു. അവര്‍ മടിയന്‍മാരോ, വിനോദത്തില്‍ ആര്‍മാദിക്കുന്നവരോ ആയിരുന്നില്ല. അല്ലാഹു ഇസ്‌ലാമിനെ ലോകത്ത് വേരുറപ്പിച്ചതും യുവാക്കളിലൂടെയായിരുന്നു.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

 

Related Articles