Current Date

Search
Close this search box.
Search
Close this search box.

പൗലോ കൊയ് ലോ യുടെ കഥ നൽകുന്ന ഗുണപാഠങ്ങൾ

ലോക പ്രശസ്ത ബ്രസീലിയൻ സാഹിത്യകാരൻ പൗലോ കൊയ്ലോയെ കേൾക്കാത്തവർ അപൂർവ്വമായിരിക്കും. അദ്ദേഹത്തിൻറെ മനോഹരമായ കഥകളിൽ ഒന്നാണ് ‘സന്തോഷത്തിൻറെ രഹസ്യം’. ആത്മീയ ധാർമ്മിക മൂല്യങ്ങൾ മുറുകെ പിടിച്ച് ഭൗതികലോകത്തിൻറെ സൗന്ദര്യം ആസ്വദിക്കുന്നതിലാണ് സന്തോഷത്തിൻറെ രഹസ്യമെന്ന് കഥാകൃത്ത് പ്രതീകവൽക്കരണത്തിലൂടെ വ്യക്തമാക്കുന്നു. ആത്മീയവും ഭൗതികവുമായ രണ്ട് പ്രതിഭാസങ്ങളേയും സമന്വയിപ്പിച്ച് ജീവിക്കുന്നതിലാണ് മനുഷ്യന് സന്തോഷം ലഭിക്കുന്നതെന്ന് കഥ വ്യംഗ്യന്തരേണ ഓർമ്മപ്പെടുത്തുന്നു. കഥയുടെ ആശയ മൊഴിമാറ്റം ഇങ്ങനെ:

സന്തോഷത്തിൻറെ രഹസ്യം അറിയാനും മനസ്സിലാക്കാനും ഒരു വ്യാപാരി മകനെ അകലെയുള്ള പ്രശസ്തനായ ജ്ഞാനിയുടെ അടുത്തേക്ക് അയച്ചു. ഏറെ ക്ലേശകരവും ദുർഘടവുമായ യാത്രക്ക് ശേഷം മകൻ ആ ജ്ഞാനിയുടെ താവളത്തിലത്തെി. ഉയർന്ന പർവ്വത ശിഖിരത്തിൽ മനോഹരവും കണ്ണഞ്ചിപ്പിക്കുന്നതുമായ കൊട്ടരത്തിലായിരുന്നു ജ്ഞാനിയുടെ താമസം. ജ്ഞാനിയുടെ ഉപദേശം സ്വീകരിക്കാനും ആശിർവാദം ഏറ്റ് വാങ്ങാനും അവനെ കൂടാതെ വേറേയും ധാരാളം പേർ നാടിൻറെ നാനാഭാഗങ്ങളിൽ നിന്നും അവിടെ എത്തിയിരുന്നു.

ഓരോരുത്തരുടേയും ഊഴമനുസരിച്ച് ജ്ഞാനി സന്ദർശകർക്ക് ദർശനത്തിന് അവസരം നൽകി. അവരെ അരികിൽ വളിച്ച് അദ്ദേഹം വിവരങ്ങൾ ആരാഞ്ഞൂ. അവസാനം വ്യാപാരിയുടെ മകൻറെ ഊഴമായി. തൻറെ വരവിൻറെ ഉദ്ദേശ്യം അവൻ ജ്ഞാനിയെ അറിയിച്ചു. സന്തോഷത്തിൻറെ രഹസ്യം അറിയാനാണ് അഛൻ അങ്ങയുടെ അടുക്കലേക്ക് അയച്ചിട്ടുള്ളതെന്ന് മകൻ പറഞ്ഞു.

നീണ്ട താടിരോമങ്ങൾക്കിടയിലൂടെ കൈവിരലുകൾ മാറിമാറി തടവികൊണ്ട് ജ്ഞാനി പറഞ്ഞു: ”ഞാൻ ഇപ്പോൾ അൽപം തിരക്കിലാണ്. നീ ഈ കൊട്ടാരം ചുറ്റി സഞ്ചരിച്ച് രണ്ട് മണിക്കൂറിന് ശേഷം തിരിച്ച് വരൂ. ജ്ഞാനി ഒരു ചെറിയ സ്പൂൺ എടുത്ത് അവൻറെ നേരെ നീട്ടി. സ്പൂണിൽ രണ്ടു തുള്ളി എണ്ണയുണ്ടായിരുന്നു. അത് അവനെ ഏൽപിച്ച് ജ്ഞാനി പറഞ്ഞു: ”ഇത് നിൻറെ കയ്യലിരിക്കട്ടെ. നടന്ന് പോകുമ്പോൾ എണ്ണ തുളുമ്പാതെ സൂക്ഷിക്കണം.”

കൊട്ടാര സമാനമായ ഭവനത്തിലെ നിരവധി കോണിപ്പടികൾ വ്യാപാരിയുടെ മകൻ കയറിയിറങ്ങി. രണ്ടു മണിക്കൂർ അവൻ കൊട്ടാരത്തിൽ ചുറ്റിക്കറങ്ങി. അവൻറെ ശ്രദ്ധ മുഴുവനും തൻറെ കയ്യിലുള്ള സ്പൂണിലായിരുന്നു. അതിലെ എണ്ണതുള്ളികൾ തുളുമ്പാതെ സൂക്ഷിക്കാനാണല്ലോ ജ്ഞാനി നിർദ്ദേശിച്ചിരിക്കുന്നതെന്ന് അവൻ ഓർത്തു. രണ്ടുമണിക്കൂറിന് ശേഷം അവൻ ജ്ഞാനിയുടെ അടുത്തത്തെി. അദ്ദേഹം ചോദിച്ചു: ”കൊട്ടാരമൊക്കെ ഇഷ്ടപ്പെട്ടൊ? ഇതാണ് എൻറെ ലോകം.”

ഉത്തരം നൽകാനറിയാതെ അവൻ ആശ്ചര്യപ്പെട്ടു. അവൻറെ ശ്രദ്ധ മുഴുവൻ ജ്ഞാനി നിർദ്ദേശിച്ച സ്പൂണിലെ എണ്ണ തുള്ളികളിലായിരുന്നു എന്ന് അവൻ മൊഴിഞ്ഞു.

അദ്ദേഹം വീണ്ടും നിർദ്ദേശിച്ചു: ” ഒരിക്കൽ കുടി ചുറ്റിസഞ്ചരിച്ച് കണ്ടുവരൂ.”

ജ്ഞാനിയുടെ ആജ്ഞ ശിരസ്സാ വഹിച്ച് അവൻ കൊട്ടാരം കാണാൻ പുറപ്പെട്ടു. അപ്പോഴും ആ ചെറിയ സ്പൂണും അതിലെ എണ്ണ തുള്ളികളും അവൻറെ കയ്യിൽ കരുതണമെന്ന് നിർദ്ദേശിച്ചിരുന്നു. കൊട്ടാരത്തിലെ കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യത്തിൽ അവൻ മതിമറന്ന്പോയി. ചുമരുകളിലെ ചിത്രപ്പണികൾ, അലങ്കാര വസ്തുക്കൾ, വിലകൂടിയ പേർഷ്യൻ പരവതാനികൾ, തിരശ്ശീലകൾ, സമൃദ്ധമായ വിരുന്നുശാല, സ്വർണത്തളികകളിൽ നിറച്ച വിശിഷ്ട ഭോജനങ്ങൾ, പലതരം പൂക്കൾ നറഞ്ഞ ഉദ്യാനം, കൊട്ടാരത്തിന് ചുറ്റുമുള്ള മലനിരകൾ…

തൻറെ മനം കവർന്ന ദൃശ്യങ്ങളെ കുറിച്ച് അവൻ ജ്ഞാനിയോട് പറഞ്ഞു. ജ്ഞാനി ചോദിച്ചു: ”ഞാൻ നിൻറെ കൈവശം തന്ന സ്പൂണിലെ എണ്ണ തുള്ളികളെവിടെ?” അപ്പോഴാണ് അവൻ സ്പൂണിലേക്ക് നോക്കിയത്. അത് തികച്ചും ശൂന്യമായിരിക്കുന്നു!

ജ്ഞാനി പറഞ്ഞു: ”സന്തോഷത്തിൻറെ രഹസ്യമറിയാൻ നീ പഠിച്ചിരിക്കേണ്ട ഒരു പാഠമേയുള്ളൂ. പ്രപഞ്ചത്തിലെ സൗന്ദര്യങ്ങളെല്ലാം ആസ്വദിച്ചോളൂ. പക്ഷെ അപ്പോഴും കൈവശമുള്ള സ്പൂണും അതിലെ രണ്ടുതുള്ളി എണ്ണയും മനസ്സിലുണ്ടാവണം. അതു തന്നെയാണ് സന്തോഷത്തിൻറെ രഹസ്യം.

കഥ ഈ ക്ലൈമാക്സിൽ അവസാനിക്കുന്നുണ്ടെങ്കിലും, നഷ്ടപ്പെടാതെ സൂക്ഷിക്കാൻ പറഞ്ഞ എണ്ണ തുള്ളികളിലൂടെ കഥാകൃത്ത് പ്രതീകവൽക്കരിച്ചതെന്താണെന്നതിന് പല വ്യാഖ്യാനങ്ങളും നൽകാം. എണ്ണതുള്ളികൾ ആത്മീയതയുടേയും മൂല്യങ്ങളുടേയും പ്രതീകമായി കരുതുന്നവരുണ്ട്. ഭൗതിക ലോകത്ത് സ്രഷ്ടാവ് നൽകിയ എണ്ണമറ്റ അനുഗ്രഹങ്ങൾ ആസ്വദിച്ച് മനുഷ്യന് ജീവിക്കാം. അത് അവൻ ഉപേക്ഷിക്കേണ്ടതില്ല. ഇഹപര ലോകത്ത് സന്തോഷവും സമാധാനവും നൽകുന്ന ആത്മീയതയെ നഷ്ടപ്പെടുത്തരുത് എന്ന ധ്വനി എണ്ണതുള്ളികളെ പ്രതീകവൽകരിച്ചതിലൂടെ ഈ കഥയിൽ നിന്ന് വ്യക്തമാണ്.

ഇരു ചിറകുകളുളള പക്ഷിയെ പോലെ, ആത്മീയതയും ഭൗതികതയും സമന്വയിപ്പിച്ച മതമാണ് ഇസ്ലാം. ആത്മീയത കൈവെടിയാതെ ഭൗതിക വിഭവങ്ങൾ ആസ്വദിക്കാമെന്ന് വ്യക്തമാക്കുന്ന ധാരാളം സൂക്തങ്ങൾ ഖുർആനിലുണ്ട്. അവയിൽ ഒന്ന്: ”അല്ലാഹു നിനക്ക് നൽകീട്ടുള്ളതിലൂടെ നീ പരലോക വിജയം തേടുക. ഐഹികജീവിതത്തിൽ നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും ചെയ്യരുത്. അല്ലാഹു നിനക്ക് നന്മ ചെയ്തത് പോലെ നീയും നന്മ ചെയ്യക. നീ നാട്ടിൽ കുഴപ്പത്തിന് മുതിരരുത്. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീർച്ചയായും ഇഷ്ടപ്പെടുന്നതല്ല” (ഖുർആൻ 28: 77).

Related Articles