Current Date

Search
Close this search box.
Search
Close this search box.

ആനന്ദവും ആഹ്ലാദവും പ്രമാണങ്ങളുടെ വെളിച്ചത്തില്‍

happy1.jpg

സന്തോഷത്തിനും ആനന്ദത്തിനും ഇസ്‌ലാമുമായോ മുസ്‌ലിംകളുമായോ യാതൊരു ബന്ധവുമില്ലെന്നാണ് ഒരുപാട് ആളുകള്‍ ധരിച്ചുവെച്ചിരിക്കുന്നത്. ഇസ്‌ലാം ഭൗതികതയോട് എന്നും സംഘര്‍ഷത്തിലാണെന്നും അതിന്റെ നിറപ്പകിട്ടാര്‍ന്ന വിഭവങ്ങളോട് നിഷേധാത്മക സമീപനമാണ് അത് സ്വീകരിക്കുന്നതെന്നും മനസ്സിലാക്കിയിരിക്കുകയാണവര്‍. ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന തഖ്‌വ, നുരുമ്പിയ വസ്ത്രം ധരിക്കലും ഭൗതിക വ്യവഹാരങ്ങളില്‍ നിന്ന് വിട്ടകന്ന് മനസ്സിനെ അങ്ങേയറ്റത്തെ വിധേയത്തത്തിലേക്ക് എത്തിക്കലുമാണെന്നാണ് അവര്‍ കരുതിയിരിക്കുന്നത്.

ഇസ്‌ലാമിന്റെ വിശ്വാസ സംഹിത പരലോക കേന്ദ്രീകൃതമായതും, വിചാരണ, നീതി, പ്രതിഫലം, സ്വര്‍ഗം, ശാശ്വത വാസം, നിലക്കാത്ത സൗഭാഗ്യം, നീതി നിഷേധിക്കപ്പെട്ടവര്‍ക്കും അവകാശങ്ങള്‍ തടയപ്പെട്ടവര്‍ക്കും നീതിപുലരുന്ന നാള്‍ എന്നിങ്ങനെയുള്ള പരലോക വിശ്വാസവുമായി ചേര്‍ന്ന് നില്‍ക്കുന്ന കാര്യങ്ങള്‍ നമ്മുടെ ബോധമണ്ഡലത്തില്‍ ചെലുത്തുന്ന സ്വാധീനവും ഇത്തരം ധാരണകളിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നത് സ്വാഭാവികമാണ്. ദൈമാര്‍ഗത്തില്‍ അവിരാമം തുടരുന്ന ധര്‍മസമരവും, അത് തന്റെ ഇഷ്ടാനിഷ്ടാനിഷ്ടങ്ങള്‍ പരിഗണിക്കാതെ സ്വന്തത്തിനെതിരെ നടത്തുന്നതാകട്ടെ ശത്രുവിനെതിരെ ചെറുത്തുനില്‍പ്പിന്റെ പടയണി തീര്‍ക്കുന്നതാകട്ടെ എല്ലാം ഈ ചിന്തക്ക് ആക്കം കൂട്ടുന്നതാണ്.

ഇസ്‌ലാമിക ചരിത്രത്തെക്കുറിച്ച ധാരണക്കുറവാണ് ഇതിന്റെ യഥാര്‍ത്ഥ കാരണം. ഇസ്‌ലാം അതിന്റെ അനുയായികളുടെ ദൃഷ്ടിയും ഹൃദയവും പരലോകവുമായി ബന്ധിപ്പിച്ചാണ് നിര്‍ത്തിയിരിക്കുന്നത് എന്നത് വാസ്തവമായിരിക്കെ തന്നെ ഐഹിക ജീവിതവുമായി ഇഴചേര്‍ന്നിരിക്കുന്നതായി അതിനെ കാണാം. ക്രിയാത്മകവും എന്നാല്‍ ആസ്വാദനം നഷ്ടപ്പെടാത്തതുമായ സന്തുലിതവും മിതത്വവുമാര്‍ന്ന സമീപനമാണ് ഐഹികതയോടുള്ള ഇസ്‌ലാമിന്റെ സമീപനം. ഖുര്‍ആനും സുന്നത്തും മുന്നില്‍ വെച്ചൊരു വിലയിരുത്തല്‍ നടത്തിയാല്‍ നമുക്ക് വ്യക്തമാവുന്ന സംഗതികളിതൊക്കെയാണ്:

ഭൗതിക കാര്യങ്ങളെ ഇകഴ്ത്തിയും അതില്‍ ആറാടുന്നവരെ ആക്ഷേപിച്ചുമുള്ള ശൈലിക്കൊപ്പം തന്നെ നല്ലതുകള്‍ ആസ്വദിക്കാനും ഭുജിക്കുവാനുമുള്ള കല്‍പനയും ദുനിയാവില്‍ നിന്നുള്ള വിഹിതം മറന്നുപോകരുതെന്ന ഓര്‍മ്മപ്പെടുത്തലും, അല്ലാഹു കനിഞ്ഞരുളിയ അലങ്കാരങ്ങളെ വിലക്കുന്നവരെ ആക്ഷേപിക്കുന്ന രീതിയും ഖുര്‍ആനിന്റെ ഉള്ളടക്കമാണ്. അല്ലാഹു പറയുന്നു: ‘അല്ലാഹു നിനക്കുതന്നിട്ടുള്ള സമ്പത്തുകൊണ്ട് പാരത്രികഗേഹം നേടാന്‍ നോക്കണം. എന്നാല്‍ ഈ ലോകത്ത് നിനക്കുള്ള പങ്ക് വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിന്നോട് നന്മ ചെയ്തിട്ടുള്ളതുപോലെ നീയും നന്മ ചെയ്യുക. ഭൂമിയില്‍ അധര്‍മം പരത്താന്‍ ശ്രമിക്കരുത്. അധര്‍മം പരത്തുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നില്ല.’ (അല്‍-ഖസസ് : 77) ഖാറൂന്‍ തന്റെ ഭൗതിക അലങ്കാരങ്ങളില്‍ അഹങ്കരിച്ച് സ്വസമൂഹത്തിനെതിരെ ഇറങ്ങിപ്പുറപ്പെട്ട സന്ദര്‍ഭം വിശദീകരിക്കുന്നതിനിടയിലാണ് ഈ ഉണര്‍ത്തല്‍ എന്നത് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. അല്ലാഹു പറയുന്നു : ‘അവന്റെ ജനത ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ) : ‘മതിമറക്കല്ലേ, മതിമറക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല’.(അല്‍-ഖസസ്: 76)അബ്ബാസ് (റ)പറയുന്നു :’അതായത് നിനക്കുള്ള സമ്പത്തില്‍ നീ അഹന്തകാട്ടി ജീവിക്കരുത്’.

ഫര്‍ഹ് അഥവാ ആനന്ദം ആഹ്ലാദം
ദുഖത്തിന്റെ വിപരീതമാണ് ഫര്‍ഹ്. ആസ്വാദനത്തിലൂടെ ഹൃദയത്തിനുണ്ടാകുന്ന സന്തോഷമാണത്. ഹൃദയത്തിന് നല്‍കപ്പെട്ടിട്ടുള്ള അനുഗ്രഹങ്ങളില്‍ ഏറ്റവും മുകളിലാണ് അതിന്റെ സ്ഥാനം. ദുഖവും മനസംഘര്‍ഷവും അതിനേറ്റ ശിക്ഷകളാണ്. സംതൃപ്തിയുടെയും മുകളിലാണ് ഫര്‍ഹിന്റെ സ്ഥാനം. കാരണം സംതൃപ്തി മനസ്സിന് ശാന്തിയും സ്വസ്ഥതയും വിശാലതയും നല്‍കുമ്പോള്‍ ഫര്‍ഹ് ഹൃദയത്തിന് ആഹ്ലാദവും ആസ്വാദനവും പ്രദാനം ചെയ്യുന്നു.

ഫര്‍ഹിന്റെ ഗണങ്ങള്‍
ഫര്‍ഹിന്റെ കൂട്ടത്തില്‍ സ്തുത്യര്‍ഹമായതും ആക്ഷേപാര്‍ഹമായതുമുണ്ട്. ഖുര്‍ആനിലും സുന്നത്തിലും രണ്ടിനുമുള്ള തെളിവുകള്‍ കാണാം. അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിക്കുമ്പോഴും നിലക്കാത്ത, അല്ലാഹുവുന്റെ അനുഗ്രഹത്തില്‍ നിന്ന് എന്തെങ്കിലും കരഗതമാകുമ്പോഴും ഉണ്ടാകുന്ന ആഹ്ലാദം സ്തുത്യര്‍ഹമായതില്‍ പെടുന്നു. അല്ലാഹു അരുളുന്നു: ‘പ്രവാചകന്‍ പറയുക: `അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ടാണ് അവന്‍ ഇതയച്ചുതന്നത്. ഇതിനെച്ചൊല്ലി ജനം സന്തോഷിക്കേണ്ടതാകുന്നു.'(യൂനുസ് :58) അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജീവന്‍ ബലികഴിപ്പിച്ച രക്തസാക്ഷികള്‍, തങ്ങള്‍ക്ക് അല്ലാഹു ഒരുക്കിവെച്ചിരിക്കുന്ന സംവിധാനങ്ങള്‍ കാണുമ്പോഴുണ്ടാകുന്ന സന്തോഷത്തെയും ആഹ്ലാദത്തെയും കുറിച്ച് അല്ലാഹു പറയുന്നു: ‘അല്ലാഹു അവര്‍ക്കേകിയ അനുഗ്രഹങ്ങളില്‍ അവര്‍ സന്തുഷ്ടരാകുന്നു.'(ആലുഇംറാന്‍: 170)

തനി ഭൗതികരായി, സ്രഷ്ടാവിനെ മറന്നുകൊണ്ടുള്ള ആഹ്ലാദാരവങ്ങള്‍ നിന്ദ്യമായാണ് ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. അല്ലാഹു സമ്മാനിച്ച അനുഗ്രഹങ്ങളില്‍ കണ്ണ് പതിയാതെപോയവരെക്കുറിച്ച് അല്ലാഹു പറയുന്നു : ‘ജനത്തെ നാം വല്ല അനുഗ്രഹവുമനുഭവിപ്പിച്ചാല്‍ അതിലവര്‍ മതിമറക്കുന്നു. സ്വകരങ്ങളുടെ ചെയ്തികളാല്‍ വല്ല വിപത്തും ബാധിച്ചാലോ, ഉടനെയവര്‍ നിരാശരായിത്തീരുന്നു.’അല്ലാഹു പറയുന്നു: ‘അല്ലാഹു അവന്‍ ഉദ്ദേശിക്കുന്ന ചിലര്‍ക്ക് ഉപജീവനം വിശാലമാക്കുകയും, (മറ്റു ചിലര്‍ക്ക് അത്) പരിമിതപ്പെടുത്തുകയും ചെയ്യുന്നു. അവര്‍ ഇഹലോക ജീവതത്തില്‍ സന്തോഷമടഞ്ഞിരിക്കുന്നു. പരലോകത്തെ അപേക്ഷിച്ച് ഇഹലോകജീവിതം (നിസ്സാരമായ) ഒരു സുഖാനുഭവം മാത്രമാകുന്നു’. (അര്‍റഅ്ദ്: 26) ഫര്‍ഹിന് അതായത് ആഹ്ലാദത്തിന് സ്വയമേ ഒരര്‍ത്ഥം കല്‍പിക്കാന്‍ കഴിയില്ലെന്ന് ഇതിലൂടെ നമുക്ക് ബോധ്യമാകുന്നുണ്ട്. ആഹ്ലാദിക്കാനുണ്ടായ കാരണങ്ങളും അതിലൂടെ ഉണ്ടായിത്തീരുന്ന അനന്തഫലങ്ങളും പരിഗണിച്ചു കൊണ്ടേ ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും ശരിതെറ്റുകള്‍ നിര്‍ണയിക്കാന്‍ കഴിയുകയുള്ളു.

പ്രവാചക ജീവിതത്തില്‍ നിന്ന് ചില മാതൃകകള്‍
പ്രവാചക ജീവിതത്തെ സമഗ്രമായി വിലയിരുത്തിയാല്‍, വലിയ വലിയ സായുധപോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന അതേ പ്രവാചകന്‍ അനുയായികള്‍ക്കൊപ്പം സന്തോഷത്തിനും ആഹ്ലാദത്തിനും സമയം കണ്ടത്തിയിരുന്നതായി കാണാം. സൗഭാഗ്യം ആര്‍ക്ക് ഭവിച്ചാലും പ്രവാചകന്‍ സന്തുഷ്ടനാവുമായിരുന്നു. രചനാത്മകവും ശൂഭാപ്തി വിശ്വാസവും കൊണ്ട് നിറഞ്ഞതായിരുന്നു പ്രവാചകന്‍(സ)യുടെ ജീവിതം. നിഷേധാത്മകവും അശുഭപ്രതീക്ഷ നിറഞ്ഞതുമായ ശൈലി പ്രവാചകന്‍ വെറുത്തിരുന്നു. തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യം നല്‍പ്പെട്ട എല്ലാകാര്യങ്ങളിലും പ്രവാചകന്‍ എളുപ്പമായതിനെയാണ് മുന്തിച്ചിരുന്നത്. അഹ്മദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍:’പ്രവാചകന്‍(സ)ക്ക് ഏതെങ്കിലും കാര്യത്തില്‍ തെരഞ്ഞെടുപ്പ് സ്വാതന്ത്യം നല്‍കപ്പെട്ടാല്‍ അതില്‍ ഏറ്റവും എളുപ്പമുള്ളതിനെയാണ് പ്രവാചകന്‍ സ്വീകരിച്ചിരുന്നത്. അതില്‍ പാപത്തിന്റെ അംശമുണ്ടായാല്‍ അതില്‍ നിന്ന് ഏറ്റവും അകലം പാലിക്കുന്നതും പ്രവാചകന്‍(സ) തന്നെയായിരിക്കും.’

മറ്റുള്ളവരെ ആനന്ദിപ്പിക്കാന്‍ പ്രവാചകന്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. അത് മനുഷ്യന് അല്ലാഹുവിലേക്ക് അടുക്കുവാനുള്ള മാര്‍ഗമായി അവിടുന്ന് നിശ്ചയിക്കുകയുമുണ്ടായി. അഹ്മദ്(റ) തന്നെ ഉദ്ധരിക്കുന്ന മറ്റൊരു റിപ്പോര്‍ട്ടില്‍:’ഒരിക്കല്‍ പ്രവാചകനോട് ഏറ്റവും പ്രിയങ്കരമായ പ്രവര്‍ത്തനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു ഒരു വിശ്വാസിയെ നീ സന്തോഷിപ്പിക്കലാണ്.’പ്രവാചകന്‍(സ) ചിലപ്പോഴൊക്കെ സ്വഹാബത്തുമായിച്ചേര്‍ന്ന് തമാശകള്‍ പറയുമായിരുന്നു. എന്നാല്‍ പ്രവാചകന്‍(സ) സത്യമല്ലാതൊന്നും പറഞ്ഞിരുന്നില്ല. പ്രവാചകന്‍(സ) പറയുന്നു: ‘ഞാന്‍ തമാശ പറയാറുണ്ട്. എന്നാല്‍ സത്യമല്ലാത്തതൊന്നും ഞാന്‍ പറയാറില്ല’. കാര്‍ക്കശ്യത്തില്‍നിന്നും പരുക്കന്‍ മനോഭാവത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പ്രവാചകന്‍ ജാഗ്രത പുലര്‍ത്തിയുരുന്നതായി കാണാം. മക്കളെ ഇതുവരെ ചുംബിച്ചിട്ടില്ലാത്ത ഗ്രാമീണ അറബിയോട്, നിന്റെ ഹൃദയത്തില്‍ നിന്ന് അല്ലാഹു കാരുണ്യത്തെ എടുത്ത് കളഞ്ഞിരിക്കുന്നു എന്ന പ്രവാചകന്റെ പ്രതികരണം മറ്റൊരുദാഹരണമാണ്.

ഒരു സങ്കോചവും കൂടാതെ പ്രവാചകന്‍ സ്വഹാബത്തിനോടൊരിക്കല്‍ പറഞ്ഞു :’ദുനിയാവില്‍ എനിക്ക് ഏറ്റവും പ്രിയങ്കരം സ്ത്രീയും സുഗന്ധദ്രവ്യവുമാണ്. എന്നാല്‍ നമസ്‌കാരത്തിലാണ് എന്റെ കണ്‍കുളിര്‍മ.'(അഹ്മദ്)

ഇവിടെ ഉദ്ധരിക്കപ്പെട്ടതും അസംഖ്യം വരുന്ന ഉദ്ധരിക്കപ്പെടാത്തതുമായ സംഭവങ്ങള്‍ നമ്മോട് പറയുന്നതിതാണ്. അല്ലാഹു നല്‍കിയ അനുഗ്രഹത്തെ ആസ്വദിക്കുന്നതിലും ആ വിഹിതം മൊത്തമായി സ്വീകരിക്കുന്നതിലും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുന്നതിലും പ്രവാചകന്‍(സ) മാതൃകയായിരുന്നു എന്നാണ്. ആ കല്‍പനാ നിര്‍ദേശങ്ങള്‍ ഇസ്‌ലാമിലെ അവിരാമം തുടരുന്ന ധര്‍മസമരത്തിനോടോ ആരാധനാ അനുഷ്ടാനങ്ങളോടോ എതിരുനില്‍ക്കുന്നുമില്ല. യഥാര്‍ത്ഥത്തില്‍ പ്രവാചകന്‍(സ) എല്ലാറ്റിനോടും സന്ദര്‍ഭോചിതം സഹവര്‍ത്തിക്കുകയായിരുന്നു. ഒരോ അവസ്ഥകളേയും പരിഗണിക്കുകയായിരുന്നു.

ആകയാല്‍ രോഗമുക്തമായ ആത്മാവിനുള്ള വിരുന്നാണ് ആനന്ദം. വിശ്വാസി സമാജത്തിന് അല്ലാഹു തൃപ്തിപ്പെട്ടനുഗ്രഹച്ച ജീവിത മധുവാണത്. അത് അവരെ ആരാധനകളില്‍ നിന്ന് വ്യതിചലിപ്പിക്കുകയോ പരലോകസ്മരണയില്‍ നിന്ന് അകറ്റുകയോ ചെയ്യുന്നതല്ല മറിച്ച് പ്രപഞ്ചത്തോട് ഏറ്റവും ക്രിയാത്മകമായി ഇഴകിച്ചേരാന്‍ അതവരെ പര്യാപ്തമാക്കുകയാണ്.

ആനന്ദത്തിനുണ്ടാകുന്ന പ്രതിഫലനങ്ങള്‍
1. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളില്‍ ആനന്ദം കണ്ടെത്തുന്നവര്‍ യഥാര്‍ത്ഥത്തില്‍ നന്ദിയുള്ളവരാവുകയാണ്. വീണ്ടും അവര്‍ അനുഗ്രഹിക്കപ്പെടാന്‍ അത് കാരണമാകും. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ദ്ധിപ്പിച്ചു തരുന്നതാണ്. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ചിരിക്കുന്നു’.(ഇബ്‌റാഹീം :7)
2. അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ ആഹ്ലാദിക്കല്‍ അവനിലുള്ള വിശ്വാസത്തിന്റെ അടയാളമാണ്. അതിന്റെ പ്രതിഫലവും അവന് തന്നെലഭിക്കും.
3. അല്ലാഹുവിന്റെ ഔദാര്യത്തില്‍ ആനന്ദം കണ്ടെത്തുന്നതിലൂടെ വിശ്വാസികള്‍ക്കിടയില്‍ സ്‌നേഹത്തിന്റെ ആഴവും പരപ്പും വര്‍ധിപ്പിക്കുന്നു.
4. അനുഗ്രഹങ്ങളിലെന്നപോലെ പരീക്ഷണ ഘട്ടങ്ങളിലും മനസ്സിന്റെ ആനന്ദം അല്ലാഹുവിനോട് കൂടുതല്‍ അടുക്കുവാനും അവന്റെ വിധിയിലുള്ള പരിപൂര്‍ണ്ണ തൃപ്തിപ്രകടിപ്പിക്കാനുമുള്ള അവസരമായി മാറുന്നു. അനുഗ്രഹം കിട്ടുമ്പോള്‍ മാത്രം സന്തോഷിക്കുകയും പരീക്ഷണഘട്ടത്തില്‍ നിരാശരാവുകയും ചെയ്യുന്നവരെ കുറിച്ച് ഖുര്‍ആന്‍ വിമര്‍ശനാത്മകമായി ഉണര്‍ത്തുന്നുണ്ട്.

സമാപനം
സന്ദര്‍ഭോജിതം മനസ്സിനെ പരിപാലിച്ചു നിര്‍ത്തല്‍ മനുഷ്യ ജീവിതത്തിന് ഏറെ ആവശ്യവും ഗുണകരവുമാണ്. കാരണം മനസ്സിന്റെ സന്തുലിതവും ആരോഗ്യപൂര്‍ണവുമായ അവസ്ഥ മനുഷ്യജീവിതത്തില്‍ മുന്‍ഗണനയര്‍ഹിക്കുന്ന കാര്യങ്ങളില്‍ പെടുന്നു. അതില്‍ അല്ലാഹുവിന്റെ സംതൃപ്തികൂടി കണക്കിലെടുക്കണമെന്ന് മാത്രം. ആനന്ദത്തിന് ഹേതുവാകുന്നവ നല്ലതായിരിക്കുകയും അല്ലാഹു നല്‍കിയ അലങ്കാരങ്ങള്‍ അണിയുമ്പോള്‍ അതിരുകവിയാതിരിക്കുകയും, പള്ളിയിലെ മിഹ്‌റാബിലാകട്ടെ ജീവിതത്തിന്റെ തിരക്കേറിയ മറ്റു മേഖലകളിലാകട്ടെ ഏത് നിമിഷവും താന്‍ അല്ലാഹുവിന്റെ അടിമയാണെന്ന ബോധ്യം മനസ്സിലുണ്ടായിരിക്കുകയും ചെയ്യുന്നിടത്തോളം അത് ഇസ്‌ലാമികമായും അല്ലാത്തപ്പോള്‍ അനിസ്‌ലാമികമായും അത് പരിണമിക്കും.

ഇഹപര സൗഭാഗ്യം വിശ്വാസികള്‍ക്കര്‍ഹതപ്പെട്ടതാണ്. എന്നാല്‍ ഭൗതിക ആനന്ദത്തിന്റെ ആരവങ്ങളില്‍ കണ്ണുടക്കി അവര്‍ വഞ്ചിക്കപ്പെടുകയില്ല. ജീവിതത്തില്‍ ഞെരുക്കങ്ങള്‍ അനുഭവിക്കുമ്പോള്‍ ക്ഷമയവലംബിക്കുന്നവും ആയിരിക്കും. ലാളിത്യവും തനിമയും ഇസ്‌ലാമിന്റെ മുഖമുദ്രയാണ് എന്നാണ് ഇതിന്റെയെല്ലാം സാരം. ആനന്ദവും ആഹ്ലാദപ്രകടനങ്ങളും കൂടി ഇസ്‌ലാമികവല്‍കരിക്കുകയാണ് നാം ചെയ്യേണ്ടത്. അനുവാദത്തിന്റെ അതിര്‍വരമ്പ് മുറിച്ചുകടക്കും വരെ അല്ലാഹുവിന്റെ തൃപ്തി അതിനുണ്ടാവുകയും ചെയ്യും.

വിവ : മുഹമ്മദ് അസ്‌ലം. വി.എ

Related Articles