Current Date

Search
Close this search box.
Search
Close this search box.

ഇങ്ങനെയാണ് കുട്ടികളുടെ സര്‍ഗാത്മകത നശിച്ചുപോവുന്നത്

മക്കളുടെ ഇടയില്‍ പക്ഷപാതം കാണിക്കുന്നത് അവരുടെ ചിന്താശേഷിയെയും ബുദ്ധിശക്തിയെയും സാരമായി ബാധിക്കുന്ന സംഗതിയാണ്. രണ്ടു മുതല്‍ നാല് വയസ്സ് വരെയുള്ള സമയങ്ങളിലാണ് ഒരു കുട്ടിയുടെ സര്‍ഗശേഷി വളരുക. ആ സമയത്ത് അവരോട് ഇടപഴകുന്ന ആളുകളും വസ്തുക്കളും അവരില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തും. സര്‍ഗാത്മകത ശക്തിപ്പെടുന്നതനുസരിച്ച് കുട്ടിയുടെ ചിന്താശേഷി വര്‍ദ്ധിക്കും. സര്‍ഗശേഷി വളരുന്നതിലൂടെ കുട്ടികള്‍ക്ക് ഭാഷാനൈപുണ്യം നേടാനാവും. അതുകൊണ്ട് തന്നെ കുട്ടികളോട് കഥകള്‍ പറയുന്നതും മറ്റും അവരിലെ ക്രിയാത്മകമായ കഴിവുകള്‍ വര്‍ദ്ധിക്കാന്‍ ഉപകരിക്കും.

കഥകള്‍ പറഞ്ഞു കൊടുക്കുന്നതിലൂടെ അവരോട് അതിനെക്കുറിച്ച് ചില ചോദ്യങ്ങളുമാവാം. ഉത്തരം കണ്ടുപിടിക്കാന്‍ അവരോട് പറയുക. അങ്ങനെ തങ്ങള്‍ക്കുള്ളിലെ വിമര്‍ശന ചിന്ത കണ്ടെത്താനും അവരുടെ ആത്മവിശ്വാസം വളരാനും സഹായിക്കും. കഥകളുടെയും പുരാണങ്ങളുടെയും ഏറ്റവും വലിയ പ്രത്യേകത, കുട്ടികളെ മറ്റുള്ളവരുടെ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകാന്‍ സഹായമേകും എന്നതാണ്. ഇങ്ങനെ ഭാവന നിറഞ്ഞ കഥാപരിസരങ്ങളിലൂടെ ഒരു കുട്ടി കയറിയിറങ്ങുമ്പോള്‍ അവന് മാനസികമായ ഉല്ലാസമനുഭപ്പെടുന്നു.

കാര്‍ട്ടൂണുകള്‍, വീഡിയോ ഗെയിമുകള്‍ പോലുള്ള കുട്ടികളെ അഡിക്റ്റാക്കി മാറ്റുന്ന തരത്തില്‍ സക്രീന്‍ ടൈം കൂടുന്നത് കുട്ടികളിലെ മാനസികവും വൈകാരികവുമായ വളര്‍ച്ച മുരടിക്കുന്നതിന് കാരണമാവും. അതിനാല്‍ തന്നെ കുട്ടികളെ സ്‌നേഹത്തോടെയും സ്വാതന്ത്ര്യത്തോടെയും വേണം വളര്‍ത്താന്‍. കഥകള്‍ വായിച്ചും വിജ്ഞാനപ്രദമായ കളികളില്‍ ഏര്‍പ്പെട്ടും അവരുടെ ബൗദ്ധികമായ വളര്‍ച്ചയെ വളര്‍ത്താന്‍ ശ്രമിക്കുക. വെള്ളം, കാട്, പോലുള്ള ഇടങ്ങളില്‍ കുട്ടികളുമായി ഇടപഴകി പ്രകൃതിയുമായുള്ള അവരുടെ ബന്ധം കൂടുതല്‍ ഊഷ്മളമാക്കുക. ചിത്രവര, പാട്ട്, ഡാന്‍സ് പോലുള്ള കലാപരമായ കാര്യങ്ങളില്‍ അവരെ ഭാഗവാക്കാക്കിയാല്‍ വ്യത്യസ്തനായ ഒരാളായി നമ്മുടെ കുട്ടികള്‍ മാറുന്നത് കാണാം.

മക്കളെ വളര്‍ത്തുന്നതിന്റെ ഇസ്‍ലാമിക വശമെടുത്ത് നോക്കിയാല്‍ ദീന്‍ പക്ഷപാതപരമായ സമീപനത്തെയും ബലപ്രയോഗത്തെയും കണിശമായി എതിര്‍ക്കുന്നത് കാണാം. കോപം പൈശാചികമാണെന്ന് ഉണര്‍ത്തുന്ന ധാരാളം ഹദീസുകളുണ്ട്. ഭാവന(ഇമേജിനേഷന്‍) കളെ പ്രോത്സാഹിപ്പിക്കുന്ന അനേകം ഖുര്‍ആന്‍ വചനങ്ങള്‍ കാണാം. അതുകൊണ്ടാണല്ലോ ഖുര്‍ആനില്‍ മൂന്നിലൊന്ന് ഭാഗവും കഥകളായത്. ചിന്തിക്കാനാണ് അവയിലൂടെ ഖുര്‍ആന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത്. അങ്ങനെ നാം ആ കഥകളിലൂടെ കടന്നുചെല്ലുമ്പോള്‍ നമ്മുടെ ഭാവനാശേഷി ഉണരുന്നു. ഖുര്‍ആനിക സൂക്തങ്ങളിലൂടെയും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിലൂടെയും സഞ്ചരിക്കുമ്പോള്‍ മനുഷ്യന്റെ ബുദ്ധി വളരുകയാണ്.

ഉമ്മയായാലും ഉപ്പയായാലും മക്കളുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്, ചീത്തപറഞ്ഞും ബുദ്ധിമുട്ടിച്ചും അവരില്‍ നെഗറ്റീവായ സംഗതികള്‍ അടിച്ചേല്‍പ്പിക്കരുത് എന്നതാണ്. സാധ്യമാവുന്നയത്ര സ്വയം നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ ശീലിക്കുക. കാരണം മക്കളെ വളര്‍ത്തുകയെന്നത് ദൈര്‍ഘ്യമേറിയ ഒരു ഉത്തരവാദിത്തമാണ്. പക്ഷപാതപരമായുള്ള രക്ഷിതാക്കളുടെ സമീപനം കുട്ടികളില്‍ വളരെ പെട്ടന്ന് സ്വാധീനിക്കും.

കുട്ടികളില്‍ മൗലികമായ മാറ്റമുണ്ടാവുന്നത്, ക്ഷമയോടെയുള്ള പരിചരണത്തിലൂടെയാണ്. അവരോട് പക്ഷപാതപരമായി പെരുമാറിയാല്‍ അവരും അങ്ങനെയേ പെരുമാറൂ. പ്രശ്‌നങ്ങള്‍ക്ക് ദേഷ്യത്തിലൂടെ പരിഹാരം കാണാന്‍ അവര്‍ ശ്രമിക്കും. മാതാപിതാക്കളുടെ ഇങ്ങനെയുള്ള സ്വഭാവശൈലികള്‍ കണ്ടുവളരുന്ന കുട്ടികള്‍ക്ക് ബൗദ്ധികമായ വളര്‍ച്ചയുണ്ടാവില്ല. അങ്ങനെയുള്ള വീടുകളിലെ കുട്ടികള്‍ വല്ലാതെ അസ്വസ്ഥരായിരിക്കുകയും ഒരുകാര്യത്തിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാതെ പോവുകയും ചെയ്യും.

ചീത്തപറഞ്ഞും അവഹേളിച്ചും നാം വളര്‍ത്തുന്ന കുട്ടികളെങ്ങനെയാണ് നമ്മുടെ ഏറ്റവും വിലപിടിപ്പുള്ള സ്വത്താവുക?. മക്കളെ വളര്‍ത്തുന്നതിലെ ഇസ്‍ലാമിക മാതൃകയാണ് കൃത്യവും ശരിയായതും. അത് അവരോട് സ്‌നേഹത്തോടെയും അലിവോടെയുമുള്ള പെരുമാറ്റമാണ്. അങ്ങനെ ചെയ്യുമ്പോഴാണ് നേതൃപാടവമുള്ള ഒരാളായി നമ്മുടെ മക്കള്‍ വളരുക.

 

വിവ: മുഖ്‍താർ നജീബ്‌

Related Articles