Current Date

Search
Close this search box.
Search
Close this search box.

പ്രതീക്ഷകളാൽ ജീവിതം മനോഹരമാക്കാം

മനുഷ്യജീവിതം എന്നത് സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും സാകല്യമാണ്. ജീവിതം എന്ന പുസ്‌തകത്തിലെ താളുകൾ എല്ലാം ഒരേ പോലെ എഴുതപ്പെട്ടതല്ല. ജീവിതത്തിൽ എന്നും ഒരേപോലെയുള്ള അവസ്ഥകളും സാധ്യമല്ല. കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞ ഒരു പാതയാണ് ജീവിതം. ഖുർആൻ മനുഷ്യജീവിതത്തെ പരിചയപ്പെടുത്തുന്നത് തന്നെ പരീക്ഷണകാലം എന്നാണല്ലോ. ” ഭയാശങ്കകള്‍, ക്ഷാമം, ജീവനാശം, ധനനഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ തീര്‍ച്ചയായും പരീക്ഷിക്കുന്നതാണ്. ഈ സന്ദര്‍ഭങ്ങളില്‍ ക്ഷമയവലംബിക്കുകയും ഏതാപത്തു ബാധിക്കുമ്പോഴും ‘ഞങ്ങള്‍ അല്ലാഹുവിന്റേതല്ലോ, അവനിലേക്കല്ലോ ഞങ്ങള്‍ മടങ്ങേണ്ടതും’ എന്ന് പറയുകയും ചെയ്യുന്നവരെ സുവാര്‍ത്തയറിയിച്ചു കൊള്ളുക.” (അൽ ബഖറ :155)

സമകാലിക സാചര്യത്തിൽ ജീവിക്കുന്ന പലരും ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ വരുമ്പോഴേക്കും മാനസികമായി തകർന്നു പോകുന്നവരാണ്. പ്രശ്നങ്ങളെ ക്രിയാത്മകമായി അഭിമുഖീകരിക്കാൻ മിക്കവർക്കും സാധിക്കുന്നില്ല. മുതിർന്നവരും കുട്ടികളും യുവജനങ്ങളുമൊക്കെ ഈ വിഷയത്തിൽ ഒരേ പ്രകൃതമുള്ളവരായി മാറിയിരിക്കുന്നു. ജോലി നഷ്ടപ്പെടുക, ലഭിക്കുന്ന ശമ്പളത്തിൽ കുറവ് ഉണ്ടാവുക, ബിസിനസിൽ നഷ്ടം വരുകയോ പൊളിയുകയോ ചെയ്യുക, രോഗം, പരീക്ഷയിലെ തോൽവി, ഉറ്റവരുടെ മരണം, വലിയ അപകടം തുടങ്ങിയ സന്ദർഭങ്ങളിലൊക്കെ പലരും പകച്ചു പോവുകയാണ്. ജീവിതത്തിലെ ഇത്തരം സന്നിഗ്ദ്ധ ഘട്ടത്തിൽ പകച്ചു പോകുന്നവരാണ് പുതിയ തലമുറ പ്രത്യേകിച്ചും. ഇത്തരം സംഭവങ്ങളെ തുടർന്ന് ജീവിതം തന്നെ മതിയാക്കി കളയുന്നവരുടെ എണ്ണവും ഭീകരമായ രീതിയിൽ ഇന്ന് വർധിച്ചു വരുകയാണ്.

ജീവിതത്തെ കുറിച്ചുള്ള ശുഭപ്രതീക്ഷ എന്നത് ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമാണ്. ജീവിതം സുഖങ്ങളും ദുഖങ്ങളും നിറഞ്ഞതാണ്. നാം അതിനെ എങ്ങനെ നേരിടുന്നു എന്നതാണ് പ്രധാനം. നമ്മുടെ പ്രതീക്ഷകളാണല്ലോ നമ്മുടെ പ്രാർത്ഥനകൾ. പ്രാർത്ഥന, മാറ്റം വരുത്തുന്നത് നമ്മൾ വിളിക്കുന്ന നാഥനിൽ അല്ല. നമ്മളിൽ തന്നെയാണ്. നമ്മുടെ കാഴ്ചപ്പാടുകളാണ്‌ മാറേണ്ടത്. ഏത് കാര്യത്തിലും നല്ലത് കാണാനും ശുഭപ്രതീക്ഷകൾ വെച്ച് പുലർത്താനും സാധിക്കുമ്പോഴാണ് ജീവിതം മനോഹരമാവുന്നത്. ഏത് കാര്യത്തിലും നന്മകൾ പ്രതീക്ഷിക്കുന്നവർക്കേ ജീവിത്തിലും നന്മകൾ എത്തിപ്പിടിക്കാൻ സാധിക്കുകയുള്ളൂ.

അതിമനോഹരമായ സായംസന്ധ്യയിൽ അതിന്റെ ഭംഗി ആസ്വദിക്കാതെ അപ്പോൾ മഴ പെയ്താൽ എന്ത് ചെയ്യുമെന്ന് ആകുലപ്പെടുന്നവരും, പൂത്തു നിൽക്കുന്ന സുന്ദരമായ റോസാ പുഷ്പങ്ങൾ കാണുമ്പോൾ ആസ്വാദനത്തിനു പകരം അതിന്റെ തണ്ടിലുള്ള മുള്ളിലേക്ക് മാത്രം ദൃഷ്ടി കൊണ്ടുപോകുന്നവരുമെല്ലാം തങ്ങളുടെ ജീവിതം സ്വയം ദുരിതക്കടലിലേക്ക് തള്ളിവിടുന്നവരാണ്.

നമ്മുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമാണ് നമ്മെ രൂപപ്പെടുത്തുന്നത്. ശുഭചിന്തകളും ശുഭാപ്തി വിശ്വാസവും മനസിനെ വിശാലമാക്കുകയും ജീവിതത്തിൽ ആശ്വാസം പകർന്നു നൽകുകയും ചെയ്യും. തകർന്നു പോകുന്ന മനസുകളെ പുനരുജ്ജീവിപ്പിക്കുവാനും ഹൃത്തടങ്ങളിൽ പ്രതീക്ഷകളുടെ പുതുവെട്ടം പകർന്നു നൽകാനും നല്ല വിചാരങ്ങൾക്ക് കഴിയും. “ലോകരോട് അനീതി ചെയ്യാന്‍ അല്ലാഹുവിന് ഒരുദ്ദേശ്യവുമില്ല” (ആലു ഇമ്രാൻ 108) എന്ന ഖുർആൻ സൂക്തം മനുഷ്യർക്ക് മുന്നിൽ പ്രതീക്ഷയുടെയും ആഗ്രഹങ്ങളുടെയും വാതായനങ്ങളാണ് തുറന്നിടുന്നത്. സൂറത്തുൽ യൂസുഫിൽ മഹാനായ യഅഖൂബ് നബി ജീവിതത്തെ എത്ര ശുഭാപ്‌തി വിശ്വാസത്തോടെയാണ് നോക്കി കാണുന്നതെന്ന് ഖുർആൻ വരച്ചു കാണിക്കുന്നുണ്ട്. തന്റെ പ്രിയ പുത്രൻ യൂസുഫിനെ ചെന്നായ പിടിച്ചു എന്നും, മറ്റൊരു മകനായ ബിന്യാമിനെ രാജാവ് പിടിച്ചു വെച്ചുവെന്നും മറ്റു മക്കൾ വന്നു പറയുമ്പോൾ എത്ര മനോഹരമായാണ് തന്റെ വാർധക്യത്തിലും അദ്ദേഹം അതിനെ നേരിടുന്നത്. അലമുറയിടാതെ മനോഹരമായ രീതിയിൽ അവിടെ അദ്ദേഹം ക്ഷമയവലംബിക്കുകയും അല്ലാഹുവിൽ പ്രതീക്ഷ വെച്ചു പുലർത്തുകയും ചെയ്യുന്നു. “ഈ കഥ കേട്ടപ്പോള്‍ പിതാവ് പറഞ്ഞു: ‘വാസ്തവത്തില്‍, നിങ്ങളുടെ മനസ്സ് ഒരു കടുംകൈ കൂടി നിങ്ങള്‍ക്ക് അനായാസകരമാക്കിത്തന്നിരിക്കുന്നു. ശരി, അതും ക്ഷമിക്കാം; ഭംഗിയായി ക്ഷമിക്കാം. ഒരുവേള അല്ലാഹു അവരെയെല്ലാവരെയും എന്റെ അടുക്കലെത്തിച്ചേക്കും. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനാകുന്നു. അവന്റെ പ്രവൃത്തികളൊക്കെയും തത്ത്വത്തിലധിഷ്ഠിതമായതല്ലോ.’ പിന്നെ അദ്ദേഹം അവരില്‍നിന്നു മുഖം തിരിച്ചു, ………എന്റെ ക്ലേശങ്ങളെക്കുറിച്ചും ദുഃഖങ്ങളെക്കുറിച്ചും അല്ലാഹുവിനോടല്ലാതെ മറ്റാരോടും ഞാന്‍ ആവലാതിപ്പെടുന്നില്ല. നിങ്ങള്‍ അറിയാത്തത് (പലതും) അല്ലാഹുവില്‍നിന്ന് ഞാന്‍ അറിയുന്നുണ്ട്. എന്റെ പ്രിയ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും ഒന്നന്വേഷിച്ചു നോക്കുവിന്‍. അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശയരുത്. സത്യനിഷേധികള്‍ മാത്രമേ ദൈവകാരുണ്യത്തില്‍ നിരാശരാവൂ.” (യൂസുഫ് – 83 -87). അദ്ദേഹത്തിന്റെ ഈ ശുഭപ്രതീക്ഷ തന്നെയാണ് എത്രയോ വർഷങ്ങൾക്ക് മുമ്പ് വേർപ്പെട്ടുപോയ തന്റെ പ്രിയ പുത്രനിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നതും.

അയ്യൂബ് നബിയുടെ ജീവിതത്തിൽ നിന്നും വിശ്വാസികൾക്ക് കിട്ടുന്നതും ശുഭപ്രതീക്ഷകളുടെ മഹിതമായ പാഠങ്ങൾ തന്നെയാണ്. അതീവ സമ്പന്നനായിരുന്നു അയ്യൂബ് നബി. ഫലഭൂയിഷ്ടവും നൂറുമേനി വിളവെടുപ്പ് നടക്കുന്നതുമായ ഏക്കറുകണക്കിന് പാടങ്ങൾക്ക് അധിപൻ. നിരവധി കാലികളും അദ്ദേഹത്തിന്റെ ഉടമസ്ഥതിലുണ്ടായിരുന്നു. ധാരാളം ബന്ധുക്കളെയും മക്കളെയും നൽകി അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിച്ചു.

എന്നാൽ അദ്ദേഹത്തെ കഠിനമായ പരീക്ഷണത്തിന് വിധേയമാക്കാനായിരുന്നു പടച്ച തമ്പുരാന്റെ തീരുമാനം. ഗുരുതരമായ രോഗം ബാധിച്ചു ശരീരമാസകലം വ്രണം നിറഞ്ഞു പഴുത്തൊലിച്ച അദ്ദേഹത്തെ ഉറ്റവരും ഉടയവരും ഇട്ടേച്ചു പോയി. കണക്കറ്റ പരിചാരകവൃന്ദങ്ങളും മക്കളും അദ്ദേഹത്തിന്റെ ദുരിതകാലത്ത് കൂടെയുണ്ടായിരുന്നില്ല. അയവാസികളും നാട്ടുകാരും സഹായത്തിനെത്തിയില്ല. 18 വർഷത്തോളമാണ് അദ്ദേഹം ദീനക്കിടക്കയിൽ ഏകാന്തനായി കഴിഞ്ഞു കൂടിയത്. എന്നാൽ ഈ അതികഠിനമായ പരീക്ഷണകാലത്തും ഭാവിയെ കുറിച്ചുള്ള ശുഭപ്രതീക്ഷ വെച്ചുപുലർത്താൻ അദ്ദേഹത്തിന് സാധിച്ചു. ” ഇതുതന്നെ (യുക്തിവൈഭവം, അറിവ് എന്നീ അനുഗ്രഹങ്ങള്‍) നാം അയ്യൂബിനും നല്‍കിയിട്ടുണ്ടായിരുന്നു. അദ്ദേഹം തന്റെ റബ്ബിനോട് പ്രാര്‍ഥിച്ചതോര്‍ക്കുക: ‘ഞാന്‍ രോഗാതുരനായിരിക്കുന്നു. നീയോ, കരുണയുള്ളവരിലേറ്റം കരുണയുള്ളവനല്ലോ.’ നാം ആ പ്രാര്‍ഥന സ്വീകരിച്ചു. അദ്ദേഹത്തെ ബാധിച്ച ദുരിതം ദൂരീകരിച്ചുകൊടുത്തു. അദ്ദേഹത്തിനു സ്വന്തം കുടുംബത്തെ നല്‍കി, കൂടാതെ അവരോടൊപ്പം അത്രയുംകൂടി നല്‍കി-നമ്മുടെ സവിശേഷ അനുഗ്രഹമായിക്കൊണ്ട്; ഇബാദത്തു ചെയ്യുന്നവര്‍ക്ക് ഒരു പാഠമായിക്കൊണ്ടും” (അല്‍അമ്പിയാഅ് – 83, 84).

പ്രയാസത്തിലകപ്പെടുന്ന വിശ്വാസി എങ്ങനെയാണ് സഹനമവലംബിക്കേണ്ടതെന്നും നിരാശ ബാധിക്കാതെ ജീവിതത്തെ എങ്ങനെ നേരിടണമെന്നും അയ്യൂബ് നബിയുടെ ചരിത്രം വലിയ പാഠമാണ് നൽകുന്നത്. പരീക്ഷണനാളുകളിലെ പ്രാർത്ഥന എങ്ങനെയാവണമെന്നും ഇതിൽ പറയുന്നുണ്ട്. “സംക്ഷിപ്തമായ പദങ്ങളിലൂടെ അദ്ദേഹം തന്റെ ക്ലേശങ്ങള്‍ അനുസ്മരിക്കുകയും ശേഷം ‘നീ കരുണയുള്ളവരിലേറ്റം കരുണയുള്ളവനല്ലോ’. എന്ന് മാത്രം പറഞ്ഞവസാനിപ്പിക്കുകയും ചെയ്യുന്നു. ആവലാതികളും വേവലാതികളും ഒന്നുമില്ല; ഒരപേക്ഷയും സമര്‍പ്പിക്കുന്നുമില്ല; ഒരു വസ്തുവും ആവശ്യപ്പെടുന്നുമില്ല. അങ്ങേയറ്റത്തെ ക്ഷമയും സഹനവും ആത്മസംതൃപ്തിയും മാന്യതയും ആത്മാഭിമാനവുമുള്ള ഒരു വ്യക്തി ദാരിദ്ര്യത്തിലകപ്പെട്ട് ഗത്യന്തരമില്ലാതായി അത്യധികം ഉദാരനും മാന്യനുമായ ഒരു അസ്തിത്വത്തിന്റെ മുമ്പില്‍ചെന്ന് ഇത്രമാത്രം പറയുന്നു: ‘ഞാന്‍ ദരിദ്രനാണ്. അങ്ങ് ഔദാര്യവാനാണല്ലോ.’ എത്ര മനോഹരമാണ് അയ്യൂബ് നബിയുടെ താൻ ബാധിച്ച വിപത്തിനോടുള്ള സമീപനം.” (സയ്യിദ് മൗദൂദി; തഫ്ഹീമുൽ ഖുർആൻ).

അദ്ദേഹത്തിന്റെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു. ദുരിതകാലം മാറി. രോഗവും ശരീരത്തിലുള്ള വ്രണങ്ങളും പൂർണമായും ഭേദമായി. ഇട്ടേച്ചു പോയവരെല്ലാം തിരികെ വന്നു. സമ്പത്തും സമ്പാദ്യങ്ങളും വീണ്ടും ആവോളമുണ്ടായി. ലോകാവസാനം വരെയുള്ള മനുഷ്യർക്ക് അദ്ദേഹത്തിൽ സഹനത്തിന്റെയും ശുഭപ്രതീക്ഷയുടെയും മഹിതമായ പാഠങ്ങൾ ബാക്കിവെച്ചു കൊണ്ടാണ് ഖുർആൻ അദ്ദേഹത്തിന്റെ ചരിത്രം പറഞ്ഞവസാനിപ്പിക്കുന്നത്.

ദുരിതക്കടൽ താണ്ടി ജീവിതത്തിലേക്ക് തിരിച്ചു നടന്ന യൂനുസ് നബിയും നമ്മോട് പറഞ്ഞു വെക്കുന്നത് ജീവിതത്തെ കുറിച്ച് മനോഹരമായ പ്രതീക്ഷകൾ വെച്ച് പുലർത്താൻ തന്നെയാണ്. നീനവ ദേശത്തേക്ക് നിയോഗിക്കപ്പെട്ട പ്രവാചകൻ ആയിരുന്നു യൂനുസ് നബി. ബഹുദൈവ വിശ്വാസത്തിലും ദുർവൃത്തികളിലും കഴിഞ്ഞു കൂടിയിരുന്ന ആ ജനതയെ അദ്ദേഹം ഏകദൈവത്വത്തിലേക്കും ഇസ്‌ലാമിലേക്കും പ്രബോധനം ചെയ്തു. ചരിത്രം ആവർത്തിക്കപ്പെട്ടു. ഇതര പ്രവാചകന്മാരുടെ കാലത്ത് പ്രബോധിതർ കൈകൊണ്ട ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും സമീപനം തന്നെയാണ് നീനവക്കാരും അനുവർത്തിച്ചത്. അദ്ദേഹം ഏതാണ്ട് 950 വർഷത്തോളം ആ ജനതയെ നേർ വഴിലേക്ക് നയിക്കാൻ ക്ഷമയോടെ പ്രബോധനംനടത്തി. എന്നാൽ ഒരുവേള അദ്ദേഹം അല്പം അക്ഷമ കാണിച്ചു. ദൈവകൽപന എത്തുന്നതിന് മുമ്പ് തന്നെ നാട് വിട്ട് കടൽത്തീരത്തേക്ക് നടന്നു. ” മത്സ്യക്കാരനെയും നാം അനുഗ്രഹിച്ചിട്ടുണ്ട്; അദ്ദേഹം പിണങ്ങിപ്പോയപ്പോള്‍. നാം പിടികൂടുകയില്ലെന്ന് അദ്ദേഹം കരുതി. ഒടുവില്‍ അന്ധകാരങ്ങളില്‍വെച്ച് യൂനുസ് കേണു: ‘നീയല്ലാതെ ദൈവമില്ല. നീ അത്യന്തം പരിശുദ്ധനല്ലോ. ഞാനോ, നിസ്സംശയം തെറ്റു ചെയ്തുപോയി.’ അങ്ങനെ, നാം അദ്ദേഹത്തിന്റെ പ്രാര്‍ഥന സ്വീകരിച്ചു. അദ്ദേഹത്തെ ആധിയില്‍നിന്നു മുക്തനാക്കുകയും ചെയ്തു. വിശ്വാസികളെ നാം ഇങ്ങനെ രക്ഷപ്പെടുത്തുന്നു.”

രാത്രിയുടെ ഇരുട്ട്, കടലിലെ ഇരുട്ട്, മൽസ്യോദരത്തിലെ ഇരുട്ട് ഇങ്ങിനെ മൂന്ന് ഇരുട്ടുകൾക്കുള്ളിലാണ് അദ്ദേഹം അകപ്പെട്ടത്. എന്നിട്ടും യൂനുസ് നബി അല്ലാഹുവിലേക്ക് പ്രതീക്ഷയർപ്പിക്കുകയാണ്. ഇരു കരങ്ങളും നീട്ടി അദ്ദേഹം അവന്റെ കാരുണ്യത്തിനായി കാത്തിരുന്നു. അദ്ദേഹത്തിൽ ആ സമയത്ത് ആവലാതിയോ വേവലാതിയോ ഇത്തിരി പോലും ഉണ്ടാവുന്നില്ല. അല്ലാഹു അദ്ദേഹത്തിന്റെ പ്രാർത്ഥന സ്വീകരിക്കുകയും അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു.

നമ്മളൊക്കെ എന്തൊക്കെ അപകടങ്ങളിലും പ്രയാസങ്ങളിലും അകപ്പെടാറുണ്ട്. അപ്പോഴൊക്കെ ക്ഷമയവലംബിക്കാനും ജീവിതത്തെ പ്രതീക്ഷയോടെ നോക്കിക്കാണാനും സാധിക്കാറുണ്ടോ?സങ്കടങ്ങൾ വരുമ്പോൾ അതൊക്കെയും നാഥന്റെ മുന്നിൽ മാത്രം കെട്ടഴിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും ചെയ്യുക എന്നതാണ് വിശ്വാസികൾ ചെയ്യേണ്ടത്. ചെറുപ്പം മുതൽ നിരവധി പരീക്ഷണങ്ങൾക്ക് വിധേയനായ പ്രവാചകനാണ് യൂസുഫ് നബി. സ്വന്തം കൂടപ്പിറപ്പുകൾ തന്നെ അപായപ്പെടുത്തുന്നു. അടിമച്ചന്തയിൽ വില്പനച്ചരക്കായി എത്തുന്ന കുഞ്ഞു യൂസുഫ്. കൊട്ടാരത്തിൽ നിന്നും ജയിലറക്കുള്ളിൽ അടക്കപ്പെടുന്നു. എന്നാലും അദ്ദേഹം ഒരിക്കലും അല്ലാഹുവിലുള്ള പ്രതീക്ഷ കൈ വെടിയുന്നില്ല. അവസാനം അദ്ദേഹം രാജ്യത്തിൻറെ അധിപനാവുകയും തനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കുകയും ചെയുന്നു. “എന്റെ നാഥാ, നീ എനിക്ക് അധികാരം നല്‍കി. സംഭവങ്ങളുടെ സൂക്ഷ്മാവസ്ഥയും പരിണാമവും ഗ്രഹിക്കാന്‍ എന്നെ പഠിപ്പിച്ചിരിക്കുന്നു. വാന-ഭുവനങ്ങളുടെ സ്രഷ്ടാവേ, ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരി നീ മാത്രമാകുന്നു. എന്നെ മുസ്‌ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളോടു ചേര്‍ക്കുകയും ചെയ്യേണമേ!” (യൂസുഫ് 101).

സങ്കീർണമായ മാനസിക പ്രയാസത്തിലൂടെ കടന്നു പോവുകയും തന്റെ സങ്കടങ്ങളും വേവലാതികളും കേൾക്കാൻ ആരുമില്ലാതെ ആയിപ്പോവുകയും ചെയ്യുമ്പോഴും എല്ലാ വേദനകളും ഭാരങ്ങളും ഇറക്കി വെക്കാൻ ഒരു അത്താണിയായി അല്ലാഹുവുണ്ട് എന്നതാണ് ഒരു വിശ്വാസിയുടെ ഏറ്റവും വലിയ സൗഭാഗ്യം. പലരും ഇന്ന് അനുഭവിക്കുന്ന മാനസികപ്രയാസങ്ങളുടെ ഹേതു പലപ്പോഴും സ്വന്തം മക്കൾ തന്നെയാണ്. ആൺമക്കളും പെൺമക്കളും മൂലം പ്രയാസപ്പെടുന്ന പലരും സമൂഹത്തിൽ വർധിച്ചു വരുകയാണ്. നിലവിലുള്ള സാഹചര്യങ്ങളും സോഷ്യൽ മീഡിയയുമെല്ലാം വിദ്യാർത്ഥി യുവജനങ്ങളെ എളുപ്പത്തിൽ വഴിതെറ്റിക്കാൻ സാധ്യതയുള്ളതാണ്. ജീവിതത്തിന്റെ സായന്തനത്തിൽ തങ്ങൾക്ക് താങ്ങും തണലുമാവുമെന്ന് കരുതിയിരുന്ന പ്രിയപ്പെട്ട മക്കളിൽ പലരും മാതാപിതാക്കളുടെ പ്രതീക്ഷകൾക്കൊപ്പം എത്തുന്നില്ല. ഇവിടെയാണ് ഇബ്രാഹിം കുടുംബത്തിന്റെ ജീവിതത്തെ കുറിച്ചുള്ള ശുഭപ്രതീക്ഷകൾ നമുക്ക് പാഠമാവുന്നത്. അദ്ദേഹം പ്രാർത്ഥിച്ച ഏതാണ്ട് 14 ഓളം പ്രാർത്ഥനകൾ ഖുർആൻ ഉദ്ധരിക്കുന്നുണ്ട്. അൽ ബഖറ, ഇബ്രാഹിം, ശൂഅറാഅ, സ്വാഫാത്ത് എന്നീ സൂറത്തുകളിൽ അദ്ദേഹത്തിന്റെ പ്രാർത്ഥനകൾ നമുക്ക് കാണാൻ സാധിക്കും. തങ്ങളുടെ സ്വപ്നങ്ങളിൽ നിന്നും ആഗ്രഹങ്ങളിൽ നിന്നും മക്കൾ അൽപം വ്യതിചലിക്കുമ്പഴേക്കും വല്ലാതെ അസ്വസ്ഥതപ്പെടുന്നവരാണ് മിക്ക മാതാപിതാക്കളും. മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ ഭൗതിക കാര്യങ്ങൾ മാത്രല്ല ശ്രദ്ധിക്കേണ്ടത്. അവരുടെ ആത്മീയവളർച്ചക്ക് ആവശ്യമായ സൗകര്യങ്ങൾ കൂടി ഒരുക്കികൊടുക്കണം. അതോടൊപ്പം അവരെ കുറിച്ച് നല്ലത് വിചാരിക്കുകയും ശുഭപ്രതീക്ഷകൾ വെച്ച് പുലർത്തുകയും ചെയ്യണം. സർവോപരി അവർക്ക് വേണ്ടി നിരന്തരം പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയാണ്ചെയ്യേണ്ടത്. ഇബ്രാഹിം നബിയുടെ പ്രാർത്ഥനകളിൽ ഏറ്റവും കൂടുതൽ മക്കൾക്ക് വേണ്ടിയുള്ളതായിരുന്നു എന്ന് കൂടി നാം ഓർത്തു വെക്കുക.

അല്ലാഹുവിന്റെ തീരുമാനപ്രകാരമല്ലാതെ ലോകത്ത് ഒരു ഇല പോലും അനങ്ങുകയില്ല എന്നതാണ് ഒരു വിശ്വാസിയുടെ നിലപാട്. പിന്നെയെന്തിനാണ് നമ്മൾ പ്രയാസങ്ങളിൽ ചകിതരാവുന്നത്. അഞ്ചു നേരത്തെ നമസ്‌കാരത്തിന് ശേഷം നാം യാന്ത്രികമായി ഉരുവിടുന്നതും അത് തന്നെയാണല്ലോ. “അല്ലാഹുവേ നീ നൽകിയതിനെ തടയുന്നവൻ ആരുമില്ല, നീ തടഞ്ഞതിനെ നൽകുന്നവനായും ആരുമില്ല….”

ഏറ്റവും വലിയ പ്രതീക്ഷയും സന്തോഷവും സ്വർഗപ്രവേശവും അല്ലാഹുവിനെ കണ്ടുമുട്ടലുമാണല്ലോ. അതിനായുള്ളതാവട്ടെ നമ്മുടെ എല്ലാ പരിശ്രമങ്ങളുംപ്രാർത്ഥനകളും. അപ്പോൾ ജീവിതം കൂടുതൽ മനോഹരവും സന്തോഷംനിറഞ്ഞതുമായിരിക്കും.

Related Articles