Current Date

Search
Close this search box.
Search
Close this search box.

പ്രലോഭനങ്ങളില്‍ അടിപതറുന്നവര്‍

pin.jpg

പ്രബോധകരെ തങ്ങളുടെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ നിന്നും വഴിതിരിച്ചുവിടുന്നതില്‍ അവര്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ചിലരുടെ പതനത്തിന് കാരണം പ്രലോഭനങ്ങളാണെങ്കില്‍ മറ്റുചിലരുടെ അന്തകനാകുന്നത് കടുത്ത പരീക്ഷണങ്ങളും പ്രകോപനങ്ങളുമാണ്. ഒരു മുസ്‌ലിം സഹോദരന്‍ ഇസ്‌ലാമികമായ അന്തരീക്ഷത്തില്‍ വളരുന്നു. പിന്നീട് പഠനാവശ്യാര്‍ഥമോ ജോലി ലക്ഷ്യം വെച്ചോ എല്ലാ ആഭാസങ്ങളും നടമാടുന്ന തിന്മയുടെ കൂത്തരങ്ങുകളില്‍ അവന്‍ എത്തിച്ചേരുന്നു. പിന്നീട് അവന്‍ ശക്തമായ ആത്മസമ്മര്‍ദ്ധത്തിന് അവന്‍ വിധേയമാകുന്നു. ചിലര്‍ തങ്ങളുടെ നിലപാടുകളില്‍ സഹനത്തോടും സ്ഥൈര്യത്തോടും കൂടി ഉറച്ചുനിന്നുകൊണ്ട് ഇത്തരം സമ്മര്‍ദ്ധങ്ങളെ അതിജീവിക്കുന്നു. മറ്റുചിലര്‍ പ്രലോഭനങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും അടിപ്പെട്ട് അടിപതറുകയും ചെയ്യുന്നു.

അമേരിക്കയിലേക്ക് പഠനാവശ്യാര്‍ഥം യാത്രതിരിച്ച ഒരു സഹോദരനെ ഞാന്‍ ഓര്‍ക്കുകയാണ്. അവന്‍ നാട്ടില്‍ ഒരു മാതൃക വ്യക്തിത്വമായിരുന്നു. സഹപാഠികള്‍ക്കിടയില്‍ മികച്ച മാതൃകയുമായിരുന്നു. എന്നാല്‍ ഏതാനും വര്‍ഷം അമേരിക്കയില്‍ പഠനസഹവാസം പൂര്‍ത്തിയാക്കി വന്നപ്പോഴേക്കും പഴയ അവസ്ഥയില്‍ നിന്നും പൂര്‍ണമായും മാറി മറ്റൊരു പുതിയ മനുഷ്യനായിട്ടാണ് അവന്‍ തിരിച്ചുവന്നത്. ഈ അശുഭ യാത്രക്ക് മുമ്പ് അവന്‍ നേടിയെടുത്ത എല്ലാ ഗുണഗണങ്ങളെയും പ്രസ്തുത സാഹചര്യം തകര്‍ത്തുതരിപ്പണമാക്കുകയുണ്ടായി.

ഇതേ സാഹചര്യത്തില്‍ വളര്‍ന്ന മറ്റൊരു സഹോദരന്റെ അനുഭവവും വ്യത്യസ്തമല്ല. ഒരു വര്‍ഷത്തോളം അവിടെയുള്ള എല്ലാ സമ്മര്‍ദ്ധങ്ങളെയും അവന്‍ അതിജീവിച്ചു. താമസിയാതെ പാപങ്ങളുടെ പാഴ്‌ചേറിലവന്‍ അകപ്പെടുകയും ചെയ്തു. പിന്നീട് അവന്റെ എഴുത്തുകുത്തുകളും അസ്തമിച്ചു. അവിടെ എത്തിയ ഉടനെ അവന്‍ എനിക്കയച്ച കത്തുകള്‍ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അതില്‍ മുഴുവനും ഇസ്‌ലാമിക പ്രബോധനരംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും നേതൃത്വത്തെയും അതിശക്തമായ രീതിയില്‍ നിരൂപണം ചെയ്യുന്നവയായിരുന്നു. പിന്നീട് അവന്‍ അടിമുടി മാറുകയും ഐഹികവും പാരത്രികവും നഷ്ടപ്പെടുന്ന ദുരന്ത ചിത്രമായി പരിണമിക്കുന്ന ജീവിതമാണ് അവനില്‍ നിന്നും കാണാന്‍ കഴിഞ്ഞത്.

ഒരു വ്യക്തി സാഹചര്യങ്ങളുടെ സമ്മര്‍ദ്ധങ്ങള്‍ക്ക് മുമ്പില്‍ അടിപതറുന്നതിന് നിരവധി കാരണങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് അവന്റെ വ്യക്തിത്വം രൂപപ്പെട്ടത് യഥാര്‍ഥ ആദര്‍ശത്തിന്റെ അടിസ്ഥാനത്തിലല്ലാതാകുക എന്നത്. തെറ്റായ ആദര്‍ശസിദ്ധാന്തങ്ങളില്‍ അഭിരമിക്കുന്നവരും സ്വഭാവ-സംസ്‌കാരങ്ങളില്‍ വൈകൃതങ്ങളുള്ളവരും സാഹചര്യങ്ങളുടെ സമ്മര്‍ദ്ധങ്ങള്‍ക്കു മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ എളുപ്പത്തില്‍ അടിപതറും.

അപ്രകാരം തന്നെ ചിലര്‍ ദൃഢവിശ്വാസത്തിന്റെയോ യാഥാര്‍ഥ്യം ബോധ്യപ്പെട്ടതിന്റെയോ അടിസ്ഥാനത്തിലല്ലാതെ വളര്‍ന്നുവന്ന സാഹചര്യമോ കുടുംബ പശ്ചാത്തലമോ പരിഗണിച്ച് സാമ്പ്രദായിക വ്യക്തിത്വം പുലര്‍ത്തുന്നവരാകും. പിന്നീട് സാഹചര്യം മാറിയപ്പോള്‍ സ്വാഭാവികമായും ആ മൂല്യങ്ങളും അപ്രത്യക്ഷമാകുകയാണ് ചെയ്യുക. ചിലര്‍ അവര്‍ എത്തിപ്പെട്ട തികച്ചും വ്യത്യസ്തമായ സാഹചര്യത്തില്‍ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളോട് അലംഭാവവും അവഗണനയും അനുഭവപ്പെട്ടിരിക്കും. തദനുസൃതമായി ജാഹിലിയ്യത്തിനോട് സമരസപ്പെടുകയും അതില്‍ അഭിരമിക്കുകയും ചെയ്തിരിക്കാം.

‘നിങ്ങള്‍ സ്ത്രീകളെയും ആദ്യചഷകത്തെയും കരുതിയിരിക്കുക’  എന്ന് ഇമാം ഹസനുല്‍ ബന്ന പശ്ചാത്യന്‍ രാഷ്ട്രങ്ങളിലേക്ക് വിദ്യാഭ്യാസത്തിനും ജോലിക്കും പോകുന്ന യുവാക്കളെ വിളിച്ച് പ്രത്യേകം ജാഗ്രത നിര്‍ദ്ദേശം നല്‍കാറുണ്ടായിരുന്നു.

വിവ : അബ്ദുല്‍ബാരി കടിയങ്ങാട്‌

പിഴച്ച സംഘടനകളുടെ സമ്മര്‍ദ്ധം

 

Related Articles