Current Date

Search
Close this search box.
Search
Close this search box.

ഒരു ഖുർആൻ പഠിതാവിന്റെ ശ്ലഥ ചിന്തകൾ

ചെറുപ്പത്തിലെ പഠന കാലത്ത് ഖുർആൻ പാരായണം ചെയ്യുമ്പോഴും വായിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും ഖുർആൻ സജീവ ഗ്രന്ഥമാണെന്നും മഹാത്ഭുതമാണെന്നും പറയാറുണ്ടായിരുന്നുവെങ്കിലും ഈ ഗ്രന്ഥത്തിൽ ജനതതികളുടെ ഉയർച്ചയുടെയും തകർച്ചയുടെയും ഭൂതകാലവും വർത്തമാനവും ഭാവിയും അതിൽ സജീവമായി കാണാൻ കഴിയുമെന്ന തിരിച്ചറിവുണ്ടായിത്തുടങ്ങുന്നത് ഈയിടെ അടുത്തു ചെന്നു പഠനമാരംഭിച്ചപ്പോൾ മാത്രമാണ്.

ഖുർആനിന്റെ ഭാഷ, വിസ്മയകരമായ ശൈലി, ഹൃദയത്തെയും മനസ്സിനെയും പ്രകമ്പനം കൊള്ളിക്കുന്ന അതിന്റെ പ്രതിപാദന രീതിയെല്ലാം അറിഞ്ഞ് വായിക്കുമ്പോൾ വായനക്കാർക്കതനുഭവപ്പെടാം. അതിൽ ശാന്തമായൊഴുകുന്ന നദിയുടെ കളകളാരവവും കുത്തൊഴുക്കുള്ള തിരമാലകളുടെ ഗർജനവും പുഷ്പങ്ങളുടെ സൗന്ദര്യവും സുഗന്ധവും കാറ്റിന്റെ മർമരവും മഴത്തുള്ളികളുടെ നനവും പേമാരിയുടെ വർഷവും ഹൃദയത്തിന്റെ അതിലോലമായ തന്ത്രികളെ സ്പർശിക്കുന്ന സംഗീത സാന്ദ്രതയുമെല്ലാം അനുഭവിക്കാൻ കഴിയുന്ന രീതിയിൽ തന്നെയാണ് അതിന്റെ ഓരോ ഉള്ളടക്കവുമെന്ന് വളരെ സമീപത്തു ചെന്നു നോക്കുമ്പോഴേ ബോധ്യപ്പെടൂ.

ഏഴ് ആകാശത്തിനു പിന്നിൽ നിന്ന് നാഥൻ വിളിക്കുന്നുവെന്ന് പലപ്പോഴും ഖുർആൻ പാരായണ വേളയിൽ അനുഭവപ്പെടുന്നുണ്ട്. ചിലപ്പോൾ അവൻ നമ്മെ അന്വേഷിച്ച് നമ്മുടെ മുമ്പാകെ ഹാജരായി പേര് വിളിച്ച് പ്രത്യക്ഷപ്പെടുകയാണെന്ന് തോന്നും.

كلام الله ഖുർആൻ കലാമുല്ലാഹ് (ദൈവിക സംസാരം ) ആണെന്ന് നമ്മുടെ ഹൃദയം വിളിച്ചു പറയുന്നത് അപ്പോഴാണ് അനുഭവപ്പെടുക. ഹുസൈൻ (റ) പറഞ്ഞതെത്ര ശരി !. എന്റെ നാഥനോട് സംസാരിക്കണമെന്നുള്ളപ്പോൾ ഞാൻ വുദൂ ചെയ്ത് നമസ്കരിക്കും; അവനെന്നോട് സംസാരിക്കണമെന്നുണ്ടെങ്കിൽ ഞാൻ ഖുർആൻ വായിച്ച് തുടങ്ങും.

وَهُوَ حَبْلُ اللَّهِ الْمَتِينُ ആണെന്നു ബോധ്യപ്പെടുന്നത് പഠനത്തിന്റെ രണ്ടാം ഘട്ടത്തിലാണ്. നാഥനിലേക്ക് നമ്മെ അടുപ്പിക്കുന്ന പാശവും ഏകകവുമാണെന്ന് ബോധ്യപ്പെട്ടു തുടങ്ങുമ്പോൾ അനുഭവിക്കുന്ന ഒരു ഖൽവതുണ്ട് /ഏകാഗ്രത . താൻ മുറുകെ പിടിച്ചു കൊണ്ടിരിക്കുന്ന ഈ ഗ്രന്ഥത്തിതിന്റെ അങ്ങേ തലക്കൽ അവനുണ്ടെന്ന ബോധ്യമാണ് ശരിക്കും ഇഹ്സാൻ / മുറാഖബ: എന്നൊക്കെ അറിയപ്പെടുന്ന വിശ്വാസത്തിന്റെ തെളിമ . ആൾക്കൂട്ടത്തിൽ തനിയെ എന്ന ഖൽവത് ദർ അൻജുമൻ എന്ന സ്വൂഫീ സംജ്ഞയും ഏതാണ്ട് ഈ അവസ്ഥാന്തരമാണ്.

إِنَّ هَذَا الْقُرْآنَ مَأْدُبَةُ اللَّهِ فَتَعَلَّمُوا مِنْ مَأْدُبَتِهِ… ഖുർആൻ ഭൂമിയിൽ നമുക്കായി അല്ലാഹു തയ്യാറാക്കിയ സദ്യയാണെന്നാണ് ഈ പറഞ്ഞതിന്റെയർഥം. സദ്യയിലെല്ലാം നമുക്കിഷ്ടപ്പെട്ട വിഭവങ്ങൾ തന്നെയാവണമെന്നില്ല. ആതിഥേയൻ സ്നേഹത്തോടെ തരുന്നതിൽ ചിലത് മാത്രം മാറ്റി വെക്കൽ ആതിഥ്യമര്യാദക്കെതിരാണെന്നറിയുക.
അത് ഖുർആൻ പറഞ്ഞ ഹജ്ർ(25:30) / ഇദീൻ(15:91) വർഗത്തിലാണ് പെടുക. ഖുർആനെ അഗണ്യകോടിയിൽ തള്ളിയതിനും കണ്ടം കണ്ടമാക്കിയതിനും സമാനമാണത്.

ഖുർആൻ അറബിയിൽ തന്നെ വായിക്കാനറിയുന്നവർ പരിഭാഷകളില്ലാതെ നേർക്കു നേർ അത് വായിച്ചു തുടങ്ങുമ്പോൾ
ഈ പ്രപഞ്ചത്തിന്റെ രഹസ്യം നമ്മുടെ മുൻപിൽ അല്പാല്പമായി അത് അനാവരണം ചെയ്തു തുടങ്ങുന്നു.
زل/جل مع القرآن حيث زال/ جال എന്ന് ഇബ്നു മസ്ഊദ് (റ) പറഞ്ഞപ്പോൾ ഉദ്ദേശിച്ചതും ഈയൊരു ഡയറക്റ്റ് കോന്റാക്ടാവും. ഖുർആൻ പോവുന്നിടത്തൊക്കെ നമുക്കും പോവാനാവണം. എല്ലാ സ്റ്റോപ്പിലും നിർത്തി ആശയം ഗ്രഹിച്ച് മാത്രം മുന്നോട്ട് പോവാൻ പക്ഷേ ഖതം തീർക്കാൻ മാത്രം ഓതുന്നവർക്ക് ഒരു മാസം മതിയാവില്ല.

അതിന്റെ ഒരു വാക്യത്തിന്റെ അവസാനം മറ്റൊരു വാക്യത്തിന്റെ തുടക്കവുമായുള്ള ബന്ധം മനസ്സിലാവാൻ ഉറുദു അറിയാവുന്നവർക്ക് മൗലാനാ അമീൻ അഹ്സൻ ഇസ്ലാഹിയുടെ തദബ്ബുർ ഉപകാരപ്പെടുമെങ്കിൽ ദിവ്യവചസ്സുകളുടെ താല്പര്യം അതിന്റെ ഓരോ വാക്കിലും മറഞ്ഞിരിക്കുന്നത് അറബി വായിച്ചാൽ ബോധ്യപ്പെടുത്തുന്നത് ഇബ്നു ആശൂറിന്റെ തഹ്രീരിലാണ്. നിഷ്കളങ്കമായി പ്രബോധകന് ഖുർആന് വേണ്ടി എന്ത് ചെയ്യാൻ കഴിയുമെന്ന് തെര്യപ്പെടുത്തുന്നത് മൗലാനാ മൗദൂദിയുടെ തഫ്ഹീമാണെങ്കിൽ ഖുർആന്റെ തണലിൽ പച്ച മനുഷ്യനായി ജീവിക്കാൻ ശഹീദ് സയ്യിദ്
ഖുതുബിന്റെ ഫീ ളിലാൽ തന്നെ വേണം.

ഖുർആൻ ഖുർആനിനെ വ്യാഖ്യാനിക്കുന്നുവെന്ന സംഗതി ബോധ്യപ്പെടാൻ അല്ലാമാ നസഫിയുടെയും ശൈഖ് ത്വബരിയുടേയും തഫ്സീറുകൾ ആവശ്യമായി വരും. അതുമായി ബന്ധപ്പെട്ട രിവായതുകൾ അറിയാൻ തഫ്സീർ സ്വാവിയും ഖാസിനും ഉപകാരപ്പെടുന്നത് പോലെ അതിലെ കർമശാസ്ത്രം മനസ്സിലാക്കാൻ ജസ്സ്വാസിന്റെ വ്യാഖ്യാനവും മൊത്തത്തിലുള്ള ആശയം ഗ്രഹിക്കാൻ ഇബ്നു കസീറും ധാരാളം. ( മലയാളത്തിൽ അമാനി മൗലവിയുടെ ഖുർആൻ പരിഭാഷ ഏതാണ്ട് ആ ഫീൽ നല്കുന്നുണ്ട് ) . ദൈവശാസ്ത്ര സംവാദത്തിന് തയ്യാറാവാൻ റാസിയുടേയും സമഖ്ശരിയുടേയും തഫ്സീറുകൾ പോലെ ധന്യമെന്ന് തോന്നിയത് ശൗകാനിയുടെ ചില നിരീക്ഷണങ്ങൾക്കാണ്. ആധുനിക കാലത്ത് വായിക്കാൻ കൊള്ളുന്ന രണ്ടു തഫ്സീറുകളാണ് റശീദ് റിദയുടേയും ശിഷ്യൻ മറാഗിയുടേയും തഫ്സീറുകൾ. ഏത് വിഷയത്തേയും ഫഹ്മു സ്സ്വഹാബ (പൂർവ്വ സൂരികളുടെ ബോധ്യവു) യുമായി ബന്ധപ്പെടുത്തി വായിക്കാൻ ശൈഖ് ശൻഖീത്വിയുടെ അദ്വാഇനാവുന്നുണ്ട്. ഇവിടെ അനുസ്മരിക്കാത്ത നൂറുകണക്കിന് തഫ്സീറുകളും ചില പ്രത്യേക വീക്ഷണ കോണുകളിലും ഊന്നലുകളിലും ഉപകാരപ്പെടുമെന്നുറപ്പാണ്. ഈ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഖുർആന്റെ വ്യാഖ്യാനങ്ങളുടെ ഊന്നലുകളുമായി ബന്ധപ്പെട്ട ചില നിരീക്ഷണങ്ങൾ ഇവിടെ പിന്നീട് പങ്കു വെക്കുന്നതാണ് (ഇ. അ )

Related Articles