Current Date

Search
Close this search box.
Search
Close this search box.

ശക്തനായിരിക്കെ വിട്ടുവീഴ്ച ചെയ്യൽ ശ്രേഷ്ഠമാണ്

പ്രതികാരം ചെയ്യാൻ പറ്റുമെന്നിരിക്കെ, വിട്ടുവീഴ്ച ചെയ്യൽ ഇസ്‌ലാമിലെ സമുന്നതവും അത്യുത്തമവുമായ ഗുണങ്ങളിലൊന്നാണ്. അത് ഈമാനിലുൾചേർന്നിരിക്കുന്ന സ്വഭാവ സവിശേഷതകളുടെ സൗന്ദര്യത്തെയും വിട്ടുവീഴ്ച ചെയ്യുന്ന വ്യക്തിയിൽ അടിയുറച്ചിരിക്കുന്ന ഈമാനിനെയും വെളിവാക്കുന്നു. മാത്രമല്ല, അതുവഴി അയാളെത്തിച്ചേർന്ന ശ്രേഷ്ഠ പദവിയെയും അനാവരണം ചെയ്യുന്നു. വിട്ടുവീഴ്ചയും സഹനശീലവും ദൃഢവിശ്വാസിയുടെ രണ്ട് അടയാളങ്ങളാണ്. അവ രണ്ടും അവനിലടങ്ങിയിരിക്കുന്ന ഉന്നത സ്വഭാവഗുണങ്ങളെ ദ്യോതിപ്പിക്കുന്നു. അതിലൂടെ  പൊറുത്തു കൊടുക്കണമെന്നും വിട്ടുവീഴ്ച ചെയ്യണമെന്നുമുള്ള അല്ലാഹുവിന്റെ കൽപനയെ വിശ്വാസി ശിരസാവഹിക്കുകയും ചെയ്യുന്നു.

പ്രതികാരം ചെയ്യുവാൻ ശേഷിയുള്ള സാഹചര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതിന് ഇസ്‌ലാമിൽ ഏറെ പ്രാധാന്യമുണ്ട്. അല്ലാഹു പറയുന്നു: “പ്രവാചകന്‍, (ഈ ജനത്തിലെ അവിവേകങ്ങളോട്) മാന്യമായ വിട്ടുവീഴ്ചയോടെ വര്‍ത്തിക്കുക” (അല്‍ഹിജ്ര്‍ : 85). അതിനാൽ, വിശ്വാസികൾ പരസ്പരം കൈകൊള്ളുന്ന ക്ഷമയും സഹനവും അവരിൽ അന്തർഭവിച്ചിരിക്കുന്ന ഉൽകൃഷ്ട സ്വഭാവഗുണങ്ങളെ പ്രതിഫലിപ്പിക്കുന്നു. എന്നാൽ, ഇത് മിക്കവരും കരുതുന്നതു പോലെ, ഒരാളുടെ ‍ദൗർബല്യത്തെയല്ല മറിച്ച് അയാളുടെ മനോധൈര്യത്തെയാണത് കുറിക്കുന്നത്. പരിശുദ്ധ ഖുർആനും തിരുസുന്നത്തും പ്രസ്തുത ഗുണത്തെ വാഴ്ത്തുന്ന അനവധി അധ്യാപനങ്ങളാൽ സമ്പന്നമാണ്.

വിട്ടുവീഴ്ച്ച ജീവിതത്തിൻറെ മുഖമുദ്രയാക്കാൻ ഖുർആനിക അധ്യാപനങ്ങളും പ്രവാചക വചനങ്ങളും നമ്മെ പ്രേരിപ്പിക്കുന്നു. തങ്ങളോട് അന്യായം ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കാൻ ശേഷിയുണ്ടെങ്കിലും അവരോട് വിട്ടുവീഴ്ച ചെയ്യുന്നത് പ്രവാചകന്മാരുടെ ഉത്തമ സ്വഭാവമായിരുന്നു. തന്നെ കിണറ്റിലുപേക്ഷിക്കുകയും സ്നേഹ നിധിയായ പിതാവിൽ നിന്ന് അകറ്റുകയും ചെയ്ത സഹോദരന്മാർക്ക് യൂസുഫ് (അ) മാപ്പു നൽകുന്ന സന്ദർഭം ഖുർആൻ വിവരിക്കുന്നത് ഇപ്രകാരമാണ്: ” അദ്ദേഹം പ്രസ്താവിച്ചു: ‘ഇന്നു നിങ്ങളുടെ പേരില്‍ പ്രതികാര നടപടിയൊന്നുമില്ല. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരുമാറാകട്ടെ. അവന്‍ ഏറ്റവും വലിയ കരുണാവാരിധിയല്ലോ” (യൂസുഫ് : 92).

മുഹമ്മദ് നബി (സ) യിലും ഈ മാതൃക പ്രകടമാവുന്നുണ്ട്. ഖുറൈശികൾക്കെതിരിൽ അല്ലാഹു അദ്ദേഹത്തിന് വിജയം നൽകിയപ്പോൾ നബി (സ) അവർക്ക് മാപ്പു നൽകുകയാണുണ്ടായത്. ജരീറിബിനു അബ‍്‍ദില്ലയിൽ നിന്ന് നിവേദനം, റസൂൽ (സ) പറഞ്ഞു: “വിട്ടയക്കപ്പെട്ട ഖുറൈശികളും സ്വതന്ത്രരാക്കപ്പെട്ട ഥഖീഫികളും ഇഹത്തിലും പരത്തിലും പരസ്പരം ഉറ്റമിത്രങ്ങളാകുന്നു. കൂടാതെ, മുഹാജിരീങ്ങളും അൻസാറുകളും ഇഹാലോകത്തും പരലോകത്തും പരസ്പരം ഉറ്റമിത്രങ്ങളാണ്” (മുസ്ലിമിന്റെ നിബന്ധനകൾ പ്രകാരം ഈ ഹദീസ് സ്വഹീഹ് ആണ്). മക്കാവിജയ വേളയിൽ നബി തടവുകാരാക്കാതെ സ്വതന്ത്രരായി വിട്ടയച്ചവരെയാണ് ‘വിട്ടയക്കപ്പെട്ട ഖുറൈശികൾ’ എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്.

മറ്റൊരു പ്രവാചക വചനം ഇങ്ങനെയാണ്: ഉഖ്ബതുബ്നു ആമിരിൽ (റ) നിന്ന് നിവേദനം: “ഒരിക്കൽ റസൂലിനെ കണ്ട വേളയിൽ ഞാൻ അദ്ദേഹത്തിന്റെ കരം ഗ്രഹിച്ച് അദ്ദേഹത്തോട് പറഞ്ഞു: അല്ലയോ റസൂലേ, ശ്രേഷ്ഠമായ കർമങ്ങളെ കുറിച്ച് എനിക്ക് പറഞ്ഞു തന്നാലും. അപ്പോൾ അവിടുന്ന് പ്രതിവചിച്ചു: നിന്നോട് ബന്ധം മുറിച്ചവനോട് നീ ബന്ധം ചേർക്കുക, നിനക്ക് ഉപകാരങ്ങൾ തടഞ്ഞവന്ന് നീ നൽകുക, നിന്നോട് അക്രമം കാണിച്ചവനെ നീ അവഗണിക്കുക” (അഹ്മദ്).

വിട്ടുവീഴ്ച (العفو) ചെയ്യുക എന്നാൽ കുറ്റം പൊറുത്തു കൊടുക്കലാണ്. ശിക്ഷാ നടപടി സ്വീകരിക്കാനോ പ്രതിക്രിയ ചെയ്യുവാനോ ശേഷിയുണ്ടായിരിക്കെത്തന്നെ അതിൽ നിന്ന് വിട്ടു നിൽക്കുമ്പോൾ അവിടെ വിട്ടുവീഴ്ച സംഭവിക്കുന്നു. വിട്ടുവീഴ്ച ചെയ്യുന്നവൻ പ്രതാപവും ശ്രേഷ്ഠതയും കൈവരിക്കുന്നു. തന്നോട് ഉപദ്രവം ചെയ്തവനെതിരെ പ്രതിക്രിയ സ്വീകരിക്കലാണ് നീതിയെങ്കിലും വിട്ടുവീഴ്ച ചെയ്യുന്നത് അവനുള്ളിലെ ശ്രേഷ്ഠതയെ പ്രകടമാക്കുന്നു. ഹിജ്ർ 85ാം ആയത്തിലൂടെ ഖുർആൻ നമ്മോട് സ്വായത്തമാക്കുവാൻ ആവശ്യപ്പെടുന്ന ഉത്കൃഷ്ട ഗുണം ഇതാണ്: “പ്രവാചകന്‍, (ഈ ജനത്തിലെ അവിവേകങ്ങളോട്) മാന്യമായ വിട്ടുവീഴ്ചയോടെ വര്‍ത്തിക്കുക.”

വിട്ടുവീഴ്ച (العفو) യുടെ ഭാഷാർഥം

അഫാ (عَفَا), യഅ്ഫൂ(يَعْفُو) എന്ന ക്രിയയുടെ നിഷ്പന്നമാണ് അഫ‍്‍വ് (عفو) എന്ന പദം. വിട്ടുവീഴ്ച ചെയ്യുന്ന ആൾക്ക് ആഫീ (عاف), അല്ലെങ്കിൽ അഫുവ്വുൻ (عفوّ) എന്ന് പറയുന്നു. അഫ‍്‍വ് (عفو) എന്നാൽ, തെറ്റ് പൊറുക്കലും അതിന്റെ മേലുള്ള ശിക്ഷ നടപടികൾക്ക് മുതിരാതിരിക്കലുമാണ്. മായ്ച്ചു കളയുക, തുടച്ചു നീക്കുക എന്നൊക്കെയാണ് അതിന്റെ അടിസ്ഥാന അർഥങ്ങൾ. ഒരവകാശം ഞാൻ അഫ‍്‍വ് ചെയ്തു (عفوتُ عن الحق) എന്ന് പറയുമ്പോൾ അത് ഞാൻ ഉപേക്ഷിച്ചു എന്നാണ് ഉദ്ദേശിക്കുന്നത്. അഥവാ, പ്രസ്തുത അവകാശ നിവർത്തനം ആരുടെ ബാധ്യതയാണോ അയാളിൽ നിന്ന് അതിനെ മായ്ച്ചു കളഞ്ഞു എന്നാണ് അർത്ഥമാക്കുന്നത്. ഖലീൽ ബിൻ അഹ്മദ് അൽ ഫറാഹീദി പറയുന്നു: “ആർക്കെങ്കിലും ശിക്ഷ അർഹതപ്പെടുകയും നീ അയാളെ വിട്ടയയ്ക്കുകയും ചെയ്തുവോ അയാളോട് നീ വിട്ടുവീഴച ചെയ്തിരിക്കുന്നു.”

സ്വഫ്ഹ് (صفح) എന്ന പദം വിട്ടുവീഴ്ചയുടെ ഏറ്റവും ഉയർന്ന തലത്തെയും ഗുഫ്റാൻ (غفران) എന്ന പദം സ്വഫ്ഹിനെക്കാൾ ഉയർന്ന പദവിയെയും പ്രതിഫലിപ്പിക്കുന്നു. കാരണം, ഗുഫ്റാനിൽ (غفران) പൊറുക്കപ്പെടുന്നവന്റെ തെറ്റ് മറയ്ക്കുക എന്ന അർത്ഥത്തെയും ഉൾക്കൊള്ളുന്നു.

എന്നാൽ കഴിവുണ്ടായിരിക്കെ വിട്ടുവീഴ്ച ചെയ്യുക എന്നത് മാന്യരുടെ സവിശേഷതകളിൽ പെട്ടതാണ്. കാരണം അവർ ജീവിതാർഥങ്ങൾ മനസ്സിലാക്കുന്നതിലും പരീക്ഷണങ്ങളെ കുറിച്ചുള്ള ബോധ്യങ്ങളിലും ദൃഢത കൈവരിച്ചവരാണ്. മറ്റുള്ളവരുടെ മേൽ നടപടി സ്വീകരിക്കാൻ കഴിവുള്ളപ്പോഴും നാം കൈകൊള്ളേണ്ട ഉന്നത മാനുഷിക മൂല്യങ്ങളിലേക്കുള്ള സൂചികയാണ് ആ ഗുണം. തെറ്റു പറ്റുമ്പോൾ അതിനെ അംഗീകരിക്കുകയും ഏറ്റ് പറയുകയും ചെയ്യുന്നവർ തീർച്ചയായും പൊറുക്കലും വിട്ടുവീഴ്ചയും അർഹിക്കുന്നു.

ചരിത്രശകലങ്ങളും ഗുണപാഠങ്ങളും

പ്രവാചകവര്യന്മാരുടെയും സച്ചരിതരായ മുൻഗാമികളുടെയും ചരിത്രം വിട്ടുവീഴ്ച എന്ന സ്വഭാവ ഗുണത്തെ വിളിച്ചോതുന്ന അനവധി കഥകളാൽ സമ്പന്നമാണ്. അത്തരത്തിലുള്ള ചില കഥകളും ഗുണപാഠങ്ങളും ചുവടെ ചേർക്കുന്നു:

ഖുറൈശികളുടെ നിരന്തരമായ പീഢനങ്ങൾക്കും മർദനങ്ങൾക്കും ഇസ്‌ലാമിനെതിരെ അവ‍‍ർ നടത്തിയ യുദ്ധങ്ങൾക്കും ശേഷം, ഹിജ്റ എട്ടാം വർഷം നബി തിരുമേനി (സ) മഹാസൈന്യവുമായി മക്ക കീഴടക്കി. തത്സമയം, അവർ റസൂൽ (സ) യോട് ചെയ്ത ചെയ്തികളൊക്കെ നിലനിൽക്കെ, അദ്ദേഹം എല്ലാവർക്കും മാപ്പ് നൽകുകയാണുണ്ടായത്. ഒരു പക്ഷേ, ഏറ്റവും പരിശുദ്ധനായ ഒരു വ്യക്തിത്വത്തിനെതിരിൽ അവർ നടത്തിയ പലവിധ മർദനങ്ങൾക്കും ഉപദ്രവങ്ങൾക്കും പകരമായി അദ്ദേഹം അവരോട് പുലർത്തിയ വിട്ടുവീഴ്ച മനോഭാവം നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ടാവും. അദ്ദേഹം ദൈവദൂതനായിരുന്നു എന്നതിപ്പുറം അദ്ദേഹം ലോകത്തിനെത്തിച്ച മാർഗദ‍ശനമാണ് അതിന് നിദാനം.

യൂസുഫ് (അ) തന്റെ സഹോദരന്മാരോട് സ്വീകരിച്ച സമീപനമാണ് മറ്റൊന്ന്. ചെറുപ്പത്തിൽ, തന്നെ കൊല്ലാൻ ശ്രമിക്കുകയും കിണറ്റിലുപേക്ഷിക്കുകയും പിതാവിൽ നിന്ന് അകറ്റുകയും ചെയ്ത തന്റെ സഹോദരങ്ങളോട് പ്രതികാരം ചെയ്യാൻ അദ്ദേഹത്തിന് ശേഷിയുണ്ടായിരിക്കെത്തന്നെ അവർക്ക് പൊറുത്തു കൊടുക്കുകയാണുണ്ടായത്. അത് ഇപ്രകാരം ഖുർആൻ വിവരിക്കുന്നു. “അദ്ദേഹം പ്രസ്താവിച്ചു: “ഇന്നു നിങ്ങളുടെ പേരില്‍ പ്രതികാര നടപടിയൊന്നുമില്ല. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരുമാറാകട്ടെ. അവന്‍ ഏറ്റവും വലിയ കരുണാവാരിധിയല്ലോ” (യൂസുഫ് : 92).

ഒരിക്കൽ, റസൂൽ (സ) വൃക്ഷത്തണലിൽ ഉറങ്ങുകയായിരുന്നു. അപ്പോൾ ഒരു സത്യനിഷേധി റസൂലിന്റെ വാൾ കവർന്നെടുത്ത് അദ്ദേഹത്തെ ആക്രമിക്കാൻ ഒരുമ്പെട്ടു. അയാൾ റസൂലിനോട് ചോദിച്ചു: ”ഓ മുഹമ്മദ്, ആരാണ് നിന്നെ രക്ഷിക്കാനുള്ളത്”, അപ്പോൾ റസൂൽ (സ) സ്ഥൈര്യത്തോടും ശാന്തതയോടും കൂടി മറുപടി പറഞ്ഞു: ”അല്ലാഹു”, ഇത് കേട്ട മാത്രയിൽ അയാൾ വിറക്കുകയും വാൾ അയാളുടെ കൈയ്യിൽ നിന്ന് താഴെ വീഴുകയും ചെയ്തു. ഉടനെ റസൂൽ (സ) അത് എടുത്ത് അയാളോട് ചോദിച്ചു: ”ഇപ്പോൾ നിന്നെ രക്ഷിക്കാൻ ആരാണുള്ളത്”, അപ്പോൾ അയാൾ അപേക്ഷിച്ചു: “എന്നോട് ക്ഷമിക്കൂ”. തുടർന്ന് റസൂൽ അയാൾക്ക് പൊറുത്തു കൊടുത്തു.

ഒരിക്കൽ, മുഅനു ബ‍്‍നു സാഇദ തന്റെ പക്കലുള്ള ഒരു പറ്റം യുദ്ധ തടവുകാരെ വധിക്കാൻ തീരുമാനിച്ചു. അപ്പോൾ തടവുകാരിൽ ഒരാൾ അദ്ദേഹത്തോട് പറഞ്ഞു: “താങ്കളുടെ തടവുകാരാണ് ഞങ്ങൾ. ഞങ്ങൾ വിശപ്പും ദാഹവും കൊണ്ട് വലയുകയാണ്. ഈ സമയത്ത് ഞങ്ങളെ വധിക്കരുത്.” അപ്പോൾ അദ്ദേഹം പറഞ്ഞു: “അവർക്ക് ഭക്ഷണവും വെള്ളവും നൽകൂ”. വിശപ്പും ദാഹവും അകറ്റിയ ശേഷം അവർ അദ്ദേഹത്തോട് പറഞ്ഞു: “താങ്കൾ ഞങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകി, അതുകൊണ്ട് ഞങ്ങൾ താങ്കളുടെ അതിഥികളായിരിക്കുന്നു, താങ്കൾ അതിഥികളോട് ഏതു വിധമാണ് വർത്തിക്കുക?”, “ഞാൻ നിങ്ങൾക്ക് മാപ്പ് നൽകിയിരിക്കുന്നു” എന്നായിരുന്നു അതിന് അദ്ദേഹം നൽകിയ മറുപടി.

അബൂദർറ് (റ) തന്റെ ഭൃത്യനോട് പറഞ്ഞു: “നീയെന്തിനാണ് ഒട്ടകത്തിന്റെ ഭക്ഷണ സ്ഥലത്തേക്ക് ആടിനെ അയച്ചത്.” താങ്കളെ ദേഷ്യം പിടിപ്പിക്കാനാണെന്ന് ഭൃത്യൻ മറുപടി നൽകി. അപ്പോൾ അബൂദർറ് (റ) പറഞ്ഞു: “അങ്ങനെയെങ്കിൽ ദേഷ്യത്തോടൊപ്പം ഞാൻ പ്രതിഫലവും ചേ‍‍ര്‍ക്കുന്നു, അല്ലാഹുവിന്റെ മാർഗത്തിൽ നിന്നെ ഞാൻ സ്വതന്ത്രനാക്കുന്നു”.

ഒരാൾ അബൂ ഹുറൈറ (റ) യെ ആക്ഷേപിച്ചു. തുടർന്ന് അയാൾ നിശ്ശബ്ദനായപ്പോൾ അബൂ ഹുറൈറ അയാളോട് ചോദിച്ചു: “കഴിഞ്ഞോ?”. അപ്പോൾ “കഴിഞ്ഞു, വേണമെങ്കിൽ ഇനിയും പറയാം” എന്നയാൾ മറുപടി കൊടുത്തു. തത്സമയം, അബൂ ഹുറൈറ തന്റെ ഭൃത്യനെ അടുത്തേക്ക് വിളിച്ചു. അപ്പോൾ ആ വ്യക്തി തെല്ലൊന്ന് നിശ്ശബ്ദത പാലിച്ച് മനസ്സിൽ ആലോചിച്ചു, ‘എന്തായിരിക്കും അദ്ദേഹം അവരോട് കൽപ്പിക്കുക.’ അവിടെയെത്തിയ ഭൃത്യയോട് അബൂ ഹുറൈറ അംഗശുദ്ധി വരുത്താനുള്ള വെള്ളം കൊണ്ടുവരാനാവശ്യപ്പെട്ടു. ശേഷം, അദ്ദേഹം വുദു ചെയ്ത് ഖിബ്‌ലയെ അഭിമുഖീകരിച്ച് ഇങ്ങനെ പ്രാർഥിച്ചു: “അല്ലാഹുവേ, നിന്റെയീ അടിമ എന്നെ ആക്ഷേപിച്ചിരിക്കുന്നു, എന്നെ കുറിച്ച് എനിക്ക് തന്നെ അറിവില്ലാത്തത് പറഞ്ഞിരിക്കുന്നു. അല്ലാഹുവേ, അയാൾ എന്നെ കുറിച്ച് പറഞ്ഞത് സത്യമാണെങ്കിൽ നീ എനിക്ക് പൊറുത്ത് തരേണമേ. ഇനി അവൻ പറഞ്ഞത് കളവാണെങ്കിൽ അവന് നീ പൊറുത്ത് കൊടുക്കേണമേ.” ഇത് കേട്ട വേളയിൽ അയാൾ കുനിഞ്ഞ് അബൂ ഹുറൈറയുടെ ശിരസ്സിൽ ചുംബിച്ചു.

വിട്ടുവീഴ്ചയുടെ പ്രയോജനങ്ങൾ

ഇസ്‌ലാം പ്രതിക്രിയ (ഖിസ്വാസ്) നിയമാനുസൃതമാക്കിയിട്ടുണ്ട്. എന്നാൽ പ്രതിക്രിയയെക്കാൾ പദവി വിട്ടുവീഴ്ചക്കാണ് അല്ലാഹു നൽകിയിരിക്കുന്നത്. കാരണം, വ്യക്തി തലത്തിലും സാമൂഹ്യ തലത്തിലും അത് ഒരുപാട് പ്രയോജനങ്ങൾക്ക് വഴി തുറക്കുന്നുണ്ട്. അതിൽ ചിലത് ചുവടെ വിവരിക്കുന്നു:-

ഖിസ്വാസിലൂടെ സാധ്യമാവാത്ത സംസ്കരണം (ഇസ്വ് ലാഹ്) വിട്ടുവീഴ്ചയിലൂടെ സാധ്യമാവുന്നു. വിട്ടുവീഴ്ച ചെയ്യുന്നവർക്ക് ഭൂമിയിൽ ലഭിക്കുന്നതിനേക്കാൾ ഉന്നത പ്രതിഫലം പരലോകത്ത് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. വിട്ടുവീഴ്ച ചെയ്യുന്നതിലൂടെ ഒരാൾ പ്രതാപവും പ്രൗഢിയും കൈവരിക്കുന്നു. തിന്മയെ ഉത്കൃഷ്ടമായ നന്മ കൊണ്ട് തടുക്കാനുള്ള ഖുർആനിക കൽപന ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നു. അത് പരസ്പര ശത്രുതയെ ശിഥിലമാക്കുകയും തെറ്റ് ചെയ്തവന് ആത്മ വിമർശനത്തിന് വഴി ഒരുക്കുകയും ചെയ്യും. തദ്വാര, ഇരുവരും ആത്മമിത്രങ്ങളായി തീരുകയും ചെയ്യും. തന്റെ സഹോദരങ്ങൾക്ക് മാപ്പു നൽകുന്നതിലൂടെ ഒരു വ്യക്തി പടച്ചവന്റെ പൊറുക്കലിനും മാപ്പിനും അർഹനാവുന്നു.
ആന്തരികമായ വിശ്വാസ ദാർഢ്യത്തിൽ നിന്നാണ് ഒരാൾ വിട്ടുവീഴ്ച ചെയ്യാനുള്ള ശേഷി കരഗതമാക്കുന്നത്. അങ്ങനെ, ഈമാനുള്ള മനസ്സിൽ ശിർക്കോ അക്രമ വാസനയോ (സ്വന്തത്തോടോ മറ്റുള്ളവരോടോ) സ്ഥാനമുറപ്പിക്കില്ല. അത് പരസ്പരമുണ്ടാവുന്ന വഴക്കുകളിൽ നിന്ന് അകറ്റുകയും സ്നേഹത്തോടെ വർത്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും (ഛിദ്രത ശത്രുക്കൾക്ക് കടന്നു കയറാനുള്ള വഴിയാണ്).

ഈ ഗുണം കൈവരിക്കുന്നതിലൂടെ ഒരു വിശ്വാസി അല്ലാഹുവിന്റെ കൽപനകളെ അനുസരിക്കുന്നു. ആകാശഭൂമികളുടെ വിശാലതയാർന്ന സ്വർഗാവകാശികളുടെ ഗുണമാണ് വിട്ടുവീഴ്ച. വിട്ടുവീഴ്ച ചെയ്യുന്നവൻ നേതൃപദവികൾക്ക് ചേരുന്ന സഹനം, ക്ഷമ തുടങ്ങിയ ഗുണങ്ങൾ ആർജിക്കുന്നു. ഹൃദയവിശാലത കരസ്ഥമാക്കാനും അസൂയയിൽ നിന്നും പരസ്പര ശത്രുതയിൽ നിന്നും മനസ്സിന്റെ കുടുസ്സതയിൽ നിന്നുമകലാൻ അത് അവനെ പ്രാപ്തനാക്കുന്നു. യഥാർത്ഥത്തിൽ, പൊറുത്തു കൊടുക്കൽ തെറ്റ് ചെയ്തവനോട് കരുണ കാണിക്കലും അവന് മാനുഷിക പരിഗണന നൽകലുമാണ്.

പരസ്പരമുണ്ടാവുന്ന മോശം പെരുമാറ്റങ്ങളിലൂടെയും കുറ്റകൃത്യങ്ങളിലൂടെയും പോറലേൽപിക്കപ്പെടുകയും തകരുകയും ചെയ്യുന്ന സാമൂഹിക ഭദ്രതക്ക് വിട്ടുവീഴ്ച കൂടുതൽ കെട്ടുറപ്പ് നൽകുന്നു. കൂടാതെ, അത് നമ്മെ തഖ്‌വയിലേക്ക് നയിക്കുന്നു. അല്ലാഹു പറയുന്നു: “നിങ്ങള്‍ വിട്ടുവീഴ്ചയോടെ പ്രവര്‍ത്തിക്കുക. അതാണ് ദൈവഭക്തിയോട് ഏറ്റവും ഇണങ്ങുന്നത്. പരസ്പര ഇടപാടുകളില്‍ ഉദാരത മറക്കാതിരിക്കുക”. തഖ്‌വയിലൂടെ മനഃശാന്തിയും ആത്മസംതൃപ്തിയും നേടിയെടുക്കാൻ കഴിയുന്നു. അതിലൂടെ ഉന്നതി പ്രാപിക്കാനും സ്രഷ്ടാവിന്റെയും സൃഷ്ടികളുടെയും സ്നേഹത്തിന് പാത്രമാവാനും സാധിക്കുന്നു. മാന്യതയുടെ അടയാളം എന്നതിലുപരി വിട്ടുവീഴ്ച പ്രവാചകന്മാരുടെ പ്രധാന സ്വഭാവ സവിശേഷതയാണത്.

മാനസിക ദൗർബല്യവും വിട്ടുവീഴ്ചയും

തെറ്റ് ചെയ്യുന്നവനെ ഒരു പാഠം പഠിപ്പിച്ചില്ലെങ്കിൽ അവനത് വീണ്ടും ആവർത്തിക്കും എന്നാണ് പൊതുവെ ജനങ്ങൾ കരുതുന്നത്. അതിനാൽ, മാനസിക ദൗർബല്യത്തിൽ നിന്നാണ് വിട്ടുവീഴ്ചയും ക്ഷമയും ഉടലെടുക്കുന്നത് എന്നാണ് അവർ ധരിച്ചിരിക്കുന്നത്. എന്നാൽ, യഥാർഥത്തിൽ തെറ്റ് സംഭവിച്ചവന്റെ സാഹചര്യവും ന്യായങ്ങളും പരിഗണിക്കലാണ് അതിലൂടെ സംഭവിക്കുന്നത്. മാത്രമല്ല, വിട്ടുവീഴ്ച ചെയ്യുമ്പോൾ അപരനല്ല മറിച്ച്, നമ്മുടെ ഉള്ളിൽ തിടംവെക്കുന്ന സ്വഭാവദൂഷ്യങ്ങളാണ് നമ്മുടെ ശത്രു എന്ന് മനസ്സിലാക്കുന്ന സന്ദർഭമാണത്. കുറഞ്ഞത്, നമ്മുടെ ഭാഗത്ത് നിന്ന് സംഭവിക്കാവുന്ന തെറ്റിന് തടയിടൽ കൂടി വിട്ടുവീഴ്ചയുടെ ഉദ്ദേശ്യമാണ്. പ്രതികാരം, വിദ്വേഷം തുടങ്ങിയ ചിന്തകളെ ഉപേക്ഷിച്ച് സദ്‌വിചാരങ്ങളിൽ മനസ്സ് മുഴുകലും വിട്ടുവീഴ്ചയുടെ ഗുണങ്ങളിലൊന്നാണ്. കൂടാതെ, അത് നമ്മുടെ ഉള്ളകങ്ങളിലെ മുറിവുകളെ ശമിപ്പിക്കുന്നതിനും കോപത്തെ നിയന്ത്രിക്കുന്നതിനുള്ള മാർഗമാണ്. അവ ജീവിതത്തെ കുറിച്ചുള്ള മനുഷ്യൻ്റെ കാഴ്ചപ്പാട് മാറ്റുന്നു. അങ്ങനെ, സൃഷ്ടികളെ എങ്ങനെ എതിരിടും എന്നതിൽ നിന്നും സ്രഷ്ടാവിന്റെ തൃപ്തി എങ്ങനെ കരസ്ഥമാക്കും എന്നതിലേക്ക് അവന്റെ ചിന്തയെ കേന്ദ്രീകരിക്കപ്പെടുന്നു.

പ്രതികാര നടപടിയും വിട്ടുവീഴ്ചയും

കോപാധിക്യം ആത്മാവിനെ അന്ധമാക്കുന്നു. ഫോൺ സന്ദേശങ്ങളും അനാവശ്യ ചർച്ചകളും മറ്റും പ്രതികാരാഗ്നിക്ക് മൂർച്ച പകരുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് ക്ഷമാശീലനായ വിശ്വാസിയെയും കാര്യങ്ങളെ കൃത്യമായി ഗ്രഹിക്കുന്ന വിവേകിയെയും തിരിച്ചറിയുന്നത്. സഹനശീലനെ കോപത്തിന്റെ വേളയിലും ക്ഷമാലുവിനെ പരീക്ഷണത്തിന്റെ വേളയിലുമല്ലാതെ മനസ്സിലാക്കാൻ സാധിക്കില്ല. അതുപോലെ, പ്രതികാരം ശേഷിയുള്ള വേളയിലാണ് വിട്ടുവീഴ്ച ചെയ്യുന്നവനെ തിരിച്ചറിയാൻ സാധിക്കുക.

പ്രതിക്രിയയെ ആക്ഷേപിക്കുകയോ ശിക്ഷാനടപടികളെ റദ്ദു ചെയ്യുകയോ വിട്ടുവീഴ്ചയുടെ ഉദ്ദേശ്യമല്ല. അല്ലാഹു പറയുന്നു: “ഒരു ജനം അക്രമിക്കപ്പെട്ടശേഷം പകരം ചെയ്തുവെങ്കില്‍, അവര്‍ ആക്ഷേപാര്‍ഹരാകുന്നില്ല. ആക്ഷേപിക്കപ്പെടേണ്ടവര്‍, മറ്റു ജനങ്ങളെ അക്രമിക്കുകയും ഭൂമിയില്‍ അന്യായമായി അധര്‍മങ്ങളനുവര്‍ത്തിക്കുകയും ചെയ്യുന്നവരത്രെ. അങ്ങനെയുള്ളവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്. എന്നാല്‍, ഒരുവന്‍ ക്ഷമയവലംബിക്കുകയും വിട്ടുവീഴ്ച ചെയ്യുകയുമാണെങ്കില്‍ അത് നിശ്ചയദാര്‍ഢ്യത്തിന്റെ കാര്യങ്ങളില്‍ പെട്ടതാകുന്നു.” (അശ്ശൂറാ : 41-43)

അഥവാ, തന്നോട് അക്രമം ചെയ്തവനോടുള്ള പ്രതിക്രിയ ഇസ്‌ലാം മർദിതന് നൽകുന്ന അവകാശമാണ്. എന്നാൽ, അല്ലാഹുവിന്റെ അടുക്കൽ ഉന്നത പദവി ആഗ്രഹിക്കുന്നവർ ക്ഷമിക്കലും പൊറുക്കലും കൈമുതലാക്കണം. ഖുർആൻ പറയുന്നു: “അത് നിശ്ചയദാര്‍ഢ്യത്തിന്റെ കാര്യങ്ങളില്‍ പെട്ടതാകുന്നു.” ഇത് ജീവൻ, ധനം, അഭിമാനം തുടങ്ങി എല്ലാ അവകാശങ്ങളെയും ഉൾകൊള്ളുന്നു. വിശ്വാസി ഇഹലോകത്ത് ധാരാളം കാര്യങ്ങളാൽ പരീക്ഷിക്കപ്പെടുന്നു. ദുൻയാവ് പരീക്ഷണങ്ങളുടെയും ഉരച്ചു നോക്കലിന്റെയും ഇടം മാത്രമാണ്.

 

വിവ: അലീൽ അഹ്‍മദ്

അവലംബം: ഇസ്‍ലാം ഓണ്‍ലൈൻ

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/I1aiVNVTlZsKM3mMWkQmod

Related Articles