Current Date

Search
Close this search box.
Search
Close this search box.

മൂലധനം പാഴാക്കുന്നവര്‍

time-life.jpg

നാം നമ്മുടെ മൂലധനം പാഴാക്കികൊണ്ടിരിക്കുകയാണ്. നമ്മുടെ ആയുസ്സാണ് ആ മൂലധനം. നാം അറിയാതെ നമ്മില്‍ നിന്നു കൊഴിഞ്ഞു പോയികൊണ്ടിരിക്കുന്ന ദിവസങ്ങളാണത്. വര്‍ഷങ്ങളും മാസങ്ങളും ആഴ്ച്ചകളും ദിവസങ്ങളുമായി നിങ്ങളതിനെ പാഴാക്കികൊണ്ടിരിക്കുകയാണ്. സമയം കൊല്ലാനായി വിളിക്കുന്ന എത്രയോ ആളുകളെ തന്നെ നമുക്കിന്ന് കാണാം. കളിവിനോദങ്ങളില്‍ ഏര്‍പ്പെട്ട് സമയത്തെ കൊലചെയ്യുകയാണവര്‍. അതില്‍ കടന്നുവരുന്ന ഹലാലുകളും ഹറാമുകളും ആ വിഡ്ഢികള്‍ തിരിച്ചറിയുന്നില്ല. തങ്ങളുടെ സമയത്തെ വെറുതെ പാഴാക്കുകയാണ് ആ പാവങ്ങള്‍. മനുഷ്യന്‍ സമയം കൊല്ലലില്‍ ഏര്‍പ്പെടുമ്പോള്‍ സ്വന്തത്തെ തന്നെയാണ് കൊല്ലുന്നത്.

സമയത്തിന്റെ കൊലയാളികള്‍ സ്വന്തത്തിന്റെ കൊലയാളികളാണ്. ആത്മഹത്യയാണ് അവര്‍ ചെയ്യുന്നത്. കത്തിയുപയോഗിച്ചോ റിവോള്‍വറില്‍ നിന്നും വെടിയുതിര്‍ത്തോ ആത്മഹത്യയല്ലായിരിക്കാം അത്. പക്ഷേ കാണപ്പെടാത്ത രീതിയില്‍ സാവധാനമുള്ള ആത്മഹത്യയാണത്. സമയം പാഴാക്കുന്നതിലൂടെ വിലപ്പെട്ട മൂലധനമാണ് പാഴാക്കപ്പെടുന്നത്. ശൈഖ് ഹസനുല്‍ ബന്ന പറഞ്ഞത് പ്രകാരം ‘സമയം തന്നെയാണ് ജീവിതം.’

പാശ്ചാത്യര്‍ പറയുന്ന പോലെ സ്വര്‍ണമല്ല സമയം. സ്വര്‍ണത്തിന് പകരം വെക്കാം. അതില്ലാതെയും ജീവിക്കാം. എന്നാല്‍ സമയം ജീവിതമാണ്. സ്വര്‍ണത്തേക്കാളും ജനങ്ങളേക്കാളും ഏത് അമൂല്യ രത്‌നത്തേക്കാളും വിലപ്പെട്ടതാണത്.

നിന്റെ സമയമെന്നത് നിന്റെ ജീവിതമാണ്. നിന്റെ ജീവിതമെന്നത് നിന്റെ സമയവും. ഹസന്‍ ബസ്വരി പറയുന്നു: ”മനുഷ്യപുത്രാ, ദിവസങ്ങളുടെ ഒരു കൂട്ടം മാത്രമാണ് നീ. ഒരു ദിവസം കടന്നു പോകുമ്പോള്‍ നിന്റെ ഒരു ഭാഗമാണ് പോകുന്നത്.’ തൊട്ടില്‍ മുതല്‍ മയ്യത്ത് കട്ടില്‍ വരെയുള്ള സമയമാണ് മനുഷ്യ ജീവിതം. അഥവാ ജനനം മുതല്‍ മരണം വരെയുള്ള കാലം. അതുകൊണ്ട് തന്നെ നീ സമയം വെറുതെ കളയുമ്പോള്‍ ജീവിതമാണ് വെറുതെ നശിപ്പിക്കുന്നത്.

ഒരാള്‍ പണം നശിപ്പിക്കുകയാണെങ്കില്‍ അവനെ വിഡ്ഢിയായി കാണുകയും അതില്‍ നിന്നവനെ തടയാന്‍ ആളുകള്‍ രംഗത്ത് വരികയും ചെയ്യും. എന്നാല്‍ സ്വന്തത്തെ കൊല്ലുന്നവര്‍ – സമയം കൊല്ലികള്‍ – ആക്ഷേപിക്കപ്പെടുന്നില്ലെന്നതാണ് അത്ഭുതകരമായ മറ്റൊരു കാര്യം. സമ്പത്തിനേക്കാള്‍ അമൂല്യമാണ് സമയം. എന്നിട്ടും അത് നശിപ്പിക്കുന്നവന്‍ ആക്ഷേപിക്കപ്പെടുകയോ വിലക്കപ്പെടുകയോ ചെയ്യുന്നില്ല. സ്വന്തത്തോട് ചെയ്യുന്ന കുറ്റത്തെ കുറിച്ചവന്‍ ബോധവാനല്ലെന്നത് ദുഖകരമാണ്.

ഓരോ വര്‍ഷത്തിന്റെയും തുടക്കത്തില്‍ നാം ഓരോരുത്തരും സ്വന്തത്തോട് ചോദിക്കേണ്ട ചോദ്യങ്ങളുണ്ട്. കഴിഞ്ഞ കാലത്ത് എന്ത് ചെയ്തു? അവശേഷിക്കുന്ന കാലം എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്? കഴിഞ്ഞ കാലത്തെ സൂക്ഷമമായി വിലയിരുത്തുകയും വരാനിരിക്കുന്നവക്കായി നല്ല ആസൂത്രണം നടത്തുകയും വേണ്ടതുണ്ട്. എന്റെ നാഥന്റെ തൃപ്തിക്ക് പ്രാപ്തനാക്കുന്ന, സ്വന്തത്തെ സാക്ഷാല്‍കരിക്കാനാവുന്ന, പരലോകത്ത് എനിക്കുപകാരപ്പെടുന്ന എന്തൊക്കെ കര്‍മങ്ങളാണ് ഈ വര്‍ഷം ഞാന്‍ ചെയ്യാനുദ്ദേശിക്കുന്നത്? ഒരു വര്‍ഷത്തോട് വിടപറഞ്ഞ് പുതുവര്‍ഷത്തെ സ്വീകരിക്കുന്ന സന്ദര്‍ഭത്തില്‍ ഓരോ സത്യവിശ്വാസിയുടെയും ഉള്ളിലുണ്ടാവേണ്ട ആലോചനയും ചിന്തയുമാണിത്.

വിവ: നസീഫ്‌

Related Articles