Current Date

Search
Close this search box.
Search
Close this search box.

മുഖസ്തുതിയല്ല, ഗുണകാംക്ഷയാണ് വേണ്ടത്

thumb.jpg

അബ്ദുര്‍റഹ്മാന്‍ നാസര്‍ സ്‌പെയ്‌നില്‍ വിസ്മയകരമായ അസ്സഹ്‌റ പട്ടണം പടുത്തുയര്‍ത്തി. നിര്‍മാണകലയിലെ വൈവിധ്യം കൊണ്ട് ലോകത്തിലെ തന്നെ ശ്രദ്ദേയമായ ഒരു നഗരമായിത്തീര്‍ന്നു. അതില്‍ തന്നെ രാഷ്ട്രത്തിന്റെ ഖജനാവില്‍ നിന്ന് ഭീമമായ തുക ചിലവഴിച്ചുകൊണ്ട് ഒരു വലിയ സ്ഫടിക കൊട്ടാരം നിര്‍മിക്കുകയുണ്ടായി. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ടൈലുകൊണ്ടാണ് അതിന് നാമകരണം ചെയ്തത്. കൊര്‍ദോവയിലെ ധീരനായ പണ്ഡിതവര്യന്‍ സഈദുബ്‌നു മുന്ദിറിനു ഭരണാധികാരികളുടെ ഈ ധൂര്‍ത്ത് വലിയ അസ്വസ്ഥത സൃഷ്ടിച്ചു. നാസിര്‍ വെള്ളിയാഴ്ച പള്ളിയിലെത്തിയപ്പോള്‍ സഈദ് ബിന് മുന്ദിര്‍ ധൂര്‍ത്തിനെതിരെ പ്രൗഢമായ ഖുതുബ നിര്‍വഹിച്ചു. പ്രഭാഷണത്തില്‍ നാസിറന്റെ ധൂര്‍ത്തിനെതിരെ അശ്ശുഅറാഅ് അധ്യായത്തിലെ ശ്രദ്ദേയമായ സൂക്തങ്ങള്‍ അദ്ദേഹം ഓതിക്കേള്‍പ്പിച്ചു. ‘വെറുതെ പൊങ്ങച്ചം കാട്ടാനായി നിങ്ങള്‍ എല്ലാ കുന്നിന്‍മുകളിലും സ്മാരകസൗധങ്ങള്‍ കെട്ടിപ്പൊക്കുകയാണോ? നിങ്ങള്‍ക്ക് എക്കാലവും പാര്‍ക്കാനുള്ള പടുകൂറ്റന്‍ കൊട്ടാരങ്ങള്‍ പടുത്തുയര്‍ത്തുകയാണോ? നിങ്ങള്‍ ആരെയെങ്കിലും പിടികൂടിയാല്‍ വളരെ ക്രൂരമായാണ് ബലപ്രയോഗം നടത്തുന്നത്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനോട് ഭക്തിയുള്ളവരാകുക എന്നെ അനുസരിക്കുക. അല്ലാഹു നിങ്ങളെ സഹായിച്ചത് എങ്ങനെയെല്ലാമെന്ന് നിങ്ങള്‍ക്ക് നന്നായറിയാമല്ലോ. അതിനാല്‍ നിങ്ങള്‍ അവനോട് ഭക്തിയുള്ളവരാവുക. കന്നുകാലികളെയും മക്കളെയും നല്‍കി അവന്‍ നിങ്ങളെ സഹായിച്ചു, തോട്ടങ്ങളും അരുവികളും തന്നു. ഭയങ്കരമായ ഒരു നാളിലെ ശിക്ഷ നിങ്ങള്‍ക്കു വന്നെത്തുമെന്നു ഞാന്‍ ഭയപ്പെടുന്നു. (അശ്ശുഅറാഅ് 128-134) ഐഹിക ജീവിതവിഭവം നന്നെ നിസ്സാരമാണ്. ദൈവഭക്തര്‍ക്ക് പരലോകമാണ് കൂടുതലുത്തമമെന്ന് കൂടി ഉദ്‌ബോധിപ്പിച്ച ശേഷം ധൂര്‍ത്തില്‍ പടുത്തുയര്‍ത്തപ്പെട്ട ഈ പടുകൂറ്റന്‍ കൊട്ടാരത്തെ കുറിച്ചും അതിന്റെ ഭവിഷ്യത്തുകളെ കുറിച്ചുമെല്ലാം ചിന്തോദ്ദീപകമായ രീതിയിലുള്ള അദ്ദേഹത്തിന്റെ വിവരണം കേട്ടപ്പോള്‍ അവിടെ ഒരുമിച്ചുകൂടിയവരുടെയെല്ലാം കണ്ണുകള്‍ സജലങ്ങളായി. പിന്നീട് അദ്ദേഹം നാസിറിനു നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു. നിന്നെ പിശാചാണ് ഇതിന് പ്രേരിപ്പിച്ചത്! അല്ലാഹു നിനക്ക് ഈ അധികാരം നല്‍കിയില്ലായിരുന്നുവെങ്കില്‍ നിനക്ക് ഇത് നിര്‍മിക്കുവാന്‍ കഴിയുമായിരുന്നില്ല . നിഷേധികളുടെ പദവിയിലേക്കാണ് പിശാച് നിന്നെ കൊണ്ടെത്തിച്ചത്. ഇതുകേട്ട നാസിര്‍ ഭയവിഹ്വലനായിക്കൊണ്ട് പറഞ്ഞു. ‘എനിക്കെങ്ങനെ ആ പദവിയിലിരിക്കാന്‍ കഴിയും?!’ ഉടന്‍ സഈദ് അസ്സുഖ്‌റുഫ് അധ്യായത്തിലെ 33-34 സൂക്തങ്ങള്‍ കേള്‍പിച്ചു. ജനം ഒരൊറ്റ സമുദായമായിപ്പോകുമായിരുന്നില്ലെങ്കില്‍ പരമകാരുണികനായ അല്ലാഹുവിനെ തള്ളിപ്പറയുന്നവര്‍ക്ക്, അവരുടെ വീടുകള്‍ക്ക് വെള്ളികൊണ്ടുള്ള മേല്‍പ്പുരകളും അവര്‍ക്ക് കയറിപ്പോകാന്‍ വെള്ളികൊണ്ടുള്ള കോണികളും നാം ഉണ്ടാക്കുമായിരുന്നു. അങ്ങനെ അവരുടെ വീടുകള്‍ക്ക് വാതിലുകളും അവര്‍ക്ക് ചാരിയിരിക്കാനുള്ള കട്ടിലുകളും നല്‍കുമായിരുന്നു. ഈ സൂക്തം കേട്ടപ്പോള്‍ ഖലീഫ അസ്വസ്ഥനാവുകയും കണ്ണീര്‍വാര്‍ത്തുകൊണ്ട് തന്റെ പ്രവൃത്തിയില്‍ ഖേദം രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട് ഖാദിയായ സഈദിന്റെ അടുത്തെത്തി പറഞ്ഞു. അല്ലാഹു താങ്കള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കട്ടെ. താങ്കളെ പോലുള്ള സത്യത്തിന്റെ നാവായവര്‍ വളരെ വിരളമാണ്. പിന്നീട് രത്‌നങ്ങള്‍കൊണ്ടുള്ള കുബ്ബകള്‍ തകര്‍ത്തുനിലം പരിശാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇതാണ് ഇസ്‌ലാം മുമ്പോട്ട് വെക്കുന്ന ധീരമായ നിലപാട്. ധിക്കാരിയായ ഭരണാധികാരികള്‍ക്ക് മുമ്പിലും നീതിക്ക് വേണ്ടി സാക്ഷിയാകുന്നതിലൂടെ ഭരണാധികാരികളെ വരെ ഇരുത്തിച്ചിന്തിപ്പിക്കുകുയും തെറ്റുതിരുത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. മറിച്ച് ഭരണാധികാരികളുടെ സാമീപ്യത്തിനായി മുഖസ്തുതിയും വാഴ്ത്തലുകളും പണ്ഡിതന്മാരില്‍ നിന്നുണ്ടാകുകയാണെങ്കില്‍ അത് ധിക്കാരത്തില്‍ ബഹുദൂരം സഞ്ചരിക്കാനുള്ള പ്രചോദനം മാത്രമേ നല്‍കുകയുള്ളൂ. സത്യസന്ധതക്ക് ഒരു ശ്രേഷ്ഠതയുണ്ട്. ധീരത ഒരുല്‍കൃഷടമായ ഗുണവിശേഷണമാണ്. ഇവ രണ്ടുമാണ് സത്യം ആരുടെ മുമ്പിലും തുറന്നുപറയാന്‍ പ്രചോദനമാകുന്നത്. അതിനാല്‍ തന്നെ സുഹൃത്തുക്കളോടും ഭരണാധികാരികളോടും നേതൃത്വത്തോടും ഗുണകാംക്ഷ പുലര്‍ത്താന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ഇല്ലെങ്കില്‍ അശ്രദ്ധയും അവിവേകവും മൂലം ഏതൊരു മനുഷ്യനും തെറ്റുകളിലകപ്പെടുകയും ചെയ്യും. സ്വന്തം തെറ്റുകള്‍ തിരിച്ചറിയാന്‍ പലപ്പോഴും നമുക്ക് കഴിയില്ല, മറ്റുള്ളവര്‍ ഉണര്‍ത്തുമ്പോഴാണ് നാം ബോധവാന്മാരാകുന്നത്. ഗുണകാംക്ഷയുള്ള മനസ്സും സത്യം സധൈര്യം വിളിച്ചുപറയാനുള്ള ആര്‍ജ്ജവവുമാണ് നാം നേടിയെടുക്കേണ്ടത്.

പൗരാണികവും ആധുനികവുമായ ചരിത്രം നാം വിശകലനവിധേയമാക്കുകയാണെങ്കില്‍ ഒരു സമൂഹം വിജയിക്കുന്നതിന് സത്യത്തോടുള്ള അവരുടെ കൂറും നേതൃത്വത്തോടുള്ള ആത്മാര്‍ഥമായ സ്‌നേഹവുമാണെന്ന് മനസ്സിലാക്കാം. സത്യത്തില്‍ അവരെ പിന്തുണക്കുന്നതില്‍ ഒരു പിശുക്കും അവര്‍ കാണിക്കുകയില്ല. തെറ്റുവരുമ്പോള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ അവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല. ഈ ഗുണഗണങ്ങള്‍ ഒരു സമൂഹത്തില്‍ നിന്ന് അന്യമാകുമ്പോള്‍ അവരുടെ ചൈതന്യം ചോര്‍ന്നു പോകുകയും ഔന്നത്യം ഇല്ലാതാകുകയും ആദരണീയത നഷ്ട്‌പ്പെടുകയും ചെയ്യും. ഈ സത്യസന്ധമായ ഗുണകാംക്ഷയാല്‍ സമ്പുഷ്ടമാണ് ഇസ് ലാമിക ചരിത്രം. ബോംബുകള്‍ കൊണ്ടോ കൂട്ടനശീകരണ ആയുധങ്ങള്‍കൊണ്ടോ ആയിരുന്നില്ല അവര്‍ ചരിത്രത്തില്‍ ഇടംപിടിച്ചത്. മറിച്ച് ഉല്‍കൃഷ്ട സ്വഭാവവൈശിഷ്ട്യങ്ങള്‍, കുശാഗ്രബുദ്ധി, ഉയര്‍ന്ന മൂല്യങ്ങള്‍ എന്നിവയായിരുന്നു അവരെ സവിശേഷമാക്കിയത്.

വിവ: അബ്ദുല്‍ബാരി കടിയങ്ങാട്

Related Articles