Current Date

Search
Close this search box.
Search
Close this search box.

ഹദീസ് നിദാന ശാസ്ത്രം : സംസ്കരണ ചിന്തകള്

sunnah-30.jpg

ഹദീസുകളുടെ സ്വീകാര്യതയുടെ അടിസ്ഥാനമായി പരിഗണിക്കപ്പെടുന്ന പരമ്പരയെയും, ഉള്ളടക്കത്തെയും സംബന്ധിച്ച വിജ്ഞാനത്തെയാണ് ഹദീസ് നിദാന ശാസ്ത്രം എന്ന് പേര് വിളിക്കുന്നത്. പ്രവാചക ചരിതത്തെ സംരക്ഷിക്കുന്ന മഹത്തായ വിജ്ഞാനമാണത്. പ്രവാചകസുന്നത്തില്‍ ദുര്‍ബലമായതിനെയും, ശരിയായതിനെയും വേര്‍തിരിക്കുന്നതിനും, രണ്ട് ശരിയായ ഹദീസുകളില്‍ ഏതെങ്കിലും ഒന്നിന് മുന്‍ഗണന നല്‍കുന്നതിനും ഈ ശാസ്ത്രം സഹായിക്കുന്നു. പ്രവാചകന്റെ ഉന്നതമായ സ്വഭാവവിശേഷണങ്ങള്‍ മനസ്സിലാക്കുന്നതിനും, അവ മാതൃകയാക്കാനും ഇത് ഉപകരിക്കുന്നു. ഹദീസ് നിദാന ശാസ്ത്രത്തില്‍ നിന്നും ഒരു വിശ്വാസിക്ക് ലഭിക്കുന്ന ശിക്ഷണ ഗുണപാഠങ്ങള്‍ താഴെ കൊടുക്കുകയാണ്.

1. മഹോന്നത സ്വഭാവം
നബി തിരുമേനി(സ)യില്‍ നിന്നും നിവേദനം ചെയ്യപ്പെട്ട ആയിരക്കണക്കിന് ശരിയായ ഹദീസുകളുടെ പരമ്പരയില്‍ എവിടെയും ആക്ഷേപാര്‍ഹമായ എന്തെങ്കിലും പ്രവര്‍ത്തിച്ച, സ്വഭാവത്തില്‍ ദൂഷ്യമുള്ള ഒരുത്തനെയും കാണാന്‍ കഴിയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. ഉദാഹരണമായി ശഹ്‌റു ബിന്‍ ഹൗശബിനെ ഹദീസ് പണ്ഡിതര്‍ ദുര്‍ബലനെന്ന് വിളിക്കുന്നത് അദ്ദേഹം ഒരു ചെറിയ കവര്‍ മോഷ്ടിച്ചുവെന്ന കാരണത്താലാണ്. വളരെ നിസ്സാരമായി ഗണിക്കപ്പെടുന്ന ഒരു പ്രവര്‍ത്തനത്തിന്റെ പേരില്‍ അദ്ദേഹം മാത്രം റിപ്പോര്‍ട്ട് ചെയ്ത എത്ര ഹദീസുകളാണ് തള്ളപ്പെട്ടത്.

2. വൈജ്ഞാനിക സത്യസന്ധത
വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകമായി ഉണ്ടായിരിക്കേണ്ട സ്വഭാവമാണ് വൈജ്ഞാനിക സത്യസന്ധതയെന്നത്. പ്രവാചക വചനങ്ങള്‍ വ്യക്തമായി അദ്ദേഹത്തിലേക്ക് ചേര്‍ക്കുക വഴി അവര്‍ നിര്‍വഹിച്ചിരുന്ന ഉത്തരവാദിത്തം അതായിരുന്നു. നബി തിരുമേനി(സ) തന്നെ അരുളിയതാണല്ലോ ‘എന്റെ മേല്‍ കളവ് കെട്ടിച്ചമച്ച് പറയുന്നവന്‍ നരകത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യും’. തന്റെ നിവേദനങ്ങളില്‍ അബദ്ധങ്ങള്‍ സംഭവിക്കുമോ എന്ന ആശങ്ക കാരണത്താല്‍ അനസ് ബിന്‍ മാലിക്(റ) കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും അകന്ന് നിന്നിരുന്നു. ഇങ്ങനെയുള്ള അന്തരീക്ഷത്തില്‍ ഒരു വാര്‍ത്തയോ സംഭാഷണമോ കൃത്യമായ ഉറവിടത്തില്‍ നിന്നും ഉദ്ധരിക്കുന്നതില്‍ സമൂഹം സൂക്ഷ്മത പുലര്‍ത്തുന്നു.

3. സൂക്ഷ്മത
തങ്ങള്‍ ഉദ്ധരിക്കുന്ന വാര്‍ത്തയിലെ ഓരോ പദവും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാന്‍ റിപ്പോര്‍ട്ടര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നു. പദം മാത്രമല്ല ഓരോ അക്ഷരത്തിലും ഇത് ആവശ്യമായിരുന്നു. കാരണം ഒരു അക്ഷരം മാറിയാല്‍ ആശയം മാറുമല്ലോ.

4. ക്ഷമ
ക്ഷമ പഠിപ്പിക്കുന്ന കളരി കൂടിയായിരുന്നു ഹദീസ് നിദാനശാസ്ത്രം. നിവേദകന്‍ ഒരു ഹദീസ് എടുത്ത് അതിന്റെ പരമ്പരകള്‍ ഓരോന്നോരോന്നായി പരിശോധിക്കുന്നു. നിരന്തരമായ അപഗ്രഥനത്തിലൂടെയും, വിശകലനത്തിലൂടെയുമാണ് ഒരു ഹദീസിന്റെ സ്വീകാര്യത നിര്‍ണയിക്കപ്പെടുന്നത്. പരമ്പരയിലെ ഓരോ വ്യക്തിയെക്കുറിച്ചും പഠിക്കുകയും, സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ വളരെ ശ്രമകരവും, ക്ഷമയാവശ്യമുള്ളതുമായ പ്രവര്‍ത്തനമാണിത്.

5. വിനയം
വലിയ വലിയ പണ്ഡിതര്‍ സാധാരണക്കാരായ നല്ലവരില്‍ നിന്നും ഹദീസ് തേടി യാത്ര ചെയ്തതും, അവരുടെ പടിവാതിലില്‍ ദീര്‍ഘസമയം കാത്തിരുന്നുവെന്നതും അവരുടെ വിനയത്തെയാണ് കുറിക്കുന്നത്. പ്രവാചകാനുചരരായ സ്വഹാബാക്കള്‍ താബിഉകളില്‍ നിന്നും ഹദീസുകളില്‍ ഉദ്ധരിക്കാറുണ്ടായിരുന്നുവെന്നത് ഇതിന് ഉദാഹരണമാണ്.

ചുരുക്കത്തില്‍ നാം വിചാരിക്കുന്നത് പോലെ കേവലം നിര്‍ജ്ജീവമായ വിജ്ഞാനശാഖയല്ല ഹദീസ് നിദാന ശാസ്ത്രം. മറിച്ച് സജീവമായ, പുതുങ്ങിക്കൊണ്ടിരിക്കുന്ന, സംസ്‌കരണശീലങ്ങള്‍ പഠിപ്പിക്കുന്ന വിജ്ഞാനമാണ് അത്.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles