Current Date

Search
Close this search box.
Search
Close this search box.

മക്കളെ വിളിച്ചയാൾ പറഞ്ഞു: “ഞാൻ മരിച്ചുകഴിഞ്ഞാൽ നിങ്ങളെന്നെ കത്തിച്ചുകളയണം, ശേഷം ധൂളികളാക്കി  കാറ്റിൽ പറത്തിക്കളയുക”

നബിയുടെ കൂടെ - 25

ഇമാം ബുഖാരിയും മുസ്ലിമും സ്വഹീഹിൽ അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു: വലിയ തെമ്മാടിയായൊരു മനുഷ്യനുണ്ടായിരുന്നു. മരണാസന്നനായപ്പോൾ മക്കളെ വിളിച്ചയാൾ പറഞ്ഞു: ഞാൻ മരിച്ചുകഴിഞ്ഞാൽ നിങ്ങളെന്നെ കത്തിച്ചുകളയണം. ശേഷം ധൂളികളാക്കി എന്നെ കാറ്റിൽ പറത്തിക്കളയണം. അല്ലാഹുവാണ, അവനുദ്ദേശിക്കുകയാണെങ്കിൽ ഇതുവരെ ആരെയും ശിക്ഷിച്ചിട്ടില്ലാത്ത രീതിയിൽ അവനെന്നെ ശിക്ഷിക്കാവുന്നതാണ്. അയാൾ മരണപ്പെടുകയും മക്കൾ പിതാവിന്റെ നിർദേശമനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു. അല്ലാഹു ഭൂമിയോട് ആ മനുഷ്യന്റെ അവശിഷ്ടങ്ങളെല്ലാം ഒരുമിച്ചുകൂട്ടാനാവശ്യപ്പെടുകയും അയാൾ സമ്പൂർണ മനുഷ്യരൂപം പ്രാപിച്ച് അല്ലാഹുവിന്റെ മുന്നിലെത്തുകയും ചെയ്തു. നിങ്ങളെന്തിനാണ് ഇങ്ങനെയൊക്കെ ചെയ്തതെന്നു ചോദിച്ചപ്പോൾ നിന്നെ പേടിച്ചതുകൊണ്ട് മാത്രമാണെന്ന് അയാൾ മറുപടി പറഞ്ഞു. അയാളുടെ ദോഷങ്ങളെല്ലാം അതോടെ പൊറുക്കപ്പെടുകയും ചെയ്തു.

​ഗുണപാഠം 1

ഈ ഹദീസിൽ പറയപ്പെട്ട മനുഷ്യൻ സ്വന്തത്തെ കാണുന്നത് ജീവിതകാലം മുഴുവൻ തിന്മകളിലായി കഴിച്ചുകൂട്ടിയ ആളായിട്ടാണ്. ചില റിപ്പോർട്ടുകൾ പ്രകാരം ഒരു നന്മപോലും അയാൾ ചെയ്തിട്ടില്ല. മരണാസന്നനായപ്പോൾ ചെയ്ത നന്മകളൊന്നും എടുത്തു പറയാനില്ലാത്തതിനാൽ അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് ഓടിയൊളിക്കുക എന്നയർഥത്തിലാണയാൾ മക്കളെ വിളിച്ച് തന്റെ ശരീരം കത്തിച്ചു കളയാനാവശ്യപ്പെടുന്നത്. അല്ലാഹുവിന്റെ ശിക്ഷ അതികഠിനമാണെന്നും അതിൽനിന്ന് രക്ഷിക്കാൻ ആരു വിചാരിച്ചിട്ടും കാര്യമില്ലെന്നും അയാൾക്കറിയാമായിരുന്നു. താൻ ശിക്ഷാർഹനാണെന്ന ഉത്തമബോധ്യവും അയാൾക്കുണ്ട്. ഫലത്തിൽ, ആ ശിക്ഷ തരാനുള്ള ദൈവത്തെക്കുറിച്ചും അയാൾക്ക് ഉത്തബോധ്യമുണ്ടെന്നർഥം. പക്ഷേ, ധൂളികളായി കാറ്റിൽ പറന്നാലും അല്ലാഹുവിന് അതൊക്കെ ഒരുമിച്ചു കൂട്ടൽ ആയാസരഹിതമാണല്ലോ.

ഗുണപാഠം 2

ഹൃദയങ്ങൾകൊണ്ടുള്ള ആരാധനകളാണ് മറ്റെല്ലാ ആരാധനകളുടെയും അടിസ്ഥാനം. അതില്ലാതെ അവയവങ്ങൾകൊണ്ടുള്ള കാട്ടിക്കൂട്ടലുകൾക്ക് അർഥമില്ലതന്നെ. ആത്മാർഥതയില്ലാത്ത നമസ്കാരം വെറും ശാരീരിക ചലനങ്ങൾ മാത്രമാണ്. തഖ് വയില്ലാത് നോമ്പ് വെറും കഠിനമായ ഡയറ്റിം​ഗ് മാത്രമാണ്. ഹജ്ജ് വെറുമൊരു ഉല്ലാസയാത്രയല്ല, മറിച്ച് ആത്മീയമായ കർമങ്ങളാണ്. ഈ കർമങ്ങളെല്ലാം ഹൃദയംകൊണ്ട് ചെയ്തില്ലെങ്കിൽ നമ്മുടെ അധ്വാനങ്ങളെല്ലാം വിഫലം. അല്ലാഹുവിനെപ്പേടിയും ഹൃദയത്തിന്റെ ആരാധനയാണ്. അല്ലാഹുവിലുള്ള ഉറച്ച വിശ്വാസമില്ലെങ്കിൽ ആ പേടിയുണ്ടാവില്ലല്ലോ. നമ്മുടെ കഥാപാത്രം അല്ലാഹുവിൽ ഉറച്ച വിശ്വാസമുള്ളയാളായിരുന്നു.

പക്ഷേ, എല്ലാ നിലക്കും അയാൾ അല്ലാഹുവിന്റെ കൽപനകളെ ധിക്കരിച്ചു. അപ്പോഴും അവന്റെ ശിക്ഷയിൽ നിന്ന് ഇനി രക്ഷയില്ലെന്ന ബോധ്യമുണ്ടായിരുന്നു അയാൾക്ക്. ആ ബോധ്യത്തിൽ നിന്നാണ് അദ്ദേഹം മരണനേരത്ത് വസ്വിയ്യത്ത് ചെയ്യുന്നതും. അതേസമയം ആ മനുഷ്യന്റെ ഹൃദയത്തിലുള്ള പേടി മനസ്സിലാക്കുകയും പൊറുത്തുകൊടുക്കുകയുമായിരുന്നു അല്ലാഹു. കാരണം, അവൻ മാന്യനാണല്ലോ. ദോഷം സ്വയം അം​ഗീകരിച്ചവർക്ക് മാപ്പുകൊടുക്കുക എന്നതാണ് മാന്യന്മാരുടെ സ്വഭാവം. വൈകിയാണെങ്കിലും അല്ലാഹുവിനെ പേടിച്ചപ്പോൾ പകരമായി മ​ഗ്ഫിറത്ത് നൽകിയാണ് അല്ലാഹു പ്രതികരിച്ചത്.

​ഗുണപാഠം 3

അല്ലാഹുവിനെപ്പേടിക്ക് വിവിധ തലങ്ങളുണ്ട്. അല്ലാഹുവിനെപ്പേടിച്ച് ദോഷങ്ങൾ ചെയ്യാത്തവരും ആ പേടികാരണം ദോഷം ചെയ്തതിന്റെ പേരിൽ ഖേദിക്കുന്നവരുമുണ്ട്. സൗഭാ​ഗ്യവാൻ, ആ പേടികാരണം മരിക്കുന്നതിനുമുമ്പായി തൗബ ചെയ്യുന്നവരാണ്. അല്ലാഹുവിനെ പേടിക്കാൻ മനുഷ്യൻ തെറ്റുകാരനാവണമെന്ന് നിർബന്ധമില്ല. പക്ഷേ, തെറ്റുകാരാണ് അവനെ കൂടുതൽ പേടിക്കേണ്ടതെന്നത് കാര്യം. അല്ലാഹുവിനെ യഥാർഥത്തിൽ അറിഞ്ഞവനും അവനെ പേടിക്കുകതന്നെ ചെയ്യും. ഖലീഫ ഉമർ(റ) തന്നെ അല്ലാഹുവിന്റെ അനു​ഗ്രവർഷത്തിൽ താനുൾപ്പെടില്ലയോ അല്ല അവന്റെ ശിക്ഷയിൽ താനുൾപ്പെടുമോ എന്നൊക്കെ ആലോചിച്ച് വെപ്രാളപ്പെടുന്നതു കാണാം. ജനങ്ങളെ, നിങ്ങളിൽ നിന്ന് ഒരു മനുഷ്യനൊഴികെ ബാക്കിയെല്ലാവരും സ്വർ​ഗത്തിൽ പ്രവേശിക്കുന്നവരാണെന്ന് ആകാശലോകത്തു നിന്നൊരാൾ വിളിച്ചുപറഞ്ഞാൽ അതിൽ പെടാത്ത ഒരാൾ ഞാനാകുമോ എന്നു ഞാൻ ഭയക്കുന്നു എന്നായിരുന്നു ഒരുവേള അദ്ദേഹം പറഞ്ഞത്. അല്ലാഹുവിലുള്ള പേടി ഈമാനിന്റെ വലിയൊരു ഭാ​ഗമാണ്. അത് ഹൃദയത്തിൽ രൂഢമൂലമായാൽ പിന്നെ ഹൃദയം മറ്റൊന്നിലേക്കും ചാഞ്ചാടില്ല. വിശ്വാസിക്ക് അല്ലാഹുവിനെ മാത്രമല്ലേ ഭയക്കേണ്ടതുള്ളൂ.

എന്റെ ജീവിതം മുഴുവൻ അവന്റെ കയ്യിൽ സുരക്ഷിതമാണെന്ന് വിശ്വസിക്കുന്ന ഒരാൾക്ക് ഒരു ബാഹ്യശക്തിയുടെ ഇടപെടലിനെ എന്തിന് പേടിക്കണം!? തന്റെ അന്നം മുഴുവൻ തീരുമാനിക്കുന്നത് അവനാണെന്ന് വിശ്വസിക്കുന്ന ഒരാൾ വേറെ ആരെങ്കിലും അന്നം മുടക്കുന്നതോർത്ത് എന്തിന് ആശങ്കപ്പെടണം!? അല്ലാഹു തരുന്ന അന്നം കൊണ്ട് നിന്നെപ്പോലെ ജീവിച്ചുപോകുന്ന വെറുമൊരു മനുഷ്യൻ മാത്രമാണ് നിന്റെ മുതലാളി എന്നു മനസ്സിലാക്കുക. മന്ത്രിയും രാജാവും ശൈഖും എല്ലാം അങ്ങനെതന്നെ.

എല്ലാവരും ഒരേ റബ്ബിന്റെ അധികാരത്തിനു കീഴിലുള്ള മനുഷ്യർ. അവന്റെയടുക്കൽ അടിമകളുടെ നിലവാരമളക്കാനുള്ള മാപിനിയാണെങ്കിൽ തഖ് വയുമാണ്. ജനങ്ങൾക്കെല്ലാം അർഹിക്കുന്ന സ്ഥാനം വകവെച്ചു കൊടുത്തോളൂ. പക്ഷേ, ആരെയും അർഹിക്കുന്നതിലധികം ഉയർത്തിക്കെട്ടരുത്. ഒരു മനുഷ്യന്റെ സ്ഥാനത്തെയോ പ്രായത്തെയോ ബഹുമാനിക്കുന്നുവെച്ച് നിന്റെ ഭാവി അയാളുടെ കയ്യിലാണെന്ന് നീ കരുതേണ്ടതില്ല. സ്രഷ്ടാവിനെക്കാൾ ആ സൃഷ്ടിയുടെ തൃപ്തിക്ക് നീ മുൻ​ഗണന കൊടുക്കുകയും വേണ്ട. അല്ലാഹുവിനെ മാത്രം പേടിക്കുക. ആ പേടി രക്ഷയുമായിരിക്കും എന്നു മനസ്സിലാക്കുക.

​ഗുണപാഠം 4

അവകാശം അം​ഗീകരിക്കൽ മാന്യതയും ധീരതയുമാണ്, പേടിച്ചാണ് അതം​ഗീകരിക്കുന്നതെങ്കിൽപോലും. മാപ്പപേക്ഷയുടെ ഏറ്റവും സത്യസന്ധമായ രൂപം മനുഷ്യൻ സ്വന്തം തെറ്റ് അം​ഗീകരിക്കുക എന്നതാണല്ലോ. തെറ്റുകളിൽ ഏറ്റവും മോശം, ചെയ്ത തെറ്റ് വീണ്ടുംവീണ്ടും ന്യായീകരിക്കലുമാണ്. അതുകൊണ്ട് തെറ്റ് വല്ലതും ചെയ്താൽ അതം​ഗീകരിച്ചേക്കുക. തെറ്റ് ചെയ്യുക മനുഷ്യന്റെ പ്രകൃതിയാണല്ലോ. നിന്റെ വിഷയത്തിൽ ചെയ്തുപോയ ഒരു തെറ്റിന് മാപ്പപേക്ഷിച്ചുകൊണ്ട് ഒരാൾ വന്നാൽ നീ മാന്യനാവുക. ശിക്ഷിക്കാൻ അവസരമുണ്ടാവുമ്പോഴും മാപ്പുകൊടുക്കുന്ന, ഒറ്റപ്പെടേണ്ടി വന്നാലും ചെയ്ത തെറ്റ് അം​ഗീകരിക്കുന്ന മാന്യൻ. മനുഷ്യപ്രകൃതിയുടെ ഭാ​ഗമാണെന്നു മാത്രമല്ല, മനുഷ്യന്റെ മഹത്വങ്ങളിലൊന്നുകൂടിയാണ് തെറ്റുകൾ സംഭവിക്കുകയെന്നത്. അതുവഴിയാണല്ലോ മനുഷ്യൻ പഠിക്കുന്നതും കാര്യങ്ങൾ മനസ്സിലാക്കുന്നതും സ്വയം സംസ്കരിക്കുന്നതും.

തെറ്റിലൂടെതന്നെയാണല്ലോ നമ്മൾ സ്വന്തം ബലഹീനതക്കളെക്കുറിച്ചറിയുന്നതും പുനർവിചിന്തനം നടത്തുന്നതും എല്ലാ നിലക്കും സ്വയം നവീകരിക്കപ്പെടുന്നതുമെല്ലാം. നിങ്ങൾ തെറ്റുകളൊന്നും ചെയ്യുന്നില്ലെങ്കിൽ അതിനേക്കാൾ ഭീകരമായ അഹങ്കാരം നിങ്ങൾക്കു വന്നുചേരുമോ എന്നു ഞാൻ പേടിക്കുന്നുവെന്ന നബി തങ്ങളുടെ ഹദീസ് ഇവിടെ ചിന്തനീയമാണ്. ചെയ്ത തെറ്റോർത്ത് അടിമ ഹൃദയംകൊണ്ട് വേദനിക്കുന്നതാവും ചെയ്ത നന്മയോർത്ത് അവൻ അഹങ്കരിക്കുന്നതിലും ചിലപ്പോൾ അല്ലാഹുവിനിഷ്ടം. നിങ്ങൾ തെറ്റുകളൊന്നുംതന്നെ ചെയ്യുന്നില്ലെങ്കിൽ തെറ്റുകൾ ചെയ്ത് ശേഷം അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്ന ഒരു സമൂഹത്തെ അല്ലാഹു നിങ്ങൾക്ക് പകരമായി കൊണ്ടുവരും എന്ന നബി തങ്ങളുടെ ഹദീസും ഇതോടു ചേർത്തുവായിക്കുക!

ഗുണപാഠം 5

അവസരം നഷ്ടപ്പെട്ടശേഷം വിശ്വാസം സ്വീകരിക്കുക വഴി ആർക്കും രക്ഷപ്പെടാൻ സാധിക്കില്ല. ഇക്കാര്യം ഒത്തിരി ഇടങ്ങളിലായി അല്ലാഹു വ്യക്തമാക്കി പറഞ്ഞിട്ടുള്ളതാണ്. അവസാന നിമിഷങ്ങളിൽ ഫിർഔന് സംഭവിച്ചതും അതുതന്നെ. കടലിൽ മുങ്ങി മരണത്തെ മുഖാമുഖം കണ്ടപ്പോഴായിരുന്നു ഫിർഔന് ബോധം തെളിഞ്ഞത്. ഇനി ഞാൻ അല്ലാഹുവിൽ വിശ്വസിക്കാമെന്ന് ഫിർഔന് അപ്പോൾ പറഞ്ഞെങ്കിലും സമയം കഴിഞ്ഞിരിക്കുന്നു എന്നായിരുന്നു അല്ലാഹുവിന്റെ മറുപടി. ആ വേളയിൽ അല്ലാഹുവിന്റെ അനു​ഗ്രഹം ഫിർഔന് ലഭിച്ചേക്കുമോ എന്നുകരുതി അയാളുടെ വായിൽ മണ്ണ് തിരുകിയാലോ എന്നുവരെ ഞാനാലോചിച്ചിരുന്നു എന്ന് ജിബ്രീൽ എന്നോട് പറഞ്ഞുവെന്ന് നബി (സ) പറയുന്നു.

പരസ്യമായി ദൈവനിഷേധം നടത്തുകയും ഞാനാണ് നിങ്ങളുടെ റബ്ബെന്ന് അഹങ്കരിക്കുകയും അവസാനനിമിഷം വരെയും അല്ലാഹുവിന്റെ നിഷേധത്തിലായി കഴിയുകയുമായിരുന്നല്ലോ ഫിർഔൻ. പക്ഷേ, നമ്മുടെ കഥാപുരുഷൻ അല്ലാഹുവിൽ ശക്തമായ വിശ്വാസമുള്ള ആളായിരുന്നുവല്ലോ. അടിമയുടെയും ഉടമയുടെയും ഇടയിലുള്ള കാര്യങ്ങൾ മാത്രമേ അവൻ നേരിട്ട് പൊറുത്തുതരൂ. അടിമകൾ പരസ്പരമുള്ള കാര്യം പരസ്പരം തന്നെ മാപ്പു ചെയ്യണമെന്നാണ് അവന്റെ തീരുമാനം, അതാണല്ലോ നീതിയും. മോഷ്ടാവിന് മോഷണസ്വത്ത് തിരിച്ചുകൊടുക്കുന്നതുവരെയോ അയാൾ പൊറുത്തുകൊടുക്കുന്നതുവരെയോ അല്ലാഹുവും പൊറുത്തുകൊടുക്കില്ല. ഏഷണി പറഞ്ഞവനും അക്രമിച്ചവനുമെല്ലാം അങ്ങനെതന്നെ.

ഗുണപാഠം 6

വസ്വിയ്യത്ത് നടപ്പിലാക്കുകയെന്നത് ജീവിച്ചിരിക്കുന്നവർ മരിച്ചവർക്ക് ചെയ്തുകൊടുക്കേണ്ട നിർബന്ധബാധ്യതയാണ്. മാതാപിതാക്കളുടെ വസ്വിയ്യത്ത് നടപ്പിലാക്കുകയെന്നത് അവർക്ക് നന്മചെയ്യുന്നതിൽ ഒരു ഭാ​ഗവുമാണ്. അവർ ജീവിച്ചിരിക്കുമ്പോൾ അവർക്ക് വഴിപ്പെടുന്നതിനു തുല്യവുമാണത്. പക്ഷേ ഉപര്യുക്ത സംഭവത്തിൽ അതിവിചിത്രമായ രീതിയിലുള്ള പിതാവിന്റെ വസ്വിയ്യത്ത് നടപ്പിലാക്കുന്ന മക്കളെ കാണാം. അല്ലെങ്കിലും മാതാപിതാക്കൾക്ക് മരണശേഷം വല്ല ​ഗുണവും ചെയ്യണമെങ്കിൽ അവരുടെ വസ്വിയ്യത്ത് ഉണ്ടായിരിക്കണമെന്ന് നിബന്ധനയൊന്നുമില്ല. പിതാവിനു വേണ്ടി പൊറുക്കലിനെ തേടലും ദുആ ചെയ്യലും സ്വദഖ ചെയ്യലും അവരുടെ സ്നേഹിതരുമായി നല്ല ബന്ധം സ്ഥാപിക്കലുമെല്ലാം അതിന്റെ ഭാ​ഗമാണ്.

 

നബിയുടെ കൂടെ – 24

വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles