Current Date

Search
Close this search box.
Search
Close this search box.

അദ്ദാരിയാത് : ലഘു പഠനം 1

ഖുർആനിലെ അൻപത്തിയൊന്നാം അദ്ധ്യായമാണ്‌ സൂറത്തു ദ്ദാരിയാത് (വിതറുന്നവ) . അറുപത് ആയത്തുകൾ / സൂക്തങ്ങളാതിലുള്ളത്. ഇരുപത്തി ആറാം ജുസ്ഇന്റെ അവസാനത്തിലും ഇരുപത്തി ഏഴാം ജുസ്ഇന്റെ ആരംഭത്തിലുമായി കൃത്യമായ രണ്ടു ഭാഗങ്ങളായാണ് ഈ സൂറതുള്ളത്. ആയത്തുകളുടെ ചെറുപ്പവും തൗഹീദ് , രിസാലത്, ആഖിറത് എന്നീ അടിസ്ഥാന വിഷയങ്ങളിലുള്ള ഊന്നലും സൂചിപ്പിക്കുന്നതു സൂറയുടെ അവതരണം പൂർണ്ണമായും മക്കയിലായിരുന്നു എന്നാണ്.

പരലോകത്തെ സംബന്ധിച്ച ശാസന /മുന്നറിയിപ്പ്, അഭിസംബോധന ശൈലിയുടെ സൗന്ദര്യം, ലളിതമായ വാക്കുകളുടെ സോദ്ദേശ്യ പൂർവകമായ വിന്യാസം എന്നിവയിൽ മക്കീ സൂറകളാണ് മദനീ സൂറകളേക്കാൾ ഒരുപടി മുന്നിൽ നില്ക്കുന്നത്. സർവ്വാംഗീകൃതമായ വസ്തുതകളിലേക്ക് ശ്രദ്ധ ക്ഷണിക്കാൻ ശപഥ ശൈലി (അഖ്സാമുൽ ഖുർആൻ) ഉപയോഗിക്കുന്നതും മക്കീ ശൈലിയാണ്. സത്യത്തിനു ശേഷം ചുരുങ്ങിയ വാക്കുകൾ കൊണ്ട് അനുവാചകരെ മൊത്തം ഖുർആനിലേക്കും പ്രവാചക ദൗത്യത്തിലേക്കും പ്രബോധനം കേന്ദ്രീകരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ജാഹിലിയ്യ ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും ആഘാതത്താൽ മൂടപ്പെട്ടിരിക്കുന്ന അശ്രദ്ധരായ ജനവിഭാഗത്തെ യുക്തിസഹമായ വാദങ്ങളും പുനരുത്ഥാനത്തിന്റെ തെളിവുകളും സ്ഥാപിച്ചു കൊണ്ട് സ്വർഗ – നരകങ്ങൾ ഓർമപ്പെടുത്തുകയും അന്തിമ വിജയം വിശ്വാസികൾക്കാണെന്ന് ബോധ്യപ്പെടുത്താനാവശ്യമായ ലളിതമായ ഉദാഹരണങ്ങൾ നൽകുകയും ചെയ്യുന്നു എന്നതും ഇവിടെ ശ്രദ്ധേയമാണ്.

സൂറയുടെ ഊന്നൽ മേഖലകൾ താഴെ നൽകിയിരിക്കുന്നു :-

1- ശക്തിയായി വിതറുന്ന കാറ്റിന്റെ വ്യത്യസ്ഥ ഘട്ടങ്ങളും പ്രകൃതിയിലെ മറ്റു ദൃഷ്ടാന്തങ്ങളായ മേഘങ്ങൾ, കപ്പലുകൾ എന്നീ പ്രതിഭാസങ്ങളും പരിചയപ്പെടുത്തി മഴവെള്ളം വഹിക്കുന്ന കാർമേഘങ്ങളെക്കുറിച്ചും സർവ്വശക്തന്റെ ഉതവിയാൽ ജലത്തിന്റെ ഉപരിതലത്തിൽ ഓടുന്ന കപ്പലുകളെക്കുറിച്ചും മാലാഖമാരെക്കുറിച്ചും സംസാരിച്ചുകൊണ്ടാണ് സൂറ: ആരംഭിച്ചിരിക്കുന്നത്. സൃഷ്ടികാര്യങ്ങൾ കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ട മാലാഖമാരെ കുറിച്ചും പുനരുത്ഥാനത്തിന്റെ അനിവാര്യതയും വളരെ ചുരുങ്ങിയ വാക്കുകളിൽ ആദ്യ ഒമ്പത്
സൂക്തങ്ങളിൽ പരാമർശിച്ചിട്ടുണ്ട്.

2 – ഖുർആനും പരലോകവും നിഷേധിക്കുന്ന മക്കയിലെ സത്യനിഷേധികളെ കുറിച്ച് കൂടുതൽ വിവരങ്ങളാണ് പത്ത് മുതൽ ഇരുപത്തിമൂന്ന് വരെയുള്ള സൂക്തങ്ങളിലുള്ളത്.ഊഹാപോഹങ്ങള്‍കൊണ്ട് വിധിപറയുന്ന (ഖർറാസ്വൂൻ) വരുടെ ഇഹലോകത്തെ അവസ്ഥയും പരലോകത്തെ അവസ്ഥാന്തരവും വിശദീകരിച്ച ശേഷം ഭക്തരായ വിശ്വാസികളെക്കുറിച്ചും പരലോകത്ത് അവർക്കായി ഒരുക്കിയിരിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ചും വിശാലമായ പ്രപഞ്ചത്തിലെ അല്ലാഹുവിന്റെ ഏകത്വത്തെ കുറിച്ചും ലളിത സുന്ദരമായ വാചകങ്ങളിൽ ഉദാഹരണ സഹിതം പരാമർശിക്കുന്ന ഭാഗമാണ് 10 – 23 ആയത്തുകൾ .

3- അതിനുശേഷം, ചില നബിമാരുടെ (ഇബ്രാഹീം, മൂസാ, ലൂത്വ്, സ്വാലിഹ് (അ)) എന്നിവരുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. സ്വേച്ഛാധിപത്യ സ്വഭാവമുള്ളവർ അവരിൽ നിയോഗിതരായ പ്രവാചകന്മാരോടു പുലർത്തിയ പരിഹാസ്യാത്മകമായ പെരുമാറ്റത്തെ സംബന്ധിച്ച് 24 – 55 സൂക്തങ്ങൾ വാചാലമായി സംസാരിക്കുന്നു. പ്രവാചകന്മാരുടെ പ്രബോധനത്തിന്റെ ഊന്നലുകൾ ഏതു സമയത്തും അല്ലാഹുവിന്റെ ഏകത്വമാണെന്ന് കൃത്യമായി മനസ്സിലാക്കാനും അവരെ നിഷേധിച്ചവരുടെ പരിണതി എന്തായിരുന്നു എന്ന് മനസ്സിലാക്കാനും ആ സൂക്തങ്ങൾ എമ്പാടും ..

4- മനുഷ്യ-ജിന്ന് സൃഷ്ടിപ്പിന്റെ ലക്ഷ്യം അല്ലാഹുവിന് വഴിപ്പെടലാ (ഇബാദതാ)ണെന്നും അല്ലാഹു അവന്റെ അടിമകളിൽ നിന്നും ഉപജീവനം ആവശ്യപ്പെടുന്നില്ലെന്നും സർവ്വ പടപ്പുകൾക്കും ഭക്ഷണം എത്തിച്ചു കൊടുക്കുന്നവനാണെന്നും താക്കീത് ദിവസത്തെ മറന്നു കളഞ്ഞ ആ അക്രമികൾക്ക് തങ്ങളുടെ കൂട്ടാളികൾക്ക് ലഭിച്ചത് പോലെയുള്ള ശിക്ഷയുണ്ടെന്നുമുണർത്തി സൂറ: സമാപിക്കുന്നു.

അവലംബം : തഫ്ഹീം, ഖുർആൻ മഴ

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles