Current Date

Search
Close this search box.
Search
Close this search box.

മാറ്റുവിന്‍ ചട്ടങ്ങളെ …..

حَتَّى يُغَيِّرُواْ مَا بِأَنْفُسِهِمْ [الرعد:11] ،[الأنفال :53]

خدا نے آج تک اس قوم کی حالت نہیں بدلی
نہ ہو جس کو خیال آپ اپنی حالت کے بدلنے کا

(ഒരു ജനതയുടേയും അവസ്ഥയെ ദൈവം ഇന്നുവരെ മാറ്റിയിട്ടില്ല …
അവരുടെ സാഹചര്യം മാറ്റുന്നതിനെക്കുറിച്ചുള്ള ബോധം അവർക്കില്ലെങ്കിൽ )

മൗലാനാ സഫർ അലീ ഖാൻ ഉപരി സൂചിത ഖുർആനിക വചനങ്ങളെ തന്റെ മാതൃഭാഷയിൽ പരാവർത്തനം നടത്തിയതാവും ഈ കവിതാ ശകലം .
മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താൻ ‍….” എന്ന ആശാന്റെ വരികൾ ചേർത്ത് വായിച്ചാൽ ചിത്രം കൂടുതൽ വ്യക്തമാവും.’95-96 കാലഘട്ടത്തിൽ ഇന്ത്യൻ പാർലമെന്റിന്റെ അകത്ത് ഉപരിസൂചിത സൂക്തങ്ങളുടെ ഹിന്ദി – ഇംഗ്ലീഷ് പരിഭാഷകൾ കണ്ടപ്പോൾ സന്തോഷത്തേക്കാൾ കൂടുതൽ അത്ഭുതമാണുണ്ടായത്. പിന്നെ അത്തരം ആറായിരത്തോളം സൂക്തങ്ങൾ ചുമന്നു ജീവിക്കുന്ന ഖൈറു ഉമ്മത്തിനെയോർത്തപ്പോഴാണ് സർക്കാർ പാഴ്ചെലവല്ല ചെയ്തതെന്ന് മനസ്സിന് സാന്ത്വനമാവുന്നത്.

സ്വത്വ വിപ്ലവമാണ് പ്രഥമവും പ്രധാനവുമായി നടക്കേണ്ടത് എന്ന ചിന്തയാണ് ഈ ഖുർആനിക ശകലങ്ങൾ നമ്മോട് വിളിച്ചു പറയുന്നത്.പാശ്ചാത്യ നാഗരികതയുടെ പുരോഗതിക്കും പുതിയ സമൂഹങ്ങളുടെ ഉയർച്ചയ്ക്കും മുന്നിൽ പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന ഇസ്ലാമിക ലോകത്തിന്റെ പ്രശ്നം അതിനാൽ തന്നെ തീർത്തും ദാർശനികമാണ്.മാറ്റത്തിനുള്ള സന്നദ്ധതയും പുതിയ നാഗരിക ചക്രത്തിന്റെ മുന്നേ നടക്കാനുള്ള കെല്പും ഇസ്ലാമിക ലോകത്തിന് വിനഷ്ടമായതാണ് കുരിശു യുദ്ധാനന്തര സംഭവ ലോകത്ത് മുസ്ലിംകൾക്ക് സംഭവിച്ചതെന്നാണ് അലിമിയാനും ശകീബ് അർസലാനും ഒരുപോലെ അഭിപ്രായപ്പെടുന്നത്. അതിനുള്ള ഖുർആന്റെ പരിഹാരമാണ് പരാമൃഷ്ട സൂക്തങ്ങൾ .

Also read: സമൂഹം കാത്തിരിക്കുന്ന ഭാവി നേതാക്കള്‍

അതിന് സാധ്യമായ മാർഗ്ഗങ്ങൾ നാം തന്നെ തേടി കണ്ടെത്തേണ്ടിയിരിക്കുന്നു. ആധുനിക കൊളോണിയലിസത്തിന് കാരണമാകുന്ന സംഗതികളിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യതയെക്കുറിച്ച് എഴുതുന്നിടത്തെല്ലാം മാലിക് ബിന്നബി പ്രവചിക്കുകയും ശുഭാപ്തിവിശ്വാസം പുലർത്തുകയും ചെയ്യുന്നത് ആ സംഗതിയാണ്.
ചേതനയുടെ പരിവർത്തനവും ദേഹിയുടെ ഉടച്ചുവാർക്കലും നടക്കാതെ ഒരു സ്വത്വവും യാഥാർഥ്യലോകത്തേക്ക് പറിച്ച് നടപ്പെടുകയോ പുഷ്പിക്കുകയോ കായ്ക്കുകയോ ചെയ്യില്ല. പറിച്ച് നട്ട് സ്റ്റഫ് ചെയ്ത് വെച്ചാൽ ദിവസങ്ങൾക്കുള്ളിൽ അതു വാടും. കടുവാത്തോലുരിച്ച് പ്ലാസ്റ്റർ ഓഫ് പാരീസ് നിറച്ച് വെച്ചാൽ പ്രഥമദൃഷ്ടിയിൽ പൊട്ടീസാക്കാൻ പറ്റിയേക്കും. അകം നന്നാക്കാതെ പുറം മിനുക്കി നടക്കുന്നവരെ കക്കൂസിനോടാണ് ദക്ഷിണ മുസ്ലിം കൈരളിയുടെ കവി തഴവ മുഹമ്മദ് കുഞ്ഞ് മൗലവി മവാഹിബുൽ ജലിയ്യയിൽ ഉപമിച്ചിരിക്കുന്നത്.

സോക്രട്ടീസിന്റെ “മനുഷ്യാ, നീ സ്വയം നിന്നെ അറിയുക” എന്ന വാചകവും
ആർക്കിമിഡീസിന്റെ”യുറീക്ക” (കണ്ടെത്തി)പ്രഖ്യാപനവും ഇഖ്ബാലിന്റെ ഖുദിയുമെല്ലാം ഈ ഒരു ഉണ്മയെ കണ്ടെത്തലും അതിനെ വെളിച്ചത്തിലേക്കെത്തിക്കലുമാണ്.
പ്ലാറ്റോ തന്റെ റിപ്പബ്ലിക്കിൽ അജ്ഞതയുടെ ഗുഹയിൽ ജീവിച്ചു മരിക്കാൻ വിധിക്കപ്പെട്ട മനുഷ്യജീവികളുടെ ദുരവസ്ഥ ചിത്രീകരിക്കുന്ന പ്രസിദ്ധമായ ഗുഹയുടെ അന്യാപദേശം (Allegory of the Cave) അവസാനിപ്പിക്കുന്നത് ഗുഹക്കു പുറത്തുകടന്നവന് ലഭിച്ച ബോധോദയം ഉൾക്കൊള്ളാനാവാത്ത ,ഗുഹയുടെ ഇരുളറമാത്രം പരിചയമുള്ള ഇരുട്ടിന്റെ സഹജീവികൾ വെളിച്ചത്തെ കുറിച്ച് സംസാരിച്ചയാളെ വധിക്കാൻ ശ്രമിക്കുന്ന കഥാശകലത്തോടെയാണ് വിജ്ഞാന വിപ്ലവത്തെ കുറിച്ച് പറഞ്ഞു തുടങ്ങുന്നത്.

അജ്ഞതയിൽ മുഴുകിയ സാമാന്യമനുഷ്യാവസ്ഥയേയും സമൂഹത്തിൽ തത്ത്വചിന്തകരുടെ ദൗത്യത്തേയും ചിത്രീകരിക്കാൻ, പ്ലാറ്റോ ഉപയോഗിച്ചിരിക്കുന്ന അന്യാപദേശമാണു ഗുഹോപമ. “മാ ബി ഖൗമിൻ” എന്നതിലെ മാ അവരുടെ വിധിയല്ല, മറിച്ച് നിലപാടുകളും അവസ്ഥാന്തരങ്ങളുമാണ്. ഭാഗധേയം നിശ്ചയിക്കുന്നത് നാഥനാണെങ്കിലും ജീവിത ശൈലിയുടെ നിർമ്മാതാക്കളും സംവിധായകരും തിരക്കഥ പോലും ഖൗം നേരിട്ടാണ് തീരുമാനിക്കുന്നത്. അത് തിരുത്താൻ ഉടയതമ്പുരാനു പോലും പറ്റില്ലെന്ന പച്ചപരമാർഥം വ്യക്തമാക്കുകയാണീ സൂക്തങ്ങൾ .

Related Articles