Current Date

Search
Close this search box.
Search
Close this search box.

ആരാധനകള്‍ ആസ്വദിക്കുന്നവരാണോ നിങ്ങള്‍?

prayer-dua.jpg

വിശ്വാസികള്‍ പലരും നിരന്തരം ആവലാതിപ്പെടുന്ന കാര്യങ്ങളിലൊന്നാണ് ആരാധനാ കര്‍മങ്ങളനുഷ്ഠിക്കുമ്പോള്‍ അതിലൂടെ ആത്മീയാനുഭവം ലഭിക്കുന്നില്ലെന്നുള്ളത്. അതിന്റെ ഫലമായി അവ കേവലം ചടങ്ങുകളായി മാറുന്നു. അതുകൊണ്ടു തന്നെ അവയുടെ മാധുര്യവും ആനന്ദവും ആസ്വദിക്കാന്‍ സാധിക്കാതെ വരുന്നു. പള്ളിയില്‍ പോയി നമസ്‌കരിച്ചു വരുന്നു. എന്നാല്‍ അല്ലാഹുവുമായി സംവദിച്ചതിന്റെ ഒരുവിധ ആസ്വാദ്യതയും അനുഭവിക്കുന്നില്ല. ‘നീ നമസ്‌കാരം നിലനിര്‍ത്തുക, തീര്‍ച്ചയായും നമസ്‌കാരം മ്ലേച്ഛകര്‍മങ്ങളെയും നിഷിദ്ധങ്ങളെയും തടയുന്നു.’ (അല്‍അന്‍കബൂത്ത്: 45) എന്നാണ് ഖുര്‍ആന്‍ പറയുന്നതെങ്കിലും അത്തരത്തിലുള്ള സ്വാധീനമൊന്നും മഹത്തായ ആ കര്‍മം തന്റെ സ്വഭാവത്തിലുണ്ടാക്കുന്നില്ലെന്നത് പലരുടെയും പരാതിയാണ്.

അല്ലാഹുവിന്റെ ഗ്രന്ഥം തുറന്നു വെച്ച് അതിലെ അക്ഷരങ്ങളും വാക്കുകളും ഞാന്‍ വായിക്കുന്നു. എന്നാല്‍ അതിന്റെ ആത്മാവിലേക്ക് ഇറങ്ങി ചെല്ലാന്‍ സാധിക്കുന്നില്ല. പിന്നെ വേഗത്തില്‍ പാരായണം ചെയ്ത് ഞാന്‍ തന്നെ എനിക്ക് മേല്‍ നിര്‍ബന്ധമാക്കിയ പേജുകള്‍ പാരായണം ചെയ്ത് അവസാനിപ്പിക്കുന്നു. ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ വിശ്വാസികള്‍ക്കുണ്ടാകുന്ന അവസ്ഥയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണല്ലോ: ”അവന്റെ വചനങ്ങള്‍ വായിച്ചുകേട്ടാല്‍ അവരുടെ വിശ്വാസം വര്‍ധിക്കും. അവര്‍ എല്ലാം തങ്ങളുടെ നാഥനില്‍ സമര്‍പ്പിക്കും.” (അല്‍അന്‍ഫാല്‍: 2) അത്തരം ഒരവസ്ഥ ഖുര്‍ആന്‍ പാരായണത്തിലൂടെ ലഭിക്കുന്നില്ല.

”സത്യവിശ്വാസം സ്വീകരിക്കുകയും ദൈവസ്മരണയാല്‍ മനസ്സുകള്‍ ശാന്തമാവുകയും ചെയ്യുന്നവരാണവര്‍. അറിയുക: ദൈവസ്മരണകൊണ്ട് മാത്രമാണ് മനസ്സുകള്‍ ശാന്തമാകുന്നത്.” (അര്‍റഅ്ദ്: 28) എന്നാണ് അല്ലാഹു പറയുന്നത്. എന്നാല്‍ രാവിലെയും വൈകിയിട്ടും അല്ലാഹുവിനെ സ്മരിച്ചിട്ടും മനസ്സിന് ശാന്തതയോ സമാധാനമോ സന്തോഷമോ ലഭിക്കുന്നില്ല.

ആരാധനകളുടെ ആസ്വാദ്യത ലഭിക്കുന്നില്ലെന്നും അതിലൂടെ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കുന്നില്ലെന്നതും വ്യാപകമായ ആവലാതിയാണ്. നാം ജീവിക്കുന്ന ഇക്കാലത്ത് ആത്മാവിന് മേല്‍ ഭൗതികത പിടിമുറുക്കിയതിന്റെ ഫലമാണത്. വികാരങ്ങള്‍ക്കും ഇച്ഛകള്‍ക്കും ശാരീരികാനന്ദങ്ങള്‍ക്കും അമിത പ്രാധാന്യം നല്‍കിയതിന്റെ ഫലമാണത്. ഇഹലോകത്തും പരലോകത്തുമുള്ള യഥാര്‍ഥ ആനന്ദത്തിന്റെ ഏക ഉറവിടം അല്ലാഹുവിനുള്ള അടിമത്തമാണ്. ശാരീരത്തിന്റെ ആസ്വാദനങ്ങള്‍ ദൈവിക ഗ്രന്ഥവും അവന്റെ ദൂതന്റ ചര്യയും വരച്ചു കാണിച്ചു തന്നിട്ടുള്ള ദൈവിക സരണിയില്‍ നിന്ന് തെറ്റിക്കുകയാണെങ്കില്‍ ദുരിതമല്ലാതെ മറ്റൊന്നും അത് വര്‍ധിപ്പിക്കുകയില്ല.

ആത്മീയ തളര്‍ച്ചയില്‍ നിന്നും ആരാധനകളിലെ മനസ്സാന്നിദ്ധ്യ കുറവില്‍ നിന്നുമുള്ള മോചനം അത്ര പ്രയാസമുള്ള ഒന്നല്ല. ആരാധനകളുടെയും അനുസരണത്തിന്റെ മാധുര്യം നുകരല്‍ എത്തിപ്പിടിക്കാനാവാത്ത വിദൂരത്തുള്ള ലക്ഷ്യവുമല്ല. മനസ്സുവെച്ചാല്‍ വളരെ എളുപ്പം സാധിക്കുന്ന ഒന്നാണത്. അതെങ്ങനെ നേടിയെടുക്കാമെന്ന് പ്രവാചകചര്യ പഠിപ്പിച്ചു തരുന്നുണ്ട്. അനസ്(റ)ല്‍ നിന്നുള്ള സ്വഹീഹായ ഒരു റിപോര്‍ട്ടില്‍ വിവരിക്കുന്നു: നബി(സ) പറഞ്ഞു: ”മൂന്ന് കാര്യങ്ങള്‍ ആരിലെങ്കിലുമുണ്ടായാല്‍ അവന്‍ വിശ്വാസത്തിന്റെ മാധുര്യം ആസ്വദിച്ചിരിക്കുന്നു. അല്ലാഹുവിനോടും അവന്റെ ദൂതനോടുമായിരിക്കുക മറ്റാരോടുമുള്ളതിനേക്കാള്‍ സ്‌നേഹം. ആരെയെങ്കിലും സ്‌നേഹിക്കുകയാണെങ്കില്‍ അത് അല്ലാഹുവിനു വേണ്ടിയായിരിക്കുക, അവിശ്വാസത്തില്‍നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയ ശേഷം അതിലേക്ക് തിരിച്ചുപോകുന്നത് തീയില്‍ എറിയപ്പെടുന്നതിനേക്കാള്‍ അസഹ്യമായി തോന്നുക.” (ബുഖാരി, മുസ്‌ലിം).

അല്ലാഹുവിനുള്ള അനുസരണത്തില്‍ ആനന്ദം കണ്ടെത്താന്‍ സാധിക്കലാണ് വിശ്വാസത്തിന്റെ മാധുര്യമെന്ന് ഹദീസ് വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ പണ്ഡിതന്‍മാര്‍ വ്യക്തമാക്കുന്നു. ഇമാം നവവി പറയുന്നു: ‘അല്ലാഹുവിനെ അനുസരിക്കുന്നതിലും അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും തൃപ്തിക്ക് വേണ്ടി പ്രസായങ്ങള്‍ സഹിക്കുന്നിലും ആസ്വാദ്യത കണ്ടെത്തലും ഐഹിക താല്‍പര്യങ്ങളേക്കാള്‍ അതിന് മുന്‍ഗണന നല്‍കലുമാണ്.’

ആരാധനകള്‍ ആസ്വാദ്യകരമാക്കുന്നതിനും വിശ്വാസത്തിന്റെ മാധുര്യം നുകരുന്നതിനും വേണ്ടത് മൂന്ന് കാല്‍വെപ്പുകള്‍ മാത്രമാണെന്നാണ് പ്രവാചക വചനത്തില്‍ നിന്ന് മനസ്സിലാവുന്നത്. സൂക്ഷ്മമമായി വിലയിരുത്തുമ്പോള്‍ ശാഖാപരമായ കാര്യങ്ങളല്ല, വിശ്വാസത്തിന്റെ അടിസ്ഥാന കാര്യങ്ങളാണ് അവയെന്നും തിരിച്ചറിയാം. അവ ശാരീരികമായ ബാഹ്യ പ്രകടനങ്ങളല്ല, ആന്തരികമായ മനസ്സു കൊണ്ടുള്ള കര്‍മങ്ങളാണ്. ദൈവിക ദീനില്‍ ആന്തരിക കര്‍മങ്ങള്‍ക്കുള്ള പ്രസക്തിയും പ്രാധാന്യവുമാണത് വിളിച്ചോതുന്നത്.

ഇച്ഛകളുടെയും വികാരങ്ങളുടെയും ആഴിയില്‍ മുങ്ങിക്കിടക്കുന്ന അവസ്ഥയില്‍ മനസ്സിന് ആരാധനകളുടെ ആസ്വാദ്യത അനുഭവിക്കാനാവില്ലെന്നത് അടിവരയിട്ട് പറയേണ്ടതുണ്ട്. ആഹാരത്തിന്റെയും കുടിക്കുന്ന വെള്ളത്തിന്റെയും ശരിയായ രുചി മനുഷ്യന് ആസ്വദിക്കാന്‍ സാധിക്കുന്നത് അവന് നല്ല ആരോഗ്യാവസ്ഥയിലായിരിക്കുമ്പോഴാണ് എന്നതു പോലെയാണത്. എത്ര രുചിയുള്ള ഭക്ഷണമാണെങ്കിലും പനിപിടിച്ചു കിടക്കുന്ന ഒരാള്‍ക്ക് അതിന്റെ രുചി ആസ്വദിക്കാന്‍ സാധിക്കാറില്ലല്ലോ. അതുതന്നെയാണ് നമ്മുടെ ഹൃദയത്തിന്റെ അവസ്ഥയും. വഴിപിഴച്ച ഇച്ഛകളും നിഷിദ്ധമായ വികാരങ്ങളുമാണ് ഹൃദയത്തിന്റെ രോഗം. അതില്‍ നിന്ന് രക്ഷപ്പെടാതെ അല്ലാഹുവിനുള്ള അനുസരണം ആസ്വദിക്കാന്‍ സാധിക്കുകയില്ല.

അല്ലാഹുവെ സ്‌നേഹിക്കാനും അതിന് മറ്റെന്തിനേക്കാളും മുന്‍ഗണന നല്‍കുന്നതിനും ഏറ്റവും എളുപ്പമുള്ള മാര്‍ഗം ഒരുപക്ഷേ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ഓര്‍മയില്‍ നിലനിര്‍ത്തലായിരിക്കാം. കാരണം അനുഗ്രഹദാതാവിനോടും നന്മ ചെയ്യുന്നവരോടും കടപ്പെടുന്നതാണ് മനുഷ്യമനസ്സിന്റെ പ്രകൃതം. ‘അല്ലാഹുവിനെ അവന്‍ നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങളുടെ പേരില്‍ സ്‌നേഹിക്കുക, അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്റെ പേരില്‍ എന്നെയും സ്‌നേഹിക്കുക…’ എന്ന പ്രവാചക വചനം അതാണ് മനസ്സിലാക്കി തരുന്നത്. പ്രവാചകന്‍(സ)യോടുള്ള സ്‌നേഹം അല്ലാഹുവോടുള്ള സ്‌നേഹത്തില്‍ നിന്നും ജനിക്കുന്നതാണ്. അല്ലാഹുവോടുള്ള സ്‌നേഹം അവനോടുള്ള അനുസരണം ഇല്ലാതെ പൂര്‍ത്തിയാവില്ലെന്ന് മനസ്സിലാക്കുന്ന മുസ്‌ലിമിന് അവന്റെ ദൂതനെ പിന്തുടരല്ലാതെ വേറെ മാര്‍ഗമില്ല. അല്ലാഹു പറയുന്നു: ”പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക. അപ്പോള്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കും.” (ആലുഇംറാന്‍: 31)

ഇതിനെ സൂക്ഷ്മമായി വായിക്കുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന കാര്യം ആരാധനകള്‍ ആസ്വാദ്യകരമാകുന്നതിന്റെ അടിസ്ഥാനം സ്‌നേഹമാണെന്നുള്ളതാണ്. പ്രണയിക്കുന്ന ഒരാള്‍ തന്റെ പ്രണയിനിയുടെ ആവശ്യം സാധിച്ചു കൊടുക്കുമ്പോള്‍ യഥാര്‍ഥത്തില്‍ അവനത് ആസ്വദിക്കുകയാണ്, അതിനായി അവന്‍ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നാലും. മനുഷ്യര്‍ക്കിടയിലെ സ്‌നേഹത്തിന്റെ അവസ്ഥയാണിത്. എന്നാല്‍ പ്രണയിക്കുന്നത് ലോകരക്ഷിതാവായ, കല്‍പനാധികാരമുള്ള അല്ലാഹുവിനെയാകുമ്പോള്‍ എത്രത്തോളമായിരിക്കും അതിന്റെ ആസ്വാദ്യത!

ഒരാള്‍ ആത്മാര്‍ഥമായി അല്ലാഹുവിനെയും അവന്റെ ദൂതനെയും സ്‌നേഹിക്കുമ്പോള്‍ അല്ലാഹുവും അവന്റെ ദൂതനും ഇഷ്ടപ്പെടുന്നത് മാത്രമേ അവന്റെ മനസ്സും ഇഷ്ടപ്പെടുകയുള്ളൂ. അവര്‍ വെറുക്കുന്ന കാര്യങ്ങള്‍ അവന്റെ മനസ്സും വെറുക്കും. അല്ലാഹുവും അവന്റെ ദൂതനും തൃപ്തിപ്പെടുന്നതായിരിക്കും അവന്റെ തൃപ്തി. അവരുടെ കോപത്തിന് കാരണമാകുന്നവ അവനും കോപകരമായിരിക്കും. അവന്റെ സ്‌നേഹത്തിനും അനിഷ്ടത്തിനും അനുസൃതമായിട്ടായിരിക്കും അവന്റെ ഓരോ അവയവവും പ്രവര്‍ത്തിക്കുക. അങ്ങനെയാവുമ്പോള്‍ മറ്റൊന്നില്‍ നിന്നും ലഭിക്കാത്ത ആനന്ദവും ആസ്വാദനവും അതില്‍ നിന്നവന് നേടാനാവും.

അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള സ്‌നേഹമെന്ന ഒന്നാമത്തെ കാല്‍വെപ്പില്‍ വിജയിച്ച വിശ്വാസിക്ക് അടുത്ത രണ്ട് കാല്‍വെപ്പുകള്‍ വളരെ എളുപ്പമാണ്. അല്ലാഹുവിനെയും അവന്റെ ദൂതനെയും സ്‌നേഹിക്കുന്ന മുസ്‌ലിമിന് അവനോടുള്ള സ്‌നേഹത്തിന്റെ പേരിലല്ലാതെ ഒരു സൃഷ്ടിയെയും സ്‌നേഹിക്കാനാവില്ല. അതുപോലെ തന്നെയായിരിക്കും അവന്‍ വെറുക്കുന്നതും. അല്ലാഹുവിനോടുള്ള അവന്റെ ദൂതനോടുമുള്ള സ്‌നേഹം ഈ തലത്തിലേക്ക് ഉയര്‍ന്നാല്‍ പിന്നെ നിഷേധത്തിലേക്ക് മടങ്ങുന്നത് തീയിലേക്ക് എറിയപ്പെടുന്നതിനേക്കാള്‍ അസഹ്യമായിരിക്കും അവനെ സംബന്ധിച്ചടത്തോളം എന്നതില്‍ സംശയമില്ല.

അധിക വിശ്വാസികള്‍ക്കും ആരാധനകളുടെ മാധുര്യം നുകരാന്‍ സാധിക്കാത്തത്തിന്റെ പ്രധാന കാരണം അല്ലാഹുവോടും അവന്റെ ദൂതനോടുമുള്ള സ്‌നേഹത്തില്‍ നിന്നകന്ന് ഇച്ഛകളുടെ പുറകെ പോയി എന്നുള്ളതാണ്. അല്ലാഹുവിന്റെ ഗ്രന്ഥത്തിലേക്കും അവന്റെ ദൂതന്റെ ചര്യയിലേക്കും മടങ്ങുക എന്നത് മാത്രമാണ് ഈ പ്രതിഭാസത്തിനുള്ള ചികിത്സ. എല്ലാ രോഗങ്ങള്‍ക്കുമുള്ള ഏറ്റവും നല്ല ഔഷധമാണത്. മനുഷ്യന്റെ എല്ലാ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള മറുപടി അതിലുണ്ട്.

മൊഴിമാറ്റം: നസീഫ്‌

Related Articles