Current Date

Search
Close this search box.
Search
Close this search box.

വേണം ആത്മവിചിന്തനവും ആത്മസംസ്കരണവും

മുഹർറം അല്ലാഹു പവിത്രമാക്കിയ മാസമാണ്. ഹാജിമാർ പരിശുദ്ധ ഹജ്ജ് കർമം നിർവഹിച്ചു പാപക്കറകൾ കഴുകിക്കളഞ്ഞ് സ്വന്തം നാട്ടിലേക്ക് പിറന്നു വീണ കുഞ്ഞിനെ പോലെ മടങ്ങിയെത്തുന്ന ഈ മാസം കൊണ്ടാണ് ഹിജ്റ കലണ്ടറിൽ വർഷാരംഭവും കണക്കാക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ മുസ്‌ലിം ജീവിതത്തിലെ ആത്മവിചിന്തനവും സ്വയം സംസ്കരണവുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകളുമുണ്ട്. പടിഞ്ഞാറിന്റെ “ന്യൂ ഇയേർസ് റെസൊലേഷൻ” വാർപ്പ് മാതൃക കൂടി മുസ്ലിം ജനതയുടെ പ്രാക്ടീസിനെ സ്വാധീനിച്ചു എന്ന് വേണം പറയാൻ.

ഇസ്‌ലാമിക പാരമ്പര്യത്തിൽ ആത്മവിചിന്തനവും ആത്മസംസ്കരണവും സാധ്യമാക്കുന്ന ഘടകങ്ങൾ എന്താണ്? അത് നടപ്പിൽ വരുത്തേണ്ട സന്ദർഭവും സാഹചര്യവുമേതാണ്? എങ്ങനെയൊക്കെ ഒരു പ്രാക്ടീസിംഗ് മുസ്‌ലിമിന് തൻ്റെ നിലവിലെ അവസ്ഥയിൽ പുരോഗതി കൊണ്ട് വരാൻ സാധിക്കും? തുടങ്ങിയ ചില വിഷയങ്ങളുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ തിരുത്തപ്പെടേണ്ടതും നിലവിലെ ജീവിതക്രമത്തിൽ ആവശ്യമായ മാറ്റങ്ങൾ ബോധപൂർവം കൊണ്ട് വരികയും ചെയ്യേണ്ടത് ഓരോ പ്രാക്ടീസിംഗ് മുസ്‌ലിമിനും അനിവാര്യമായ കാര്യമാണ്. ഇസ്‌ലാമിൽ ഇൽമിനും അമലിനും മറ്റെന്തിനെക്കാളും വലിയ പ്രാധാന്യമുണ്ട്. ദീനിലെ അടിസ്ഥാന കാര്യങ്ങളാണ് അവയെന്ന് പറയാം. വഹ്-യിനെ ഇൽമിൻ്റെ ആത്യന്തിക സ്രോതസ്സായി മനസ്സിലാക്കി അതനുസരിച്ച് തിട്ടപ്പെടുത്തേണ്ടുന്ന കർമപദ്ധതിയാണ് ഒരു മുസ്‌ലിം ജീവിതം എന്ന് പറയുന്നത്. എന്നാൽ, ഈ ഇൽമിൻ്റെയും അമലിൻ്റെയും മേൽ ആധിപത്യം നേടുന്ന ഭൗതികമായ പലതായ സ്വാധീനങ്ങൾക്കിടയിലാണ് മനുഷ്യജീവിതം പരീക്ഷണമാക്കപ്പെട്ടിട്ടുള്ളത്. മുസ്‌ലിം ചിന്തയെയും കർമത്തെയും സ്വാധീനിക്കുന്ന ഈ ഘടകങ്ങളെ തിരിച്ചറിഞ്ഞ് വഹ്-യിൻ്റെ പരിധിയിലുള്ള കർമപദ്ധതി കൊണ്ട് മനസ്സിനെയും ശരീരത്തെയും ബോധപൂർവം നിയന്ത്രിച്ചു നിർത്താൻ സാധ്യമാകുമ്പോഴാണ് ഒരു വിശ്വാസി പൂർണമായി റബ്ബിന് മുന്നിൽ സമർപ്പിതനാകുന്നത്. മനുഷ്യൻ്റെ ചിന്തയെയും കർമത്തെയും റബ്ബിന് മുന്നിൽ അടിയറവ് വെക്കുക എന്നതാണ് ഇബാദത്തിൻ്റെ താൽപര്യവും.

ശുദ്ധപ്രകൃതിയിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള മനുഷ്യനെ യഹൂദനാക്കുന്നതും മജൂസിയാക്കുന്നതും നസ്രാണിയാക്കുന്നതും അവൻ്റെ മാതാപിതാക്കളാണന്ന് പ്രവാചകൻ പറഞ്ഞു വെച്ചത് അത് കൊണ്ടാണ്. ആധുനികാനന്തര വ്യവഹാരങ്ങളിൽ ജീവിക്കുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഭൗതിക പ്രത്യയശാസ്ത്രങ്ങളാലും ദേഹേഛയാലും സ്വാധീനിക്കപ്പെടുമെന്നത് പ്രാവചകവചനം പോലെ തെളിഞ്ഞ യാഥാർത്ഥ്യമാണ്. അത് കൊണ്ടാണല്ലോ പ്രവാചകൻ പോലും “يا مُقلِّبَ القلوبِ ثَبِّتْ قلبِي على دِينِك” എന്ന പ്രാർത്ഥന അധികരിപ്പിച്ച് മാതൃക കാണിച്ചത്. മനസ്സിനെയും ശരീരത്തെയും പൈശാചികവൽകരിക്കുന്ന ഈ നോർമാലിറ്റിയെ തൻ്റെ വിവേചനബുദ്ധി കൊണ്ടും നിരന്തരമായ പ്രാക്ടീസ് കൊണ്ടും മാറ്റിപ്പണിയുക എന്നതാണ് വിശ്വാസിയുടെ ശ്രമകരമായ ദൗത്യം.

ഇവിടെയാണ് ദീനുൽ ഇസ്‌ലാം മുസ്‌ലിം ജീവിതത്തിൻ്റെ ദൈനംദിന പരിവർത്തനത്തിന് വേണ്ടി ഒരു കർമപദ്ധതി തന്നെ രൂപപ്പെടുത്തിയിരിക്കുന്നത്. വർഷാരംഭം എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തത്ര കുന്നുകൂടിയ സ്വചെയ്തികളിലേക്ക് തിരിഞ്ഞ് നോക്കിക്കൊണ്ട് നിരാശനായി, ഒരു ഗ്യാരൻ്റിയുമില്ലാത്ത ശിഷ്ട കാലത്തേക്ക് പേരിന് വേണ്ടി മാത്രം തീരുമാനങ്ങൾ പുതുക്കുന്ന നോർമാലിറ്റിയിൽ നിന്നും, ഇസ്‌ലാം മനുഷ്യനെ കൊണ്ട് പോകുന്നത് ദിനേന കർമങ്ങളെ വിലയിരുത്തി ജീവിതത്തെ കൂടുതൽ പുരോഗതിയിലേക്ക് വളർത്തുന്ന ഉൽകൃഷ്ടമായ മാതൃകയിലേക്കാണ്. മനുഷ്യൻ വ്യവഹരിക്കുന്ന സ്ഥല – കാലങ്ങളിലെ സ്വാധീനങ്ങളാലെല്ലാം പ്രാക്ടീസ് ചെയ്ത് കൊണ്ടിരിക്കുന്ന യാന്ത്രികമായ കർമങ്ങളെ ബോധപൂർവ്വം പുരോഗതിയിലേക്ക് ഗതി മാറ്റുക എന്നതാണ് വിശ്വാസിക്ക് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ആത്മവിചിന്തനത്തിൻ്റെയും ആത്മസംസ്കരണത്തിൻ്റെയും മാതൃക. ഉദാഹരണമായി, ഒരു ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം ആരാധനാകർമങ്ങളിൽ നിഷ്ഠ പുലർത്തുന്നത് മുതൽ സുന്നത്തുകൾ എടുക്കുന്നത് വരെ സ്ഥാപനത്തിൽ സഹവസിക്കുന്ന സമയത്തുള്ള അവൻ്റെ പ്രാക്ടീസിനെ ആ ധാർമികാന്തരീക്ഷം സ്വാധീനിക്കുന്നതോടൊപ്പം തന്നെ  കർമങ്ങൾക്ക് ഒരു യാന്ത്രികത കൈവരികയും ചെയ്യുന്നു. ഇതേ വ്യക്തി  അവധിക്ക് വീട്ടിലേക്കെത്തുമ്പോൾ സ്ഥാപനത്തിൽ  പ്രാക്ടീസ് ചെയ്തതിൽ നിന്നും തീർത്തും വിഭിന്നമായിട്ടായിരിക്കാം. അതായത്, സ്ഥാപനത്തിലായിരിക്കുമ്പോൾ ജമാഅത്ത് നമസ്കാരങ്ങളിൽ കൃത്യമായി പങ്കെടുക്കുകയും ഖുർആൻ പാരായണം പോലുള്ളവയോട്  അലംഭാവം കാണിക്കുകയും നഷ്ടപ്പെടുത്തുന്നതുമായ സമീപനം സ്വീകരിച്ചേക്കാം. സ്ഥാപനത്തിൽ എങ്ങനെയാണോ അവൻ ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തിയിരിക്കുന്നത് എന്നതിൻ്റെ അടിസ്ഥാനത്തിൽ അവിടെയും, വീട്ടിൽ എങ്ങനെയാണോ ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തിയിരിക്കുന്നത് എന്നതിൻറെ അടിസ്ഥാനത്തിൽ വീട്ടിലും കർമങ്ങൾ രൂപപ്പെടുന്നു.

കർമങ്ങൾ അല്ലാഹുവിങ്കൽ സ്വീകാര്യമാകുന്നത് ഉദ്ദേശ്യശുദ്ധിയുടെ അടിസ്ഥാനത്തിലാണെന്ന പ്രവാചക വചനം ഇവിടെ ഏറെ പ്രസക്തമാണ്. മനുഷ്യൻ്റെ ഏതൊരു വ്യവഹാരത്തിനും അർത്ഥം നൽകുന്നത് അവൻ്റെ ഉദ്ദേശ്യശുദ്ധിയാണ് എന്നത് കൊണ്ട് തന്നെ ഉദ്ദേശ്യശുദ്ധിയോട് കൂടി അവൻ പതിവായി പ്രാക്ടീസ് ചെയ്ത് കൊണ്ടിരിക്കുന്ന കർമങ്ങൾ അത് എത്ര കുറഞ്ഞ തോതിൽ അനുഷ്ഠിച്ചു പോരുന്നതാണെങ്കിലും അല്ലാഹുവിങ്കൽ ഏറ്റവും പ്രിയപ്പെട്ട കർമങ്ങാളായി രൂപാന്തരം പ്രാപിക്കുകയാണ് ചെയ്യുന്നത്. ദൈനംദിന ജീവിത വ്യവഹാരങ്ങളിൽ യാന്ത്രികത കൈവരികയും വീഴ്ചകൾ വന്നുപോവുകയും ചെയ്യുന്ന വിശ്വാസി അതിൽ ഉറച്ചുനിൽക്കാതെ ഉടനെ സ്രഷ്ടാവിങ്കലേക്ക് തൗബ ചെയ്തു മടങ്ങുക എന്നതാണ് ദൈവിക താൽപര്യം. ഇവ്വിധം, തൗബ ചെയ്തും ഉദ്ദേശ്യശുദ്ധിയോടെ അനുഷ്ഠാനങ്ങൾ അധികരിപ്പിച്ചും ഓരോ നിമിഷത്തെയും കൂടുതൽ അർഥപൂർണമാക്കാനാണ് ഓരോ വിശ്വാസിയും പരിശ്രമിച്ച് കൊണ്ടിരിക്കേണ്ടത്.

കടപ്പാട്: ആത്തിഖ് അബ്ദുൽ മാലിക്

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles