Current Date

Search
Close this search box.
Search
Close this search box.

തഖ്‍വയാണ് നോമ്പിൻ്റെ ആത്മാവ്

ഒരു പുതുമുസ്‌ലിമായോ അല്ലാതെയോ ആദ്യമായി റമദാൻ നോമ്പെടുക്കുന്നത് ഭയപ്പെടുത്തുന്ന പണിയായി തോന്നിയേക്കാം. പലർക്കും പകൽ സമയങ്ങളിൽ ഭക്ഷണം, പാനീയം, ഇണയുമായുള്ള ശാരീരിക ബന്ധം, എന്നിവയിൽ നിന്ന് വിട്ടുനിൽക്കുന്നത് ക്ഷീണവും പ്രയാസകരവുവുമാണ്. മുസ്‍ലിം സമുദായത്തിലെ എല്ലാവരെയും ഉൾകൊള്ളുന്ന സാമൂഹിക ആരാധനയാണ് യഥാർഥത്തിൽ റമദാൻ. നമ്മളെ സഹായിക്കാൻ മുസ്‍ലിം സഹോദരങ്ങളും സഹോദരിമാരും ഉണ്ടായിരിക്കുമെന്ന് മാത്രമല്ല, ക്രമേണ നമ്മുടെ ശരീരം നോമ്പിൻ്റെ സമയവുമായി പൊരുത്തപ്പെടുന്നതിനാൽ അത് വളരെ എളുപ്പമാണെന്ന് നമുക്ക് മനസ്സിലാവും. നമ്മൾ വിളവെടുക്കുന്ന നോമ്പിൻ്റെ ആത്മീയ ഫലങ്ങൾ, അള്ളാഹുവോടുള്ള അടുപ്പം, സമുദായത്തോടുള്ള അടുപ്പം, റമദാനിൽ നിന്ന് പുറത്തുകടക്കുമ്പോൾ അല്ലാഹുവിൻ്റെ അനുഗ്രഹത്താൽ നമ്മൾ ആരംഭിച്ചതിനേക്കാൾ മികച്ച വ്യക്തിയായി പ്രകടമാക്കാവുന്ന മെച്ചപ്പെടുത്തലുകളുണ്ടാവുന്നത് തുടങ്ങിയവയെല്ലാം റമദാനിൻ്റെ നേട്ടങ്ങളാണ്.

ഇസ്ലാമിക കലണ്ടറിലെ ഒരു മാസമാണ് റമദാൻ. ലോകമെമ്പാടും ഉപയോഗിക്കുന്ന സോളാർ ഗ്രിഗോറിയൻ കലണ്ടറുമായി ഇത് ഏകീഭവിക്കാറില്ല, കാരണം ചാന്ദ്ര വർഷം സൗരവർഷത്തേക്കാൾ ചെറുതാണ്. ചാന്ദ്ര കലണ്ടർ അടുത്ത കലണ്ടർ ദിവസം പുലർച്ചെ 12 മണിക്ക് വിപരീതമായി സൂര്യാസ്തമയത്തിലാണ് ആരംഭിക്കുന്നത്. ഹജ്ജ് തീർത്ഥാടനം ഉൾപ്പെടെ ഇസ്ലാമിലെ എല്ലാ പ്രധാന ദിവസങ്ങളും ഇസ്‌ലാമിക കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ ആകാശഗോളങ്ങൾ അല്ലാഹുവിൻ്റെ സൃഷ്ടിപരമായ ശക്തിയുടെയും ഉദ്ദേശ്യത്തിൻ്റെയും അടയാളങ്ങളാണ്.  അല്ലാഹു പറഞ്ഞതുപോലെ: 

“അവൻ തന്നെയാകുന്നു, സൂര്യനെ പ്രകാശമാനമാക്കിയതും ചന്ദ്രനു ശോഭയേകിയതും, അതിന്റെ വൃദ്ധിക്ഷയമണ്ഡലങ്ങളെ കൃത്യമായി നിർണയിച്ചുവെച്ചതും; അതുവഴി നിങ്ങൾ വർഷങ്ങളുടെയും തിയ്യതികളുടെയും കണക്കറിയാൻ. അല്ലാഹു ഇതൊക്കെയും യാഥാർഥ്യമായിത്തന്നെയാകുന്നു സൃഷ്ടിച്ചിട്ടുള്ളത്. അറിയുന്ന ജനത്തിനുവേണ്ടി അവൻ തന്റെ ദൃഷ്‌ടാന്തങ്ങൾ തുറന്നുവിവരിക്കുകയാണ്”. (യൂനുസ്: 5)

നോമ്പിൻ്റെ ആത്മാവ്

വിശ്വാസത്തിൻ്റെയും യുക്തിയുടെയും വെളിച്ചം കൊണ്ട് മയപ്പെടുത്തിയില്ലെങ്കിൽ മനുഷ്യൻ്റെ ആഗ്രഹങ്ങൾ അവൻ്റെ ഏറ്റവും വലിയ ശത്രുവാകും. നമ്മളിൽ നിന്ന് സ്വയം രക്ഷനേടാൻ അല്ലാഹു അവനുവേണ്ടി നോമ്പെടുക്കാൻ നമ്മളോട് കൽപിച്ചിട്ടുണ്ട്.  നോമ്പ് (صيام/صوم) എന്ന വാക്കിൻ്റെ ഉത്ഭവം “ഒഴിവാക്കുക” എന്നർത്ഥമുള്ള മൂല പദത്തിൽ നിന്നാണ്. ഇസ്ലാമിൽ നോമ്പെന്നാൽ വലുതും ചെറുതുമായ എല്ലാ പാപങ്ങളും ഒഴിവാക്കി പ്രഭാതത്തിലെയും (ഫജ്ർ) സൂര്യാസ്തമയത്തിലെയും (മഗ്‍രിബ്) നമസ്‌കാരങ്ങൾക്കിടയിലുള്ള പകൽ സമയങ്ങളിൽ ഭക്ഷണം, പാനീയം, ലൈംഗികത എന്നിവയിൽ നിന്ന് വിട്ടുനിൽക്കലാണ്. നോമ്പിൻ്റെ ഉദ്ദേശ്യം അല്ലാഹു വിശദീകരിച്ചിട്ടുണ്ട്:

“അല്ലയോ വിശ്വസിച്ചവരേ, നിങ്ങൾക്കുമുമ്പുള്ള പ്രവാചകന്മാരുടെ അനുയായികൾക്ക് നിർബന്ധമാക്കപ്പെട്ടപോലെ നിങ്ങൾക്കും വ്രതാനുഷ്ഠാനം നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. അതുവഴി നിങ്ങളിൽ ഭക്തിയുടെ ഗുണങ്ങൾ വളർന്നേക്കാം”. (2:183)

മുൻ പ്രവാചകന്മാരും അവരുടെ ജനതയെ നോമ്പെടുക്കാൻ പരിശീലിപ്പിച്ചിരുന്നു, അതുകൊണ്ടാണ് പല ജൂതന്മാരും ക്രിസ്ത്യാനികളും മറ്റ് മതങ്ങളുടെ അനുയായികളും ഇന്നും ഏതെങ്കിലും തരത്തിലുള്ള ഉപവാസം അനുഷ്ഠിക്കുന്നത്.

ഇസ്ലാമിൽ നോമ്പിൻ്റെ ലക്ഷ്യം ഹൃദയത്തിൽ ധര്‍മ്മനിഷ്ഠ അല്ലെങ്കിൽ “ദൈവഭയം” (തഖ്‍വ) വളർത്തിയെടുക്കുക എന്നതാണ്. “സംരക്ഷിക്കുക”, “കാക്കുക” എന്നർത്ഥമുള്ള മൂലപദത്തിൽ നിന്നാണ് തഖ്‍വ എന്ന വാക്ക് വന്നത്. അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കാൻ ഭയപ്പെടുന്ന ഒരാളുടെ ഗുണമാണത്. അവർ അവൻ്റെ ശിക്ഷയിൽ നിന്ന് സ്വയം സംരക്ഷിക്കുന്നു. പ്രതീക്ഷയിൽ സമീകൃതമായിരിക്കുന്നതിനാൽ വികലമായ ഉത്കണ്ഠയിലേക്കോ പരിഭ്രാന്തിയിലേക്കോ നയിക്കാൻ സാധ്യതയില്ലാത്ത ഭക്തിനിർഭരമായ ഭയം. 

നമ്മുടെ ഇച്ഛകളും പെരുമാറ്റങ്ങളും അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കാൻ നമ്മെ പ്രേരിപ്പിച്ചേക്കാം, എന്നാൽ നമ്മെത്തന്നെ നിയന്ത്രിക്കാൻ നമ്മെ സഹായിക്കുന്നത് ദൈവഭയമാണ്.  അല്ലാഹു പറയുന്നു, “എന്നാൽ ആർ തൻ്റെ നാഥൻ്റെ പദവിയെ പേടിക്കുകയും ആത്മാവിനെ ശാരീരികേച്ഛകളിൽ നിന്ന് വിലക്കി നിർത്തുകയും ചെയ്തുവോ, ഉറപ്പായും അവൻ്റെ മടക്കസ്ഥാനം സ്വർഗമാണ്”, (79:40,41). മനുഷ്യൻ്റെ ഏറ്റവും അടിസ്ഥാന പ്രേരണകളായ തിന്നലും കുടിക്കലും മാറ്റിവെക്കാൻ നോമ്പ് നമ്മളെ പരിശീലിപ്പിക്കുന്നു. അതുവഴി പാപകരമായ പ്രലോഭനങ്ങളെ മൊത്തത്തിൽ ചെറുക്കുന്നത് എളുപ്പമാക്കുന്നു.

റസൂൽ ﷺ നോമ്പിൻ്റെ മഹത്വം ഇപ്രകാരം വിവരിച്ചു: “ആദം സന്തതിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഇരട്ടി പ്രതിഫലം ലഭിക്കും. അല്ലാഹു പറഞ്ഞു: ‘നോമ്പൊഴികെ. കാരണം അത് എനിക്കുള്ളത് തന്നെ. അതിനു ഞാനാണ് പ്രതിഫലം നൽകുക’. നോമ്പ് ഒരു പരിചയാണ്. അതിനാൽ നോമ്പുകാരൻ തെറ്റായ പ്രവർത്തികൾ ചെയ്യാതിരിക്കുകയും വിഡ്ഢിത്തം പ്രകടിപ്പിക്കാതിരിക്കുയും ചെയ്യട്ടെ. വല്ലവനും അവനോട് ശണ്ഠ കൂടുകയോ അവനെ ശകാരിക്കുകയോ ചെയ്തെങ്കിൽ ‘ഞാൻ നോമ്പ്കാരനാണ്’ എന്ന് പറയട്ടെ. എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സത്യം! നോമ്പുകാരന്റെ വായയുടെ മണം അല്ലാഹുവിന്റ അടുത്തു കസ്തൂരിയേക്കാൾ സുഗന്ധമുള്ളതാണ്”, സ്വഹീഹുൽ ബുഖാരി (1904).

നോമ്പ് തനിക്കുള്ളതാണെന്ന് അല്ലാഹു പറയുമ്പോൾ, അത് ഈ ആരാധനയുടെ അസാധാരണ സ്വഭാവത്തെയാണ് എടുത്തുകാണിക്കുന്നത്. നിങ്ങൾ പ്രാർത്ഥിക്കുന്നതും ദാനധർമ്മങ്ങൾ ചെയ്യുന്നതും ഹജ്ജ് നിർവ്വഹിക്കുന്നതും മറ്റുള്ളവർക്ക് കാണാൻ കഴിയും, എന്നാൽ നിങ്ങൾ ശരിക്കും നോമ്പുകാരനാണോ അല്ലയോ എന്ന് ആർക്കും മനസ്സിലാക്കാൻ കഴിയില്ല. നോമ്പ് നിങ്ങൾക്കും നിങ്ങളുടെ നാഥനും ഇടയിലുള്ള രഹസ്യമാണ്.  അതിനാൽ, ഇതിന് വളരെയധികം ആത്മാർത്ഥത ആവശ്യമാണ്.  സഹാബികളിലൊരാൾ റസൂൽ ﷺ യോട്, “അല്ലാഹുവിൻ്റെ ദൂതരേ, ഞാൻ ചെയ്യേണ്ട ഒരു കർമ്മം എനിക്ക് പറഞ്ഞുതരൂ” എന്ന് ചോദിച്ചപ്പോൾ, “നീ നോമ്പെടുക്കുക, അതിന് തുല്യമായി ഒന്നുമില്ല” എന്ന് നബി ﷺ മറുപടി പറഞ്ഞു. നോമ്പ് നമ്മളിലുണ്ടാക്കുന്ന തഖ്‍വ നമുക്കും പാപത്തിനും ഇടയിലുള്ള ശക്തമായ തടസ്സമായി മാറുന്നു. പ്രവാചകൻ പറഞ്ഞതുപോലെ, “പോർമുഖത്ത് പരിച നിങ്ങൾക്ക് കാവലെന്ന പോലെ നോമ്പ് നരകത്തിൽ നിന്ന് കാവലാണ്” (സുനനു ഇബ്‍നു മാജ: 1639).

നോമ്പ് ഇഛകളെ നിയന്ത്രിക്കാനുള്ള നമ്മുടെ കഴിവിനെ ശക്തിപ്പെടുത്തുന്നു. നോമ്പിൻ്റെ സമയത്ത് നമ്മുടെ നാവിനെ (സംസാരം) നിയന്ത്രിക്കുന്നതും പ്രധാനമാണ്.  നബി ﷺ ഒരിക്കൽ തൻ്റെ അനുചരന്മാരോട് പറഞ്ഞു, “നോമ്പ് പരിചയാണ്, അത് കേടുവരുത്താത്തിടത്തോളം കാലം”.  അവർ ചോദിച്ചു, “ഒരാൾ അതിനെ എങ്ങനെ നശിപ്പിക്കും?”  പ്രവാചകൻ പറഞ്ഞു: “നെറികേടുകൊണ്ട് അല്ലെങ്കിൽ പരദൂഷണം കൊണ്ട്”. നോമ്പെടുക്കുമ്പോൾ തെറ്റായതോ നിന്ദ്യമായതോ ആയ എന്തെങ്കിലും പറയുന്നതിൽ നിന്ന് നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.  പ്രവാചകൻ ﷺ പറഞ്ഞു: “ഭക്ഷണവും വെള്ളവും ഒഴിവാക്കലല്ല നോമ്പ്. പൊങ്ങച്ചവും അശ്ലീലവും ഒഴിവാക്കലാണത്.

അവനെ ആരെങ്കിലും അസഭ്യം പറയുകയോ അവനോടാരെങ്കിലും കലഹത്തിന് വരികയോ ചെയ്താല്‍ “ഞാന്‍ നോമ്പുകാരനാണ്” എന്ന് പറയട്ടെ”.  പ്രവാചകൻ (സ) പറഞ്ഞു: “നിങ്ങളിൽ ഒരാൾ രാവിലെ നോമ്പിനായി എഴുന്നേറ്റാൽ, അവൻ അസഭ്യം പറയുകയോ വിഡ്ഢിത്തം കാണിക്കുകയോ ചെയ്യരുത്”. മറ്റൊരിക്കൽ റസൂൽ (സ) പറഞ്ഞു, “നിങ്ങൾ നോമ്പുകാരനായിരിക്കുമ്പോൾ ആരെയും അപമാനിക്കരുത്. ആരെങ്കിലും നിങ്ങളെ അധിക്ഷേപിച്ചാൽ, ‘തീർച്ചയായും ഞാൻ നോമ്പുകാരനാണ്’ എന്ന് പറയുക. നിങ്ങൾ നിൽക്കുകയാണെങ്കിൽ ഇരിക്കുക”. ഖലീഫ ഉമർ (റ) ഇതിനെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്, “ഭക്ഷണവും വെള്ളവും ഒഴിവാക്കലല്ല ശരിയായ നോമ്പ്. കളവും അനാവശ്യവും കള്ളസത്യവും ഒഴിവാക്കലാണത്”.

പ്രാർത്ഥനയുടെ ഉദ്ദേശ ഫലങ്ങൾ അവഗണിക്കാൻ കഴിയാത്തതുപോലെ നോമ്പിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഈ ഉദ്ദേശം നിങ്ങൾക്ക് അവഗണിക്കാൻ കഴിയില്ല.  അല്ലാത്തപക്ഷം, അത് വെറുമൊരു ആചാരമായി മാത്രം മാറാനുള്ള സാധ്യതയുണ്ട്.  നബി ﷺ പറഞ്ഞതുപോലെ, “നോമ്പിൻ്റെ സമയത്ത് മോശമായ വാക്കുകളും പ്രവൃത്തികളും ഉപേക്ഷിക്കാത്തവൻ ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കൽ അല്ലാഹുവിന് ആവശ്യമില്ല.” റസൂൽ(സ) ഇങ്ങനെ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്: “ഒരാൾ നോമ്പെടുക്കും, പക്ഷേ അവൻ്റെ നോമ്പിൽ നിന്ന് വിശപ്പല്ലാതെ മറ്റൊന്നും അവന് ലഭിക്കുന്നില്ല. ഒരാൾ രാത്രിയിൽ പ്രാർത്ഥിക്കും, പക്ഷേ അവൻ്റെ പ്രാർത്ഥനയിൽ നിന്ന് ക്ഷീണമല്ലാതെ മറ്റൊന്നും അവന് ലഭിക്കുന്നില്ല”. പരദൂഷണം പറയുകയോ അല്ലെങ്കിൽ ഒരാളുടെ അഭാവത്തിൽ അവരെക്കുറിച്ച് മോശമായി സംസാരിക്കുകയോ ചെയ്യുന്നത് ഏറ്റവും അപകടകരമായ പാപങ്ങളിലൊന്നാണ്. 

ഇമാം ഇബ്രാഹീം അൽ-നഖഈ പറഞ്ഞു, “അസത്യം നോമ്പ് മുറിക്കുമെന്ന് സച്ചരിതരായ മുൻഗാമികൾ പറയാറുണ്ടായിരുന്നു”. നുണ പറയുന്നത് ബാഹ്യമായി നോമ്പ് മുറിക്കുകയില്ലായിരിക്കാം, പക്ഷേ അതിൻ്റെ ആത്മാവിനെ നശിപ്പിക്കുന്നു.  പ്രാർത്ഥനയുടെയും നോമ്പിൻ്റെയും താക്കോൽ ആത്മാർത്ഥതയാണ്, ബാഹ്യ ചലനങ്ങളുമായി പൊരുത്തപ്പെടുന്ന ആന്തരിക ഘടകം. നാവിൽ നിന്ന് പുറപ്പെടുന്നതെന്തും ഹൃദയത്തിലുള്ളത് പ്രതിഫലിപ്പിക്കുന്നതിനാൽ നമ്മൾ പറയുന്നത് ശ്രദ്ധാപൂർവം നിരീക്ഷിച്ച് നോമ്പിനെ ശക്തിപ്പെടുത്താൻ നമുക്ക്‌ കഴിയും. താബിഈ പണ്ഡിതനായ ഇമാം മുജാഹിദ് (റ) പറഞ്ഞത്, “രണ്ട് സ്വഭാവങ്ങളിൽ നിന്ന് സുരക്ഷിതനാണെങ്കിൽ അവൻ്റെ നോമ്പ് ഭദ്രമാകും: പരദൂഷണവും  അസത്യവുമാണത്”. ഈ വിവരണം രേഖപ്പെടുത്തിയ ഇമാം അൽ-ബൈഹഖി (റ) ഇങ്ങനെ കൂട്ടിച്ചേർത്തു, “ഒരാൾ തൻ്റെ നോമ്പിനെ യോജിച്ചതല്ലാത്തതിൽ നിന്ന് കാത്തുസൂക്ഷിക്കുന്നതുപോലെ, അല്ലാഹുവിനെ പരമാവധി അനുസരിക്കാൻ റമദാൻ മാസത്തിൽ സ്വയം കാത്തുസൂക്ഷിക്കേണ്ടതാണ്”.

നമ്മുടെ കഴിവിൻ്റെ പരമാവധി ചെയ്യുന്നതിലും പ്രത്യക്ഷത്തിലുള്ള ചെറിയ പോരായ്മകൾ പോലും ഒഴിവാക്കുന്നതിലും നാം കൂടുതൽ ശ്രദ്ധാലുവായിരിക്കേണ്ട സവിശേഷമായ ദിവസങ്ങളാണ് നോമ്പ് ദിനങ്ങൾ. എല്ലാ സമയത്തും വലിയ ജാഗ്രത പുലർത്തുന്നത് ബുദ്ധിമുട്ടാണ്, എങ്കിലും നോമ്പു കാലത്ത് നമ്മൾ നമ്മുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സൂക്ഷ്മതയുള്ളവരാവുന്നു. ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രാർത്ഥന പോലെയാണത്. താബിഈ പണ്ഡിതനായ അബുൽ ആലിയ റുഫാഈ അൽ-റിയാഹി (റ) പറഞ്ഞതുപോലെ, “നോമ്പുകാരൻ ആരെക്കുറിച്ചും ഏഷണി പറയാത്തിടത്തോളം കാലം അയാൾ ആരാധനയിൽ മുഴുകിയിരിക്കുകയാണ്. അവൻ തൻ്റെ കട്ടിലിൽ ഉറങ്ങുകയാണെങ്കിൽ പോലും”. നോമ്പെടുത്ത ദിവസം ഒരു സാധാരണ ദിവസമായി നമ്മൾ കാണരുത്.  സ്വഹാബി ജാബിർ ഇബ്നു അബ്ദുല്ല (റ) ഇങ്ങനെ ഉപദേശിക്കുന്നുണ്ട്: “നീ നോമ്പെടുത്താൽ നിൻ്റെ കാതും, കണ്ണും, നാവും കളവിൽ നിന്നും ഹറാമുകളിൽ നിന്നും നോമ്പെടുക്കട്ടെ. അയൽവാസിയെ ഉപദ്രവിക്കുന്നത് നീ ഒഴിവാക്കുകയും ചെയ്യണം. നിന്റെ നോമ്പിന്റെ ദിവസം നിനക്ക് മാന്യതയും അച്ചടക്കവും ഉണ്ടാകണം. നിനക്ക് നോമ്പുള്ള ദിവസവും നോമ്പില്ലാത്ത ദിവസവും നീ ഒരു പോലെയാക്കരുത്”.

പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്നത് എങ്ങനെയാണെന്ന് നമ്മെ ഓർമ്മിപ്പിക്കലുകൂടിയാണ് നോമ്പിൻ്റെ ഉദ്ദേശം. മുൻഗാമികളിൽ ചിലരോട്, “എന്തുകൊണ്ടാണ് ഉപവാസം ഏർപ്പെടുത്തിയത്?” എന്ന് ചോദിക്കപ്പെട്ടുപ്പോൾ അവർ മറുപടി പറഞ്ഞത്, “നോമ്പിലൂടെ സമ്പന്നർ വിശപ്പ് ആസ്വദിക്കും, അങ്ങനെ അവർ വിശക്കുന്നവരെ മറക്കില്ല”.

ഖലീഫ മഅ്മൂനോട് സമാനമായി ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു: “ദരിദ്രർ കഠിനമായ വിശപ്പ് സഹിക്കുന്നതിനെ കുറിച്ച് സർവ്വശക്തനായ അല്ലാഹുവിന് നന്നായറിയാം, അതിനാൽ അവൻ സമ്പന്നരെകൊണ്ട് നോമ്പ് അനുഷ്ഠിപ്പിച്ചു. അതിലൂടെ വിശപ്പിൻ്റെ രുചി അനുഭവിച്ചറിഞ്ഞ് ദാരിദ്രരുടെ കഠിനമായ വിശപ്പ് മറക്കാതിരിക്കാൻ സാധിക്കും’’.

ലോകമെമ്പാടും നിരവധി ആളുകൾ ഭക്ഷണമോ വെള്ളമോ ഇല്ലാതെ അരക്ഷിതാവസ്ഥയിൽ ജീവിക്കുന്നുണ്ട്. അവർ പട്ടിണി കിടക്കുന്നത് ഒരിക്കലും സ്വന്തം താലപര്യപ്രകാരമല്ല. വ്രതമനുഷ്ഠിക്കുമ്പോൾ വിശപ്പിൻ്റെ വേദന അനുഭവപ്പെടുമ്പോൾ, ഈ ആളുകൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ അത് ഓർമ്മിപ്പിക്കുകയും അവർക്കുവേണ്ടി സംഭാവന നൽകാൻ നമ്മളെ പ്രേരിപ്പിക്കുകയും വേണം. നോമ്പ് നമ്മുടെ ഉള്ളിൽ അനുകമ്പ വളർത്തണം!

പ്രത്യക്ഷത്തിൽ നോമ്പിന് ഉയർന്ന തലമുണ്ട്. അതുപോലെ അതിനകത്തും വളരെ ഉയർന്ന ഒരു തലം നോമ്പിനുണ്ട്. ഇതിനെ ഹൃദയത്തിൻ്റെയും മനസ്സിൻ്റെയും യഥാർത്ഥ വ്രതം എന്ന് വിളിക്കുന്നു. പ്രമുഖ ദൈവശാസ്ത്രജ്ഞനും പണ്ഡിതനുമായ അബു ഹാമിദ്  അൽ ഗസാലി (d. 505/1111) നോമ്പിൻ്റെ വിവിധ തലങ്ങളെ കുറിച്ച് വിശദീകരിക്കുന്നു: “ഉപവാസത്തിന് മൂന്ന് അവസ്ഥകളുണ്ടെന്ന് മനസ്സിലാക്കുക: സാധാരണക്കാരുടെ നോമ്പ്, ഉന്നതരുടെ നോമ്പ്, ഉന്നതരിൽ ഉന്നതരുടെ നോമ്പ്.  സാധാരണക്കാരുടെ നോമ്പിനെ സംബന്ധിച്ചിടത്തോളം, സൂചിപ്പിച്ചതുപോലെ, ആമാശയത്തെ അതിൻ്റെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിൽ നിന്ന് തടയുന്നത് ഉൾപ്പെടുന്നു.  ഉന്നതരുടെ നോമ്പ്, ഒരുവൻ്റെ കേൾവി, കാഴ്ച, നാവ്, കൈകൾ, കാലുകൾ, തുടങ്ങി എല്ലാ അവയവങ്ങളും പാപത്തിൽ നിന്ന് തടയുന്നത് ഉൾപ്പെടുന്നു.  ഉന്നതരിൽ ഉന്നതരുടെ നോമ്പ്, അനർഹമായ ഉത്കണ്ഠകളിൽ നിന്നും ലൗകിക ചിന്തകളിൽ നിന്നും ഹൃദയത്തെ ഉപവസിക്കുകയും സർവ്വശക്തനായ അള്ളാഹുവിന് പുറമെയുള്ള എല്ലാത്തിൽ നിന്നും അതിനെ പൂർണ്ണമായും തടയുകയും ചെയ്യലാണ്”.

ചില മുൻകാല മുസ്‌ലിംകൾ തികഞ്ഞ തഖ്‌വയെ വിവരിച്ചത് ഇങ്ങനെയാണ്, “ഒരാൾ തൻ്റെ ഹൃദയത്തിലുള്ളത് ഒരു തളികയിൽ വയ്ക്കുകയും അതുമായി ചന്തയിൽ ചുറ്റിനടക്കുകയും അതിലുള്ള ഒന്നിനെക്കുറിച്ചോർത്തും ലജ്ജിക്കാതിരിക്കുകയും ചെയ്യാത്തിടത്തോളം അയാൾ തഖ്‍വയുടെ ഉന്നതിയിലെത്തുകയില്ല”. വർഷങ്ങളോളം പ്രവർത്തിക്കാനുള്ള എത്ര ഉന്നതമായ ലക്ഷ്യം! ഏറ്റവും ഉയർന്ന തലം കൈയെത്താത്തതായി തോന്നിയാൽ നിരുത്സാഹപ്പെടരുത്. നോമ്പുകാരനായിരിക്കുമ്പോൾ അല്ലാഹുവിനെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരു പരിധിയിലേക്ക് മിക്ക ആളുകൾക്കും അവരുടെ ചിന്തകളെ നിയന്ത്രിക്കാൻ കഴിയില്ല. നിങ്ങളുടെ നോമ്പ് ഇപ്പോഴും സാധുതയുള്ളതും സ്വീകാര്യവുമാണ്. സലഫുകളിൽപെട്ട പണ്ഡിതനും ന്യായാധിപനുമായ മെയ്മൂൻ ഇബ്നു മഹ്‌റാൻ പറയാറുണ്ടായിരുന്നു, “നോമ്പിൻ്റെ ഏറ്റവും എളുപ്പമുള്ള ഭാഗം ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കുക എന്നതാണ്!”  അതിനാൽ അടിസ്ഥാനകാര്യങ്ങളിൽ നിന്ന് ആരംഭിക്കുക. ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുകയും റമദാൻ മാസത്തിൽ നിങ്ങളുടെ മികച്ച പെരുമാറ്റം നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുക.

കടപ്പാട്: https://yaqeeninstitute.org/

വിവ: ഹിറ പുത്തലത്ത്

Related Articles