Current Date

Search
Close this search box.
Search
Close this search box.

ഖുർആന്റെ ഉള്ളടക്കം മനസ്സിലാക്കാൻ

ഖുർആന്റെ അവതരണം ലോക മനുഷ്യർക്കാകമാനമാണ്. അതിന്റെ മുഖ്യ ഊന്നലും അതു തന്നെ. നാസ് / ആലമീൻ / ഉനാസ് /ഇൻസാൻ എന്നൊക്കെ പല രീതിയിൽ വിശേഷിപ്പിക്കപ്പെടുന്നത് ഈ മാനവിക കുലമാണ്. ഖുർആനെ കുറിച്ചും കാലഗണന /കലണ്ടറിനെ കുറിച്ചും(2:185,189) നബിയെ കുറിച്ചും ( 34:28) ഉമ്മത്തിനെ കുറിച്ചും (3: 110) للناس / ലിന്നാസ് എന്ന നിലയിൽ പരിചയപ്പെടുത്തുന്നത്.

ഖുർആനിലെ 114 സൂറ: കളിൽ ഓരോന്നും പല അത്ഭുതങ്ങളും അടയാളങ്ങളും ഉൾകൊള്ളുന്നുണ്ട്.

1- ഉദാഹരണത്തിന് പ്രഥമ സൂറ: അൽ ഫാതിഹയിലെ ഇയ്യാകയും നസ്തഈനും
إياك، نستعين ( നിന്നോട് മാത്രം , സഹായം തേടുന്നു) മറ്റു അധ്യായങ്ങളിൽ വരാത്ത വാചകങ്ങളാണ്. അത് തന്നെയാണ് സൂറയുടെ ഊന്നലും. ഫാതിഹാ പാരായണം ചെയ്യുന്ന ഓരോ സന്ദർഭത്തിലും റക്അത്തിലും നാഥൻ നമ്മെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്ന സംഗതി അത്യൽഭുതകരമാം വിധം ആ രണ്ട് പദങ്ങളിലുൾചേർന്നിരിക്കുന്നു.

2 – 2-ാം അധ്യായമായ ബഖറയിൽ 647 വാക്കുകൾ ഖുർആനിൽ മറ്റെവിടെയും കാണാത്തവയുണ്ട്. ഉദാ:
( الخيط നൂൽ
قثائها കക്കിരി
فومها വെള്ളുള്ളി
عدسها പയർ
بصلها… ഉള്ളി ….).
ഉള്ളടക്കത്തിന്റെ വൈവിധ്യവും സൗന്ദര്യവും വ്യതിരിക്തതയും വ്യക്തമാക്കുന്നവയുമാണ് ഇത്തരം പദങ്ങളെല്ലാം .

3- സൂറ ആലി ഇംറാനിലെ
(حصوراً സംയമി
محرراً ഉഴിഞ്ഞു വെക്കപ്പെട്ട
نبتهل താണുകേണപേക്ഷിക്കാം…)
പോലുള്ള മറ്റേതൊരു സൂറത്തിലും ആവർത്തിക്കാത്ത 289 വാക്കുകൾ സൂറ:യിൽ അടങ്ങിയിരിക്കുന്നു. ആ അധ്യായത്തിന്റെ ഉള്ളടക്കം പെട്ടെന്ന് മനസ്സിൽ ആവാഹിക്കാൻ അത്തരം പദങ്ങൾ തന്നെ എമ്പാടും … അധ്യായത്തിന്റെ ഒഴുക്ക് ഗ്രഹിക്കുവാനുള്ള സൂചകങ്ങളാണിത്തരം പദങ്ങൾ .
എല്ലാ അധ്യായങ്ങളിലും ഇങ്ങിനെയുള്ള പദങ്ങളും ചില ശോഭന ചിത്രങ്ങളും കാണാം …
അവസാന ഭാഗത്തെ കൗഥർ, ഇഖ് ലാസ് സൂറ:കൾ കൂടി മാതൃകയായി വായിക്കുക.

4- ഖുർആനിലെ ഏറ്റവും ചെറിയ സൂറ:യായ കൗഥറിൽ 10 വാക്കുകൾ മാത്രം ഉൾക്കൊള്ളുന്ന താണെങ്കിൽ മറ്റേതൊരു സൂറകളിലും പരാമർശിക്കാത്ത അഞ്ച് വാക്കുകൾ അതിലടങ്ങിയിരിക്കുന്നു . ആ അധ്യായത്തിന്റെ ഉള്ളടക്കം തിരിയാനവ അനിവാര്യമാണ് താനും.
(أعطيناك നാം നിനക്ക് നല്കി
الكوثر ഒരുപാട് അനുഗ്രഹം
انحر ബലിയറുക്കുക
شانئك നിന്നെ ആക്ഷേപിക്കുന്നവൻ
الأبتر വേരറ്റവൻ)
ആ അഞ്ചു വാക്കുകൾ ആ അധ്യായത്തിന്റെ ഉള്ളടക്കം വളരെ സുന്ദരമായി , ലളിതമായി വിളിച്ചു പറയുന്നുണ്ട്.

5 – സൂറ ഇഖ്ലാസ്വിൽ സ്വമദ് , ലം യലിദ്, ലം യൂലദ് (الصمد،لم يلد،لم يولد) എന്നീ 3 വാക്കുകൾ അടങ്ങിയിരിക്കുന്നു . സർവ്വശക്തനായ നാഥൻ നിരാശ്രയനും ജനിപ്പിച്ചവനോ ജനിച്ചവനോ അല്ലെന്ന് സ്ഥിരീകരിക്കാൻ പര്യാപ്തമായ ആ സൂക്ഷ്മപ്രയോഗങ്ങൾ ഖിയാമത് നാൾ വരേക്കുമുള്ള ഏക ദൈവ പ്രഖ്യാപനത്തിന്റെ സൂചികകളായ വളരെ പ്രകടിത പദങ്ങളിൽ മനസ്സുകളിൽ നിറഞ്ഞ് നിൽക്കുന്നു. ഏത് കാലഘട്ടത്തിലേയും ദൈവ സങ്കല്പത്തെ നേരെയാക്കുവാൻ പര്യാപ്തമായ പ്രധാന ആശയങ്ങൾ ഉൾക്കൊള്ളുന്ന മൂന്നു കനമുള്ള ശബ്ദങ്ങളാണവ.

ഖുർആനിലെ അത്ഭുതങ്ങളിലൊന്ന്, ചില സൂറകളുടെ തലവാചകങ്ങൾ പോലും അതിലെ സവിശേഷമായ പ്രമേയങ്ങളുടെ സാക്ഷീകരണമാണ് എന്നതാണ്. ആ പദങ്ങൾ മറ്റിടങ്ങളിൽ വന്നിട്ടില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കണം.
ഉദാ: 1- ഖുറൈശ് قريش (പേരും പ്രമേയവും മക്കയിലെ ഖുറൈശികളുടെ ഗതകാല സ്മരണകൾ അയവിറക്കുന്നതും ശ്രേഷ്ഠതകൾ ഉണർത്തുന്നതുമാണ് )
2- മാഊൻ ماعون (ചെറു സഹായങ്ങൾ പോലും തടയുന്നവരെ ഇകഴ്ത്തുന്ന അധ്യായം)
3 – ഫലഖ് فلق (ഉഷസ്സിന്റെ തുടക്കമായ ഫലഖ് ഈ സൂറ: യിൽ മാത്രമാണ് വന്നിട്ടുള്ളത്)
4- ആദിയാത് عاديات (വേഗതയിലോടുന്നവ എന്നാണതിന്റെയർഥം. മനുഷ്യനല്ലാത്ത ഏത് ജീവിയെ വെച്ച് അർഥം പറഞ്ഞാലും അവയുടെ കൃതജ്ഞത പ്രകടിപ്പിക്കാനുള്ള പ്രയോഗമായി നമുക്കതിനെ കാണാം.വേഗതയിലോടുന്ന കുതിരകൾ എന്നാണ് പൊതുവെ ആ പദത്തിന് അർഥം പറയാറ്)
5 – ഹുമസ همزة (പരദൂഷകൻ എന്ന അർഥത്തിൽ വന്നിരിക്കുന്ന ഈ അധ്യായത്തിന്റെ ഉള്ളടക്കവും അത് തന്നെ)
6 – ഖദർ قدر (ഖുർആൻ ഇറങ്ങിയ രാവിനെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച പദമാണ് ഖദർ . വിധി നിർണായക രാത്രിയെ കുറിച്ചുള്ള പരാമർശമുള്ള അധ്യായമാണത് )
7 – തീൻ تين (അത്തിപ്പഴം എന്നാണ് ആ പദത്തിന്റെ അർത്ഥം. സുഭിക്ഷമായ ആ ഫലത്തെ കുറിച്ചും അത് കാണപ്പെടുന്ന നാടിനെ കുറിച്ചുമുള്ള പരാമർശമുള്ള അധ്യായമാണത്. അതിൽ വന്നിട്ടുള്ള മറ്റു രൂപങ്ങളും ചിത്രങ്ങളും ഒന്നിനൊന്ന് ബഹുവർണ്ണങ്ങളുള്ളതാണ് )
8-മുത്വഫ്ഫിഫീൻ مطففين( അളവു തൂക്കങ്ങളിൽ ഉപഭോക്താവറിയാതെ തട്ടിപ്പു കാട്ടുന്നവരും അവരുടെ പരിണാമവുമാണ് അധ്യായത്തിന്റെ പേരും പ്രമേയവും )
9 – ത്വാരിഖ് طارق (രാത്രിയിൽ വരുന്ന പ്രത്യേക നക്ഷത്രം, പ്രപഞ്ചത്തിലെ പ്രത്യേക പ്രതിഭാസമായതിനെ പരിചയപ്പെടുന്ന സൂറ:)
10 – നാസിആത് نازعات (ഇറങ്ങിച്ചെന്ന് ആത്മാവിനെ ഊരിയെടുക്കുന്ന പ്രത്യേക മാലാഖമാരെകുറിച്ച് ഈ സൂറയിലേ പരാമർശമുള്ളൂ )
11 – മുർസലാത് مرسلات ( തുടരെത്തുടരെ അയക്കപ്പെടുന്ന പ്രത്യേക പ്രതിഭാസത്തെ വിശദീകരിക്കാൻ വന്നിട്ടുള്ള അധ്യായം. പദത്തിന്റെ അർത്ഥത്തിലും വ്യാഖ്യാനത്തിലും അഭിപ്രായാന്തരമുണ്ട്)
12-മുദ്ദഥ്ഥിർ , മുസ്സമ്മിൽ مدثر، مزمل
(പുതച്ചുമൂടിയവൻ എന്നർഥം. പ്രബോധന പ്രവർത്തനങ്ങളിൽ സജീവമാവാനുള്ള ഉണർത്തലാണിവയുടെ ഉള്ളടക്കം)
13- തഗാബുൻ تغابن (പരലോകത്തെ നഷ്ടം വെളിപ്പെടലിനെ പരാമർശിക്കുന്നു)
14 – ദാരിയാത് ذاريات ( ശക്തിയായി പൊടിവിതറുന്ന കാറ്റുകളെ പരാമർശിക്കുന്ന അധ്യായം)
15-അഹ്ഖാഫ് أحقاف(മണൽപ്രദേശത്ത് ജീവിച്ചിരുന്ന പ്രത്യേക ജനതതികളെ കുറിച്ചുള്ള വിവരങ്ങൾ പറയുന്ന അധ്യായം)
16 – ജാഥിയ جاثية ( നിഷേധികൾ പരലോകത്ത് നാഥന്റെ മുമ്പിൽ വിചാരണക്കായി മുട്ട്കുത്തിവരുന്ന പ്രത്യേക ചിത്രീകരണം )
17 – നംൽ نمل (സുലൈമാൻ നബിയുടേയും ഉറുമ്പിന്റെയും കഥാകഥനം ഒരുമിച്ചു പ്രതിപാദിക്കുന്ന അധ്യായം)
18 – അൻകബൂത് عنكبوت (ദൈവേതരരെ വിളിച്ചു പ്രാർഥിക്കുന്നവരുടെ പ്രാർഥനയെ എട്ടുകാലിയോടും മാറാലയോടും ഉപമിച്ചിരിക്കുന്ന അധ്യായം)
19- കഹ്‌ഫ് كهف (ഏകദൈവത്വ വിശ്വാസികളായ ചിലർ ഗുഹയിൽ അഭയം പ്രാപിച്ച ചരിത്രം സവിസ്തരം പ്രതിപാദിക്കുന്ന അധ്യായം)
20 – ഫീൽ فيل (കഅ്ബ അക്രമിക്കാൻ വന്ന ആനക്കാരെ കുറിച്ച കഥാകഥനം.ആനയെ കുറിച്ച വേറെയെവിടെയും പരാമർശമില്ല)
21 – ശുഅറാ شعراء ( ധിക്കാരികളും അല്ലാത്തവരുമായ രണ്ടുതരം കവികളെ കുറിച്ച പരാമർശമുള്ള അധ്യായം)
22 – ലുഖ്മാൻ لقمان ( ദിവ്യ ജ്ഞാനം നല്കപ്പെട്ട ഒരു മഹാമനീഷിയെ കുറിച്ച പരാമർശമുള്ള അധ്യായം)
23 – സബഅ് سبأ (അനുഗ്രഹങ്ങൾ ചൊരിഞ്ഞ് നല്കിയ യമനിലെ ഒരു പ്രദേശത്തേയും അവിടത്തെ രാജ്ഞിയേയും പ്രതിപാദിക്കുന്ന സൂറ:)
24 – മാഇദ مائدة ( ഭക്ഷണത്തളിക തെളിവായി നല്കിയ വലിയ ഒരു സംഭവം പരാമർശിക്കുന്ന അധ്യായം)

അഹങ്കാരികളായ അക്കാലത്തെ നിഷേധികൾക്കെതിരെയും ഇക്കാലത്തെ ജബ്റ – ലിബറൽ – നിരീശ്വരവാദിക്കെതിരെയും വാദം സ്ഥാപിക്കുന്നതിനും ഖുർആൻ മനുഷ്യ രചനയല്ലെന്നുമുള്ള സത്യം പ്രഖ്യാപിക്കുന്ന ചില ദൈവിക ദൃഷ്ടാന്തങ്ങളാണ് ഞാനിവിടെ പരാമർശിച്ചത്. ഇതൊന്നും ആകസ്മികമല്ലെന്നും പ്രത്യുത അല്ലാഹുവിന്റെ കലാമിനെ മനുഷ്യ സംസാരങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്ന ചില ഘടകങ്ങളാണെന്നും ഉള്ളടക്കത്തിലൂടെയും തലവാചകങ്ങളിലൂടെയും പ്രത്യേക പദവിന്യാസങ്ങളിലൂടെയും സഞ്ചരിക്കുന്നവർക്ക് വളരെ ലളിതമായി ബോധ്യപ്പെടും.

“തീർച്ചയായും, ഈ ഖുർആൻ പോലെയുള്ളതു കൊണ്ടുവരുവാൻ മനുഷ്യരും, ജിന്നുകളും ഒരുമിച്ചു ചേർന്നാലും, ഇതുപോലെയുള്ളതു അവർ കൊണ്ടുവരുന്നതല്ല; അവരിൽ ചിലർ ചിലർക്കു പിന്തുണ നൽകുന്നവരായിരുന്നാലും ശരി. ” 17:88

Related Articles