Current Date

Search
Close this search box.
Search
Close this search box.

ഹജ്ജിന്റെ ആത്മാവ്

ഇത് ആഗോളവൽക്കരണത്തിന്റെ കാലമാണ്. ആഗോളവൽക്കരണം എന്ന പ്രയോഗം നല്ല അർത്ഥത്തിലും നല്ല രീതിയിലുമല്ല ഇന്ന് പ്രയോഗിക്കപ്പെടുന്നത്. മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ദുഷ്ട താൽപര്യങ്ങൾ നടപ്പാക്കാൻ ഈ സുന്ദരപദത്തെ ദുരുപയോഗം ചെയ്യുന്നുവെന്നതാണ് സത്യം. ഒരൊറ്റ ലോകം ഒരൊറ്റ ജനത എന്ന അർത്ഥത്തിൽ ആഗോളവൽക്കരണം നല്ല ആശയമാണ്. ഒരൊറ്റ സ്രഷ്ടാവ്; അവന്റെ ഭൂമി; മനുഷ്യൻ അവന്റെ സൃഷ്ടികൾ എന്നതാണ് പരമസത്യം.

ഈ അർത്ഥത്തിൽ ആഗോളതലത്തിൽ ഉൾക്കരുത്താർന്ന ഉദ്ഗ്രഥനം സാധിതമാക്കുന്ന മഹൽകർമ്മമാണ് പരിശുദ്ധ ഹജ്ജ് കർമം. മനുഷ്യന് അല്ലാഹു കനിഞ്ഞേകിയ എല്ലാ അനുഗ്രഹങ്ങളും ഒരുമിച്ച് ഒന്നായി ധാരാളം വിനിയോഗം ചെയ്തുകൊണ്ട് അനുഷ്ഠിക്കുന്ന ത്യാഗപൂർണമായ അനുഷ്ഠാനമാണത്. ലോകം ഒരു ഗ്രാമമായി ചുരുങ്ങിയ ഈ കാലത്ത് ഹജ്ജും ഉംറയും സാർവത്രികമായിക്കൊണ്ടിരിക്കുകയാണ്. ദൃശ്യമാധ്യമങ്ങളിലൂടെ ലോകത്തെല്ലാവർക്കും ഹജ്ജിനെ കാണാനും അറിയാനും സാധിക്കുന്നുമുണ്ട്. ആകയാൽ ഹജ്ജിന്റെ ബഹുമുഖ സദ്ഫലങ്ങൾ വ്യാപകമാവേണ്ടതുണ്ട്. ഹജ്ജിന്റെ സന്ദേശം സകലർക്കും അനുഭവവേദ്യമാകേണ്ടതുമുണ്ട്. ഹജ്ജിനെപറ്റി ദുർധാരണകൾ ഉണ്ടാവാൻ പാടില്ലാത്തതുമാണ്.

ഇസ്‌ലാം മാനവതയുടെ ആദിമതവും പ്രകൃതിമതവുമാണ്. ഈ വിശ്വമതം വാർത്തെടുക്കുന്നത് വിശ്വപൗരന്മാരെയാണ്. ദേശ-ഭാഷ-വർണ വർഗ വിഭാഗീയതകൾക്കതീതമായി വിശാല വീക്ഷണം പുലർത്തുന്ന വിശ്വ പൗരന്മാർ വഴി ഉദാത്തമായ ഉദ്ഗ്രഥനവും സൃഷ്‌ട്യോന്മുഖമായ ആഗോളീകരണവുമാണ് സുസാധ്യമാവുന്നത്. മനുഷ്യർ ഒരൊറ്റ കുടുംബം ലോകം ഒരേ ഒരു തറവാട് എന്നതാണതിന്റെ ആകെ സാരം. ഇസ്‌ലാമിന്റെ ഈ ഉദാത്ത ദർശനം പ്രധാനമായും അഞ്ച് സ്തംഭങ്ങളിലാണ് പണിതുയർത്തിയിട്ടുള്ളത്. ആ സ്തംഭങ്ങളിൽ സുപ്രധാനമാണ് ഹജ്ജ്.

മറ്റ് അനുഷ്ഠാനങ്ങളിൽ നിന്ന് ഹജ്ജ് വ്യത്യസ്തമാകുന്നത് പല കാരണങ്ങളിലാണ്. അത് ജീവിതത്തിലരിക്കലേ നിർബന്ധമുള്ളൂ. മിക്കവാറും ഒരു പ്രാവശ്യമേ നിർവഹിക്കാനാവുകയുള്ളൂ. അതും സാമ്പത്തികമായും ശാരീരികമായും മറ്റും സൗകര്യമുള്ളവർക്ക് മാത്രം. ലോക മുസ്‌ലിംകളിലെ ക്രീമിലെയർ എന്ന് ഇവരെ വിശേഷിപ്പിക്കാം. നൂറ്റമ്പത് കോടി മുസ്‌ലിംകളിൽ നിന്ന് ഏതാണ്ട് മൂന്ന് ദശലക്ഷം പേരാണ് ഒരു വർഷം ഹജ്ജിനെത്താറ്.

ഹജ്ജിന്റെ കേന്ദ്രമായ കഅ്ബാലയം നിലക്കൊള്ളുന്ന മക്കയെ ”ഗ്രാമങ്ങളുടെ മാതാവ്” (ഉമ്മുൽ ഖുറാ) എന്നാണ് പരിശുദ്ധ ഖുർആൻ വിശേഷിപ്പിച്ചത്. ഇത് ഇസ്‌ലാം ലേകസമക്ഷം സമർപ്പിക്കുന്ന മാതൃകാപട്ടണം (Modelcity) കൂടിയാണ്. ”ഇസ്‌ലാം” എന്ന പദത്തിന്റെ പൊരുളായ ശാന്തിയും സമാധാനവും എല്ലാ അർത്ഥത്തിലും നിറഞ്ഞുനിൽക്കുന്ന കേന്ദ്രം. പണ്ടു മുതലേ അവിടെ ശാന്തിയുണ്ട്. സ്വന്തം പിതാവിന്റെ ഘാതകനെ കണ്ടുമുട്ടിയാൽ പോലും പ്രതികാരത്തിന് മുതിരാത്ത സുരക്ഷിത പ്രദേശം. അവിടെ ഹിംസയോ ധ്വംസനമോ ഇല്ല. അനിർവചനീയമായ വിശുദ്ധിയും ശാന്തിയും അവിടെ തളംകെട്ടി നിൽക്കുന്നുവെന്നത് അനുഭവ സത്യം മാത്രമാണ്. മക്കയിലെ കഅ്ബാലയത്തെ ”ചിരപുരാതന ഗേഹം” (ബൈത്തുൽ അതീഖ്) എന്നാണ് ഖുർആൻ വിശേഷിപ്പിച്ചത്. ”മാനവതക്കാകെ ദൈവാരാധന നിർവഹിക്കാനായി പണിതുയർത്തപ്പെട്ട ഭൂമുഖത്തെ പ്രഥമ ദേവാലയം” (3:96) എന്നും ഖുർആൻ വിശേഷിപ്പിച്ചിട്ടുണ്ട്. കഅ്ബാലയത്തെ പരിചയപ്പെടുത്തുമ്പോൾ ഖുർആൻ ദീക്ഷിച്ച മാനവികമായ വിശാല വിഭാവന (ലിന്നാസ്) ചിന്തനീയമാണ്. അല്ലാഹു ജനങ്ങളുടെ റബ്ബാണ് (റബ്ബിന്നാസ്); മുഹമ്മദ് നബി ലോകാനുഗ്രഹിയും (21:107) ജനതതികൾക്കാകെ മുന്നറിയിപ്പുകാരനുമാണ്; ഖുർആൻ ‘മാനവതക്കാകെ മാർഗദർശനമാണ്’ (ഹുദൻ ലിന്നാസ്) മുസ്‌ലിംകൾ ‘ജനങ്ങൾക്കുവേണ്ടി ഉയിർത്തെഴുന്നേൽപിക്കപ്പെട്ട ഉത്തമ സമുദായവുമാണ്’. ഇതിനോടു തികച്ചും ചേർന്നു നിൽക്കുന്ന വിശേഷണമാണ് അല്ലാഹു കഅ്ബാലയത്തിന്ന് നൽകിയത്.

മനുഷ്യശരീരത്തിൽ ഹൃദയത്തിനുള്ള സ്ഥാനമാണ് മനുഷ്യസമൂഹത്തിൽ കഅ്ബാലയത്തിനുള്ളത്. ഹൃദയം രക്തചംക്രമണ വ്യവസ്ഥയുടെ സിരാകേന്ദ്രമാണ്. ഉപയോഗത്തിലൂടെ ദുഷിച്ചു പോയ രക്തത്തെ വീണ്ടും വീണ്ടും ശുദ്ധീകരിച്ച് ജീവന്റെ തുടിപ്പ് നിലനിർത്തുന്നതിൽ ഹൃദയം വഹിക്കുന്ന പങ്കാണ് കഅ്ബാലയം മനുഷ്യസമൂഹത്തിൽ നിർവഹിക്കുന്നത്. അല്ലാമ ഇഖ്ബാലിന്റെ ഭാഷയിൽ : ”നമ്മുടെ പ്രഥമ ഗേഹം നമ്മുടെ ഖിബ്‌ലയാണ്. നാം അതുമായുള്ള ബന്ധം നിരന്തരം കാത്തുസൂക്ഷിക്കുന്നു: അത് നമ്മെയും (നമ്മുടെ ഒരുമയെ) കാത്തുസൂക്ഷിക്കുന്നു..” ലോകാടിസ്ഥാനത്തിൽ വിശ്വാസി സമൂഹത്തിന്റെ ഏകീകരണം സാധ്യമാക്കുന്ന കേന്ദ്രമാണ് കഅ്ബ. അവിടെ ഹജ്ജ്, ഉംറ എന്നീ കർമ്മങ്ങളിലൂടെ സാധിക്കുന്നത് – സാധിക്കേണ്ടതും അതു തന്നെ.

ഹജ്ജിന്റെ കർമ്മങ്ങൾക്ക് ആത്മാവുണ്ട്. അത് ആവഹിക്കാതെ അനുഷ്ഠിച്ചാൽ ഹജ്ജിലൂടെ കരഗതമാവേണ്ട ബഹുമുഖ നന്മകൾ ലഭിക്കാതെ പോകും. വിശുദ്ധഖുർആൻ ഹജ്ജിന്റെ പ്രയോജനങ്ങൾ തിട്ടപ്പെടുത്തി പറയാതെ ‘ഹജ്ജിലെ ബഹുമുഖ നന്മകളെ അവർ നേരിട്ടനുഭവിച്ചറിയാൻ’ (22:28) എന്നാണ് പറയുന്നത്. ഹജ്ജിൽ എല്ലാവർക്കും ഒരേ അനുഭവമല്ല ഉണ്ടാവുക. ഓരോരുത്തരുടെയും ആത്മീയമായ – ആന്തരികമായ- ആഴത്തിനനുസരിച്ചായിരിക്കും ഹജ്ജിലൂടെ നമുക്ക് ലഭ്യമാവുന്ന അനുഭൂതികൾ. അതിനാലാണ് ഹജ്ജിന് വേണ്ടി നന്നായി തയ്യാറെടുക്കുകയും പാഥേയം സമാഹരിക്കുകയും ചെയ്യണമെന്ന് ഖുർആൻ പറഞ്ഞത്. ആത്മീയമായും ഭൗതികമായും ഹജ്ജിന് വേണ്ടി ശരിക്ക് ഒരുങ്ങണം ഏറ്റവും വലിയ ഒരുക്കം- പാഥേയം – തഖ്‌വയാണ്; ഹജ്ജിന്റെ ചട്ടങ്ങൾ പഠിപ്പിക്കുമ്പോൾ ‘തഖ്‌വ’യുടെ കാര്യം ആവർത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുമുണ്ട് (2:196,197,203). ഹജ്ജിലെ ഓരോ കർമ്മത്തിന്റെയും ആത്മാവിനെ തൊട്ടറിഞ്ഞ് ഹൃദയപൂർവം അനുഷ്ഠിച്ചാലേ നബി(സ) പറഞ്ഞത് പോലെ നവജാത ശിശുവിന്റെ വിശുദ്ധി കൈവരിച്ച് മടങ്ങാൻ സാധിക്കുകയുള്ളൂ.

ഹജ്ജിലും ഉംറയിലും പ്രാരംഭം കുറിക്കുന്ന ‘ഇഹ്‌റാമും’ നിയ്യത്തും ഒരുപാട് അർത്ഥതലങ്ങളുള്ളതാണ്. ഉദ്ദേശ്യശുദ്ധി ഉറപ്പുവരുത്തലാണ് നിയ്യത്ത്. ഹജ്ജിലൂടെ ലാക്കാക്കുന്നതെന്ത് എന്ന കൃത്യമായ ബോധമാണ് ഇത് ഇത് ഹാജിയിൽ അങ്കുരിപ്പിക്കുന്നത്. ഇഹ്‌റാമിൽ പ്രവേശിക്കുന്നത് വരെ അനുവദനീയവും അഭിലഷണീയവും ഒരുവേള പുണ്യകരവുമായ ഒട്ടേറെ സംഗതികൾ പാടെ നിഷിദ്ധമാകുന്നുവെന്നതാണ് ഇഹ്‌റാമിന്റെ മർമം. ഇതിന്റെ പൊരുളറിയാത്ത ഒരന്വേഷകന് ഒരുവേള ഇവ്വിധം ചോദിക്കാവുന്നതാണ്: ”ഇത്രയും നാൾ അനുവദനീയവും അഭിലഷണീയവുമായ കാര്യങ്ങൾ ഇത്രപെട്ടെന്ന് പാടെ നിഷിദ്ധമാവുകയോ? ഇതെന്താണിങ്ങനെ? …..” ഇതിന്റെ മറുപടിയിലാണ് ഇഹ്‌റാമിന്റെ മർമ്മം. നമ്മുടെ ജീവിതത്തിൽ എന്തൊക്കെയാവാം, എന്തൊക്കെ പാടില്ല. എപ്പോൾ പറ്റും, എപ്പോൾ പറ്റില്ല. ഇതൊക്കെ നാമോ നമ്മെ പോലുള്ള സൃഷ്ടികളോ തീരുമാനിക്കേണ്ടതല്ല. മറിച്ച് സൃഷ്ടി കർത്താവും ഉടയോനും നിയന്താവുമായ ഏകമഹാശക്തിക്കാണ് അതെല്ലാം നിർണയിക്കാനുള്ള സമ്പൂർണാധികാരം. അവൻ അനുവദിച്ചാൽ പറ്റും. ഇല്ലെങ്കിൽ പറ്റില്ല. ഇതായിരിക്കണം ഒരു വിശ്വാസിയുടെ നിലപാട്. അതെ, അല്ലാഹുവിന്റെ ഉടമാധികാരവും പരമാധികാരവും ശാസനാധികാരവും അറിഞ്ഞംഗീകരിച്ച് ഉള്ളാലെ ഉൾക്കൊണ്ടുകൊണ്ടുള്ള സമ്പൂർണ സമർപ്പണമാണ് ഇഹ്‌റാമിലൂടെ പുലരേണ്ടത്. നാം പലപ്പോഴും വിസ്മരിക്കുന്ന ഈ യാഥാർത്ഥ്യം ജീവിതത്തിലുടനീളം മുറുകെ പിടിക്കാമെന്ന പ്രതിജ്ഞയും പ്രാർഥനയും കൂടിയാവണം ഇഹ്‌റാം.

കഅ്ബാലയത്തിലേക്ക് നാം വരുന്നത് രാജതമ്പുരാനായ അല്ലാഹു ജനനേതാവും (2:124) കഅ്ബയുടെ പുനരുദ്ധാരകനും മക്കയുടെ ശിൽപ്പിയുമായ ഇബ്രാഹീം നബി(അ)യിലൂടെ നടത്തിയ വിളംബരത്തിന് (22:27) ഉത്തരമേകിക്കൊണ്ടാണ്. പടച്ചവന്റെ വിളിക്ക് അടിയാന്റെ ഉത്തരമെന്ന പൊരുളാണ് ”ലബൈക്കല്ലാഹുമ്മ ലബൈക്ക്…” എന്ന തൽബിയത്തിന്ന്. സത്യശുദ്ധവും ദൃഢരൂഡവുമായ ഏക ദൈവവിശ്വാസ (തൗഹീദ്) ത്തിന്റെ പ്രഘോഷണവും ആ വിശ്വാസത്തിന്റെ തേട്ടമനുസരിച്ച് ഉടയ തമ്പുരാനോടുള്ള വിനീത വിധേയത്വവും തുളുമ്പി നിൽക്കുന്നതാണത്. നമ്മുടെ പ്രയാണം അല്ലാഹുവിലേക്കാണ്; അവന്റെ രാജകീയ ദർബാറിലേക്കാണ്. സർവശക്തനും സർവജ്ഞനുമായ യജമാനന്റെ സന്നിധാനത്തിലേക്ക് അതീവ വിനയാന്വിതരായി, അങ്ങേയറ്റത്തെ ലാളിത്യത്തോടെ വരണം. ദാസൻ തന്റെ യജമാനന്റെ അടിമത്തം ശരിക്കും അറിഞ്ഞംഗീകരിച്ചുകൊണ്ടുള്ള ഈ ലളിതവേഷം നമ്മുടെ അന്ത്യയാത്രയിണിയിക്കുന്ന ശവപ്പുടവക്ക് തുല്യമാണ്. ഇഹ്‌റാമിൽ പ്രവേശിച്ച് ഈ വേഷമണിയുമ്പോൾ സംഗതിയുടെ പൊരുളോർത്ത് പലരും മോഹാലസ്യപ്പെട്ടിട്ടുണ്ട്. ഇഹ്‌റാമിന്റെ പൊരുൾ ഉൾക്കൊള്ളാതെ നാടകത്തിന് വേഷമിടുന്നതുപോലെ ആയിപ്പോകുന്നത് വളരെ സൂക്ഷിക്കേണ്ടതാണ്. ഇഹ്‌റാമിൽ യാതൊരുവിധ ഹിംസയോ ധ്വംസനമോ പാടില്ല; തികഞ്ഞ സമാധാനചിത്തരും വിനയാന്വിതരുമായിരിക്കണം. ഹാജി നേരത്തെ പല മേൽവിലാസങ്ങളും പേറിനടന്നിട്ടുണ്ടാവും. ഇനി ഒരൊറ്റ മേൽവിലാസമേ ഉള്ളൂ. അബ്ദുല്ല (ദൈവദാസൻ) എന്നതാണത്. യഥാർഥ മേൽവിലാസവും ഉത്തമവിലാസവും അതാണ്- മഹാന്മാരായ പ്രവാചന്മാരെ ‘അബ്ദ്’ (അടിമ) എന്നണല്ലോ അല്ലാഹു സ്‌നേഹാദരപൂർവം വിശേഷിപ്പിച്ചത്. തന്റെ ഇഷ്ടദാസന്മാരെ ”ഇബാദുർറഹ്മാൻ” എന്നാണല്ലോ അല്ലാഹു വിളിച്ചത്. സകല പൊങ്ങച്ചങ്ങളും പൊള്ളയായ മേൽവിലാസങ്ങളും തിരിച്ചറിവിന്റെയടിസ്ഥാനത്തിൽ വെടിഞ്ഞ് പ്രാർഥനാപൂർവം കഅ്ബാലയത്തിലേക്ക് കടന്നുവരുന്ന തീർത്ഥാടകന്റെ ഉള്ളിൽ വിവരണാതീതമായ മാറ്റങ്ങളാണ് ഉണ്ടാവുന്നത്; ഉണ്ടാവേണ്ടതും.

കഅ്ബാലയമാകുന്ന അല്ലാഹുവിന്റെ ദർബാറിലെത്തുമ്പോൾ നമ്മോട് തമ്പുരാൻ ചോദിക്കുകയാണ്: ”എന്താണിങ്ങോട്ട് വന്നത്?” അടിയാൻ: ”തമ്പുരാന്റെ നിന്റെ വിളിക്കുത്തരമായിക്കൊണ്ടാണീ വരവ്…” (ലബ്ബൈക്കല്ലാഹുമ്മ…) അപ്പോൾ അല്ലാഹു പറയും : ”എങ്കിൽ ഇതാ എന്റെ അടിയാറുകൾ എന്റെ ഭവനത്തിന് ചുറ്റും അനുസരണ പ്രകടനം നടത്തുന്നു. നീയും ആ ജനസാഗരത്തിൽ ഒരു ബിന്ദുവായി അലിഞ്ഞു ചേരുക….” അതെ, സൃഷ്ടികളിലൂടെയാണ് സ്രഷ്ടാവിലേക്കുള്ള പാത; സൃഷ്ടി നിരീക്ഷണത്തിലൂടെയാണ് നാം സ്രഷ്ടാവിനെ അറിയുന്നത്, അറിയേണ്ടതും. സൃഷ്ടിസേവയിലൂടെയാണ് നാം അല്ലാഹുവിനെ പ്രാപിക്കേണ്ടത്. നബി(സ) നുബുവത്തിന് മുമ്പ് ‘ഹിറ’ യുടെ ഏകാന്തതയിൽ ധ്യാനനിരതനായി കഴിച്ചുകൂട്ടിയിരുന്നു. പ്രവാചകനായി നിയുക്തനായതിന് ശേഷം നബി പഴയപോലെ ഹിറയുടെ ഏകാന്തതയിൽ ധ്യാനനിരതനായതായി ചരിത്രം പറയുന്നില്ല. പിന്നെ നാം നബിയെ ദർശിക്കുന്നത് ജനമദ്ധ്യത്തിലാണ്. സൃഷ്ടികളെ സ്രഷ്ടാവിലേക്കടുപ്പിക്കുന്ന മഹായജ്ഞത്തിൽ.

വഴിതെറ്റിയലയുന്ന പടപ്പുകളെ പടച്ചവനിലേക്ക് വഴി നടത്തുക എന്നതിനേക്കാൾ വലിയ സൃഷ്ടിസേവ വേറെയില്ല. ഈ തിരിച്ചറിവോടെയാണ് നാം ത്വവാഫിന്റെ തളത്തിലേക്ക് (മത്വാഫ്) ഇറങ്ങേണ്ടത്. ത്വവാഫാണ് കഅ്ബാലയത്തിലെത്തുന്ന തീർഥാടകന്റെ പ്രഥമ കർമം. കഅ്ബയെ ഇടതുവശത്താക്കി ചുറ്റിക്കറങ്ങുന്ന നടത്തം പ്രദക്ഷിണമോ വലം വെക്കലോ അല്ല. നാഥനോടുള്ള വിധേയത്വത്തിന്റെയും അച്ചടക്കപൂർണമായ അനുസരണയുടെയും പ്രാർഥനാനിർഭരമായ പ്രകടനമാണത്. എല്ലാ ഭിന്നതകൾക്കുമതീതമായി വിശ്വാസികളുടെ ഒരുമ പുലരുന്ന മഹദ്കർമം. ഇതിന്റെ പ്രാരംഭം കറുത്ത ശിലയുടെ മുന്നിൽ നിന്നാണ്. അല്ലാഹുവിന്റെ തിരുനാമം ഉച്ചരിച്ചുകൊണ്ടുമാണ്. ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ഈ കറുകറുത്ത അടയാളക്കല്ലിന്ന് പഴക്കവും ചരിത്രവും ഒട്ടേറെയുണ്ട്. ഒരുപാട് തലമുറകളുടെ ചുംബനവും സ്പർശവും ഏറ്റുവാങ്ങിയ ഈ അടയാളക്കല്ല് മാത്രമാണ് അവിടെയുള്ള ചരിത്രത്തിന്റെ ഏറ്റവും പഴയസാക്ഷി. ആര് എപ്പോൾ, എവിടെനിന്ന് വന്നാലും ത്വവാഫ് ആ ബിന്ദുവിൽനിന്ന് തുടങ്ങണം. രാജാവായാലും പ്രജയായാലും കറുത്തവനായാലും വെളുത്തവനായാലും അറബിയായാലും അനറബിയായാലും എല്ലാവരും ഈ ബിന്ദുവിൽ നിന്നാണ് തുടങ്ങുന്നത്. കഅ്ബാലയത്തിലെന്നപോലെ ഈ ബിന്ദുവിലും ലോകമുസ്‌ലിംകൾ ഒന്നിക്കുന്നു.

”തീർച്ചയായും നിങ്ങളുടെ ഈ സമുദായം ഒരൊറ്റ സമുദായം (ഉമ്മത്ത്) ആണ്; ഞാൻ നിങ്ങളുടെ റബ്ബും ആകയാൽ എനിക്ക് വിധേയപ്പെടുവീൻ” (21:92) എന്ന ഖുർആനിക പ്രസ്താവനയുടെ സുന്ദരരൂപമാണ് ഇവിടെ നാം ദർശിക്കുന്നത്. തൗഹീദ് എന്നാൽ ഉദ്ഗ്രഥനവും ഏകീകരണവും കൂടിയാണെന്ന തിരിച്ചറിവ് ലഭിക്കുന്ന ത്വവാഫ് മനസാ വാചാകർമണായുള്ള പ്രാർഥനയാണ്. ശാരീരികവും മാനസികവുമായ വിശുദ്ധിയോടുകൂടി നടത്തേണ്ട പ്രാർഥന. ഒരു ത്വവാഫ് ഏഴ് വട്ടമാണ്. ഈ എണ്ണവും (ഏഴ്) ചിന്തോദ്ദീപകമാണ്. ത്വവാഫ് മാത്രമല്ല സഅ്‌യും പിന്നീട് ജംറകളിൽ എറിയുന്ന കല്ലും ഏഴാണ്. ആകാശവും ഭൂമിയും ഏഴാണ്. ഒരാഴ്ച എന്നാൽ സപ്തദിനങ്ങളാണെന്നതിലും മനുഷ്യകുലം ഏക നിലപാട് പുലർത്തുന്നു. ഇങ്ങിനെ പല സംഗതികളും ഏഴാണ്. ഇടത്തോട്ട് ചുറ്റുക്കറങ്ങുന്ന രീതി പ്രപഞ്ചത്തിൽ നടക്കുന്ന ഭ്രമണങ്ങളോട് സദൃശമാണ്. സൗരയൂഥത്തിലും ഗാലക്‌സികളിലും ഇങ്ങേയറ്റം അണുവിൽ വരെ ചലനം – ഭ്രമണം-ഇതേ ക്രമത്തിലാണ്. ഉപരിലോകത്ത് അല്ലാഹുവിന്റെ അർശിന് ചുറ്റും മലക്കുകൾ നിരന്തരം നിർവഹിക്കുന്ന ത്വവാഫും ഇതേ ക്രമത്തിൽ തന്നെ. അങ്ങിനെ അങ്ങോളമിങ്ങോളം സൃഷ്ടികർത്താവിന്റെ കണിശമായ വ്യവസ്ഥയാണ് പുലരുന്നത്. വിശ്വാസി തനിക്ക് ലഭ്യമായ നിസ്സാര സ്വാതന്ത്ര്യം തമ്പുരാന്റെ പൊരുത്തത്തിന്ന് മുമ്പിൽ അടിയറവെച്ച് ”റബ്ബേ, എനിക്ക് നിന്റെ വ്യവസ്ഥ മതി. ഞാൻ നിന്റെ വ്യവസ്ഥയോട് ചേർന്നു നിൽക്കാൻ സദാ സന്നദ്ധനാണ്” എന്ന് ഏറ്റു പറയുന്ന പ്രതിജ്ഞയും പ്രാർത്ഥനയുമാണ് ത്വവാഫ്. അല്ലാഹുവിന്റെ വ്യവസ്ഥയോട് വിഘടിച്ചും ഭിന്നിച്ചും നീങ്ങുന്നവർ പ്രപഞ്ച താളത്തോട് പൊരുത്തപ്പെടാത്ത – താളപ്പൊരുത്തമില്ലാത്ത – അനർഥത്തിലേക്കാണ് അധഃപതിക്കുന്നതെന്ന തിരിച്ചറിവ് ത്വവാഫ് നമുക്കേകുന്നുണ്ട്.

ത്വവാഫിന്ന് ശേഷമുള്ള സുന്നത്ത് നമസ്‌കാരത്തിൽ ഹ്രസ്വമായ രണ്ട് ഖുർആൻ അദ്ധ്യായങ്ങളാണ് (അൽ കാഫിറൂനും അൽ ഇഖ്‌ലാസും) ഓതേണ്ടത്. ദീർഘമായി നമസ്‌കരിക്കരുത്. എല്ലാവർക്കും സൗകര്യവും അവസരവും ലഭ്യമാകുന്ന, എല്ലാവരെയും പരിഗണിക്കുന്ന സാമൂഹിക ബോധമാണിതിന്റെ പൊരുൾ. ഒറ്റക്ക് നമസ്‌കരിക്കുമ്പോൾപോലും ”ഞങ്ങളെ നേർവഴി നടത്തേണമേ….” എന്ന് പതിവായി ഉള്ളുരികി പ്രാർത്ഥിക്കുന്ന വിശ്വാസി പുലർത്തേണ്ട സാമൂഹിക ബോധവും പരക്ഷേമ തൽപരതയുമാണവിടെ പുലരേണ്ടത്. സത്യശുദ്ധവും സമഗ്രസമ്പൂർണവുമായ ഏകദൈവ വിശ്വാസത്തിന്റെ രണ്ടിതളുകൾ (നെഗറ്റീവും പോസിറ്റീവും) ഉൾക്കൊള്ളുന്നതാണ് മേൽ പറഞ്ഞ രണ്ട് കൊച്ചു അധ്യായങ്ങൾ. പിന്നെ ഹാജി പാനം ചെയ്യുന്ന സംസം അവിടെയുള്ള ദൃഷ്ടാന്തങ്ങൾ (ആയാത്ത്) എന്ന് ഖുർആൻ വിശേഷിപ്പിച്ചതിൽപെട്ട അത്ഭുത നീരുറവയാണ്.

അല്ലാഹുവിന്റെ ചിഹ്നം (2:158) – അടയാളം- എന്ന് ഖുർആൻ വിശേഷിപ്പിച്ച രണ്ട് കുന്നുകളാണ് സഫയും മർവയും. ഇതിന്നിടയിലുള്ള നടത്തമാണ് സഅ്‌യ്. സഅ്‌യ് എന്നതിന്റെ അർഥം പ്രയത്‌നം എന്നാണ്. പ്രാർത്ഥനക്കൊപ്പം അതു പുലരാനാവശ്യമായ പ്രയത്‌നങ്ങളും വേണമെന്നതാണതിന്റെ സന്ദേശം. സന്താനഭാഗ്യത്തിനായി പ്രാർത്ഥിക്കുന്നവർ, വിവാഹം കഴിക്കാതെ, ദാമ്പത്യമനുഷ്ഠിക്കാതെ ബ്രഹ്മചാരിയായി നടക്കരുത്. പ്രാർത്ഥനയുടെ പ്രമേയത്തോട് നീതി പുലർത്തിക്കൊണ്ട് പ്രയത്‌നിക്കണം. പാത്രം കമഴ്ത്തിവെച്ച് വെള്ളമൊഴിക്കരുത്. അനുഗ്രഹവർഷത്തിന്നർഹനാകുംവിധം നാം നമ്മെ തയ്യാറാക്കി മലർത്തിവെക്കണം. ഹാജറ എന്ന മാതാവ് തന്റെ ഇളം പൈതലിന്ന് ദാഹജലം തേടി നെട്ടോട്ടം ഓടിയതിനെ അനുസ്മരിപ്പിക്കുന്നതാണീ നടത്തം. നിരാശപ്പെട്ട്, പ്രതീക്ഷയറ്റ് ഒന്നും ചെയ്യാതെ ആത്മഹത്യാപരമായ നിഷ്‌കർമ നിലപാട് സ്വീകരിക്കരുത്. ഏത് ചുറ്റുപാടിലും നമ്മളാലാവുന്ന പ്രയത്‌നം പ്രാർഥനക്കൊപ്പം നാം നടത്തണം. അത്തരം പ്രയത്‌നങ്ങളെല്ലാം ദൈവാരാധനയുടെ ഭാഗംതന്നെ.

ഹജ്ജിലും ഉംറയിലും നാം കുറെ സംഗതികൾ സമ്മതിച്ചംഗീകരിച്ച് ഏറ്റു പറയുന്നുണ്ട്. തൽബിയത്തിൽ നാം ആവർത്തിച്ചാവർത്തിച്ച് പറഞ്ഞത്. ”ഇന്നൽ ഹംദ വന്നിഅ്മത്ത ലക്ക വൽമുൽക്ക് ലാ ശരീക ലക്ക്” (സർവ്വ സ്തുതിയും നിനക്കാണ്. എല്ലാ അനുഗ്രഹങ്ങളും നിന്റെതാണ്; ആധിപത്യവും – ഉടമാധികാരവും – നിനക്ക് മാത്രമാണ്; നിനക്ക് ഒരു പങ്കാളിയുമില്ല.)

സഅ്‌യിലും നാം ഇതേ കാര്യം ഭക്തിപൂർവം പറയുന്നുണ്ട്. ”ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുൽ മുൽക്കു വലഹുൽ ഹംദു വഹുവ അലാ കുല്ലി ശൈഇൻ ഖദീർ” പിന്നീട് അറഫയിലും ഈ പ്രതിജ്ഞയും പ്രാർത്ഥനയുമൊക്കെ വീണ്ടും വീണ്ടും ആവർത്തിക്കുന്നുണ്ട്. അതെ, എന്റെതായി എനിക്കൊന്നുമില്ല. എല്ലാം അല്ലാഹുവിന്റെ വരദാനമാണ്. അവന്ന് മാത്രമാണ് പൂർണമായ ഉടമാധികാരവും പരമാധികാരവും….. ഇങ്ങിനെയൊക്കെ ദൃഢനിലപാട് പുലർത്തുന്ന വിശ്വാസിയോട് ഉടയതമ്പുരാനായ അല്ലാഹു എന്തു ചോദിച്ചാലും നൽകേണ്ടതുണ്ട്. ഇബ്രാഹീം നബി (അ) ഇങ്ങനെ വിലപ്പെട്ട പലതും ത്യാഗപൂർവം ത്യജിച്ചിട്ടുണ്ട്. നമ്മുടെ അവയവങ്ങൾ പടച്ചവനോടുള്ള പ്രതിജ്ഞ പാലിക്കാൻ വെട്ടിമാറ്റണമെന്ന് സ്രഷ്ടാവും ഉടയവനുമായ അല്ലാഹു നിർദേശിച്ചാൽ അങ്ങിനെ ചെയ്യാൻ വിശ്വാസി ബാധ്യസ്ഥനാണ്. പക്ഷെ, ”അല്ലാഹു അടിയാറുകളോട് അളവറ്റ കൃപ കാണിക്കുന്നവനാണ്.” ആകയാൽ നഷ്ടപ്പെട്ടാൽ പിന്നെ വീണ്ടും മുളച്ചുവരുന്ന ഒരു സംഗതി – മുടി – ഉറച്ച ത്യാഗസന്നദ്ധതയുടെ പ്രഖ്യാപനമെന്നോണം പ്രതീകാത്മകമായി ത്യജിക്കുകയാണ്. കുറെ കാലം സൗന്ദര്യത്തിന്റെ ഭാഗമായി നാം ശ്രദ്ധാപൂർവം പരിപാലിച്ച മുടി വടിക്കുമ്പോൾ, അല്ലാഹുവിന്റെ സൃഷ്ടിയും അടിമയുമായ നാം അവൻ തന്നതെന്തും അവന്റെ ഇംഗിതം മാനിച്ചും അവന്റെ പ്രീതി കാംക്ഷിച്ചും സർവാത്മനാ ത്യജിക്കാൻ തയ്യാറാണെന്ന ത്യാഗസന്നദ്ധതയുടെ വിളംബരമാണത്.

ഹാജി കഅ്ബാലയത്തിന്റെ പരിസരത്ത് ആത്മീയ നിർവൃതിപൂണ്ട് ആരാധനകളിൽ ആമഗ്നനായി കഴിയവെ ദുൽഹജ്ജ് എട്ടിന്ന് അല്ലാഹു ഇങ്ങിനെ അരുളുന്നു: ”പിടക്കോഴി മുട്ടക്കുമേൽ അടയിരിക്കുംപോലെ ചടഞ്ഞുകൂടലല്ല യഥാർത്ഥ ആരാധന (ഇബാദത്ത്). മറിച്ച്, കർമഭൂമിയിലേക്ക് ഊർജ്ജസ്വലതയോടെ ഇറങ്ങൽ കൂടിയാണ് ഇബാദത്ത്. ആകയാൽ കർമഭൂമിയിലേക്കിറങ്ങൂ…”

ദുൽഹജ്ജ് 8 മുതൽ 13 വരെ ആറുനാൾ മിന-അറഫ-മുസ്ദലിഫ-മിന എന്നിവിടങ്ങളിൽ മൂന്ന് മൈതാനങ്ങളിലായി നടത്തിയും കിടത്തിയും ഉരുട്ടിയും നമ്മെ ശരാശരി അനുകമ്പ (Sympathy) എന്ന കേവല അവസ്ഥയിൽ നിന്ന് തന്മയീഭാവം (Empathy) എന്ന വലിയ അവസ്ഥയിലേക്കുള്ള വളർച്ചയാണ് ഇതിലൂടെ ലാക്കാക്കുന്നത്. തെരുവിന്റെ സന്തതിയുടെ, കിടപ്പാടമില്ലാത്തവന്റെ, അഭയാർത്ഥിയുടെ കഷ്ടജീവിതം അനുഭവിച്ചറിയുകയാണിവിടെ. അറഫാദിനം പകലുകളിൽ വെച്ചേറ്റവും ശ്രേഷ്ടമായ പകലാണ്. അവിടെ നമസ്‌കാരം സംയോജിപ്പിച്ചും ചുരുക്കിയുമാണ്. അവിടെ അന്നത്തെ കർമം സ്വയം വിചാരണയും പശ്ചാത്താപവുമാണ്. സ്വയം വിചാരണയിലൂടെ ഉണ്ടാവുന്ന തിരിച്ചറിവിന്റെയടിസ്ഥാനത്തിൽ തിരുത്തിന്നും പരിഹാര പ്രവർത്തനങ്ങൾക്കും സന്നദ്ധനാവണം, പ്രതിജ്ഞയെടുക്കണം എന്നിട്ട്, മനസ്സുരുകി പാപമോചനത്തിർഥിക്കണം. അറഫ നാളിൽ പിശാച് വിറളി പിടിച്ചോടുമെന്ന് നബി(സ) അറിയിച്ചിട്ടുണ്ട്. പിശാച് ഒരുപാട് കെണികളൊരുക്കി ഉണ്ടാക്കിയെടുത്ത പാപങ്ങൾ പശ്ചാത്താപത്തിന്റെ ചുടുകണ്ണീരിൽ ഒലിച്ചു പോകുന്ന വേവലാതിയാൽ ഇബ്‌ലീസ് വളരെയേറെ അസ്വസ്ഥവും പരവശനുമാണന്ന്. കരുണാവാരിധിയായ അല്ലാഹു ധാരാളമായി മാപ്പരുളുന്ന സുദിനം.

”അറഫ” ദിനം പരലോകത്തെ വിചാരണാദിനത്തെ ഓർമ്മിപ്പിക്കുന്നതാണ്. അറഫയിൽ ജനലക്ഷങ്ങൾ പൊരിവെയിലത്ത് ഏതാനും മണിക്കൂറുകളേ നിൽക്കുന്നുള്ളൂ. പരലോകത്ത് മാനവകുലത്തിന്റെ ആദ്യം മുതൽ അന്ത്യംവരെയുള്ള സകല മനുഷ്യരും അതിതീഷ്ണമായ അന്തരീക്ഷത്തിൽ യുഗങ്ങളോളം നിൽക്കണം. ഇവിടെ സ്വയം വിചാരണയാണെങ്കിൽ നാളെ പരലോകത്ത് തീഷ്ണമായി വിചാരണ ചെയ്യപ്പെടുകയാണ്. ഇന്നത്തെ സ്വയം വിചാരണ എത്രകണ്ട് ഫലപ്രദമാകുന്നുവോ അത്രകണ്ട് പരലോക വിചാരണയിൽ ആശ്വാസം കിട്ടും.

‘അറഫ’ എന്നതിന്റെ സാരം തിരിച്ചറിവ് എന്നാണ്. കുറെ തിരിച്ചറിവുകൾ ആണ് നമുക്ക് ‘അറഫയിൽ നിന്ന് കിട്ടുക. തിരുത്താനും നന്നാവാനും തിരിച്ചറിവ് കൂടിയേ തീരൂ. പക്ഷെ ഒരു ദുഃഖസത്യമുണ്ട്, തിരിച്ചറിവുള്ളവരെല്ലാം നന്നായിത്തീരാറില്ല എന്നതാണത്. പലപ്പോഴും തിരിച്ചറുവുകൾ കൈമോശം വരാറുണ്ട്. അവിടെയാണ് മുസ്ദലിഫയുടെ പ്രസക്തി. മുസ്ദലിഫക്ക് ഖുർആൻ പ്രയോഗിച്ച പദം ‘മശ്അറുൽ ഹറാം’ എന്നാണ്.

പവിത്രബോധം അങ്കുരിക്കുന്ന ഇടം എന്നർത്ഥം. ദുൽഹജ്ജ് ഒമ്പതിന്റെ (അറഫ) പകലത്തെ വിലപ്പെട്ട തിരിച്ചറിവുകൾ നമ്മുടെ അകതാരിൽ കലാപമുണ്ടാക്കുന്ന തീവ്രമായ അവബോധമായി മാറുന്നു. ഈ അവബോധം ഹാജിയിലുണ്ടാക്കുന്ന മനോഗതമിതാണ്. ”എന്നെ വഞ്ചിച്ച ദുശ്ശക്തി ഇനി ആരെയും വഴി പിഴപ്പിക്കരുത്. എന്നെയും മറ്റു പലരെയും പിഴപ്പിച്ച സകല ദുശ്ശക്തികൾക്കെതിരെയും ഇനി നിരന്തര പോരാട്ടം നടത്തും. ഞാൻ സ്വയം പിഴച്ചതിന്നും മറ്റുള്ളവരെ പിഴപ്പിച്ചതിനുമുള്ള എന്നാലാവുന്ന പ്രായശ്ചിത്തം തിന്മക്കും ദുശ്ശക്തികൾക്കുമെതിരെയുള്ള നിരന്തര പോരാട്ടമാണ്…. ഇ:അ: അതാണ് ഇനി എന്റെ ശിഷ്ടകാല ജീവിതം….” ഈ ദൃഢ തീരുമാനം വേഗം നടപ്പാക്കുന്നതിന്റെ തുടക്കമെന്ന നിലയിൽ പ്രതീകാത്മക ആയുധമായി ഏഴ് ചെറുകല്ലുകൾ ശേഖരിച്ചു. 10-ന് രാവിലെ പ്രാർത്ഥനാപൂർവം ആവേശഭരിതനായി തൽബിയത്ത് ചൊല്ലിക്കൊണ്ട് മിനയിലെ ജംറയിലേക്ക് നീങ്ങുകയാണ്. അവിടെ സകല പൈശാചിക ദുശ്ശക്തികൾക്കുമെതിരായ പോരാട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് ഏറ് പൂർത്തിയാക്കുന്നു. തൽബിയത്ത് ചൊല്ലിക്കൊണ്ട്‌പോയ ഹാജിമാർ വിജയശ്രീലാളിതരായി സാഹ്ലാദം തക്ബീർ ചൊല്ലിയാണ് മടങ്ങുന്നത്. ഇന്ന് ലോകമെങ്ങും ബലിപെരുന്നാളാണ്. ആബാലവൃദ്ധം ലോകമുസ്‌ലിംകൾ ഹാജിമാരൊപ്പം തക്ബീർ ചൊല്ലുന്നു. ഹാജിമാർ ബലികർമം നിർവഹിക്കുമ്പോൾ ലോകമുസ്‌ലിംകളും ബലികർമം നിർവഹിക്കുന്നു. ഇന്നലെ (9-ാം നു ) ഹാജിമാർ അറഫയിലായിരുന്നപ്പോൾ ലോക മുസ്‌ലിംകൾ വ്രതമനുഷ്ഠിച്ചും പ്രാർത്ഥനാ നിരതരായും അറഫാ സമ്മേളനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു.

ബലികർമം കേവല ബലികർമ്മമല്ല. ഇബ്രാഹീം (അ) ദൈവാജ്ഞ പ്രകാരം പ്രിയപുത്രൻ ഇസ്മാഈൽ (അ)നെ ബലികൊടുക്കാൻ സന്നദ്ധനായതിന്റെ ഉജ്ജ്വല മാതൃകയെ പിൻപറ്റിക്കൊണ്ടുള്ള ത്യാഗസന്നദ്ധതയുടെ പ്രതിജ്ഞാപൂർവമുള്ള ഒരു കർമമാണത്. ഇബ്രാഹീം (അ) തനിക്കേറ്റവും പ്രിയപ്പെട്ടത്- വാർദ്ധക്യകാലത്ത് ആറ്റുനോറ്റുകിട്ടിയ പൊന്നോമന പുത്രനെ റബ്ബിന്റെ കൽപന പ്രകാരം ബലികൊടുക്കാൻ തയ്യാറായി. വേണ്ടി വന്നാൽ നാമും നമ്മുടെ വിലപ്പെട്ടതും പ്രിയപ്പെട്ടതും (അതെ, നമ്മുടെ ഇസ്മാഈലിനെ) ത്യജിക്കാൻ, ബലി കൊടുക്കാൻ തയ്യാറാവേണ്ടതുണ്ട്. എങ്കിലേ നമ്മുടെ ബലിക്ക് ഒരർത്ഥമുള്ളൂ. ”ബലി മൃഗത്തിന്റെ മാംസമോ രക്തമോ അല്ലാഹുവിങ്കലേക്കെത്തില്ല; മറിച്ച് നിങ്ങളുടെ തഖ്‌വയാണ് അല്ലാഹുവിലേക്കെത്തുക.” (22:37) ”നിങ്ങൾക്കേറ്റവും പ്രിയങ്കരമായത് വ്യയം ചെയ്യാത (ത്യജിക്കാതെ ) നിങ്ങൾ പുണ്യം (ബിർറ്) പ്രാപിക്കുകയേ ഇല്ല” (3:92)

പിശാചിന്നെതിരെ പോരാടി ജയിച്ച ശേഷം പോരാട്ട മാർഗത്തിലെ ത്യാഗസന്നദ്ധത ഒരിക്കൽകൂടി ഉറപ്പിക്കാൻ തലമുണ്ഡനം ചെയ്തിരിക്കവെ ഒരു ശങ്കയുദിക്കുന്നു; പിശാച് എന്നെന്നേക്കുമായി തോറ്റോടിയോ? ഇല്ല; ബദ്‌റിൽ തോറ്റോടിയർ പുതിയ ആയുധങ്ങളും തന്ത്രങ്ങളുമായി ഉഹ്ദിൽ വീണ്ടും വന്നത് ചരിത്രമാണ്. ആകയാൽ പോരാട്ടം നിറുത്തി വെച്ചുകൂടാ. അങ്ങിനെ ദുൽഹജ്ജ് 11-നും 12-നും 13-നും ഏറ് തുടരുന്നു. ഒടുവിൽ കരുണാവാരിധിയായ റബ്ബ് ഇങ്ങിനെ നമ്മോട് പറയുന്നതായി നമുക്ക് കരുതാം: ”പാവപ്പെട്ട ഹാജീ, നീ വിദൂര ദിക്കിൽ നിന്ന് വന്ന് കുറെ നാളുകളിലായി കർമ്മനിരതനാണ്; പരീക്ഷീണിതനാണ്; തൽക്കാലം ഏറ് നിർത്താം. പക്ഷെ, ഒന്നുണ്ട്, നാട്ടിൽ തിരിച്ചെത്തിയാൽ നീ ഇവിടെ തൽക്കാലം നിറുത്തിവെച്ച പോരാട്ടം നിന്റെ ജീവിതാന്ത്യംവരെ അക്ഷീണം അനവരതം തുടരണം…” അങ്ങിനെ ഹാജി ഒരു സജീവ പോരാളിയായിക്കൊണ്ട് നവജാത ശിശുവിന്റെ നൈർമല്യത്തോടെ ഒരു പുതിയ മനുഷ്യനായി നാട്ടിലേക്ക് മടങ്ങുന്നു. തിരിച്ചറിവും തീവ്രമായ അവബോധവും, തിന്മക്കെതിരായ പോരാട്ട വീര്യവുമായിട്ടാണ് മടക്കം. വർഷാ വർഷം ഇങ്ങിനെ ദശലക്ഷങ്ങൾ ലോകത്തിന്റെ സകല മുക്കു മൂലകളിലേക്ക് ഈ വിശുദ്ധ പോരാളികൾ വന്നെത്തുമ്പോൾ ഉണ്ടാവേണ്ട, ഉണ്ടാകുന്ന മാറ്റം വിവരണാതീതമാണ്.

ഹജ്ജുമായി ബന്ധപ്പെട്ട ചരിത്രത്തിൽ മുഖ്യമായും മൂന്ന് പേരുണ്ട് ഇബ്രാഹീം, ഹാജറ, ഇസ്മാഈൽ (അ). ഭർത്താവ്, ഭാര്യ, സന്തതി എന്നിവകളുടെ ഉജ്ജ്വല പ്രതീകങ്ങളാണിവർ. ഇബ്രാഹീം (അ) സാധിച്ച മഹാവിപ്ലവത്തിലെ മാതൃക ഓരോ മുസ്‌ലിം കുടുംബത്തിനും അനുകരണീയമാണ്. ഈ മൂന്ന് വിഭാഗവും പരസ്പരപൂരകമായി വർത്തിക്കണമെന്നതാണാ ഗുണപാഠം. എങ്കിലേ മാറ്റം – വിപ്ലവം – പൂർണമാകൂ. അല്ലാഹു അക്ബർ.

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles