Current Date

Search
Close this search box.
Search
Close this search box.

നേതാക്കളുടെ തെറ്റുകളെ പ്രോത്സാഹിപ്പിക്കുന്നവര്‍

clapping.jpg

عَنْ جَابِرِ بْنِ عَبْدِ اللهِ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ لِكَعْبِ بْنِ عُجْرَةَ: ” أَعَاذَكَ اللهُ  مِنْ إِمَارَةِ السُّفَهَاءِ “، قَالَ: وَمَا إِمَارَةُ السُّفَهَاءِ؟، قَالَ: ” أُمَرَاءُ يَكُونُونَ بَعْدِي، لَا يَقْتَدُونَ بِهَدْيِي، وَلَا يَسْتَنُّونَ بِسُنَّتِي، فَمَنْ صَدَّقَهُمْ بِكَذِبِهِمْ، وَأَعَانَهُمْ عَلَى ظُلْمِهِمْ، فَأُولَئِكَ لَيْسُوا مِنِّي، وَلَسْتُ مِنْهُمْ، وَلَا يَرِدُوا عَلَيَّ حَوْضِي، وَمَنْ لَمْ يُصَدِّقْهُمْ بِكَذِبِهِمْ، وَلَمْ يُعِنْهُمْ عَلَى ظُلْمِهِمْ، فَأُولَئِكَ مِنِّي وَأَنَا مِنْهُمْ، وَسَيَرِدُوا عَلَيَّ حَوْضِي.

ജാബിറില്‍ (റ)ല്‍ നിന്ന്. നബി(സ) കഅ്ബുബ്‌നു ഉജ്‌റ(റ)യോട് പറഞ്ഞു: വിഡ്ഢികളുടെ നേതൃത്വത്തില്‍ നിന്ന് അല്ലാഹു താങ്കളെ കാത്തുരക്ഷിക്കട്ടെ.  അദ്ദേഹം ചോദിച്ചു: എന്താണ് വിഡ്ഢികളുടെ നേതൃത്വം? അവിടുന്ന് പറഞ്ഞു: എനിക്ക് ശേഷം ഉണ്ടാവുന്ന നേതാക്കന്‍മാര്‍. അവര്‍ എന്റെ നിര്‍ദ്ദേശങ്ങള്‍ പിന്‍പറ്റുകയില്ല. എന്റെ ചര്യ അനുധാവനം ചെയ്യുകയുമില്ല. ആരെങ്കിലും അവരുടെ കള്ളത്തരങ്ങള്‍ സത്യമാണെന്ന് അംഗീകരിക്കുകയും അവരുടെ അക്രമത്തില്‍ അവരെ സഹായിക്കുകയും ചെയ്താല്‍ അവര്‍ എന്നില്‍ പെട്ടവരല്ല. ഞാന്‍ അവരില്‍ പെട്ടവനുമല്ല. അവര്‍ എന്റെ ഹൗളിലെ വെള്ളം കുടിക്കാന്‍ എന്റെയടുത്ത് എത്തുകയുമില്ല (അവരെ അല്ലാഹു തടയും). എന്നാല്‍ ആര്‍ അവരുടെ കള്ളങ്ങളെ അംഗീകരിക്കാതിരിക്കുകയും അവരുടെ അക്രമങ്ങളെ പിന്തുണക്കാതിരിക്കുകയും ചെയ്യുന്നുവോ അവര്‍ എന്നില്‍ പെട്ടവനാകുന്നു. ഞാന്‍ അവരില്‍ പെട്ടവനുമാകുന്നു. അവര്‍ എന്റെ ഹൗളിലെ വെള്ളം കുടിക്കാനായി എന്റെ അടുത്തെത്തും.

أَعاذَ : രക്ഷിച്ചു  
إِمَارَة : നേതൃത്വം    
سُفَهَاء : വിഡ്ഢി   
أُمَرَاءُ : നേതാക്കള്‍   
يَقْتَدُونَ : അവര്‍ പിന്‍പറ്റുന്നു
يَسْتَنُّونَ : അവര്‍ അനുധാവനം ചെയ്യുന്നു
صَدَّقَ : സത്യമായി അംഗീകരിച്ചു
أَعَانَ : സഹായിച്ചു  
يَرِدُ : സമീപത്തെത്തുന്നു

സ്വയം തെറ്റുകള്‍ വര്‍ജിക്കുകയും മറ്റുള്ളവരുടെ തെറ്റുകള്‍ തിരുത്താന്‍ സാധ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക മുസ്‌ലിം ഉമ്മത്തില്‍ അംഗത്വം കിട്ടാനുള്ള അടിസ്ഥാനോപാധികളില്‍ ഒന്നാണ്. (ആലുഇംറാന്‍:110) എന്നാല്‍ അത് വിസ്മരിച്ചുകൊണ്ട് തെറ്റുകളെ പിന്തുണക്കുന്ന അവസ്ഥ മുസ്‌ലിം സമൂഹത്തില്‍ കാണപ്പെടുന്നു. അതിന്റെ ഭവിഷ്യത്ത് ഓര്‍മിപ്പിക്കുകയാണ് ഉപരിസൂചിത പ്രവാചക വചനം.

ആദര്‍ശവ്യതിയാനം, അക്രമം, അധര്‍മം, അനീതി, ജനദ്രോഹ നടപടികള്‍ തുടങ്ങിയവയൊന്നും നിസ്സംഗമായി നോക്കിനില്‍ക്കാന്‍ ഇസ്‌ലാമിനെ ജീവിത ദര്‍ശനമായി അംഗീകരിച്ചവര്‍ക്ക് കഴിയില്ല. നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കണമെന്നും അക്രമത്തോട് സന്ധിചെയ്യരുതെന്നും വഴിയില്‍ നിന്ന് ഉപദ്രവകരമായത് നീക്കം ചെയ്യല്‍ പോലും ഈമാനിന്റെ ഭാഗമാണെന്നും ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നു.

മത, സാംസ്‌കാരിക, രാഷ്ട്രീയ നായകന്മാരെല്ലാം മേല്‍പറഞ്ഞ നേതൃത്വത്തിന്റെ വിവക്ഷയില്‍ പെടും. അവരുടെ തെറ്റുകള്‍ ഗുണകാംക്ഷയോടെ ചൂണ്ടിക്കാണിക്കുകയും അവര്‍ അക്രമമോ അനീതിയോ ചെയ്യുമ്പോള്‍ പിന്തുണക്കാതിരിക്കുകയും ചെയ്യുക സത്യവിശ്വാസിയുടെ ധര്‍മമാണെന്ന് ഈ ഹദീസില്‍ നിന്ന് മനസിലാക്കാം.

ഭരണാധികാരികളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഏത് കള്ളത്തരങ്ങളെയും അവര്‍ക്ക് സിന്ദാബാദ് വിളിച്ച് പിന്തുണക്കുകയും അവരുടെ അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്ന മുസ്‌ലിംകള്‍ ചിന്തിക്കുക, അതിന്റെ ഫലം എത്ര ദൗര്‍ഭാഗ്യകരമായിരിക്കുമെന്ന്. മതപൗരോഹിത്യത്തിന്റെ തട്ടിപ്പുകള്‍ക്കെതിരെ ഉറഞ്ഞുതുള്ളുമ്പോഴും രാഷ്ട്രീയ നേതാക്കന്‍മാരുടെ കൊള്ളരുതായ്മകളെ കുറിച്ച് മൗനം പാലിക്കുന്നവരോട് പ്രവാചകന്റെ പ്രതികരണം എങ്ങനെയായിരിക്കും എന്നോര്‍ത്ത് നാം ആശങ്കപ്പെടേണ്ടതില്ലേ. ബിദ്അത്തുകള്‍ ഉണ്ടാക്കുന്നവര്‍ക്ക് മാത്രമല്ല, തിന്മകളെയും അധര്‍മങ്ങളെയും പിന്തുണക്കുന്നവര്‍ക്കും ഹൗളുല്‍ കൗസറിലെ വെള്ളം കുടിക്കാനുള്ള ഭാഗ്യം നിഷേധിക്കപ്പെടുമെന്ന പ്രവാചകന്റെ മുന്നറിയിപ്പ് കാറ്റില്‍ പറത്തി എത്ര കാലം നമുക്ക് സിന്ദാബാദ് വിളിക്കാന്‍ കഴിയും.

നേതാക്കന്‍മാരും അനുയായികളും പരസ്പരം തള്ളിപ്പറയുന്ന മഹ്ശറില്‍ നമ്മെ രക്ഷിക്കാന്‍ ആരുമുണ്ടാവില്ല; നമ്മുടെ ദൗത്യ നിര്‍വഹണവും സല്‍കര്‍മങ്ങളുമല്ലാതെ.

വികസനമെന്ന പേരില്‍ പരിസ്ഥിതിയെ തകര്‍ക്കാനും മ്ലേഛ സംസ്‌കാരം വളര്‍ത്താനും ആയിരങ്ങളെ അഭയാര്‍ഥികളാക്കാനും കച്ചകെട്ടിയിറങ്ങിയ ഭരണാധികാരികള്‍ ഒരു വശത്ത്. അല്ലാഹു പറഞ്ഞതുപോലെ, മോഹനവാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറുകയും ഭൂമിയില്‍ നാശം വിതക്കുകയും കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും മനുഷ്യവംശത്തെ തകര്‍ക്കുകയും ചെയ്യുന്നവര്‍. (അല്‍ബഖറ: 205) അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗം മറുവശത്ത്. രണ്ടിനുമിടയില്‍ തെറ്റു ചൂണ്ടിക്കാണിക്കുന്നവരെ പരിഹസിച്ച് ഭരണാധികാരികള്‍ക്ക് കണ്ണടച്ച് പിന്തുണ പ്രഖ്യാപിക്കുന്നവര്‍. നാം ആലോചിക്കുക, ഇതില്‍ പ്രവാചകന്‍ ആരുടെ പക്ഷത്തായിരിക്കും?

Related Articles