Current Date

Search
Close this search box.
Search
Close this search box.

സയ്യിദ് ഖുത്വുബ് വായിച്ചതു പോലെ സൂറതുൽ ബുറൂജ് വായിച്ചു നോക്കണം

1 നക്ഷത്രമണ്ഡലങ്ങളുള്ള ആകാശം തന്നെയാണ് സത്യം.
2 വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ് സത്യം.
3 സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ് സത്യം.
4 ആ കിടങ്ങിൻറെ ആൾക്കാർ നശിച്ചു പോകട്ടെ.
5 അതായത്‌ വിറകു നിറച്ച തീയുടെ ആൾക്കാർ.
6 അവർ അതിങ്കൽ ഇരിക്കുന്നവരായിരുന്ന സന്ദർഭം.
7 സത്യവിശ്വാസികളെക്കൊണ്ട്‌ തങ്ങൾ ചെയ്യുന്നതിന്‌ അവർ ദൃക്‌സാക്ഷികളായിരുന്നു.
8 പ്രതാപശാലിയും സ്തുത്യർഹനുമായ അല്ലാഹുവിൽ അവർ വിശ്വസിക്കുന്നു എന്നത്‌ മാത്രമായിരുന്നു അവരുടെ ( സത്യവിശ്വാസികളുടെ ) മേൽ അവർ ( മർദ്ദകർ ) ചുമത്തിയ കുറ്റം.
9 ആകാശങ്ങളുടെയും ഭൂമിയുടെയും മേൽ ആധിപത്യം ഉള്ളവനുമായ ( അല്ലാഹുവിൽ ). അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.
10 സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും മർദ്ദിക്കുകയും, പിന്നീട്‌ പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരാരോ അവർക്കു നരകശിക്ഷയുണ്ട്‌. തീർച്ച. അവർക്ക്‌ ചുട്ടുകരിക്കുന്ന ശിക്ഷയുണ്ട്‌.
11 വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്ക്‌ താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളുണ്ട്‌; തീർച്ച. അതത്രെ വലിയ വിജയം.
12 തീർച്ചയായും നിൻറെ രക്ഷിതാവിൻറെ പിടുത്തം കഠിനമായത്‌ തന്നെയാകുന്നു.
13 തീർച്ചയായും അവൻ തന്നെയാണ്‌ ആദ്യമായി ഉണ്ടാക്കുന്നതും ആവർത്തിച്ച്‌ ഉണ്ടാക്കുന്നതും.
14 അവൻ ഏറെ പൊറുക്കുന്നവനും ഏറെ സ്നേഹമുള്ളവനും,
15 സിംഹാസനത്തിൻറെ ഉടമയും, മഹത്വമുള്ളവനും,
16 താൻ ഉദ്ദേശിക്കുന്നതെന്തോ അത്‌ തികച്ചും പ്രാവർത്തികമാക്കുന്നവനുമാണ്‌.
17 ആ സൈന്യങ്ങളുടെ വർത്തമാനം നിനക്ക്‌ വന്നുകിട്ടിയിരിക്കുന്നോ?
18 അഥവാ ഫിർഔൻറെയും ഥമൂദിൻറെയും (വർത്തമാനം).
19 അല്ല, സത്യനിഷേധികൾ നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏർപെട്ടിട്ടുള്ളത്‌.
20 അല്ലാഹു അവരുടെ പിൻവശത്തുകൂടി ( അവരെ ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു.
21 അല്ല, അത്‌ മഹത്വമേറിയ ഒരു ഖുർആനാകുന്നു.
22 സംരക്ഷിതമായ ഒരു ഫലകത്തിലാണ്‌ അതുള്ളത്‌..

അമ്മ ജുസ്ഇലെ സൂറതുൽ ബുറൂജ് (85-ാം സൂറ:) ഞാനും നിങ്ങളുമെല്ലാം എത്ര തവണ ഓതിയിട്ടുണ്ടാവും ?! ഒരു സാധാരണ സൂറത് പോലെയല്ലേ നമുക്ക് തോന്നിയിട്ടുള്ളൂ ??! ഈ കുറിപ്പുകാരനും ഫീ ളിലാലിൽ ഖുർആൻ വായിക്കും വരെ അങ്ങനെയാണ് തോന്നിയത് . എന്നാലങ്ങനെയല്ല എന്ന ബോധ്യം വേണമെങ്കിൽ സയ്യിദ് ഖുത്വുബ് വായിച്ചതു പോലെ സൂറതുൽ ബുറൂജ് ഒന്നു വായിച്ചു നോക്കണം. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് നിമിത്തമായ എഴുത്തായിരുന്നു അത്. അവധാനതയോടെ വായിച്ചാൽ മതി ചില സംഗതികൾ എന്തൊക്കെയാണെന്ന് തിരിയും.

ആമുഖത്തിൽ സമാനമായ, എന്നാൽ പര്യവസാനത്തിൽ വ്യത്യസ്തമായ മൂന്ന് സംഘട്ടനങ്ങളുടെ അവലോകനമാണ് സൂറ: പറയുന്നത്,: قُتل أصحاب الأخدود (ആദ്യത്തേത് ആ കിടങ്ങിൻറെ ആൾക്കാർ നശിച്ചു പോകട്ടെ ) എന്ന പരാമർശം സൂചിപ്പിക്കുന്നു. വിശദാംശങ്ങൾ ഹദീസ് / സീറ ഗ്രന്ഥങ്ങളിലുണ്ട്.

രണ്ടാമത്തേത് : هل أتاك حديث الجنود؟فرعون ആ സൈന്യങ്ങളുടെ വർത്തമാനം നിനക്ക്‌ വന്നുകിട്ടിയിരിക്കുന്നോ? ഫിർഔനിന്റെ ചരിത്രത്തിലേക്ക് ചെറിയൊരു ഫ്ലാഷ് ബാക്ക് മാത്രം .. തുടർന്ന് മൂന്നാമത്തേത് :: وثمود ഥമൂദും.. കഥാ പാത്രങ്ങൾ പറയാതെ സമൂഹത്തിന്റെ പേരും വിലാസവും മാത്രം പറഞ്ഞ് ചുരുങ്ങിയ വാചകങ്ങളിൽ മൂന്നു ചരിത്രങ്ങൾ അതിസുന്ദരമായി അനാവരണം ചെയ്യുന്നു. ഈ മൂന്ന് രംഗങ്ങളിലും സത്യത്തിന്റെ വാഹകരായ ദുർബലരായ അംഗുലീപരിമിതരായ സത്യവിശ്വാസികൾ ശക്തരും അതോടൊപ്പം ആധിപത്യവും ആഗോള തലത്തിൽ സമ്മിതിയും പിന്തുണയുമുള്ള വൻ വിജയ സാധ്യതയുള്ളതുമായ അസത്യവുമായി ബോധപൂർവ്വമായി മല്ലിടുന്നു.

പ്രപഞ്ചനാഥനില്‍ വിശ്വസിച്ചു എന്ന ഒറ്റ കാരണത്താല്‍ ജീവിതം അഗ്നിയില്‍ ഹോമിക്കേണ്ടി വന്ന ഉഖ്‌ദൂദിലെ വിശ്വാസികളും ഫിർഔന്റെ സാമ്രാജ്യത്വത്തിന് മുമ്പിൽ പാദം പതറാതെ മുന്നോട്ട് പോയ മൂസാ നബിയും അനുയായികളും പാറ വെട്ടിത്തുരന്ന് ഗുഹാ ഭവനങ്ങൾ നിർമിച്ച് പൊങ്ങച്ചത്തോടെ സത്യത്തിനെതിരെ പൊതുവെയും സത്യ പ്രവാചകനായ സ്വാലിഹിനെതിരെ പ്രത്യേകമായും നിലകൊണ്ട അക്കാലത്തെ ഏറ്റവും വലിയ നാഗരികതയുടെ വലിയ വായകളായ ഥമൂദ് ഗോത്രവും ….

ഈ മൂന്ന് രംഗങ്ങളിലുംസത്യത്തിന്റെ ആളുകൾ ഒരു വശത്തും അസത്യത്തിന്റെ ആളുകൾ മറ്റൊരു വശത്തുമാണുള്ളത്. പക്ഷേ പരിണതികൾ തികച്ചും വ്യത്യസ്തമാണ് !! കിടങ്ങിന്റെ ഉടമകൾ അവരവർ കുഴിച്ച കുഴികളിൽ തന്നെ വീണു. ശത്രു പക്ഷത്തുള്ള സത്യവിശ്വാസികൾക്കായി അവർ ഒരുക്കി വെച്ച അഗ്നികളിൽ വെന്തു തീർന്നു കഥ അവസാനിക്കുന്നു.

മൂസാ (അ) യും അനുയായികളും അന്തിമ വിശകലനത്തിൽ വിജയിക്കുകയും ഫിർഔൻ പടമാവുകയും ചെയ്യുന്നു. അവിടെ നടന്ന സംഭവങ്ങൾ യുക്തിസഹമായി ചിന്തിച്ചാൽ കേവല ലോജിക്കിനും ബുദ്ധിക്കും അതീതമായ അഭൗതിക ദൈവിക ഇടപെടലുകളായിരുന്നു എന്നു കാണാം. സ്വാലിഹ് നബി (അ) യുടെ അനുയായികളുടെ വിജയവും നമ്മെ ഉണർത്തുന്നത് മറ്റൊന്നല്ല … എണ്ണവും ഭൗതിക സാഹചര്യങ്ങളുമല്ല വിജയത്തിന് വേണ്ടത് എന്ന തിരിച്ചറിവാണ് ഈ അധ്യായത്തിൽ നാം കാണുന്ന പാഠങ്ങൾ .

ഈ സംഭവങ്ങളുടെയെല്ലാം എൻഡ് പഞ്ച് റബ്ബിന്റെ തിരഞ്ഞെടുപ്പുകളായിരുന്നു എന്നും മനസ്സിലാക്കാം. ബുദ്ധിയും യുക്തിയും കൊണ്ട് ചിന്തിച്ചാൽ ജയിക്കേണ്ടത് മറുപക്ഷത്തുള്ള എല്ലാം തികഞ്ഞവരായിരുന്നു. പക്ഷേ അവരെല്ലാം ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ … നാം സത്യത്തിൽ ഉറച്ചുനിൽക്കുക എന്നതാണ് പ്രധാന കാര്യമെന്ന് സൂറതുൽ ബുറൂജ് പഠിപ്പിക്കുന്നത്. നമ്മൾ അല്ലാഹുവിന്റെ മാർഗത്തിലാണെന്ന് ബോധ്യമുണ്ടെങ്കിൽ ഭൗതികമായ എണ്ണവും പിന്തുണയുമല്ല ; അഭൗതികമായ റബ്ബിന്റെ ഇടപെടലുകളാണ് സത്യത്തിന്റെ പക്ഷത്ത് ഉണ്ടാവുക എന്നതും ഈ സൂറത് നമുക്ക് നല്കുന്ന പാഠമാണ് …

ഇന്നും പ്രലോഭനങ്ങൾ ശക്തമാണ്. ഭൗതിക സൗകര്യങ്ങൾ മറുപക്ഷത്താണ് . ആഗോള സാമ്പത്തിക സഹായവും പ്രോത്സാഹനവും കിട്ടികൊണ്ടിരിക്കുന്നതും അവർക്കാവും. സത്യത്തിന്റെ മാർഗം പൂക്കളും പരവതാനികളും വിരിച്ചതല്ല. പ്രത്യുത ശരീരഭാഗങ്ങളും തലയോട്ടികളും കൊണ്ട് നിരത്തിയതും രക്തം കൊണ്ട് പങ്കിലവുമാണ്. എന്നാലും വിശ്വാസികൾക്ക് അല്ലാഹു അവയെല്ലാം പ്രയാസരഹിതമാക്കുകയും എണ്ണക്കുറവ് പ്രശ്നമേ ആകില്ല എന്നും സൂറത്തുൽ ബുറൂജ് നമ്മെ പഠിപ്പിക്കുന്നു.

അവലംബം : ഫീ ളിലാലിൽ ഖുർആൻ 6-ാം ഭാഗം,
വഴിയടയാളങ്ങൾ

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles