Current Date

Search
Close this search box.
Search
Close this search box.

മരണവിചാരം നല്‍കുന്ന പ്രചോദനങ്ങള്‍

ഇംഗ്ളീഷില്‍ സാധാരണ ഉപയോഗിക്കാറുള്ള പദമാണ് ‘മോട്ടിവേഷന്‍’. മോട്ടിവും ആക്ഷനും ചേര്‍ന്നുള്ള പദമാണത്. പ്രവര്‍ത്തനനിരതമാവാന്‍ പ്രേരിപ്പിക്കലാണ്, മോട്ടിവേഷന്‍, കൊണ്ട് അര്‍ത്ഥമാക്കുന്നത്. പഠന കാര്യത്തില്‍ പിന്നിലായതിനാല്‍, പ്രൈമറി സ്കൂളില്‍ നിന്നും ബഹിഷ്കൃതനായ തോമസ് ആള്‍വ എഡിസന്‍ തന്‍റെ അമ്മയുടെ പ്രചോദനത്താല്‍ ഉന്നത ശാസ്ത്രജ്ഞനായതും, കാഴ്ചയില്ലാതിരുന്നിട്ടും ഹെലന്‍ കെല്ലര്‍, അവരുടെ അധ്യാപിക Anne Sullivan, പ്രേരണയാല്‍ വിശ്വസാഹിത്യകാരിയായതും പ്രചോദനത്തിന്‍റെ മികച്ച മാതൃകകളാണ്.

പ്രചോദനത്തിലൂടെ സംഭവിക്കുന്ന പരിവര്‍ത്തനത്തിന്‍റെ കാര്യം വ്യക്തമാക്കാനാണ് എഡിസന്‍റെയും ഹെലന്‍ കെല്ലറുടേയും ഉദാഹരണങ്ങള്‍ പറഞ്ഞത്. മനുഷ്യനെ അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കാനും ജീവിതത്തെ പരിവര്‍ത്തിപ്പിക്കാനും ഇസ്ലാം നിരവധി പ്രചോദന മാര്‍ഗ്ഗങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. ചരിത്ര സംഭവങ്ങള്‍, ഉപമകള്‍, ഉദ്ബോധനങ്ങള്‍ തുടങ്ങിയവ കൂടാതെ മരണവിചാരത്തേയും സല്‍കര്‍മ്മം ചെയ്യാനുള്ള പ്രേരണയാക്കീട്ടുണ്ട്.

മരണചിന്ത ഉണര്‍ത്തുന്ന നിരവധി ഖുര്‍ആന്‍ സൂക്തങ്ങളും പ്രവാചക വചനങ്ങളുമുണ്ട് ആ അര്‍ത്ഥത്തിലാണ് വായിക്കേണ്ടത്. ഭീതിപ്പെടുത്തി നിഷ്ക്രിയരാക്കുക എന്നതല്ല അതിന്‍റെ ലക്ഷ്യം. മറിച്ച് ഇഹലോക ജീവിതം തുച്ചമാണെന്നും അതിലുടെ പാരത്രിക ജീവിതത്തിന് ആവശ്യമായ വിഭവങ്ങള്‍ ധൃതിയില്‍ സ്വരൂപിച്ച്കൂട്ടുക എന്നതാണതിന്‍റെ ഉദ്ദേശ്യം. ഖുര്‍ആന്‍ പറയുന്നു: ”നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടും. നിങ്ങള്‍ ഭദ്രമായി കെട്ടിപ്പൊക്കിയ കോട്ടകള്‍ക്കകത്തായാലും. ( 4:78 )

അതേയവസരം മരണത്തെ ആഗ്രഹിക്കാന്‍ പാടില്ലെന്ന് പ്രവാചകന്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. ജീവിതം വളരെയധികം ദുസ്സഹമാവുമ്പോള്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചോളൂ: ജീവിതം ഉത്തമമാവുന്നേടുത്തോളം എന്നെ നീ ജീവിപ്പിച്ചാലും. ഇനി മരണമാണ് അഭിഗാമ്യമെങ്കില്‍ എന്നെ നീ മരിപ്പിക്കുക.

പൂര്‍വ്വ സൂരികളുടെ നിലപാട്
ഐഹിക ലോകത്ത് ഒരു അപരിചിതനെ പോലെ അല്ലെങ്കില്‍ സഞ്ചാരിയെ പോലെ നീ ജീവിക്കുക എന്ന നബി (സ)യുടെ വചനത്തിന്‍റെ അനുബന്ധമായി പ്രവാചക ശിഷ്യന്‍ അബ്ദുല്ല ബിന്‍ ഉമര്‍ (റ) പറഞ്ഞു: പ്രദോഷമായാല്‍ നീ പ്രഭാതം പ്രതീക്ഷിക്കരുത്. പ്രഭാതമായാല്‍ പ്രദോഷത്തെയും പ്രതീക്ഷിക്കരുത്.

ഉമര്‍ ഇബ്നു അബ്ദുല്‍ അസീസ് മരണത്തേയും അന്ത്യദിനത്തേയും അനുസ്മരിക്കാന്‍ എല്ലാ രാത്രിയിലും പണ്ഡിതന്മാരെ തന്‍റെ ദര്‍ബാറിലേക്ക് ക്ഷണിച്ച് വരുത്തുമായിരുന്നു. മരിച്ചശരീരം തങ്ങളുടെ കണ്‍മുമ്പിലുണ്ടെന്ന വിചാരത്തോടെ അവര്‍ ദു:ഖിതരാവുമായിരുന്നു. ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണാധികാരിയായിരുന്നു മരണത്തെ ഇത്രയധികം ഓര്‍ത്തിരുന്നത്. മരണത്തെ കുറിച്ച് സദാ ഓര്‍മ്മിക്കാന്‍ വീടിന് മുമ്പില്‍ ഖബര്‍ നിര്‍മ്മിക്കുകയും അതില്‍ കിടന്ന്നോക്കുകയും ചെയ്തരുന്നവരുമുണ്ടായിരുന്നു.

പക്ഷിയും പക്ഷിക്കൂടും
രോഗശയ്യയില്‍ കിടക്കവെ, പണ്ഡിതനായിരുന്ന ഞങ്ങളുടെ വന്ദ്യപിതാവ് പറഞ്ഞു: ശരീരത്തേയും ആത്മാവിനേയും പക്ഷിയോടും പക്ഷിക്കൂടിനോടും ഉപമിക്കാം. പക്ഷി ഉപേക്ഷിച്ചപോയ പക്ഷിക്കൂടിന് പ്രസക്തിയില്ലാത്തത് പോലെ, ആത്മാവ് അകന്ന് പോയ ശരീരത്തിനും പ്രസക്തിയൊന്നുമില്ല. അത്കൊണ്ട് മരണത്തെ അധികം ഭയപ്പെടേണ്ട കാര്യമില്ല. ധാരാളം സല്‍കര്‍മ്മങ്ങള്‍ ചെയ്ത് ജീവിതം ധന്യമാക്കുക. നിരവധി ഉപദേശങ്ങള്‍ നല്‍കിയ പിതാവിന്‍റെ അവസാന ഉപദേശമായിരുന്നു ഇത്.

ഭൗതിക മോഹങ്ങളില്‍ നിന്നും മുക്തരായ സച്ചരിതരുടെ ജഡത്തിന് പ്രസക്തിയില്ല. അവരുടെ ആത്മാവ് വിഹായസ്സിലേക്ക് പറന്ന്പോയ സ്വാതന്ത്ര്യമാണ് അനുഭവിക്കുക. ഖുര്‍ആന്‍ പറയുന്നു: ……… വിശുദ്ധരായിരിക്കെ മലക്കുകള്‍ മരിപ്പിക്കുന്നവരാണവര്‍. മലക്കുകള്‍ അവരോട് പറയും: ”നിങ്ങള്‍ക്കു ശാന്തി! നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്‍റെ പ്രതിഫലമാണിത്. ( 16:32 ). പ്രവാചകന്‍ പറഞ്ഞു: വെണ്ണയില്‍ നിന്നും നൂല് എടുക്കുന്ന ലാഘവത്തോടെയായിരിക്കും മലക്കുകള്‍ അവരുടെ ആത്മാവിനെ പിടികൂടുക.

നിങ്ങള്‍ എന്താണൊ ചിന്തിക്കുന്നത് അത് നിങ്ങളെ പൊടുന്നനെ പിടികൂടും എന്ന് പറഞ്ഞ് മരണത്തെ ഓര്‍ക്കേണ്ടതില്ല എന്ന് പറയുന്ന ചില മന:ശ്ശാസ്ത്രഞ്ജന്മാരെ കാണാം. അങ്ങനെ ചിന്തിച്ച് മരണപ്പെടുകയാണെങ്കില്‍ ആ മരണം തനിക്ക് ഗുണകരമാണെന്ന് വിശ്വസിക്കാന്‍ സത്യവിശ്വാസികള്‍ മടിക്കേണ്ടതില്ല. കാരണം അല്ലാഹുവിനെ കണ്ടുമുട്ടാനുള്ള ആഗ്രഹത്തിലാണ് അവര്‍ യാത്രയാവുന്നത്.

മരണചിന്തയുടെ സല്‍ഫലങ്ങള്‍
ജീവിതം, മരണം എന്നിവയുടെ ഉദ്ദേശ്യം ഖുര്‍ആന്‍ ഇങ്ങനെ വ്യക്തമാക്കുന്നു: കര്‍മ നിര്‍വഹണത്തില്‍ നിങ്ങളിലേറ്റം മികച്ചവരാരെന്ന് പരീക്ഷിക്കാനാണ് മരണവും ജീവിതവും സൃഷ്ടിച്ചത്. (67:2) പരീക്ഷയില്‍ വിജയിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ സദാ പരീക്ഷയെ കുറിച്ച് ഓര്‍ത്ത് കര്‍മ്മനരിതരാകുന്നത് പോലെ മരണചിന്തയും നമ്മെ കര്‍മ്മോല്‍സുകരാക്കുകയാണ് ചെയ്യേണ്ടത്. ആകസ്മികമായി മരണത്തെ അഭിമുഖീകരിക്കുന്നതിന് പകരം അതിന് വേണ്ടി തയ്യാറെടുക്കാനും കൂടുതല്‍ സല്‍കര്‍മ്മങ്ങളനുഷ്ടിക്കാനും മരണചിന്ത സഹായിക്കുന്നു.

അബുഅലി അദ്ദഖാഖ് നൈസാപൂരിയെ ഉദ്ധരിച്ച് ഇമാം ഖുര്‍തുബി പറയുന്നു:
ധാരാളമായി മരണത്തെ ഓര്‍ക്കുന്നവര്‍ മൂന്ന് കാര്യങ്ങളാല്‍ ആദരിക്കപ്പെടും: അവരുടെ പാശ്ചാതാപം സ്വീകരിക്കപ്പെടും, അവര്‍ക്ക് ആരാധനയില്‍ ഉന്മേശം ഉണ്ടാവും, അവര്‍ ജീവിതത്തില്‍ സംതൃപ്തി കൈവരിക്കും. മരണചിന്ത ഇല്ലാത്തവര്‍ മൂന്ന് കാര്യങ്ങളാല്‍ ശിക്ഷിക്കപ്പെടുന്നതാണ്. അവരുടെ പാശ്ചാതാപം സ്വീകരിക്കുകയില്ല. അവര്‍ക്ക് ഇബാദത്തില്‍ ആലസ്യം ബാധിക്കും, അസംതൃപ്തിയായിരിക്കും അവരുടെ ജീവിതം.

മരണത്തെ കുറിച്ച് ധാരാളമായി ഓര്‍ക്കുക. കാരണം അത് അപ്രതീക്ഷിതവും പെടുന്നനെയാണ് നമ്മുടെ ജീവനെ അപഹരിച്ച് കളയുന്നത്. ഉത്തരവാദിത്വമുള്ള ജീവിതം നയിക്കാന്‍ മരണചിന്ത പ്രാപ്തമാക്കുന്നു. അത് ഈ ജീവിതത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് ഓര്‍ക്കാനും അതില്‍ നിന്ന് അശ്രദ്ധനാവാതിരിക്കുവാനും നമ്മെ സഹായിക്കുന്നു. ഒരു പണ്ഡിതന്‍ ഒരാളോട് ചോദിച്ചു: താങ്കള്‍ സ്വര്‍ഗ്ഗത്തെ ഇഷ്ടപ്പെടുന്നുണ്ടോ?
തീര്‍ച്ചയായും അതെ എന്ന് അയാള്‍ പ്രതിവചിച്ചു.
പണ്ഡിതന്‍: നീ സ്വര്‍ഗ്ഗം ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ മരണത്തെ ഇഷ്ടപ്പെടുക. കാരണം മരണം പ്രാപിക്കാതെ നിനക്ക് സ്വര്‍ഗ്ഗം കാണാന്‍ സാധ്യമല്ല.

പാരത്രിക ജീവിതത്തെ കുറിച്ച് നിരന്തരമായി ആലോചിക്കാനും അവിടെ വിളവെടുക്കാനുമാണ് മരണചിന്ത പ്രേരിപ്പിക്കേണ്ടത്. മരണത്തെ ധാരാളമായി ഓര്‍ക്കുന്നവര്‍ അസൂയ, സുഖലോലുപത, ആര്‍ത്തുല്ലസിക്കല്‍ തുടങ്ങിയ ചാപല്യങ്ങളില്‍ നിന്നും മുക്തരാവണം. നിങ്ങളില്‍ ഒരാള്‍ക്ക് മരണം ആസന്നമാവുകയും അയാളുടെ കൈയ്യില്‍ വൃക്ഷതൈ ഉണ്ടെങ്കില്‍, അയാള്‍ അത് നട്ട്കൊള്ളട്ടെ എന്നാണ് പ്രവാചാകാധ്യാപനം.

കര്‍മ്മനിരതരാവുന്നവര്‍ പലപ്പോഴും മരിക്കുന്നതും അതേ കര്‍മ്മമനുഷ്ടിച്ചുകൊണ്ടായിരുക്കുന്നതും യാദൃശ്ചികമല്ല. അധ്യാപനത്തില്‍ ആത്മഉല്‍ക്കര്‍ഷം കണ്ടത്തെുന്നവര്‍, അധ്യാപനവൃത്തി ചെയ്തുകൊണ്ടിരിക്കെ മരണപ്പെടുന്നു.

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles