Current Date

Search
Close this search box.
Search
Close this search box.

അപ്പോൾ ഒരാൾ ചോദിച്ചു: “താങ്കളെക്കാൾ അറിവുള്ള മറ്റു വല്ലവരെയും താങ്കൾക്കറിയാമോ?”

നബിയുടെ കൂടെ - 24

ഒരു ദിവസം മൂസ (അ) ജനങ്ങൾക്ക് സദുപദേശം നൽകിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഒരാൾ ചോദിച്ചു: “താങ്കളെക്കാൾ അറിവുള്ള മറ്റു വല്ലവരെയും താങ്കൾക്കറിയാമോ?” ഇല്ല എന്നദ്ദേഹം മറുപടി പറഞ്ഞു. അല്ലാഹു അഅ്ലം (അല്ലാഹുവിന്നറിയാം) എന്നായിരുന്നു പറയേണ്ടിയിരുന്നത്. ശേഷം അല്ലാഹു അദ്ദേഹത്തോട് ഇപ്രകാരം കൽപിച്ചു: എന്റെ ഒരു അടിയൻ നിന്നെക്കാൾ അറിവുള്ളവനാകുന്നു. രണ്ടു സമുദ്രങ്ങൾ കൂടിച്ചേരുന്ന സ്ഥലത്ത് നിനക്കദ്ദേഹത്തെ കാണാം. ഒരു വേവിച്ച മത്സ്യവുമായി പോവുക. അതിന് ജീവൻ വെക്കുന്നിടത്ത് നിനക്കദ്ദേഹത്തെ കാണാം. സേവകനായ യൂശഇനെയും കൂട്ടി മൂസ (അ) യാത്ര തിരിച്ചു. രണ്ട് സമുദ്രങ്ങൾ കൂടിച്ചേരുന്ന സ്ഥലത്തുവെച്ച് യൂശഇന്റെ കൈവശമുണ്ടായിരുന്ന മത്സ്യം കടലിൽ ചാടിപ്പോയി. യൂശഅ്(അ) വുളൂഅ്‌ എടുത്തപ്പോൾ വെള്ളം തട്ടി മത്സ്യത്തിന് ജീവൻ വെച്ച് കടലിൽ ചാടിപ്പോയി. അപ്പോൾ മൂസ (അ) ഉറക്കത്തിലായിരുന്നു. അവർ യാത്ര തുടർന്ന് ഒരുപാട് ദൂരം ചെന്നപ്പോൾ മൂസ (അ) ഭക്ഷണം ആവശ്യപ്പെട്ടപ്പോഴായിരുന്നു മത്സ്യം കാണാത്ത കാര്യം ശ്രദ്ധിച്ചത്. തിരിച്ചു നടന്ന് സമുദ്രങ്ങൾ ചേരുന്ന ആ സ്ഥലത്തെത്തി. അവിടെ ഒരാളെ കണ്ടുമുട്ടി. ഖിള്ർ നബി (അ) യായിരുന്നു അത്.

വിശുദ്ധ ഖുർആൻ ഖിള്റ് (അ) നെ ഇങ്ങനെ പരിചയപ്പെടുത്തുന്നു: “അപ്പോൾ നമ്മുടെ അടിയന്മാരിൽ നിന്ന് ഒരു അടിയാനെ അവർ കണ്ടെത്തി. നമ്മുടെ പക്കൽ നിന്നുള്ള ഒരു കാരുണ്യം നാം അദ്ദേഹത്തിന് നൽകിയിരിക്കുന്നു. നമ്മുടെ അടുക്കൽ നിന്നുതന്നെയുള്ള ഒരു പ്രത്യേക ജ്ഞാനം നാം അദ്ദേഹത്തിന് പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു.” (18:65)
“താങ്കളിൽ നിന്ന് വിദ്യ തേടാൻ ഞാനാഗ്രഹിക്കുന്നു. താങ്കളെ പിന്തുടരാൻ എന്നെ അനുവദിച്ചാലും.” മൂസ (അ) ഖിള്ർ നബിയോട് അപേക്ഷിച്ചു. “ക്ഷമ വേണം. ഞാനെന്തു ചെയ്താലും ചോദ്യം ചെയ്യരുത്. പറയുമ്പോൾ അറിഞ്ഞാൽ മതി.” ഖിള്ർ (അ) പറഞ്ഞു.
ഞാൻ ക്ഷമിച്ചു കൊള്ളാം… ഒന്നും ചോദിക്കില്ല എന്ന് മൂസാ നബിയുടെ മറുപടി. അങ്ങനെ അവർ ഒരുമിച്ച് ഒരു കപ്പലിൽ സഞ്ചരിച്ചു. കുറെ ചെന്നപ്പോൾ ഖിള്ർ (അ) കപ്പലിന്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ചു. “എന്താണീ കാണിക്കുന്നത്? കപ്പൽ മുങ്ങിപ്പോവില്ലേ?” മൂസ (അ) ചോദിച്ചുപോയി. “നിങ്ങൾക്കു ക്ഷമിക്കാനാവില്ലെന്ന് ഞാൻ പറഞ്ഞില്ലേ?” ഖിള്ർ നബി പറഞ്ഞു. മൂസാ നബി ക്ഷമാപണം നടത്തി. ശേഷം കപ്പലിൽ നിന്നിറങ്ങി നടക്കുമ്പോൾ മുന്നിൽ കണ്ട ഒരു ബാലനെ ഖിള്റ് (അ) വധിച്ചു കളഞ്ഞു. “എന്തൊരക്രമമാണിത്? ഒരു കുട്ടിയെ വധിക്കുകയോ?” മൂസ (അ) പെട്ടെന്ന് അറിയാതെ ചോദിച്ചുപോയി. “നിങ്ങൾക്ക് ക്ഷമിക്കാനാവില്ലെന്ന് ഞാൻ പറഞ്ഞില്ലേ?” ഖിള്ർ (അ) ചോദിച്ചു. “അബദ്ധം പറ്റിപ്പോയി. ഇനി ഒരബദ്ധം കൂടി വന്നാൽ നമുക്കു പിരിയാം.” മൂസ (അ) പറഞ്ഞു. നടന്നുനടന്ന് അവർ ഒരു നാട്ടിലെത്തി. വിശന്നു വലഞ്ഞ അവർ നാട്ടുകാരോട് ഭക്ഷണം ചോദിച്ചപ്പോൾ അവർ ഒന്നും തന്നെ കൊടുത്തില്ല. വിശപ്പു സഹിച്ച് നടക്കുന്നതിനിടെ ഖിള്ർ നബി മുന്നിൽ പൊളിഞ്ഞു വീഴാറായ ഒരു മതിൽ കണ്ടപ്പോൾ അത് നേരെയാക്കി. “മതിൽപ്പണിക്ക് കൂലി വാങ്ങിക്കൂടേ?” എന്ന് മൂസ (അ) ചോദിച്ചു.
ഖിള്ർ (അ) ഇങ്ങനെ മറുപടി നൽകി: ഇനി നമുക്കു പിരിയാം. മൂന്നു സംഭവങ്ങളുടെ വിശദീകരണം കേട്ടോളൂ. ആദ്യം കപ്പലിന്റെ കാര്യം പറയാം. കടലിൽ ജോലി ചെയ്തു ജീവിക്കുന്ന കുറെ പാവപ്പെട്ട മനുഷ്യരുടെതായിരുന്നു ആ കപ്പൽ. അപ്പുറത്ത് ഒരു രാജാവ് നല്ല കപ്പലുകൾ പിടിച്ചെടുക്കാൻ കാത്തിരിപ്പുണ്ടായിരുന്നു. ഞാൻ കപ്പലിൽ വിള്ളലുണ്ടാക്കിയതുകൊണ്ട് ആ രാജാവിൻ്റെ പിടിയിൽ നിന്ന് കപ്പൽ രക്ഷപ്പെട്ടു. ഇനി ആ കുട്ടിയുടെ കാര്യം. അവന്റെ മാതാപിതാക്കൾ സത്യവിശ്വാസികളാണ്. കുട്ടി വളർന്നുവന്നാൽ മാതാപിതാക്കൾ ബുദ്ധിമുട്ടും. അവൻ മതനിഷേധിയായി വളരും. അതിനാൽ ഞാനവനെ കൊന്നു. അവർക്ക് സൽഗുണ സമ്പന്നനായ ഒരു കുട്ടിയെ അല്ലാഹു പകരം നൽകും. ഇനി മതിലിന്റെ കാര്യം. പട്ടണത്തിലെ രണ്ട് ബാലന്മാർക്ക് ലഭിക്കേണ്ട നിധി ആ മതിലിന് താഴെയുണ്ട്. പിതാവ് കുഴിച്ചിട്ടതാണ്. അയാൾ നല്ല മനുഷ്യനായിരുന്നു. കുട്ടികൾ യൗവ്വനം പ്രാപിക്കുംവരെ മതിൽ തകർന്നുപോവരുത്. അതുകൊണ്ടാണ് ഞാനത് നന്നാക്കിയത്. തുടർന്ന് നബി (സ)പറഞ്ഞു: അല്ലാഹു മൂസാ നബിക്ക് അനുഗ്രഹം ചെയ്യട്ടെ. അദ്ദേഹം ക്ഷമിച്ചിരുന്നെങ്കിൽ അല്ലാഹു അവരെക്കുറിച്ച് നമുക്ക് കൂടുതൽ പറഞ്ഞു തന്നേനെ.

ഗുണപാഠം 1

ഈ സംഭവം വിവരിച്ച ശേഷം ആദ്യമായി ഉയർന്നു വരുന്നൊരു ചോദ്യം ആരാണ് ഖിള്ർ (അ) എന്നതാണ്. ഖുർആനും ഹദീസും കൊണ്ട് സ്ഥിരപ്പെട്ട ഒരു വ്യക്തിയാണ് അദ്ദേഹം എന്നത് വ്യക്തമാണ്. അത് വിശ്വസിക്കൽ നിർബന്ധവുമാണ്. പക്ഷേ അദ്ദേഹത്തെ കുറിച്ച് പറയപ്പെടുന്ന ഹദീസുകൾ, സംഭവങ്ങൾ, മറ്റു വാക്കുകൾ എല്ലാം കള്ളവും അടിസ്ഥാന രഹിതവുമാണെന്ന് ഇബ്നുൽ ഖയ്യിം അഹ് ലുസ്സുന്നയുടെ ഏകാഭിപ്രായം ഉദ്ധരിച്ച് പറയുന്നു. അല്ലാഹു ഒത്തിരി അറിവ് നൽകിയിട്ടുള്ള മഹാനായൊരു വ്യക്തിയാണ് എന്നത് മാത്രമാണ് അദ്ദേഹത്തെ കുറിച്ച് വ്യക്തമായി പറയാൻ പറ്റുന്നൊരു കാര്യം. ആദം നബിയുടെ മകനാണെന്നും ഖാബീലിൻ്റെ മകനാണെന്നും ശീസ് നബിയുടെ മകനാണെന്നും പേർഷ്യക്കാരനാണെന്നും എല്ലാം, അഭിപ്രായങ്ങൾ പലതും കാണാം. അദ്ദേഹം ഇന്നും ജീവനോടെ ഉണ്ടെന്നും ദജ്ജാലിനെ വധിക്കുന്നത് വരെ അദ്ദേഹം ഉണ്ടാകുമെന്നും വരെ പറഞ്ഞവരുണ്ട്.

ഖിള്ർ നബി ജീവിച്ചിരിക്കുന്നില്ല എന്നതിന് ഖുർആൻ, ഹദീസ്, പണ്ഡിതരുടെ ഏകാഭിപ്രയം, ബുദ്ധി എന്നിങ്ങനെ നാലു തെളിവുകൾ ഉണ്ടെന്ന് ഇബ്നുൽ ഖയ്യിം പറയുന്നു. ആദം നബിയുടെ മകനായിരുന്നു എങ്കിൽ തന്നെ ഇത്രയും കാലം ജീവിക്കുക അത്ഭുതമാണ്. എങ്കിൽ തന്നെയും അക്കാലത്തെ ആൾക്കാരെ പോലെ അറുപതടി ഉയരമൊക്കെയുള്ള മനുഷ്യർ ഇന്നുണ്ടാവുക അചിന്തനീയവുമാണ്. അങ്ങനെയാണെങ്കിൽ ഖുർആനിൽ അതേ കുറിച്ച് വ്യക്തമായ പരാമർശം വരേണ്ടതുമാണ്. മൂസാ നബിയുടെ കാലത്ത് ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്ത ഒരു മനുഷ്യൻ എന്നത് മാത്രമാണ് അദ്ദേഹത്തെ കുറിച്ച് യുക്തിയുടെ അടിസ്ഥാനത്തിൽ പറയാൻ പറ്റുന്ന ഒരു കാര്യം.

ഗുണപാഠം 2

വിനയം കാണിക്കുക! എപ്പോഴും സ്വന്തത്തെ ബഹുമാനിക്കാനാവും നമുക്ക് തിടുക്കം. ഒന്നുകൂടെ വ്യക്തമായി പറഞ്ഞാല്‍, നമ്മുടെ മേഖലയിൽ ഏറ്റവും പ്രഗത്ഭനായി നാം നമ്മെ തന്നെ കാണുന്നു എന്നർത്ഥം. താനാണ് മികച്ച ഡോക്ടറെന്ന അഭിപ്രായമില്ലാത്ത ഡോക്ടറും സ്വന്തം മേഖലയെ കുറിച്ച് അതേ അഭിപ്രായമില്ലാത്ത കവിയും അധ്യാപകനും എഞ്ചിനീയറും മെക്കാനിക്കും വീട്ടിലെ ഭക്ഷണമുണ്ടാക്കുന്ന സ്ത്രീപോലും ഉണ്ടാവുക കുറവാകും. സ്വന്തത്തോടുള്ള ബഹുമാനം ഒന്നും നമ്മെ കവച്ചു വെക്കാൻ ആരുമില്ലെന്ന ചിന്ത മറ്റൊന്നുമാണ്. പ്രവാചകൻ മൂസാ നബി പോലും പറഞ്ഞു പോയിട്ടുള്ളൊരു കാര്യമാണത്. എന്തെങ്കിലും കാര്യത്തിൽ നീ മറ്റു ജനങ്ങളെക്കാൾ മികച്ചു നിന്നെന്ന് വരാം. പക്ഷേ, അത് നിൻ്റെ വീക്ഷണത്തിൽ മാത്രമല്ലേ. മറ്റുള്ളവരുടെ വീക്ഷണം എന്താണെന്ന് കൂടി നോക്കേണ്ടതുണ്ട്.

അല്ലെങ്കിലും അറിവില്ലാത്ത ഒരു കാര്യം മറ്റുള്ളവരോട് ചോദിക്കുന്നതോ തിരക്കുന്നതോ മോശം കാര്യമല്ല. എല്ലാവരും എല്ലാം തികഞ്ഞവർ ആവണമെന്നില്ലല്ലോ. നിൻ്റെ ഭാഷാ മികവ് കൊണ്ട് ജനങ്ങളെ ചികിത്സിക്കാനോ മെക്കാനിക് മികവ് കൊണ്ട് ഫത്വ നൽകാനോ സാധിക്കില്ല എന്നതുപോലെ, എല്ലാ ഡോക്ടർമാരും ഒത്തു ചേർന്നാലും ഒരു പൈപ്പിൻ്റെ വാർച്ച നേരെയാക്കാൻ പറ്റാൻ സാധ്യതയില്ലാത്തത് പോലെ, എല്ലാ എഞ്ചിനീയർമാരും ഒത്തു കൂടിയാൽ ഒരു സർജറി വിജയകരമായി നടത്താനും സാധിക്കില്ല. ജനങ്ങളെ പരസ്പരം ആവശ്യമുള്ളവരാക്കി മാറ്റി എന്നതാണ് അല്ലാഹുവിൻ്റെ വലിയൊരു മഹത്വം.

​ഗുണപാഠം 3

ഈ സംഭവം നമ്മെ പ്രധാനപ്പെട്ട ഒരു ചോദ്യത്തിലേക്ക് നയിക്കുന്നുണ്ട്, മൂസാ നബിയാണോ ഖിള്ർ നബിയാണോ ഉത്തമനെന്ന ചോദ്യം. നിസ്സംശയം മൂസാ നബിയെന്നു തന്നെയാണുത്തരം. നുബുവ്വത്തിന്റെ സ്ഥാനത്തിനു തുല്യമായ മറ്റൊന്നുമില്ലല്ലോ. സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠൻ നമ്മുടെ നബി തന്നെയാണ്. പിന്നീട് ഇബ്റാഹിം നബിയും. പിന്നീട് ഉലുൽ അസ്മുകളിൽ പെട്ട മൂന്നു പ്രവാചകന്മാരും. പിന്നെയെങ്ങനെയാണ് മൂസാ നബിയെക്കാൾ അറിവുള്ളവരായി ഖിള്ർ നബി മാറിയെന്നതാണ് മറ്റൊരു ചോദ്യം. അറിവുള്ളവൻ ഉന്നതനാവണമെന്നില്ല എന്നാണുത്തരം. കാര്യങ്ങൾ ​ഗണിക്കപ്പെടുന്നത് ഏതെങ്കിലുമൊരു ഭാ​ഗം മാത്രം പരി​ഗണിച്ചല്ല, മറിച്ച് മുഴുവനായും പരിശോധിച്ചാണ്.

സ്വഹാബികളുടെ കൂട്ടത്തിൽതന്നെ ഓരോ സ്വഹാബികളും ഓരോ മേഖലകളിൽ മികച്ചുനിന്നവരായിരുന്നല്ലോ. ഖുലഫാഉറാശിദുകളെക്കാൾ പല വിഷയങ്ങളിലും മികച്ച സ്വഹാബികൾ പലരുമുണ്ടാവും, പക്ഷേ സ്ഥാനത്തിൽ അവരെ വെല്ലാൻ മറ്റാരുമില്ലതന്നെ. അപ്രകാരം, അല്ലാഹു പ്രത്യേകമായി പഠിപ്പിച്ചുനൽകിയ ചില കാര്യങ്ങളിൽ മൂസാ നബിയെക്കാൾ അറിവുള്ളവരാണ് ഖിള്ർ നബി. പക്ഷേ മൊത്തത്തിൽ പ്രവാചകത്വത്തിന്റെ മഹത്വം കൂടിയുള്ളതിനാൽ മൂസാ നബി തന്നെയാണ് ശ്രേഷ്ഠൻ.

മൂസാ നബിയെ അല്ലാഹു ആക്ഷേപിച്ച വേളയിൽ എന്നാൽ ആ മനുഷ്യന്റെ അടുക്കൽചെന്ന് ഞാൻ വല്ലതും പഠിച്ചോളാമെന്ന് മൂസാ നബി സ്വയം പറഞ്ഞതായിരുന്നു, അല്ലാഹുവിന്റെ കൽപനയായിരുന്നില്ല അത്. മഹത്തുക്കളുടെ വിനയത്തിന്റെ രീതിയാണത്. തന്നെക്കാൾ താഴ്ന്നവരിൽ നിന്ന് വല്ലതും പഠിക്കുന്നതിൽ ഒരിക്കലും മടി കാണിക്കേണ്ടതില്ല. മൂസാ നബി അതിന് സ്വയം താൽപര്യം കാണിച്ചിട്ടുണ്ടെങ്കിൽ അത് വിവേകികളുടെ ശീലമാണ്, വിനയാന്വിതരാവുകയെന്നത്. അതുകൊണ്ട് വിവേകിയാവുക, വിനയമുള്ളവനാവുക!

​ഗുണപാഠം 4

പ്രയാസങ്ങൾ സഹിച്ചേ അറിവു സമ്പാദനം സാധ്യമാവൂ. ആഹാരത്തിനുപോലും അധ്വാനം ആവശ്യമാണെങ്കിൽ അറിവിന് എന്തുകൊണ്ടും അതാവശ്യമാണ്. ഒരേയൊരു ഹദീസിന്റെ തിരച്ചിലിൽ ഒരു നാട്ടിൽനിന്ന് മറ്റൊരു നാട്ടിലേക്ക് ദീർഘയാത്ര ചെയ്തവരാണ് ഇമാം ബുഖാരി. ഇശാഇന്റെ വുളൂ കൊണ്ട് ഫജ്റ് നിസ്കരിച്ചവരായിരുന്നു ഇമാം ശാഫിഈ. ഒരു മസ്അലയുടെ പരിഹാരം കാണാനായി രാത്രി മുഴുവൻ ​ഗവേഷണത്തിൽ മുഴുകുകയായിരുന്നു അദ്ദേഹം. മൂസാ നബിയും ഇറങ്ങിപ്പുറപ്പെട്ടത് അതേ അറിവിന്റെ വഴിയിൽതന്നെയായിരുന്നു. അറിവിന്റെ വഴിയിലുള്ള ത്യാ​ഗം ഒരു നിശ്ചിതസമയത്തേക്കുള്ളതാണെങ്കിൽ അജ്ഞതയുടെ പേരിൽ അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ ജീവിതകാലം മുഴുവനുമാകും.

​ഗുണപാഠം 5

മൂസാ നബിയോട് ഖിള്ർ നബി പറഞ്ഞത് അതിപ്രധാനമായൊരു കാര്യമായിരുന്നു. നിങ്ങൾക്കറിയുന്നത് എനിക്കും എനിക്കറിയുന്നത് നിങ്ങൾക്കും അറിയില്ലെന്നുള്ള കാര്യം. അറിവ് രണ്ടു വിധമാണല്ലോ. അല്ലാഹു നേരിട്ട് പഠിപ്പിച്ചു കൊടുക്കുന്ന ലദുനിയ്യായ ഇൽമും സ്വയം പ്രയത്നത്തോടെയും അല്ലാഹുവിന്റെ സഹായത്തോടെയും ആർജിച്ചെടുക്കുന്ന ഇൽമും. ഒന്നാമത്തെ രീതിയിൽ അറിവു ലഭിച്ചില്ലെങ്കിൽ രണ്ടാമത്തെ രീതിയിലെങ്കിലും അതാർജിച്ചെടുക്കാൻ ശ്രമിക്കണം. ജീവിത്തിലുള്ളതെല്ലാം അങ്ങനെതന്നെ. ചിലത് അല്ലാഹു തന്റെ ഔദാര്യമായി നൽകുന്നതും ചിലത് അതിലേക്കുള്ള വഴികളെല്ലാം നാമന്വേഷിക്കുമ്പോൾ മാത്രം സാധ്യമാവുന്നതും.

വിവേകിയായ മനുഷ്യൻ കാരണങ്ങൾ നോക്കിക്കണ്ട് പ്രവർത്തിക്കുന്നവരാവും. യൂനുസ് നബിക്ക് അല്ലാഹു ശിഫ നൽകിയതുകണ്ട് ഡോക്ടർമാരെ സമീപിക്കാതിരിക്കുകയോ, മർയം ബീവിക്ക് ഭർത്താവില്ലാതെ അല്ലാഹു സന്താനം നൽകിയതുകണ്ട് വിവാഹമില്ലാതെ സന്താനത്തെ കാത്തിരിക്കുകയോ, യൂനുസ്നബിയെ മത്സ്യവയറ്റിൽ അല്ലാഹു സംരക്ഷിച്ചതോർത്ത് മത്സ്യത്തിന്റെ ഉദരങ്ങളെല്ലാം സുരക്ഷിതസ്ഥാനങ്ങളാണെന്ന് കരുതുകയോ ചെയ്യരുതല്ലോ. എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ കൈകളിൽതന്നെ, പക്ഷേ പ്രപഞ്ചത്തിന് അവൻ ചില നിയമങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അങ്ങനെയൊന്നില്ലെങ്കിൽ അതിന് ആദ്യം ഉപയോ​ഗപ്പെടുത്തുക നബി (സ) തന്നെയായിരുന്നല്ലോ.

പക്ഷേ നബി (സ) പോലും അത്തരം മാധ്യമങ്ങളുടെ സഹായം തേടാതിരുന്നിട്ടില്ല. നബി (സ) ഹിജ്റ മാത്രം പരിശോധിച്ചാൽ മതി. ആദ്യമായി ഒരു സഹയാത്രികനെ തെരഞ്ഞെടുക്കുന്നു, തുടർന്ന് വഴിയറിയുന്ന ഒരാളെ കൂടെക്കൂട്ടുന്നു, പിന്നീട് ഭക്ഷണം കൊണ്ടുവരാനുള്ള ആളെ നിശ്ചയിക്കുന്നു, തുടർന്ന് വഴിയിലെ അടയാളങ്ങൾ മായ്ച്ചുകളയാനും ആളെ വെക്കുന്നു, അവസാനമായി പതിവില്ലാത്തവഴി തെരഞ്ഞെടുക്കുന്നു എന്നിങ്ങനെയായിരുന്നു നബി തങ്ങളുടെ ആസൂത്രണം. കൂടുതൽ പ്രാക്ടിക്കലാവാൻ നമ്മോട് പറയുകയാണ് നബി (സ).

​ഗുണപാഠം 6

വലിയ പരീക്ഷണങ്ങളിൽ നിന്ന് രക്ഷപ്പെടുത്താനായി ചിലപ്പോൾ അല്ലാഹു ചെറിയ വല്ലതുംകൊണ്ട് പരീക്ഷിച്ചെന്നുവരും. സത്യത്തിൽ പരീക്ഷണത്തിന്റെ അകത്തുള്ളത് അനു​ഗ്രഹമാണെന്ന കാര്യം ജനങ്ങൾ മനസ്സിലാക്കുന്നില്ലല്ലോ! ചിലപ്പോൾ ദുനിയാവിൽ തന്നെ ലഭിക്കാനുള്ളതോ അല്ലെങ്കിൽ പരലോകത്ത് ലഭിക്കാനുള്ളതോ ആയ അനു​ഗ്രഹമാണ് ഓരോ പരീക്ഷണത്തിലും മറഞ്ഞുകിടക്കുന്നത്. ഖിള്റ് നബിയുടെ ഓരോ പ്രവൃത്തികളിലും അക്കാര്യം നമുക്ക് കാണാം, ചില പ്രയാസങ്ങൾ മറ്റു ചിലതിനെക്കാൾ നിസ്സാരമായിരിക്കുമെന്ന കാര്യം. രണ്ടു പ്രയാസങ്ങളിൽ ദ്രോഹം കുറഞ്ഞതെന്ന് ഏതെന്നു മനസ്സിലാക്കുന്നവനാണ് വിവേകിയെന്ന് ഉമർ(റ) പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് ഏറെ ശ്രമകരമായൊരു കാര്യവും.

ചിലതിനെ രക്ഷിക്കാൻ മറ്റു ചിലതിനെ നശിപ്പിക്കേണ്ടി വരുന്ന സാഹചര്യങ്ങളുണ്ടാവുമല്ലോ. മാതാവിനെ രക്ഷിക്കാൻ ​ഗർഭസ്ഥശിശുവിനെ കയ്യൊഴിയുന്നതും ശരീരത്തിന്റെ മുഴുവൻ നിലനിൽപിനായി കയ്യോ കാലോ മുറിക്കുന്നതും വൈദ്യശാസ്ത്രത്തിൽ പതിവാണല്ലോ. ചിലപ്പോൾ അത്തരം തെരഞ്ഞെടുപ്പുകൾ വേദനാജനകമാവും. പക്ഷേ, അത് തെരഞ്ഞെടുക്കാനുള്ള വിവേകം നമ്മിലുണ്ടാവുക എന്നതാണ് പ്രധാനം. നിലവിലുള്ള ജോലിയിലെ പ്രശ്നങ്ങൾ സഹിക്കുന്നതാണല്ലോ ഒന്നുമില്ലാതെ നടക്കുന്നതിലും ഭേദം എന്നതുപോലെ. ചിലപ്പോൾ ഭർത്താവിന്റെ ചീത്തസ്വഭാവം സഹിച്ചും ക്ഷമിച്ചും നിൽക്കുക തന്നെയാവും ഭാര്യക്കും മക്കൾക്കും ഉത്തമം.

ചിലപ്പോൾ നാം തെരഞ്ഞെടുക്കുന്ന പരിഹാരമാർ​ഗമാവും പുതിയൊരു പ്രശ്നത്തിന് തുടക്കമിടുക. സാധാരണക്കാരായ ജനങ്ങൾക്ക് അൽപംപോലും മനസ്സിലാവാത്ത ചില കാര്യങ്ങളുമുണ്ടാവും. ഉപര്യുക്ത ഖിള്റ് നബി വധിച്ച ആ കുട്ടി വലുതാവുമ്പോൾ അവിശ്വാസിയായി മാതാപിതാക്കളുടെ ദീനിനെ വരെ നാശമാക്കുമെന്ന് കണ്ടായിരുന്നു വലിയൊരു ദ്രോഹത്തെ ചെറിയൊരു നഷ്ടം കൊണ്ട് തടുക്കുകയെന്ന വഴി അല്ലാഹു തെരഞ്ഞെടുത്തത്. മകൻ അവിശ്വാസിയാവുന്നതാകുമല്ലോ അവൻ നഷ്ടപ്പെടുന്നതിലും വേദനയേറിയ കാര്യം. നീ നല്ലതായും മോശമായും കാണുന്നത് ഫലത്തിൽ അപ്രകാരം തന്നെയാവണമെന്നില്ല എന്നർഥം. മറിച്ച്, അല്ലാഹു തെരഞ്ഞെടുക്കുന്നതിലാവും നന്മയൊക്കെയും!

​ഗുണപാഠം 7

നിന്റെ കാലശേഷം നിന്റെ മക്കളുടെ ഭാവിയോർത്ത് നിനക്ക് ആശങ്കയുണ്ടെങ്കിൽ അവരുടെ പേരിൽ ഒരു ബാങ്ക് അക്കൗണ്ട് തുറക്കുകയോ വലിയൊരു അനന്തരസ്വത്ത് അവരുടെ പേരിൽ എഴുതിവെക്കുകയോ അല്ല വേണ്ടത്. അതൊക്കെ നല്ല കാര്യംതന്നെ. പക്ഷേ, അവരുടെ കാര്യം അല്ലാഹുവിനെ ഏൽപിക്കുക എന്നതാണ് പരമപ്രധാനം. അനന്തരസ്വത്ത് മാത്രം ബാക്കിയാക്കി മരിച്ചുപോയവൻ മക്കളെ ഏൽപിച്ചു പോയിരിക്കുന്നത് കാരണങ്ങൾക്കാണ്. തഖ് വ കൂടി ബാക്കിയാക്കിയവൻ മക്കളെ ഏൽപിച്ചു പോയിരിക്കുന്നത് കാരണങ്ങളുടെ റബ്ബിനാണ്. കാരങ്ങൾ വരികയും പോവുകയും ചെയ്യും, അല്ലാഹു മാത്രം ബാക്കിയാവും എന്നതാണ് യാഥാർഥ്യം. മൂസാ നബിയുടെ സംഭവത്തിൽ പിതാവ് നല്ലൊരു മനുഷ്യനായതി‍ന്റെ പേരിൽ മക്കൾക്ക് ലഭിക്കാനുള്ള സ്വത്ത് കിടക്കുന്ന തകർന്ന മതിൽ രണ്ടു വലിയ മനുഷ്യർ ചേർന്ന് ശരിയാക്കിയെടുക്കുന്ന സംഭവം ഇതോടു ചേർത്തുവായിക്കുക.

ഖലീഫ മൻസൂർ അധികാരത്തിലേറിയ ദിവസം മുഖാതിൽ ബ്ൻ സുലൈമാൻ അദ്ദേഹത്തിന്റെ അടുക്കലേക്ക് കടന്നുവന്നു. എനിക്ക് വല്ല ഉപദേശങ്ങളും നൽകൂ എന്ന് പറഞ്ഞപ്പോൾ ഞാൻ കേട്ടതാണോ കണ്ടതാണോ ഉപദേശിക്കേണ്ടതെന്നദ്ദേഹം തിരിച്ചു ചോദിച്ചു. കണ്ടകാര്യമെന്ന് ഖലീഫ മറുപടി പറഞ്ഞപ്പോൾ മുഖാതിൽ പറഞ്ഞു തുടങ്ങി: ഓ അമീറുൽ മുഅ്മിനീൻ, ഉമർ ബ്ൻ അബ്ദുൽ അസീസ്(റ) മരണപ്പെടുമ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നത് പതിനൊന്ന് മക്കളും പതിനെട്ട് ദീനാറുമായിരുന്നു. അതിൽ അഞ്ച് ദീനാർ അദ്ദേഹത്തിന്റെ കഫൻപുടവക്കും നാലു ദീനാർ ഖബ്റിനും കൊടുത്ത് ബാക്കിയുള്ളത് മക്കൾക്കിടയിൽ വീതിച്ചുകൊടുത്തു.

അതേസമയം, ഹിശാം ബ്ൻ അബ്ദുൽ മലിക് ബാക്കിവച്ചത് പത്ത് മക്കളെയും ഓരോ മക്കൾക്കുമുള്ള പത്തുലക്ഷം ദീനാറുമായിരുന്നു. അല്ലാഹുവാണ, ഉമർ ബ്ൻ അബ്ദിൽ അസീസി(റ)ന്റെ മക്കളിലൊരാൾ അല്ലാഹുവിന്റെ മാർ​ഗത്തിലുള്ള സായുധ സമരത്തിനായി നൂറ് കുതിരകളെ ദാനം നൽകുന്നതും ഹിശാമിന്റെ മക്കളിലൊരാൾ അങ്ങാടിയിൽ യാചിച്ചു നടക്കുന്നതും ഞാൻ ഒരേദിവസം കണ്ടിട്ടുണ്ട്!

​ഗുണപാഠം 8

അല്ലാഹുവിനോട് മര്യാദപൂർവം ഇടപെടണമെന്നുകൂടെ നമ്മോട് പറയുന്നുണ്ടീ സംഭവം. പരാതികളും പരിഭവങ്ങളും വർധിച്ച ഇക്കാലത്ത് ഇതിന് കൂടുതൽ പ്രാധാന്യമുണ്ട്. ഖിള്റ് നബി ചെയ്ത എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ കൽപനപ്രകാരമായിരുന്നല്ലോ. പക്ഷേ അല്ലാഹുവിനെക്കുറിച്ച് പറയുമ്പോഴൊക്കെ മര്യാദപൂർവം മാത്രമേ അദ്ദേഹം സംസാരിച്ചുള്ളൂ. പ്രത്യക്ഷത്തിൽ ദ്രോഹമെന്നു തോന്നുന്ന കാര്യങ്ങൾ പറയുമ്പോൾ സ്വന്തത്തിലേക്ക് ചേർത്തിയും നന്മയെന്നു തോന്നുന്ന കാര്യങ്ങൾ അല്ലാഹുവിലേക്കു ചേർത്തിയുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

അല്ലാഹുവിന്റെ കൽപനയാണ് താൻ നിർവഹിക്കുന്നതെന്ന ബോധ്യത്തോടെ തന്നെ ദോഷമെന്നു തോന്നുന്ന കാര്യങ്ങൾ ഞാൻ ചെയ്തു എന്ന രീതിയിലാണദ്ദേഹം പറഞ്ഞത്. കപ്പലിന്റെ സംഭവത്തിൽ, ഞാൻ കപ്പൽ കേടുവരുത്താൻ ഉദ്ദേശിച്ചത് എന്നദ്ദേഹം പറഞ്ഞത് ഒരുദാഹരണം. അതേസമയം യത്തീമായ മക്കളുടെ സ്വത്ത് സംരക്ഷിക്കാനായി മതിൽ നേരെയാക്കിയ സംഭവം പറയുമ്പോൾ അവിടെയൊക്കെ അല്ലാഹു ഉദ്ദേശിച്ചത് എന്നാണദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇത്തരം ആദരവുപ്രകടനങ്ങൾക്ക് ഖുർആനിൽ ഒത്തിരി ഉദാഹരണങ്ങൾ കാണാം. അയ്യൂബ് നബിയുടെയും ഇബ്റാഹിം നബിയുടെയും ഈസാ നബിയുടെയും സംഭവങ്ങളിൽ വിശേഷിച്ച്.

 

നബിയുടെ കൂടെ – 23

 

വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles