Current Date

Search
Close this search box.
Search
Close this search box.

അജണ്ടകള്‍ മാറുന്ന മതസംഘടനകള്‍

miss.jpg

ഖിലാഫത്ത് സംവിധാനം ദുര്‍ബലപ്പെടുകയോ, രോഗാതുരമാവുകയോ ചെയ്ത സാഹചര്യത്തിലാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ചും, സംഘടനകളെക്കുറിച്ചും ക്രാന്തദര്‍ശികളായ പണ്ഡിതന്മാര്‍ ചിന്തിച്ച് തുടങ്ങിയത്. മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കും, മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ക്കും മേല്‍ കൊളോണിയല്‍ അധിനിവേശം നടക്കുകയും, സാംസ്‌കാരികവും മതപരവുമായ അസ്തിത്വം നഷ്ടപ്പെടുകയും ചിദ്രതയിലാണ്ടുപോവുകയും  ഖിലാഫത്തും അനുബന്ധ സ്ഥാപനങ്ങളും അതിന് തടയിടുന്നതില്‍ പരാജയപ്പെടുകയും ചെയ്തപ്പോഴാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ അനിവാര്യത നവോത്ഥാന നായകര്‍ക്ക് ബോധ്യപ്പെട്ടത്.

കേരളത്തിലും, പുറത്തും ഇസ്‌ലാമിക സംഘടനകളും പ്രസ്ഥാനങ്ങളും രംഗത്ത് വരുന്നതും ഇതിന്റെ തുടര്‍ച്ചയെന്നോണമായിരുന്നു. ഇസ്‌ലാമിക ഖിലാഫത്ത് നിര്‍വഹിക്കേണ്ടിയിരുന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് നിര്‍വഹിക്കുകയെന്നതായിരുന്നു അവയുടെ ലക്ഷ്യം. മുസ്‌ലിം സമൂഹത്തില്‍ കടന്ന് വന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചെറുത്ത് തോല്‍പിച്ച് കറയറ്റ തൗഹീദ് മുറുകെ പിടിക്കുന്ന വിശ്വാസി സമൂഹത്തെ സജ്ജമാക്കുക, കേരളീയ സമൂഹത്തിന് മേല്‍ അധിനിവേശം നടത്തിയ കൊളോണിയല്‍ ശക്തികളെ ചെറുത്ത് തോല്‍പിക്കുക, പൂര്‍ണമായ വിധേയത്വം അല്ലാഹുവിന് മാത്രം സമര്‍പിക്കുന്ന, ജീവിതത്തിന്റെ നിഖില മേഖലകളിലും അവനുള്ള അവകാശം വകവെച്ച് കൊടുക്കുന്ന ക്രിയാത്മക ഇസ്‌ലാമിക സമൂഹത്തെ നിര്‍മിക്കുക തുടങ്ങിയവയായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ കേരളത്തില്‍ രംഗത്ത് വന്ന സംഘടനകള്‍ ലക്ഷ്യമാക്കിയിരുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന് മുമ്പും ഇപ്പോഴുമുള്ള കേരളീയ മുസ്‌ലിം സമൂഹത്തെ മത-രാഷ്ട്രീയ-സാംസ്‌കാരിക-വൈജ്ഞാനിക മേഖലകളില്‍ താരതമ്യം നടത്തിയാല്‍ പ്രസ്തുത സംഘടനകള്‍ ഇക്കാലമത്രയും നടത്തിയ മഹത്തായ പരിശ്രമങ്ങളുടെ ഫലം വ്യക്തമായി ബോധ്യപ്പെടുന്നതുമാണ്.

കനത്ത പേമാരി വര്‍ഷിച്ച അന്ധകാരനിബിഢമായ രാവില്‍ വഴിതെറ്റി അലഞ്ഞുതിരിഞ്ഞ ആട്ടിന്‍കൂട്ടത്തെപ്പോലെയായിരുന്നു ഖിലാഫത്തിന് ശേഷമുള്ള മുസ്‌ലിം സമൂഹം. ഇടയനില്ലാത്ത മുസ്‌ലിം സാമാന്യജനത്തെ ഒരുമിപ്പിച്ച് ദിശാബോധം നിര്‍ണയിച്ച് വിവിധങ്ങളായ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് സമഗ്രമായ നവോത്ഥാനത്തിന് കളമൊരുക്കിയെന്ന നവോത്ഥാന ഉദ്യമമാണ് പ്രസ്തുത പ്രസ്ഥാനങ്ങള്‍ കേരളക്കരയില്‍ നിര്‍വഹിച്ചത്. അറബി വായിക്കാന്‍ പോലുമറിയാത്ത സമൂഹം അറബിയുടെ വ്യാകരണങ്ങളുന്നയിച്ച് പരസ്പരം സംവദിക്കുന്നിടത്തേക്കും, കിതാബ് വായിച്ച് പള്ളിയിലിരുന്നിരുന്ന ദര്‍സ് വിദ്യാര്‍ത്ഥികള്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി തലയുയര്‍ത്തി നടക്കുന്നിടത്തേക്കും, അടുക്കളക്കുള്ളിലും തൊട്ടിലിന് ചുറ്റുമായി ജീവിതം കഴിച്ചുകൂട്ടിയിരുന്ന മുസ്‌ലിം സ്ത്രീകള്‍ അവകാശങ്ങള്‍ ചോദിച്ച് തെരുവിലിറങ്ങുന്നേടത്തേക്കും കാര്യങ്ങളെത്തിയതില്‍ ഇവയൊക്കെ നിസ്സാരമല്ലാത്ത പങ്ക് വഹിച്ചു.

അഗാധമായ ഗര്‍ത്തത്തില്‍ ആപതിച്ചതിന് ശേഷം പൊടിതട്ടി, മുറിവ് കെട്ടി എഴുന്നേല്‍ക്കാനുള്ള ശ്രമമായിരുന്നു അത്. അതിനാല്‍ അവര്‍ക്ക് വീഴ്ചയുടെ വേദനയും, എഴുന്നേല്‍ക്കാനുള്ള ത്വരയുമുണ്ടായിരുന്നു. അവര്‍ക്കേറ്റ മുറിവുകളും, അതില്‍ നിന്നൊലിച്ച രക്തകണങ്ങളും പ്രവര്‍ത്തനങ്ങളെ ഊര്‍ജ്ജസ്വലമാക്കിയിരുന്നു. തങ്ങളെ ബാധിച്ച വിപത്ത് പരസ്പര പോരായ്മകളില്‍ നിന്ന് അവരെ അശ്രദ്ധമാക്കിയിരുന്നു. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളും, വിമര്‍ശനങ്ങളും തങ്ങളുടെ മേഖലയില്‍ കൂടുതല്‍ ശ്രദ്ധയോടും ജാഗ്രതയോടും കൂടി മുന്നോട്ട് നീങ്ങാന്‍ അവയെ പ്രേരിപ്പിക്കാറായിരുന്നു പതിവ്. അതിനാലാണ് മുകളിലുദ്ധരിച്ചത് പോലുള്ള വിവരവും വിദ്യാഭ്യാസവും സംസ്‌കാരവും നവോത്ഥാനത്വരയുമുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്താന്‍ അവക്ക് സാധിച്ചത്.

എന്നാല്‍ എഴുന്നേറ്റുവെന്ന് ഉറപ്പാവുകയും, മുറിവ് ഭേദമായി  അരോഗദൃഢഗാത്രമാവുകയും ചെയ്തതോടെ അവയുടെ ശ്രദ്ധപതിഞ്ഞത് നിസ്സാരമായ പൊടിപടലങ്ങളിലായിരുന്നു. മറ്റുള്ളവരുടെ ശരീരത്തിലും മനസ്സിലും ചെളിവാരിയെറിയാനും, സ്വശരീരവും വസ്ത്രവും പൊടിപുരളാതെ കാത്തുസൂക്ഷിക്കാനുമായി അവരുടെ ശ്രമങ്ങള്‍. വൈജ്ഞാനികമായും വിദ്യാഭ്യാസപരമായും ഉയര്‍ന്ന സമൂഹത്തിന് മുന്നില്‍ ഇനിയൊന്നും പറയാനില്ലെന്നവര്‍ തീരുമാനിച്ചു. തങ്ങള്‍ മുന്നില്‍ വെച്ച അജണ്ട പൂര്‍ത്തിയാവുകയോ, പൂര്‍ത്തിയായെന്ന് ധരിക്കുകയോ ചെയ്തതോടെ അജണ്ടയില്ലാത്ത സംഘടനകളായി അവ മാറി. പണ്ഡിതനേതൃത്വത്തിന് നല്‍കിയ അമിതമായ പ്രാധാന്യം അവരെയും അനുയായികളെയും ഒരുപോലെ ദുഷിപ്പിച്ചു. വിശ്വാസത്തിന്റെയും, കര്‍മത്തിന്റെയും അടിസ്ഥാനാദ്ധ്യാപനങ്ങള്‍ പ്രമാണങ്ങളില്‍ ലഭ്യമാണെന്നും, വിയോജിക്കാന്‍ സാധ്യതയുള്ള വിശദാംശങ്ങളിലാണ് അവരുടെ നിലപാടുകള്‍ അറിയേണ്ടതെന്നുമുള്ള ബാലപാഠം ഇരുകൂട്ടരും ഒരുപോലെ വിസ്മരിച്ചു.

കാര്യങ്ങളെക്കുറിച്ച് ബോധമുള്ള ചിലരെങ്കിലും സമൂഹത്തിലുണ്ടായിരുന്നു. വിശ്വാസി സമൂഹത്തില്‍ രോഗം മൂര്‍ഛിച്ചുകൊണ്ടിരിക്കെത്തന്നെ അവര്‍ കണ്ടറിഞ്ഞ് മരുന്ന് നല്‍കേണ്ടതായിരുന്നു. എന്നാല്‍ തങ്ങളുടെ മൂക്കിന് താഴെയുള്ള പ്രശ്‌നങ്ങള്‍ വിസമരിച്ച് ആഗോള നവോത്ഥാന പ്രസ്ഥാനങ്ങളോടൊപ്പം നടക്കാനാണവര്‍ ശ്രമിച്ചത്. തഖ്‌ലീദിനോട് കലഹിച്ച്, അനുകരണത്തോട് യുദ്ധം ചെയ്ത് രംഗത്ത് വന്ന അവ സ്വയമറിയാതെ അവയെ അനുകരിക്കുകയായിരുന്നു. മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലോ, ന്യൂനപക്ഷ യൂറോപ്യന്‍ രാഷ്ട്രങ്ങളിലോ ഇസ്‌ലാമിക ചിന്തകര്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ പ്രബുദ്ധകേരളത്തില്‍ ബഹുസ്വരതയും ന്യൂനപക്ഷനയവും ഉന്നയിച്ച് അവര്‍ തങ്ങളുടെ മദ്ഹബായി സ്വീകരിച്ചു.

ഖിലാഫത്ത് നിര്‍വഹിച്ചിരുന്ന ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനുള്ള താല്‍ക്കാലിക മാര്‍ഗമായിരുന്നു ഇസ്‌ലാമിക സംഘടനകള്‍. നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രാരംഭത്തില്‍ നായകന്മാര്‍ സംശയലേശമന്യേ വ്യക്തമാക്കിയതാണ് ഇക്കാര്യം. ഇസ്‌ലാമിക ഖിലാഫത്ത് പുനസ്ഥാപിക്കപ്പെടുകയോ, അവയുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ ലോകമുസ്‌ലിംകള്‍ക്ക് ഒരു സംവിധാനം രൂപപ്പെടുകയോ ചെയ്താല്‍ അന്ന്, ആ നിമിഷം സംഘടനകള്‍ പിരിച്ച് വിടുമെന്ന് അവര്‍ പ്രഖ്യാപിച്ചതുമാണ്. എന്നാല്‍ ഇപ്പോള്‍ കാര്യം തകിടംമറിഞ്ഞിരിക്കുന്നു. നാം സ്വീകരിച്ച താല്‍ക്കാലിക മാര്‍ഗത്തെ ആത്യന്തിക ലക്ഷ്യമാക്കി മാറ്റിയിരിക്കുന്നു. ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് അജണ്ടകള്‍ മാറിയിരിക്കുന്നു. അടിസ്ഥാനപരമായ ലക്ഷ്യം നാം വിസ്മരിച്ച് അപ്രധാനമായവയെ മുന്നില്‍ വെച്ചിരിക്കുന്നു. നമ്മുടെ പ്രവര്‍ത്തനങ്ങളുടെ അജണ്ട സംഘടന വളര്‍ത്തുകയെന്നതാണ്. നാം സംസാരിക്കുന്നത്, പ്രവര്‍ത്തിക്കുന്നത്, പ്രതിരോധിക്കുന്നത് നാം പ്രതിനിധീകരിക്കുന്ന സംഘടനയെയോ, പ്രസ്ഥാനത്തെയോ ആണ്. നമ്മുടെ പള്ളികളും, മദ്‌റസകളുമെല്ലാം സംഘടനക്ക് വേണ്ടിയുള്ളതാണ്. അതിനാല്‍ ഇതുവരെ ലക്ഷ്യബോധത്തോടെ മുന്നോട്ട് നീങ്ങിയിരുന്ന സമൂഹത്തിന് ലക്ഷ്യം നഷ്ടപ്പെട്ടുപോയി. വിശ്വാസികളെ ഒരുമിപ്പിച്ചിരുന്നവ അവ വിവിധ നേതൃത്വത്തിന് കീഴില്‍ ഭാഗിക്കപ്പെട്ട് കൊണ്ടേയിരിക്കുന്നു.

ലോകത്ത് ഇസ്‌ലാമിക വസന്തം തണല്‍ വിരിക്കുമ്പോള്‍ കേരളത്തില്‍ നവോത്ഥാനം പടിയിറങ്ങുന്നതായി നാം കാണുന്നു. വസന്തവിപ്ലവത്തിന്റെ മാര്‍ഗത്തില്‍ സുന്നികളും, സലഫികളും, ഇഖ്‌വാനികളും തോളുരുമ്മി പോരാടുമ്പോള്‍ കേരളീയ മതസംഘടനകളില്‍ പരസ്പരമുള്ള അസഹിഷ്ണുതയും, സങ്കുചിതത്വവും, കക്ഷിചേരലും തഴച്ച് വളരുകയാണ്. വിശ്വാസി സമൂഹത്തെ പിറകോട്ട് വലിക്കുന്ന, അവരില്‍ ചിദ്രതയും കക്ഷിത്വവും വളര്‍ത്തുന്ന, നവോത്ഥാനത്തിന്റെ പേരില്‍ മറ്റുള്ളവരെ അനുകരിക്കുന്ന സംഘടനകളും പ്രസ്ഥാനങ്ങളുമല്ല നമുക്ക് വേണ്ടത്. അപ്രമാദിത്വവും, പാപസുരക്ഷിതത്വും അവകാശപ്പെടുകയും പരസ്പരവിമര്‍ശനവും, അനുകരണവും അജണ്ടയാക്കുകയും ചെയ്യുന്നതിന് പകരം ആത്മവിചാരണയും, പുനരാലോചനയും, സഹിഷ്ണുതയും അടിസ്ഥാനമാക്കുകയാണ് അവ ചെയ്യേണ്ടത്.

ഖിലാഫത്തിന്റെ അഭാവം നികത്താന്‍ രംഗത്ത് വന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍, ഖിലാഫത്തിന്റെ തകര്‍ച്ചക്ക് വഴിയൊരുക്കിയ കാരണങ്ങളെയും, ഘടകങ്ങളെയുമാണ് മുറുകെ പിടിച്ചിരിക്കുന്നത് എന്നത് വിരോധാഭാസമാണ്. ലോകനാഗരിക ചരിത്രത്തിലെ അത്ഭുതമായി  വിശേഷിപ്പിക്കപ്പെട്ടിരുന്ന മുസ്‌ലിം സ്‌പെയിനിന്റെ തകര്‍ച്ചയെക്കുറിച്ച് ഇമാം ഇബ്‌നു അബ്ദില്‍ ബര്‍റ് പറഞ്ഞതെത്ര സത്യം ‘അവിടെ എല്ലാവരും നേതാക്കന്മാരും രാജാക്കന്മാരുമാവുകയും കീഴിലുള്ളവരെ അടിമകളാക്കുകയും ചെയ്തു. നേതാക്കള്‍ അധികരിച്ചതോടെ അവര്‍ ദുര്‍ബലപ്പെടുകയും, ക്രൈസ്തവരുടെ വാലാട്ടികളാവുകയും ചെയ്തു.’ മറ്റൊരു ഭാഷയില്‍ വിവിധ വിഭാഗങ്ങളായി ഭിന്നിക്കുകയും, എല്ലാ ഗ്രാമങ്ങളിലും ഓരോ മിമ്പറും, അമീറും രൂപപ്പെട്ട മുസലിം സ്‌പെയിനിന്റെ ദുരന്തമാണ് ഉത്ഥാനത്തിന് ശേഷമുള്ള പതനം നിലവിലെ  കേരളീയ മുസ്‌ലിം സമൂഹത്തെ ഓര്‍മിപ്പിക്കുന്നത്.
 

Related Articles