ദീനരോദനങ്ങളെക്കുറിച്ചുള്ള സംസാരങ്ങളാണ് നാമിന്ന് കൂടുതലായും കേള്‍ക്കുന്നത്. അപൂര്‍വ്വമായി മാത്രമേ പ്രതീക്ഷയുടെ സ്വരങ്ങള്‍ കേള്‍ക്കാറുള്ളൂ. ശ്രോതാക്കളില്‍ നിരാശയും നിഷ്‌ക്രിയത്വവും വളര്‍ത്തുന്ന ക്ലാസുകളും പഠനങ്ങളും ഖുതുബകളുമാണ് ഇന്ന് കൂടുതലായുള്ളത്. നിരാശരും നിഷ്‌ക്രിയരുമായ സൈന്യം എപ്പോഴും ബന്ദികളായിരിക്കും. ഈ പരാജിതബോധത്തിനടിപ്പെട്ടാല്‍ പുരോഗനാത്മകമായ ഒരു ചുവട് വെപ്പിനും പിന്നീടവര്‍ മുതിരുകയില്ല. ദീനീ പരിഷ്‌കര്‍ത്താക്കള്‍ നാല് മാനദണ്ഡങ്ങള്‍ അവലംബമാക്കി് പ്രതീക്ഷയുടെ കിരണങ്ങള്‍ അതിശക്തമായ രീതിയില്‍ സമൂഹത്തില്‍ വ്യാപിപ്പിക്കേണ്ടതുണ്ട്.
1. പിന്മടക്കമില്ലാത്ത രാജാവിന്റെ ശക്തി
2. കാലാതിവര്‍ത്തിയായ ഭദ്രമായ മാര്‍ഗം
3. വിജയങ്ങളാല്‍ സമ്പന്നമായ നമ്മുടെ ചരിത്രം
4. ക്രിയാത്മകതയെ പ്രതിനിധീകരിക്കുന്ന സംഭവ ലോകം പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പെ പ്രതീക്ഷ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകത സൂറതുല്‍ കഹ്ഫിന്റെ പശ്ചാത്തലത്തില്‍ നമുക്ക് നിരീക്ഷിക്കാം.
1. പ്രതീക്ഷയുടെ കിരണങ്ങള്‍ നല്‍കിക്കൊണ്ടാണ് സൂറത്തിന്റെ പ്രാരംഭം. ‘അല്ലാഹുവിന് സ്തുതി. തന്റെ ദാസന്ന് വേദപുസ്തകം ഇറക്കിക്കൊടുത്തവനാണവന്‍. അതിലൊരു വക്രതയും വരുത്താത്തവനും.തികച്ചും ഋജുവായ വേദമാണിത്. അല്ലാഹുവിന്റെ കൊടിയ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനാണിത്. സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് ഉത്തമമായ പ്രതിഫലമുണ്ടെന്ന് ശുഭവാര്‍ത്ത അറിയിക്കാനും. ആ പ്രതിഫലം എക്കാലവും അനുഭവിച്ചുകഴിയുന്നവരാണവര്‍. അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് വാദിക്കുന്നവരെ താക്കീതു ചെയ്യാനുള്ളതുമാണ് ഈ വേദപുസ്തകം.’ (അല്‍ കഹ്ഫ്: 1-4)
പ്രവാചകന്‍(സ)യെ ബാധിച്ച വേദനയും നിരാശയും പ്രതിപാദിക്കുന്നതിന് മുമ്പ് പ്രതീക്ഷനല്‍കുന്ന വര്‍ത്തമാനങ്ങളാണ് അല്ലാഹു വിവരിച്ചിട്ടുള്ളത്. ‘ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അവരുടെ പിറകെ കടുത്ത ദുഃഖത്തോടെ നടന്നലഞ്ഞ് താങ്കള്‍ ജീവനൊടുക്കിയേക്കാം’.(അല്‍ കഹ്ഫ്: 6) പ്രവാചകന്‍(സ) ഇത്ര ഗൗരവത്തില്‍ ദുഖത്തിനടിപ്പെട്ടിരുന്നില്ല. പക്ഷെ നബി(സ) ശത്രുക്കളുടെ നിരന്തരമായ അവഗണനയും പരീക്ഷണവും കാരണം കഠിനമായ പ്രയാസത്തിനടിപ്പെട്ടതായിരിക്കാം. എന്നിട്ടും വേദനകള്‍ നിറഞ്ഞ നിരാശയുടെ വചനങ്ങള്‍ കൊണ്ടല്ല അല്ലാഹു ഈ സൂക്തം ആരംഭിക്കുന്നത്. എല്ലാ സതുതികളും അല്ലാഹുവിന്നാണ് (അല്‍ഹംദുലില്ലാഹ്) എന്ന തികഞ്ഞ പ്രതീക്ഷയിലാണ് സൂക്തത്തിന്റെ തുടക്കം. തങ്ങള്‍ക്ക് ബാധിച്ചിരിക്കുന്ന എല്ലാ നഷ്ടങ്ങളില്‍ നിന്നുമുള്ള മോചനവും രോഗങ്ങള്‍ക്കുള്ള ചികില്‍സയും എല്ലാ ദുരന്തങ്ങളില്‍ നിന്നുള്ള രക്ഷയുമാണ് ഈ ദൈവിക നിധിയായ ഹംദ് കേന്ദ്രീകരിക്കുന്നത്. കാലാതിവര്‍ത്തിത്വവും ഒരു വക്രതയുമില്ലാത്തതുമായ വേദഗ്രന്ഥമാണ് ഇതിന്റെ സ്രോതസ്സ്. ഈ സൂക്തങ്ങളില്‍ ബഹുദൈവാരാധകര്‍ക്കുള്ള മുന്നറിയിപ്പും സത്യവിശ്വാസികള്‍ക്കുള്ള സുവിശേഷവും സവിശേഷമായ രീതിയില്‍ ചേര്‍ത്തുവെച്ചത് കാണാം. ദൈവികമൂല്യങ്ങളെ ഊട്ടിയുറപ്പിക്കുകയും വൈകല്യങ്ങളെ ചെറുത്തു തോല്‍പിക്കുകയും ചെയ്യുന്ന വിശുദ്ധ ഖുര്‍ആന്റെ ശക്തിക്കു മുമ്പില്‍ സര്‍വ്വസതുതികളും. അല്ലാഹുവിന്റെ കഴിവ് അപാരമാണ്. അക്രമികളെയും നിഷേധികളെയും കഠിനമായി വെറുക്കുകയും വിശ്വാസികളുടെ മേല്‍ നിര്‍ലോഭം കരുണചൊരിയുകയും ചെയ്യുന്നവനാണ് അവന്‍.
2. ഈ അദ്ധ്യായത്തിലെ പ്രധാന കഥകളെല്ലാം സത്യവും അസത്യവും തമ്മിലുള്ള സംഘട്ടനത്തിന്റെ കഥനമാണ്. ഗുഹാവാസികളുടെ കഥ, തോട്ടക്കാരുടെ സംഭവം, ദുല്‍ഖര്‍നൈന്‍ ഇവയിലെല്ലാം ഇതു തന്നെയാണ് മുഖ്യ പ്രതിപാദന വിഷയം. ഭയാനകവും ദുര്‍ബലവുമായ അവസ്ഥയിലാണ് സത്യത്തിന്റെ തുടക്കം. എന്നാല്‍ അതിന്റെ ഒടുക്കം ഭദ്രവും ശക്തവുമായ അവസ്ഥയിലായിരിക്കും. സത്യവിശ്വാസികള്‍ ശുഭാപ്തിയോടും ധീരതയോടും കൂടി മുന്നേറി വിജയത്തില്‍ പരിസമാപ്തി കുറിക്കുകയാണ് ചെയ്യുക. അപ്രകാരം പരാജയവും നഷ്ടവും ധിക്കാരികളായ നിഷേധികളെ പിടികൂടുക തന്നെ ചെയ്യും.
a. ഗുഹാവാസികള്‍ക്ക് സത്യമാര്‍ഗത്തില്‍ പ്രവര്‍ത്തിച്ചതിന്റെ കാരണത്താല്‍ തുടക്കത്തില്‍ വലിയ ഭീഷണികള്‍ നേരിടേണ്ടി വന്നെങ്കിലും ഹൃദയത്തില്‍ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ അവര്‍ക്ക് സാധിക്കുകയുണ്ടായി. മുന്നൂറ്റി ഒമ്പത് വര്‍ഷത്തിന് ശേഷം ഇവരെ പുനര്‍ജനിപ്പിച്ചതിലൂടെ അനേകമാളുകള്‍ ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. ഖുര്‍ആനില്‍ ഈ സംഭവം ഉദ്ധരിക്കപ്പെട്ടതിലൂടെ അന്ത്യനാള്‍ വരെയുള്ള ജനം അവരുട ചരിത്രം പാരായണം ചെയ്തു കൊണ്ടിരിക്കുന്നു. എല്ലാ വിശ്വാസികളുടെയും ഹൃദയത്തില്‍ പുതിയ പ്രകാശം ഇവര്‍ ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു. ഇതിനേക്കാള്‍ വലിയ വിജയവും സൗഭാഗ്യവും മറ്റെന്താണ്.
b. തോട്ടക്കാരുടെ കഥയില്‍ വിശ്വാസിയും അല്ലാഹുവും തമ്മിലുള്ള ദൃഢബന്ധത്തിന്റെ ശക്തി നമുക്ക് ദര്‍ശിക്കാം. ‘എന്നാല്‍ അവനാണ്; അഥവാ അല്ലാഹുവാണ് എന്റെ നാഥന്‍. ഞാന്‍ ആരെയും എന്റെ നാഥന്റെ പങ്കാളിയാക്കുകയില്ല.(കഹ്ഫ്:38) അതേ സമയം ബഹുദൈവ വിശ്വാസിയോട് അവന്റെ തോട്ടത്തിന്റെ നാശത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. അല്ലാഹു അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനക്കുത്തരം നല്‍കി. അല്ലാഹുവല്ലാത്തവരില്‍ അഭയം തേടുന്നവര്‍ക്ക് ഇത് ഗുണപാഠവുമായി. ‘അവസാനം അവന്റെ കായ്കനികള്‍ നാശത്തിനിരയായി. തോട്ടം പന്തലോടുകൂടി നിലംപൊത്തി. അതുകണ്ട് അയാള്‍ താനതില്‍ ചെലവഴിച്ചതിന്റെ പേരില്‍ ഖേദത്താല്‍ കൈമലര്‍ത്തി. അയാളിങ്ങനെ വിലപിച്ചു: ‘ഞാനെന്റെ നാഥനില്‍ ആരെയും പങ്ക് ചേര്‍ത്തില്ലായിരുന്നെങ്കില്‍ എത്ര നന്നായേനേ.’ (കഹ്ഫ്: 42) സമ്പത്തിലും സന്താനങ്ങളിലും സ്ഥാനങ്ങളിലും അഹങ്കരിച്ചവര്‍ക്കുള്ള പരിണിതിയാണിത്. അതോടൊപ്പം എല്ലാ നന്മയുടെയും സമ്പത്തിന്റെയും ഖജാനകള്‍ അല്ലാഹുവിങ്കലാണെന്ന് വിശ്വസിക്കുന്നവര്‍ക്കുള്ള നിരന്തര പ്രതീക്ഷയുടെ കഥനവുമാണത്.
c. ഈ അദ്ധ്യായത്തിന്റെ അവസാനം വിവരിക്കുന്ന ദുല്‍ഖര്‍നൈനിന്റെ കഥ ആധിപത്യം ലഭിക്കുക എന്നത് പ്രബോധനത്തിന്റെയും പ്രബോധകന്റെയും ഒരു മാര്‍ഗമാണെന്ന് മനസ്സിലാക്കുന്നു. മഗരിബ് നിവാസികള്‍ക്കും മതിലുകള്‍ക്കുമിടയില്‍ സംഭവിച്ചതുപോലെ അക്രമികളെ ഒറ്റക്കും കൂട്ടായും നേരിടാന്‍ വിശ്വാസികള്‍ ശക്തി നേടേണ്ടത് അനിവാര്യമാണ്. യഅ്ജൂജ് മഅ്ജൂജിന്റെ അതിക്രമത്തില്‍ നിന്നും പൂര്‍ണമായും പ്രതിരോധം തീര്‍ത്ത് വിജയം നേടിയ കഥ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ‘പിന്നെ യഅ്ജൂജൂ മഅ്ജൂജുകള്‍ക്ക് അത് കയറി മറിയാന്‍ കഴിഞ്ഞിരുന്നില്ല. അതിന് തുളയുണ്ടാക്കാനും അവര്‍ക്കായില്ല.’ (അല്‍ കഹ്ഫ്.98)
3. അധികാരത്തിന്റെ മൂന്ന് ചിത്രങ്ങള്‍ ഈ അദ്ധ്യായത്തില്‍ നമുക്ക് കാണാം. പ്രതീക്ഷക്ക് വഴി നല്‍കുന്നതും ആഴത്തിലുള്ള പഠനത്തിനും വഴിയൊരുക്കുന്നതാണ് ഇവയോരോന്നും.
-ഒന്നാമത്തെ അധികാര ശക്തി. ഗുഹാവാസികളെ അവരുടെ ദീനില്‍ നിന്നും മടങ്ങിയിട്ടില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ, അക്രമിയായ ഭരണാധികാരി. അദ്ദേഹം പ്രതിനിധീകരിക്കുന്നത് സേഛ്വാധിപതിയായ ഭരണാധികാരിയെയാണ്. അതായത് രാഷ്ട്രീയ സേഛ്വാധിപത്യം.
-രണ്ടാമത്തെ അധികാര ശക്തി. മൂസ-ഖിള്ര്‍ കഥയിലെ ധിക്കാരിയായ ഭരണാധികാരി. സാമ്പത്തിക അതിക്രമത്തിന്റെ മൂര്‍ദ്ധന്യതയെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത് ‘കാരണം അവര്‍ക്ക് മുന്നില്‍ എല്ലാ നല്ല കപ്പലും ബലാല്‍ക്കാരം പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു’ (അല്‍കഹ്ഫ്: 78) കടലില്‍ ജോലി ചെയ്ത് ജീവിക്കുന്ന പരമ ദരിദ്രരായ ജനങ്ങളുടെ പട്ടിണി അദ്ദേഹത്തിന് പ്രശ്‌നമായില്ല. അതിലെ യാത്ര ചെയ്യുന്നവരുടെ എല്ലാ സാധനങ്ങളും അദ്ദേഹം ബലമായി പിടിച്ചെടുക്കുകയുണ്ടായി.
-മൂന്നാമത്തെ അധികാര ശക്തി. നീതിമാനായ ദുല്‍ഖര്‍നൈന്റെ ഭരരണകൂടം. ആ ഭരണകൂടം രാഷ്ട്രീയ സേഛ്വാധിപത്യത്തില്‍ നിന്നും സാമ്പത്തികാതിക്രമത്തില്‍ നിന്നും മുക്തമായിരുന്നു. അദ്ദേഹത്തിന്റെ ഭരണകൂടം നന്മചെയ്യുന്നവരോട് ബലം പ്രയോഗിക്കാതിരിക്കലും തിന്മ ചെയ്യുന്നവരെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ‘ ദുല്‍ഖര്‍നൈന്‍ പറഞ്ഞു: ‘അക്രമം പ്രവര്‍ത്തിക്കുന്നവനെ നാം ശിക്ഷിക്കും. പിന്നീട് അവന്‍ തന്റെ നാഥനിലേക്ക് മടക്കപ്പെടും. അപ്പോള്‍ അവന്റെ നാഥന്‍ അവന് കൂടുതല്‍ കടുത്തശിക്ഷ നല്‍കും. എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവന്ന് അത്യുത്തമമായ പ്രതിഫലമുണ്ട്. അവനു നാം നല്‍കുന്ന കല്‍പന ഏറെ എളുപ്പമുള്ളതായിരിക്കും.’ (അല്‍ കഹ്ഫ്: 87,88) ഭിത്തികള്‍ക്കിടയിലുള്ള ജനതയോട് അതിക്രമം പ്രവര്‍ത്തിച്ചപ്പോള്‍ ഭിത്തിനിര്‍മിക്കാനാവശ്യമായ സഹായം നല്‍കുകയുണ്ടായി. പീഢിതരും ദരിദ്രരുമായ ജനതയുടെ മേല്‍ അനുകമ്പകാണിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: ‘എന്റെ നാഥന്‍ എനിക്ക് അധീനപ്പെടുത്തിത്തന്നത് അതിനെക്കാളെല്ലാം മെച്ചപ്പെട്ടതാണ്. അതിനാല്‍ നിങ്ങളെന്നെ സഹായിക്കേണ്ടത് ശാരീരികാധ്വാനം കൊണ്ടാണ്. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാനൊരു ഭിത്തി ഉണ്ടാക്കിത്തരാം.'(കഹ്ഫ്: 95) അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പ്രബോധന സംരംഭങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന കഥാപാഠങ്ങളാണ് ഇവ. അല്ലാഹു അവരുടെ കരങ്ങളാല്‍ രണ്ടു കാര്യങ്ങള്‍ സാധിപ്പിക്കുകയുണ്ടായി.
1) ഗുഹാവാസികളുടെ കാലത്തെ രാജാവിനെപ്പോലുള്ളവരുടെ രാഷ്ട്രീയ സേഛ്വാധിപത്യം തടഞ്ഞു.
2) കപ്പലുകള്‍ ബലമായി പിടിച്ചെടുത്ത രാജാവിന്റെ സാമ്പത്തിക അതിക്രമങ്ങളെ നിലക്കുനിര്‍ത്തി.
തിന്മയുടെ ശക്തികള്‍ എത്ര കഠിനമാണെങ്കിലും പ്രതീക്ഷയോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ നീതിമാനായ ഭരണാധികാരികളിലൂടെ വിജയകരമായ പര്യവസാനം കുറിക്കുക തന്നെ ചെയ്യും.
കാരുണ്യത്തെക്കുറിച്ച നിരന്തര ഓര്‍മപ്പെടുത്തല്‍
4. അല്‍കഹ്ഫ് അധ്യായത്തില്‍ അല്ലാഹു നിരന്തരമായി കാരുണ്യത്തെക്കുറിച്ച് സംസാരിക്കുന്നതിലൂടെ പ്രതീക്ഷയുടെ വലിയ കിരണങ്ങളാണ് നല്‍കുന്നത്. പ്രതീക്ഷയുടെ വിശാല കവാടമായ കാരുണ്യത്തെക്കുറിച്ച് ഏഴ് സ്ഥലങ്ങളില്‍ ആവര്‍ത്തിക്കുന്നുണ്ട്.
1) ആ ചെറുപ്പക്കാര്‍ ഗുഹയില്‍ അഭയം പ്രാപിച്ച സന്ദര്‍ഭം. അപ്പോഴവര്‍ പ്രാര്‍ഥിച്ചു: ‘ഞങ്ങളുടെ നാഥാ! നിന്റെ ഭാഗത്തുനിന്നുള്ള കാരുണ്യം ഞങ്ങള്‍ക്കു നീ കനിഞ്ഞേകണമേ. ഞങ്ങള്‍ ചെയ്യേണ്ട കാര്യം നേരാംവിധം നടത്താന്‍ ഞങ്ങള്‍ക്കു നീ സൌകര്യമൊരുക്കിത്തരേണമേ.(10)
2) ‘നിങ്ങളിപ്പോള്‍ അവരെയും അല്ലാഹുവെക്കൂടാതെ അവര്‍ ആരാധിച്ചിരുന്നവരെയും കൈവെടിഞ്ഞിരിക്കയാണല്ലോ. അതിനാല്‍ നിങ്ങള്‍ ആ ഗുഹയില്‍ അഭയം തേടിക്കൊള്ളുക. നിങ്ങളുടെ നാഥന്‍ തന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ചൊരിഞ്ഞുതരും. നിങ്ങളുടെ കാര്യം നിങ്ങള്‍ക്ക് സുഗമവും സൌകര്യപ്രദവുമാക്കിത്തരും.(16)
3) നിന്റെ നാഥന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമാണ്. അവര്‍ ചെയ്തുകൂട്ടിയതിന്റെ പേരില്‍ അവരെയവന്‍ പിടികൂടുകയാണെങ്കില്‍ അവര്‍ക്കവന്‍ വളരെ പെട്ടെന്നു തന്നെ ശിക്ഷ നല്‍കുമായിരുന്നു. എന്നാല്‍ അവര്‍ക്കൊരു നിശ്ചിത കാലാവധിയുണ്ട്. അതിനെ മറികടക്കാന്‍ ഒരഭയകേന്ദ്രവും കണ്ടെത്താനവര്‍ക്കാവില്ല(58)
4) അപ്പോള്‍ അവിടെയവര്‍ നമ്മുടെ ദാസന്മാരിലൊരാളെ കണ്ടെത്തി. അദ്ദേഹത്തിന് നാം നമ്മുടെ കാരുണ്യം നല്‍കിയിരുന്നു. നമ്മുടെ സവിശേഷ ജ്ഞാനം പഠിപ്പിക്കുകയും ചെയ്തിരുന്നു.(65)
5) ‘പിന്നെ ആ മതിലിന്റെ കാര്യം: അത് ആ പട്ടണത്തിലെ രണ്ട് അനാഥക്കുട്ടികളുടേതാണ്. അതിനടിയില്‍ അവര്‍ക്കായി കരുതിവെച്ച ഒരു നിധിയുണ്ട്. അവരുടെ പിതാവ് നല്ലൊരു മനുഷ്യനായിരുന്നു. അതിനാല്‍ അവരിരുവരും പ്രായപൂര്‍ത്തിയെത്തി തങ്ങളുടെ നിധി പുറത്തെടുക്കണമെന്ന് നിന്റെ നാഥന്‍ ആഗ്രഹിച്ചു. ഇതൊക്കെയും നിന്റെ നാഥന്റെ അനുഗ്രഹമത്രെ. ഞാനെന്റെ സ്വന്തം ഹിതമനുസരിച്ച് ചെയ്തതല്ല ഇതൊന്നും. താങ്കള്‍ക്കു ക്ഷമിക്കാന്‍ കഴിയാതിരുന്ന കാര്യങ്ങളുടെ പൊരുളിതാണ്.(82)’
6) ദുല്‍ഖര്‍നൈന്‍ പറഞ്ഞു: ‘ഇതെന്റെ നാഥന്റെ കാരുണ്യമാണ്. എന്നാല്‍ എന്റെ നാഥന്റെ വാഗ്ദത്തസമയം വന്നെത്തിയാല്‍ അവനതിനെ തകര്‍ത്ത് നിരപ്പാക്കും. എന്റെ നാഥന്റെ വാഗ്ദാനം തീര്‍ത്തും സത്യമാണ്.(98)
7) ‘അവരുടെ നാഥന്‍ അവനുപകരം അവനെക്കാള്‍ സദാചാര ശുദ്ധിയുള്ളവനും കുടുംബത്തോടു കൂടുതല്‍ അടുത്ത് ബന്ധപ്പെടുന്നവനുമായ ഒരു മകനെ നല്‍കണമെന്ന് നാം ആഗ്രഹിച്ചു.(81)
ഈ അദ്ധ്യായത്തിലെ പ്രതീക്ഷയുടെ ആഴങ്ങളിലേക്ക് നാം ഒരെത്തിനോട്ടം നടത്തുകയാണെങ്കില്‍ ആദ്യമായി റഹ്മത്ത് എന്നപദം ഉപയോഗിച്ചത് ഗുഹാവാസികള്‍ കടുത്ത പീഢനങ്ങള്‍ക്കിരയായ സന്ദര്‍ഭത്തില്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചതാണ(100). അല്ലാഹു പ്രത്യുത്തരമായി അവരുടെ ഹൃദയത്തില്‍ സ്ഥൈര്യവും നന്മയും പ്രദാനം ചെയ്തു. ഗുഹാ മുഖത്ത് അഭയം തേടാനുള്ള വഴിയൊരുക്കിക്കൊടുക്കുകയും ചെയ്തു(16) സൂര്യനെ അവര്‍ക്ക് സംരക്ഷണാര്‍ത്ഥം ചലിപ്പിച്ചു, നായയെ കാവല്‍ നിര്‍ത്തി, അവസാനം അവരെ പുനരുജ്ജീവിപ്പിച്ചതു മൂലം അനേകം നിഷേധികള്‍ വിശ്വാസം സ്വീകരിക്കുകയും ചെയ്തു.
മൂന്നാമതായി അല്ലാഹു എല്ലാ സൃഷ്ടികള്‍ക്കും നല്‍കുന്ന അനന്തമായ കാരുണ്യത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. മൂസാ-ഖിള്ര്‍ സംഭവത്തില്‍ മൂന്ന് പ്രാവശ്യം പ്രതീക്ഷാവചനങ്ങള്‍ ആവര്‍ത്തിച്ചതായിക്കാണാം. ഖിള്ര്‍ അല്ലാഹുവിങ്കല്‍ നിന്ന് കരുണയും വിജ്ഞാനവും ലഭിച്ച വ്യക്തിയാണ്. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം മൂലമാണ് മനുഷ്യര്‍ക്ക് ഈ അനുഗ്രഹങ്ങളെല്ലാം ലഭ്യമായതെന്ന് വിവരിക്കുകയും ചെയ്യുന്നു.
അദ്ധ്യായത്തിന്റെ അവസാന ഭാഗത്ത് ദുല്‍ഖര്‍നൈനിയിലൂടെ അവന്റെ ഔദാര്യം നല്‍കുന്നു. അവര്‍ക്കാവശ്യമായ ഭിത്തി നിര്‍മിക്കുന്നതിലൂടെ വലിയ അനുഗ്രഹമാണവര്‍ക്ക് ലഭിച്ചത്. അതെല്ലാം കേവലം അദ്ദേഹത്തിന്റെ അധികാരശക്തി കൊണ്ടും അനുഭവ പരിചയം കൊണ്ടും ലഭ്യമായതല്ല, മറിച്ച് അല്ലാഹുവിന്റെ അനുഗ്രഹം മൂലമാണ് അവര്‍ക്കതു ലഭിച്ചത്. എല്ലാ വിശ്വാസിയുടെയും അടുത്തുള്ള അളവറ്റ പ്രതീക്ഷയുടെ മാനദണ്ഡം അല്ലാഹു പരമകാരുണികനും ദയാനിധിയുമാണ് എന്നതാണ്. തന്റെ അടിമകളോട് ദയയും നന്മയും വെച്ചുപുലര്‍ത്തുന്നവനാണവന്‍. അവര്‍ക്കനുഭവിക്കേണ്ടിയിരുന്ന വ്യത്യസ്തമായ ഉപദ്രവങ്ങളില്‍ നിന്ന് മുക്തമാക്കിയതും നിര്‍ഭയമായ ജീവിതം സാധ്യമാക്കിയതും ഈ കാരുണ്യത്താലാണ്. നന്മ പ്രവര്‍ത്തിച്ചതിനും മറ്റുള്ളവര്‍ക്ക് ഉപകാരങ്ങള്‍ ചെയ്തതിനും പരലോകത്ത് കരുണാകടാക്ഷങ്ങള്‍ അവര്‍ക്ക് പ്രത്യേകമായി ഒരുക്കിയിരിക്കുന്നു.
( കടപ്പാട് )
കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU