Current Date

Search
Close this search box.
Search
Close this search box.

അടിയുറച്ച വിശ്വാസത്തിന് ഇതുതന്നെ ധാരാളം

eyes.jpg

നാം അവന് രണ്ട് കണ്ണുകളും ഒരു നാവും രണ്ട് ചുണ്ടുകളും നല്‍കിയില്ലയോ? എന്ന് വിശുദ്ധ ഖുര്‍ആന്‍ ചോദിക്കുന്നുണ്ട്. അടിയുറച്ച വിശ്വാസം നേടുന്നതിന് ഈ മൂന്ന് ദൃഷ്ടാന്തങ്ങള്‍ തന്നെ ധാരാളമാണെന്നാണ് ഇത് വ്യക്താക്കുന്നത്. കാഴ്ച്ച എത്ര മഹത്തായ അനുഗ്രഹമാണ്.. വ്യക്തമായ സംസാരത്തിന് ശേഷി നല്‍കുകയും ഭക്ഷണത്തിന്റെ രുചി ആസ്വദിപ്പിക്കുകയും ചെയ്യുന്ന നാവും ചുണ്ടുകളും എത്ര വലിയ അനുഗ്രഹങ്ങളാണ്. കണ്ണുകളുടെ രൂപവും ലെന്‍സുകളും കോര്‍ണിയയും മില്ല്യന്‍ കണക്കിന് നാഡികളും അടങ്ങുന്ന അതിന്റെ ഘടനയും അത്ഭുതപ്പെടുത്തുന്നതാണ്. അതില്‍ പ്രതിഫലിക്കുന്ന കാഴ്ച്ചകള്‍ ഹൃദയത്തില്‍ പതിപ്പിക്കാനുള്ള അതിന്റെ ശേഷിയും ആശ്ചര്യമുണ്ടാക്കുന്നു. വസ്തുക്കളുടെ വലുപ്പവും ചെറുപ്പവും നിറങ്ങളും തിരിച്ചറിയാന്‍ അതിന് സാധിക്കുന്നു.

മനുഷ്യന് സംസാരശേഷി നല്‍കുകയും ഭക്ഷണത്തിന്റെ രുചി തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്യുന്ന നാവിനെ അല്ലാഹുവല്ലാതെ മറ്റാരാണ് സൃഷ്ടിച്ചത്? ശക്തമായ പല്ലുകളുടെ കോട്ടക്ക് നടുവിവില്‍ അതിന് ഇടം ഒരുക്കിയിരിക്കുന്നതും അവന്‍ തന്നെയല്ലേ? മനുഷ്യന് സൗന്ദര്യം നല്‍കുന്നതില്‍ വലിയ പങ്കുവഹിക്കുന്ന അവന്റെ ചുണ്ടുകളും വലിയ ദൗത്യമാണ് നിര്‍വഹിക്കുന്നത്. അതേ സമയം മനുഷ്യനെ സംബന്ധിച്ച് ഏറ്റവും അപകടകരമായ രണ്ട് പ്രവര്‍ത്തനങ്ങള്‍ സംസാരവും ഭക്ഷണവുമാണ്.

മനുഷ്യ നേത്രങ്ങളെ കുറിച്ച് ചിന്തിച്ചപ്പോഴെല്ലാം അതെന്നെ കിടിലം കൊള്ളിച്ചിട്ടുണ്ടെന്ന് ഡാര്‍വിന്‍ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിന്‍ അത്ഭുതത്തോടെ പറഞ്ഞിട്ടുണ്ട്. മറ്റു മൃഗങ്ങളില്‍ നിര്‍വഹിക്കുന്ന ദൗത്യം തന്നെയാണ് കണ്ണുകള്‍ മനുഷ്യനിലും എന്ന് പറയുകയാണെങ്കില്‍ തന്നെ മനുഷ്യന് വ്യക്തമായ സംസാരിക്കാനുള്ള ശേഷി നല്‍കുന്ന ചുണ്ടുകളെയും നാവിനെയും കുറിച്ച് അങ്ങനെ പറയുന്നത് എത്രത്തോളം ശരിയാവും. മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്ന ഒന്നാണത്. മനുഷ്യര്‍ക്ക് ഒരു നാഗരികത നല്‍കിയതില്‍ അതിന് ചെറുതല്ലാത്ത പങ്കുണ്ട്.

മനുഷ്യന്‍ മഹാ അതിക്രമിയും നന്ദികെട്ടവനും തന്നെയാണെന്ന് അല്ലാഹു പറയുന്നുണ്ട്. മുന്‍മാതൃകകളൊന്നുമില്ലാതെ എല്ലാവിധ പരിപൂര്‍ണതകളോടും കൂടിയുള്ള അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെ മുന്നില്‍ നില്‍ക്കുമ്പോഴും ഇതെല്ലം സൃഷ്ടിച്ച് സംവിധാനിച്ച സ്രഷ്ടാവിനോട് നന്ദിയുടെ ഒരു വാക്കു പോലും മനുഷ്യനില്‍ നിന്നും പുറത്തു വരുന്നില്ല. അവരെ നന്ദി കെട്ടവര്‍ എന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കുക?

അല്ലാഹു നല്‍കിയ ഒട്ടനവധി അനുഗ്രഹങ്ങളില്‍ വളരെ ചെറിയ ഒരു ഭാഗം മാത്രമായ കണ്ണുകളെയും നാവിനെയും ചുണ്ടുകളെയും കുറിച്ചാണ് നാം പറയുന്നത്. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ എണ്ണിതിട്ടപ്പെടുത്താന്‍ സാധ്യമല്ലെന്നതാണ് വസ്തുത. ഭൂമിയിലെ മറ്റു ജീവജാലങ്ങളിലേക്ക് നോക്കുമ്പോള്‍ ചിലതൊക്കെ നമുക്ക് ബോധ്യപ്പെടും. നാലു കാലുകളില്‍ ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന അവസ്ഥയിലാണ് മനുഷ്യനുള്ളത്. നിവര്‍ന്നു നില്‍ക്കാനും കൈകാലുകള്‍ സ്വതന്ത്രമായി ചലിപ്പിക്കാനും അവന് സാധിക്കുന്നു. അവന്റെ നാഗരിക ജീവിതത്തില്‍ വലിയ ദൗത്യമാണ് കൈകള്‍ വഹിക്കുന്നത്. സ്വതന്ത്രമായി ചലിക്കുന്ന രൂപത്തിലുള്ള വിരലുകളും കൈകളില്‍ അവന്‍ സംവിധാനിച്ചു. അവയുടെ സൃഷ്ടിപ്പും ദൃഷ്ടാന്തമാണെന്ന് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ‘നാമാകട്ടെ, അവന്റെ വിരല്‍ക്കൊടികള്‍ വരെ കൃത്യമായി നിര്‍മിക്കാന്‍ കഴിവുള്ളവനല്ലോ.’ (അല്‍-ഖിയാമ : 4) മനുഷ്യന്റെ വിരലുകളുടെ ഘടനയും സ്വതന്ത്രമായി ചലിക്കാനുള്ള ശേഷിയും കൊണ്ടാണ് പേനയും തൂമ്പയും പിടിക്കാനും കീബോര്‍ഡ് ഉപയോഗിക്കാനുമെല്ലാം മനുഷ്യന് സാധിക്കുന്നത്. സ്വതന്ത്രമായ ശരീരവും കൈകളും വിരലുകളും ഇല്ലാതതുകൊണ്ടാണ് മറ്റു ജീവികള്‍ക്ക് നാഗരിക ജീവിതം സാധ്യമാവാത്തത്. കോടിക്കണക്കിന് വര്‍ഷങ്ങള്‍ ജീവിച്ചാലും അവക്കതിന് സാധിക്കുകയുമില്ല. മനുഷ്യ സൃഷ്ടിപ്പിലും അവന്റെ ശാരീരിക ഘടനയിലും നിരവധി ദൃഷ്ടാന്തങ്ങള്‍ നമുക്ക് കാണാവുന്നതാണ്. അവയെല്ലാം ആകസ്മികമായി സംഭവച്ചു പോയതാണെന്ന് പറയാനാവില്ല. അല്ലെങ്കില്‍ പരിണാമത്തിലൂടെയോ അതിജീവനത്തിലൂടെയോ ഉണ്ടായതുമല്ല. എണ്ണിതിട്ടപ്പെടുത്താന്‍ സാധ്യമല്ലാത്തത്ര അനുഗ്രഹങ്ങള്‍ അല്ലാഹു നമ്മുടെ മേല്‍ ചൊരിഞ്ഞിട്ടുണ്ടെന്ന് അവയെ കുറിച്ച് ചിന്തിച്ചാല്‍ മനസ്സിലാകും. എന്നാല്‍ അതെല്ലാം നമുക്ക് നല്‍കിയ സ്രഷ്ടാവിനെ നാം വേണ്ട പോലെ പരിഗണിച്ചിട്ടില്ല. അല്ലാഹു നമ്മോടു കാണിച്ചിരിക്കുന്ന ഔദാര്യങ്ങള്‍ ആസ്വദിക്കുമ്പോഴും അവന്റെ കല്‍പനകള്‍ക്ക് കീഴടങ്ങുകയോ അവന് മുന്നില്‍ സാഷ്ടാംഗം ചെയ്യുകയോ ചെയ്യാത്ത മനുഷ്യന്‍ നന്ദി കെട്ടവനും അതിക്രമിയും തന്നെയാണ്.

വിവ : അഹ്മദ് നസീഫ്‌

Related Articles