Current Date

Search
Close this search box.
Search
Close this search box.

സൂറ. അൽ ഫാതിഹ: സന്തോഷത്തിൻറെ പ്രഭവ കേന്ദ്രം

മാനവരാശിയുടെ സന്മാർഗ്ഗത്തിന് വേണ്ടി അല്ലാഹു നൽകിയ അവസാന വേദ ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. പരിഷ്കരണത്തിനും മാറ്റതിരുത്തലുകൾക്കും വിധേയമാകാത്ത ഗ്രന്ഥമെന്ന ഖ്യാതി ഖുർആനിന് സ്വന്തം. അൽ ഫാതിഹയാണ് 114 അധ്യായങ്ങളുള്ള ഖുർആനിലെ പ്രഥമാധ്യായം. ആമുഖം എന്നാണതിൻറെ വിവിക്ഷ. സമ്പൂർണ്ണമായി ആദ്യമായി അവതരിച്ച അധ്യായമാണ് ഇത്. മുസ്ലിംങ്ങൾ തങ്ങളുടെ ആരാധനകളിൽ ചുരുങ്ങിയത് 17 പ്രാവിശ്യം ആവർത്തിച്ച് പാരായണം ചെയ്യുന്ന ഒരേ ഒരു അധ്യായമാണ് അൽ ഫാതിഹ.

അൽ ഫാതിഹയെ ഖുർആൻ മറ്റൊരു സ്ഥലത്ത് വിശേഷിപ്പിച്ചത് ആവർത്തിച്ച് പരായണം ചെയ്യുന്ന സപ്ത സൂക്തങ്ങൾ അടങ്ങിയ അധ്യായം എന്നാണ്. വേദഗ്രന്ഥത്തിൻറെ പ്രാരംഭം, ഖുർആനിൻറെ മാതാവ്, സ്തുതിയുടെ അധ്യായം തുടങ്ങിയ ധാരാളം വിശേഷണങ്ങൾ ഈ അധ്യായത്തിൻറെ പ്രാധാന്യം വ്യക്തമാക്കുന്നു. ദിനേന മുസ്ലിംങ്ങൾ നിർവ്വഹിക്കുന്ന അഞ്ച് നേരത്തെ നമസ്കാരത്തിൽ അൽ ഫാതിഹ പാരായണം ചെയ്തില്ലെങ്കിൽ നമസ്കാരം ശരിയാവുകയില്ല എന്ന് പ്രവാചകൻ അരുളീട്ടുണ്ട്.

അല്ലാഹു എന്ന നാമത്തിന് പുറമെ, റബ്ബ് (രക്ഷിതാവ്), അർറഹ്മാൻ (പരമകാരുണികൻ), അർറഹീം (കരുണാനിധി), അൽമാലിക് (സർവ്വതിൻറെയും ഉടമസ്ഥൻ) എന്നീ അല്ലാഹവിൻറെ നാല് വിശേഷണങ്ങൾ പരാമർശിച്ച അധ്യായമാണ് അൽ ഫാതിഹ. ആദ്യ മൂന്ന് സൂക്തങ്ങൾ സ്തുതിയും അഞ്ചാം സൂക്തം പ്രതിജ്ഞയും ആറൂം ഏഴും സൂക്തങ്ങൾ പ്രാർത്ഥനയുമാണ് ഉള്ളടക്കം. ഫാതിഹ ആവർത്തിച്ച് ഉരുവിടുന്നതിൻറെ പൊരുൾ എന്തായിരിക്കും? പ്രവാചകൻറെ മാതൃക പിൻപറ്റി അങ്ങനെ പാരായണം ചെയ്യുന്നു എന്ന് പറയാം. ആ മാതൃക പിന്തുടർന്ന്, നാമൂം അത് നമസ്കാരത്തിൽ ചുരുങ്ങിയത് പതിനേഴ് പ്രാവിശ്യം ആവർത്തിക്കുന്നു.

സ്തുതിയാണ് ഫാതിഹയുടെ കാമ്പൂം കാതലും. സർവ്വലോക രക്ഷിതാവായ അല്ലാഹുവിനെ സ്തുതിക്കുമ്പോൾ, അവൻ ചെയ്തതായ അനേകം അനുഗ്രഹങ്ങൾക്ക് നന്ദി പറയുമ്പോൾ, മാനസികമായി നാം വലിയ സന്തോഷം അനുഭവിക്കുന്നു. കാരണം നമുക്ക് അനവദ്യമായ അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ മനസ്സിൽ ആഹ്ലാദമുണ്ടാവുന്നു. നിത്യജീവിത്തിലെ തന്നെ കാര്യമെടുക്കു. നമുക്ക് ഉപകാരം ചെയ്ത ഒരാളെ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യുന്നത് നമുക്കുണ്ടായ സന്തോഷം നിമത്തമാണല്ലോ? അല്ലാഹു നമുക്ക് ചെയ്യുന്ന അനുഗ്രഹങ്ങൾ തിരിച്ചറിയുമെങ്കിൽ, അങ്ങനെ അതിനുള്ള നന്ദിയായി അൽഫാതിഹ 17 പ്രാവിശ്യം പരായണം ചെയ്യുന്നത്, ദിവസം മുഴുവൻ സന്തോഷത്തിന് വഴിവെക്കുന്നതാണ്.

നിസ്സാരമെന്ന് നമുക്ക് തോന്നുന്ന കാര്യങ്ങൾക്ക് പോലും പാശ്ചാത്യർ നന്ദി പറയാറുള്ളത് നമ്മേയും സ്വാധീനിച്ചിട്ടുണ്ട്. നമ്മുടെ സ്കൂളുകളിലെ പ്രാഥമിക ക്ളാസുകളിൽ ഗോൾഡൻ റൂൾ എന്ന നിലയിൽ ഇത്തരം വാക്കുകൾ പറായാൻ കുട്ടികളെ പഠിപ്പിക്കുന്നു. നന്ദി കിട്ടുന്ന വ്യക്തിക്കല്ല, അത് പറയുന്ന വ്യക്തിക്കാണ് കൂടുതൽ സന്തോഷം ലഭിക്കുന്നത് എന്ന ഒരു മന:ശ്ശാസ്ത്ര ചിന്തയും അതിന് പിന്നിലുണ്ട്. ഞാൻ എത്ര അനുഗ്രഹീതൻ. പിന്നെ എന്തിന് ദു:ഖിതനാവണം എന്ന ഒരു പോസിറ്റിവ് ഊർജ്ജം അതിലൂടെ ലഭിക്കുന്നു.

അൽ ഫാതിഹ അധ്യായത്തിൽ പ്രതിപാദിക്കപ്പെട്ട മറ്റൊരു വിഷയമാണ് തൗഹീദ് (ഏകദൈവത്വം). അല്ലാഹുവിൻറെ ഏകത്വത്തിലുള്ള വിശ്വാസമാണ് ഈമാനിൻറെ അടിസ്ഥാനം. ആ വിശ്വാസത്തിൻറെ മൂന്ന് ഘടകങ്ങൾ സംക്ഷിപ്തമായി ഈ അധ്യായത്തിൽ വിവരിച്ചിരിക്കുന്നു. 1. റുബൂബിയ്യത് (സൃഷ്ടി, പരിപാലന കർമ്മങ്ങളിൽ ഏകൻ), ഉലൂഹിയ്യത് (ആരാധന), 2. നേർച്ച, ബലി തുടങ്ങിയ കർമ്മങ്ങളിൽ മറ്റാർക്കും പങ്കാളിത്തം കൽപിക്കാൻ പാടില്ല), 3. അസ്മാഉ സ്വിഫാത് (പരമ കാരുണികൻ, കരുണാനിധി തുടങ്ങിയ വിശേഷണങ്ങൾ) എന്നിവയാണ് ആ മൂന്ന് ഘടകങ്ങൾ.

തൗഹീദിൻറെ ഈ മൂന്ന് ഘടകങ്ങളും സംക്ഷിപ്തമായി ഫാതിഹയിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. റബ്ബുൽ ആലമീൻ എന്ന് പറയുമ്പോൾ റുബൂബിയ്യതും ‘ഇയ്യാക നഅ്ബുദു വ ഇയ്യാക നസ്തഈൻ’ എന്ന് പറയുമ്പോൾ ‘ഉലൂഹിയതും’ ‘അർറഹ്മാനി ർറഹീം’ എന്നത് കൊണ്ട് ‘അസ്മാഉ സ്വിഫാത്’ എന്നിവയുമാണ് വിവിക്ഷിക്കുന്നത്. ചുരുക്കത്തിൽ അൽ ഫാതിഹ ‘തൗഹീദിലേക്കും’ തൗഹീദ് സന്തോഷത്തിലേക്കും മനുഷനെ എത്തിക്കുന്നു എന്നതാണ് ഈ അധ്യായത്തിൻറെ ഏറ്റവും വലിയ സവിശേഷത. അതിനാൽ മനസ്സ് അസ്വസ്ഥമാവുമ്പോൾ, ഉള്ളിൽ ദു:ഖത്തിൻറെ കനലെരിയുമ്പോൾ ധാരാളമായി സൂറതുൽ ഫാതിഹ പാരായണം ചെയ്യുന്നത് അതിനെ മറികടക്കാൻ സഹായിക്കും.

Related Articles