Current Date

Search
Close this search box.
Search
Close this search box.

ദൈര്‍ഘ്യമേറിയ മരുഭൂമി പെട്ടെന്ന് താണ്ടിക്കടക്കുന്നവര്‍

desert.jpg

ജനങ്ങളെ പ്രബോധനപ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യതിചലിപ്പിക്കുന്നതിനുള്ള പ്രധാന കാരണമാണ് കടുത്ത തീവ്രവതയും അതിവൈകാരികതയും. മധ്യമനിലപാട് സ്വീകരിക്കാതെ തന്റെ കഴിവിനപ്പുറമുള്ള അധികഭാരം സ്വയം വഹിക്കുന്ന ഒരു വിഭാഗമുണ്ട്. എല്ലാ കാര്യത്തിലും ഇതു തന്നെയായിരിക്കും അവരുടെ നിലപാട്. ഇത്തരക്കാര്‍ ഒരു ഘട്ടത്തില്‍ ഏതോ അര്‍ഥത്തിലുള്ള നിരാശക്കടിപ്പെടുകയും പ്രസ്തുത സരണിയില്‍ നിന്ന് ഉള്‍വലിയുകയും ചെയ്യുന്നത് കാണാം. വളരെ ദൈര്‍ഘ്യമേറിയ മരുഭൂമി പെട്ടെന്ന് താണ്ടിക്കടക്കുന്നവരെ പോലെയാണവര്‍. തന്റെ വാഹനത്തെ നശിപ്പിക്കുകയും ലക്ഷ്യത്തിലെത്താതിരിക്കുകയുമാണ് അതിന്റെ ഫലം. തീവ്രത പുലര്‍ത്തുന്നവര്‍ നശിച്ചു എന്ന് പ്രവാചകന്‍ ആവര്‍ത്തിച്ചു താക്കീത് നല്‍കിയതിന് കാരണവും ഇതുതന്നെ.(മുസ്‌ലിം). പ്രവാചകന്‍ പഠിപ്പിച്ചു. ‘ ദീനീ മാര്‍ഗത്തിലെ അതിര് വിടലിനെയും തീവ്രതയെയും നിങ്ങള്‍ കരുതിയിരിക്കുക! മതത്തിലെ ഈ തീവ്രതയാണ് നിങ്ങളുടെ മുന്‍ഗാമികളുടെ നാശത്തിന് ഹേതുവായത്(അഹ്മദ്).

മനുഷ്യമനസ്സ് വളരെ ദുര്‍ബലമാണ്. ചിലപ്പോള്‍ മനക്കരുത്തോടെ വലിയ കാര്യങ്ങള്‍ ഏറ്റെടുത്ത് നിര്‍വഹിക്കുന്നു. പക്ഷെ, എല്ലായ്‌പോഴും അതിനുള്ള ശേഷി ഉണ്ടായിരിക്കുകയില്ല. അതിനാല്‍ തന്നെ ക്രമപ്രവൃദ്ധമായും ഘട്ടം ഘട്ടമായുമാണ് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ അതിനു സാധിക്കുക. കാര്യങ്ങള്‍ ഏറ്റെടുത്തു ചെയ്തു തീര്‍ക്കാനുള്ള ശേഷി മനുഷ്യരുടെ പ്രകൃതമനുസരിച്ച് ഏറ്റക്കുറച്ചില്‍ ഉണ്ടാകും. അവര്‍ക്ക് കഴിയുന്നതും കഴിയാത്തതുമായ ചില കാര്യങ്ങളുണ്ടാകും. അതിനാലാണ് ഇസ് ലാമിക ശരീഅത്തില്‍ നിര്‍ബന്ധ ബാധ്യതകള്‍ പോലെ തന്നെ ഇളവുകളും അനുവദിച്ചിട്ടുള്ളത്. ഇസ്‌ലാമിക ശരീഅത്തിന്റെ സമകാലികതയും സമഗ്രതയും ഇതില്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയും. പ്രവാചകന്‍ പഠിപ്പിച്ചു. ഒരടിമ പാപമോചനത്തിനായി അല്ലാഹുവിനോട് അര്‍ഥിക്കുന്നത് അവന്‍ ഏറെ ഇഷ്ടപ്പെടുന്നതു പോലെ തന്നെ അവന്‍ നല്‍കിയ ഇളവുകള്‍ സ്വീകരിക്കുന്നതും അവന്‍ ഇഷ്ട്‌പ്പെടുന്നു.(ത്വബ്‌റാനി) തന്നോട് ധിക്കാരം കാണിക്കുന്നതിനെ അല്ലാഹു വെറുക്കുന്നതു പോലെ തന്നെ അവന്‍ നല്‍കിയ ഇളവ് ഒരടിമ സ്വീകരിക്കുന്നതിനെ അവന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നതായി മറ്റൊരു ഹദീസില്‍കാണാം.

ഈ മധ്യവേനലവധിയില്‍ ഞാന്‍ വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുമെന്ന് ഒരാള്‍ ശപഥം ചെയ്യുകയുണ്ടായി. അവന്‍ അതിനായി സമയം കണ്ടെത്തുകയും നല്ലവണ്ണം പരിശ്രമിക്കുകയും ചെയ്തു. പക്ഷെ അവന് താന്‍ ലക്ഷ്യം വെച്ച വിജയം കൈവരിക്കാന്‍ സാധിച്ചില്ല. അവന് തന്നോട് തന്നെ കടുത്ത അമര്‍ഷം തോന്നി. തന്നോട് തന്നെ കടുത്ത പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു. അപ്രകാരം അല്ലാഹു അവന് അനുവദിച്ചതെല്ലാം സ്വയം വിലക്കിത്തുടങ്ങി. തുടരെ തുടരെ നോമ്പനുഷ്ടിച്ചു തുടങ്ങി. രാത്രിയില്‍ ദീര്‍ഘനേരം രാത്രി നിന്നു നമസ്‌കരിച്ചു. പഠനം അവസാനിപ്പിക്കുകയും അതിനുപയോഗിച്ച ഫര്‍ണീച്ചറുകളെല്ലാം വില്‍ക്കുകയും ചെയ്തു. ഒടുവില്‍ സമനിലതെറ്റി മാനസിക രോഗികള്‍ക്കുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നിടത്താണ് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നത്.

ധനികന്മാരോട് അസഹിഷ്ണുതയുള്ള ഒരു സുഹൃത്തുണ്ടായിരുന്നു. അവന്‍ പരമദരിദ്രനുമായിരുന്നു. അവനെ സഹായിക്കുന്നതില്‍ ശ്രദ്ധയുള്ളവരായിരുന്നിട്ടുകൂടി ആ ധനികരോടുള്ള കാഴ്ചപ്പാടില്‍ അവന്‍ ഒരു മാറ്റവും വരുത്തിയില്ല. സന്ദര്‍ഭം കിട്ടുമ്പോഴെല്ലാം അവരെ നിരൂപിക്കുന്നതില്‍ അവന്‍ ഒരു വീഴ്ചയും വരുത്തിയില്ല. താമസിക്കാനായി അത്യാവശ്യം സൗകര്യമുള്ള ഒരു വീട് നിര്‍മിച്ചാല്‍ അവന്റെ അഭിപ്രായത്തില്‍ അത് കൊട്ടാരവും ധൂര്‍ത്തിന്റെ പര്യായവുമാണ്. ആരെങ്കിലും ഒരു കാറ് വാങ്ങിയാല്‍ അവന്റെ ദൃഷ്ടിയില്‍ അത് ധൂര്‍ത്തും ദുര്‍വ്യയവും ഖുര്‍ആന്‍ വിശേഷിപ്പിച്ച പിശാചിന്റെ കൂട്ടുകാരുമാണവര്‍. താമസിയാതെ അല്ലാഹു അവനെ ഐശര്യം നല്‍കി പരീക്ഷിക്കുകയുണ്ടായി. ഒടുവില്‍ പ്രബോധന സരണിയില്‍ നിന്ന് തെന്നിമാറി ഐഹികതയുടെ ശബളിമതയില്‍ മതിമറന്നു ദുനിയാവിന്റെ പുറകെ നെട്ടോട്ടമോടുന്നിടത്താണ് കാര്യങ്ങള്‍ പര്യവസാനിച്ചത്. അപ്പോള്‍ യഥാര്‍ഥ ഭൗതിക വിരക്തിയുള്ളവന്‍ തന്റെ കീശയില്‍ ആവശ്യത്തിനുള്ള പണമോ ആഭരണങ്ങളോ ഇല്ലാത്ത ദരിദ്രനല്ല. മറിച്ച് ഭൗതികാനുഗ്രഹങ്ങള്‍ ലഭിച്ചിട്ട് അതില്‍ മതിമറന്ന് സന്തോഷിക്കുകയും പരിധിവിട്ട് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനാണ്. മാത്രമല്ല അത് തടയപ്പെട്ടാല്‍ അതിന്റെ പേരില്‍ വ്യസനിക്കുകയോ നന്ദികേട് കാണിക്കുകയോ ചെയ്യാത്തവരുമാണവര്‍. (തുടരും)

വിവ : അബ്ദുല്‍ബാരി കടിയങ്ങാട്‌

ജീവിതം വഴിയാധാരമാകുമോ എന്ന ഭയം
സംഘടനയേക്കാള്‍ തനിക്ക് മുന്‍ഗണന നല്‍കുന്നവര്‍

Related Articles