Current Date

Search
Close this search box.
Search
Close this search box.

സമയം; അനുഗ്രഹവും പരീക്ഷണവും

clock.jpg

‘സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും അതിന് ഘട്ടങ്ങള്‍ നിര്‍ണ്ണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിനുവേണ്ടി. യഥാര്‍ത്ഥ മുറപ്രകാരമല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്ന ആളുകള്‍ക്കുവേണ്ടി അല്ലാഹു തെളിവുകള്‍ വിശദീകരിക്കുന്നു. തീര്‍ച്ചയായും രാപ്പകലുകള്‍ വ്യത്യാസപ്പെടുന്നതിലും ആകാശങ്ങളിലും ഭൂമിയിലും അല്ലാഹു സൃഷ്ടിച്ചിട്ടുള്ളവയിലും സൂക്ഷമത പാലിക്കുന്ന ആളുകള്‍ക്ക് പല തെളിവുകളുമുണ്ട്.”

അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹമാണ് സമയം. സമയം അറിയാനും മാസങ്ങളും വര്‍ഷങ്ങളും കണക്കുകൂട്ടാനും മാര്‍ഗങ്ങള്‍ പഠിപ്പിച്ചു തന്നു എന്നതും വലിയ അനുഗ്രഹം തന്നെ. സമയം നിര്‍ണയിക്കുകയെന്നത് മനുഷ്യ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും ഭാഗമാണ്. അത് നമ്മുടെ ജീവിതത്തെ ചിട്ടപ്പെടുത്തുവാനും ഭൂതകാലത്തെ പഠിക്കുവാനും ഭാവിയെ നിര്‍ണ്ണയിക്കുവാനും സഹായിക്കുന്നു. ഇസ്‌ലാം സമയത്തിന് വലിയ പ്രാധാന്യം നല്‍കുകയും അതിനെ കുറിച്ച് വിശ്വാസികളെ സദാ ഉണര്‍ത്തുകയും ചെയ്യുന്നു. ദുഖഃകരമെന്ന് പറയട്ടെ, ഒരുപാട് സമയം പാഴാക്കി കളയുന്നവരാണ് നാം. അമേരിക്കകാരന്‍ ടിവി കണ്ടും ഇന്റര്‍നെറ്റ് ഉപയോഗിച്ചും ഏതാണ്ട് 18400 മണിക്കൂര്‍ (21 വര്‍ഷം) പാഴാക്കി കളയുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു. അനാവശ്യ മെയിലുകള്‍ തുറന്നും വായിച്ചും ഡിലീറ്റ് ചെയ്തും നാം 2 മുതല്‍ 3 വര്‍ഷം വരെ നഷ്ടപ്പടുത്തുന്നുണ്ടത്രെ.
    
ഒരു മനുഷ്യന്‍ അവന്റെ ജീവിതത്തില്‍ നേടിയെടുക്കുന്നതൊക്കെയും സമയത്തിന്റെ അടിസ്ഥാനത്തിലായിരിക്കെ സമയം അവന് ഏറ്റവും വിലപ്പെട്ടതായിത്തീരുന്നു. എന്നാല്‍ ഇതേ സമയത്തോട് അവന്‍ പുലര്‍ത്തുന്ന നിലപാടനുസരിച്ച് അവനെ അത് നാശത്തിലേക്കും എത്തിക്കുന്നു. ‘അവന്‍ തന്നെയാണ് രാപ്പകലുകളെ മാറിമാറി വരുന്നതാക്കിയവന്‍. ആലോചിച്ചു മനസ്സിലാക്കാനുദ്ദേശിക്കുകയോ നന്ദി കാണിക്കാനുദ്ദേശിക്കുകയോ ചെയ്യുന്നവര്‍ക്ക് ദൃഷ്ടാന്തമായിരിക്കുവാനാണത്.”(ഫുര്‍ഖാന്‍:62) പുതുക്കാനോ തിരിച്ചുപിടിക്കാനോ കഴിയാത്ത ഒന്നാണ് സമയം. പണം നഷ്ടപ്പെട്ടാല്‍ വീണ്ടും നേടിയെടുക്കാന്‍ കഴിയുമെങ്കില്‍ സമയം നഷ്ടപ്പട്ടാല്‍ അതിന് ഒരു തിരിച്ചുവരവ് അസംഭവ്യമാണ്.

കാലത്തെ സാക്ഷി നിര്‍ത്തി അല്ലാഹു പറയുന്നു:’കാലം തന്നയാണ് സത്യം. തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും സത്യം കൈകൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.”(അല്‍ അസ്വ്ര്‍) പ്രസ്തുത സൂറത്തില്‍ കാലത്തെ സാക്ഷി നിര്‍ത്തിയാണ് മനുഷ്യന്റെ നഷ്ടത്തേയും നേട്ടത്തെയും സൂചിപ്പിക്കുന്നത്. സമയത്തെ സാക്ഷിയാക്കി പറയുന്ന നിരവധി സൂക്തങ്ങള്‍ വേറെയുണ്ട്.

‘രാവിനെ കൊണ്ട് സത്യം. അത് മൂടി കൊണ്ടിരിക്കുമ്പോള്‍.”(അല്ലൈല്‍ 1)
‘പ്രഭാതം തന്നെയാണ് സത്യം. പത്തു രാത്രികള്‍ തന്നയാണ് സത്യം. ഇരട്ടയും ഒറ്റയും തന്നയാണ് സത്യം. രാത്രി സഞ്ചരിച്ചു കൊണ്ടിരിക്കെ അതു തന്നയാണ് സത്യം.”(അല്‍ ഫജ്ര്‍14)
‘പൂര്‍വാഹ്നം തന്നെയാണ് സത്യം. രാത്രി തന്നെയാണ് സത്യം. അത് ശാന്തമാവുമ്പോള്‍.”(അദ്ദുഹാ : 1-2)

സമയം അനുഗ്രഹമായിരിക്കെ തന്നെ വിശ്വാസവും കൂടിയാണ്. നബി (സ) പറയുന്നു: ‘സമയത്തെ ശകാരിക്കരുത്. സമയം അല്ലാഹുവില്‍ നിന്നാണ്.”(മുസ്‌ലിം)
അതായത് സമയത്തെ സൃഷ്ടിച്ചത് അല്ലാഹുവാണ്. പാപങ്ങള്‍ ചെയ്ത് സമയത്തെ ശകാരിക്കുക എന്നതിനപ്പുറം അതിനെ നല്ല രീതിയില്‍ ഉപയോഗിക്കുകയാണ് വേണ്ടത്. സമയത്തെ ശരിയായ വിധം സന്തുലിതപ്പെടുത്തിയും ഉപയോഗിക്കുവാന്‍ ഇസ്‌ലാം പഠിപ്പിക്കുന്നു.

 

ആരാധനക്ക് വേണ്ടി സമയം ചെലവഴിക്കുക
ആരോഗ്യ പരിപാലനത്തിന് സമയം ചെലവഴിക്കുക.
പഠന തൊഴില്‍ ആവശ്യങ്ങള്‍ക്കുവേണ്ടി സമയം ചെലവഴിക്കുക.
കുടുംബത്തിനും സമൂഹത്തിനും വേണ്ടി സമയം ചെലവഴിക്കുക.
സന്നദ്ധ പ്രവര്‍ത്തനത്തിനും സേവനത്തിനും സമയം ചെലവഴിക്കുക.

 

പാപങ്ങളിലും അനാവശ്യ കാര്യങ്ങളിലും മുഴുകി സമയം കളയുന്നവരല്ല വിശ്വാസികള്‍. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കേവലം കണക്കുകളില്‍ ഒതുക്കാതെ  നാളെ ഓരോ നിമിഷത്തിനും കണക്കു പറയേണ്ടിവരുമെന്ന ബോധത്തോടെ ജീവിക്കുക. ‘അല്ലാഹു ചോദിക്കും: ഭൂമിയില്‍ നിങ്ങള്‍ താമസിച്ച് കൊല്ലങ്ങളുടെ എണ്ണം എത്രയായിരുന്നു. അവര്‍ പറയും ഞങ്ങള്‍ ഒരു ദിവസമോ ഒരു ദിവസത്തിന്റെ അല്‍പഭാഗമോ താമസിച്ചിട്ടുണ്ടാവും. എണ്ണിത്തിട്ടപ്പെടുത്തയവരോട് നീ ചോദിച്ചു നോക്കുക. അവന്‍ പറയും: നിങ്ങള്‍ അല്പം മാത്രമേ താമസിച്ചിട്ടുള്ളൂ. നിങ്ങള്‍ അത് മനസ്സിലാക്കിയിരുന്നുവെങ്കില്‍. അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരക്കയാണോ.”(മുഅ്മിനൂന്‍ : 112-115)

മുആദ്ബനു ജബല്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ നബി(സ) ഇതിന്റെ വിശദീകരണമെന്നോണം പറയുന്നു:’അന്ത്യനാളില്‍ നാല് കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്തിട്ടല്ലാതെ ഒരാളുടെ കാലടിയും മുന്നോട്ട് നീങ്ങുകയില്ല. അവന്റെ ജീവിതം, അതവനങ്ങെനെ ചെലവഴിച്ചു. അവന്റെ യുവത്വം, അവന്‍ എങ്ങനെ  ഉപയോഗപ്പെടുത്തി. അവന്റെ സമ്പത്ത്. അവന്‍ എങ്ങനെ സമ്പാദിച്ചു, എങ്ങനെചെലവഴിച്ചു. അവന്റെ അറിവ്. അതുകൊണ്ടവന്‍ എന്തൊക്കെ ചെയ്തു.”(ത്വബ്‌റാനി)
ഗൗരവമേറിയ ചോദ്യങ്ങളാണിവ. ഇതില്‍ നിന്നും ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയുന്നതല്ല. അതിനാല്‍ നാളെ വിചാരണ നാളില്‍ നമ്മുടെ ഉത്തരങ്ങള്‍ നമ്മെ നാണം കെടുത്താത്തതും അവഹേളിക്കാത്തതുമാകുന്ന തരത്തില്‍ സമയത്തെ ഉപയോഗപ്പെടുത്താന്‍ കഴിയേണ്ടതുണ്ട്.
                                        
വിവ: ഷെയ്മ മുഹമ്മദ്

Related Articles