Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ മഴ -1

(ഖുർആൻ മുപ്പത് ഭാഗങ്ങളുടെ സാരാംശം പരമ്പര ആരംഭിക്കുന്നു. ദിവസം ഒരു ജുസ്ഇൻെറ സാരാംശം. )

മക്കയിൽ നിന്ന് പ്രവാചകൻ (സ) യുടെ ഹിജ്‌റക്ക് ശേഷം മദീനയിൽ അവതരിച്ച 28 അധ്യായങ്ങളാണ് മദനീ സൂറത്തുകൾ എന്നറിയപ്പെടുന്നത് . ഏകദൈവത്വം, പ്രവാകത്വം, പരലോക വിശ്വാസം എന്നീ ഊന്നലുകളാണ് ഖുർആനിലെ മക്കീയായ 86 അധ്യായങ്ങളെങ്കിൽ സുഭദ്രമായ ഇസ്ലാമിക പ്രബോധനത്തിന്റെ അവശ്യ ഘടകങ്ങളെല്ലാം മദനീ സൂറത്തുകളിൽ കടന്നു വരും.

ഹദീസുകളിൽ സൂറ: ബഖറക്ക് ഒരുപാട് ശ്രേഷ്ഠതകൾ പറഞ്ഞിട്ടുണ്ട്. അവയിലെ സൂക്തങ്ങളുടെ ഗാംഭീര്യത്തിന്റെയും പ്രോജ്വലതയുടേയും കാരണത്താൽ ഖുർആനിന്റെ തമ്പ് (ഫുസ്ത്വാത്വ്) എന്നാണ് സ്വഹാബത്ത് ഈ സൂറത്തിനെ വിളിച്ചിരുന്നത് എന്നാണ് ഖാലിദ് ബിൻ മഅ്ദാൻ (റഹ്) പറഞ്ഞത്.

ഈ അധ്യായത്തിലെ ആദ്യത്തെ 141 ആയത്തുകൾ ഊന്നുന്ന വിഷയങ്ങളിലൂടെ ഒരെത്തിനോട്ടം മാത്രമാണ് നാമിവിടെ ഉദ്ദേശിക്കുന്നത്.

ഖുർ‌ആനിലെ 29 അദ്ധ്യായങ്ങൾ ഒന്നോ അതിലധികമോ ദൈർഘ്യമുള്ള അറബി അക്ഷരങ്ങൾ കൊണ്ടാണ്‌ ആരംഭിക്കുന്നത്. ഈ അക്ഷരങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള ഒരു അർത്ഥവും ഇല്ല എന്നാണ് കുറിപ്പുകാരന്റെ വിശ്വാസം. തുടർന്നുള്ള വാക്യങ്ങളുമായി ഘടനാപരമായോ, അർത്ഥപരമായോ ബന്ധമില്ലാത്തവയാകയാൽ ഇവ വേറിട്ടു നിൽക്കുന്ന അക്ഷരങ്ങൾ ( الحروف المقطعة) എന്നറിയപ്പെടുന്നു. ഇവയുടെ അർത്ഥമോ വിശദീകരണമോ അല്ലാഹുവും മുഹമ്മദ് നബി(സ)യും നൽകിയിട്ടില്ല. ആയതിനാൽ തന്നെ അവയുടെ പിന്നാലെ നാമും പോവേണ്ടതില്ല.

സൂക്ഷ്മാലുക്കൾക്കുള്ള സന്മാർഗമാണീ ഗ്രന്ഥമെന്നാണ് അല്ലാഹുവിന്റെ ആദ്യ പ്രസ്താവന.നബി(സ്വ) പറഞ്ഞത് കേൾക്കുക:ഒരു അടിമയും തെറ്റിൽ പെട്ടേക്കുമെന്ന ഭയത്താൽ തെറ്റല്ലാത്ത ചിലകാര്യങ്ങൾ പോലും ഉപേക്ഷിക്കുന്നത്‌ വരെ മുത്തഖീങ്ങളുടെ സ്ഥാനം എത്തുകയില്ല… അഥവാ തിന്മയിൽ പെട്ട്‌ പോകാതിരിക്കാനും നന്മകൾ ചോർന്ന് പോകാതിരിക്കാനുമുള്ള ഒരു സജീവ ശ്രദ്ധയുള്ളവരാണ്‌ മുത്തഖികൾ. ഇത്‌ പലമേഖലകളേയും സ്പർശിക്കുന്ന അതിസൂക്ഷ്മ പരാമർശമാണ്. അവരുടെ പ്രധാനവിശേഷങ്ങളാണ് തുടർന്നു വരുന്നത്. അതിലെ പ്രധാന സംഗതി ഈമാനുൻ ബിൽ ഗൈബ് ആണ് .

‘മറഞ്ഞത്’ എന്ന് അർഥം വരുന്ന ‘ഗൈബ്’ എന്ന അറബിപദം യഥാർത്ഥത്തിൽ ഇസ്‌ലാമിക വിശ്വാസത്തിന്റെ ആണിക്കല്ലാണ്. അല്ലാഹുവിന്റെ കാലാതീതമായ അറിവിന്റെ ഭാഗം. അല്ലാഹു നമുക്ക് അദൃശ്യനാണ്. സ്വർഗം നമ്മുടെ അറിവുകൾക്കപ്പുറത്താണ്. നരകം നമുക്ക് മറഞ്ഞതാണ്. മരണത്തിനപ്പുറത്തുള്ള ബർസഖിയായ ജീവിതവും ഖബ്‌റിലെ രക്ഷയും ശിക്ഷയും നമ്മുടെ ഇന്ദ്രിയപരിധിക്കപ്പുറത്താണ്. മലക്കുകൾ അദൃശ്യരാണ്. ‘അന്ത്യദിനം’ പ്രമാണങ്ങൾ പഠിപ്പിച്ചതിനപ്പുറം നമുക്കജ്ഞാതം… ഇങ്ങനെ വിശ്വാസത്തിന്റെ നെടുംതൂണുകളിലെല്ലാം നാം വിശ്വസിക്കുന്നത് അദൃശ്യമായിട്ടുതന്നെ. അതാണ് നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം.

അല്ലാഹു അവന്റെ അറിവിന്റെ ഖജനാവിൽ നിന്ന് ദിവ്യബോധനത്തിലൂടെ അവന്റെ ദാസന്മാർക്കറിയിച്ചുകൊടുത്തതിനപ്പുറം അവന്റെ അറിവുകളിലേക്ക് ഊളിയിട്ടിറങ്ങാൻ ആർക്കാണാവുക? ഒരാൾക്കും അതിന് സാധ്യമല്ല. പ്രവാചകന്മാർക്ക് പോലും അല്ലാഹു അറിയിച്ചുകൊടുത്താലല്ലാതെ അദൃശ്യകാര്യം അറിയില്ല എന്നതാണ് വാസ്തവം. യാത്രക്കിടയിൽ വിറക് ശേഖരിക്കുന്ന, യുദ്ധക്കളത്തിൽ ആജ്ഞകൾ കൊടുത്ത് കൂടെ നിന്ന് പോരടിച്ച, അനുചരന്മാർക്ക് പൊട്ടിക്കാൻ കഴിയാത്ത പാറ ദൈവനാമത്തിൽ പിളർത്തിക്കാണിച്ച നബി (സ) ഒരിക്കലും ഗൈബ് വാദിച്ചിരുന്നില്ലെന്ന് സേഫ് സോണിലിരുന്ന് അദൃശ്യജ്ഞാനം വാദിക്കുന്ന ഇന്നത്തെ പ്രവാചക സ്നേഹികൾ അറിയാണ്ടല്ല.

നിങ്ങൾ ഭൂമിയുടെ ഉത്തരവാദിത്തവും ഇമാമത്തും അമാനത്തും ഖലീഫയുമാണ്
إني جاعل في الأرض خليفة (2:30)) എന്ന ഉണർത്തലാണ് സൂറയുടെ ആദ്യ ഭാഗത്തിന്റെ അക്ഷവും ലക്ഷ്യവും. സൂറത്തുൽ ബഖറ പാരായണം ചെയ്യുന്നവരേ, ഭൂമിയുടെ ഉത്തരവാദിത്തം നിങ്ങൾക്കാണെന്ന് അറിയുക. ആ വിതാനത്തിലേക്ക് നിങ്ങൾ നിങ്ങളെ തന്നെ പുന:സ്ഥാപിക്കുക എന്നതാണ് ആ ദൗത്യമെന്നാണ് പ്രസ്തുത സൂക്തങ്ങൾ നമ്മോട് പറയാതെ പറയുന്നത്. ആദം (അ) യുടെ ഭൂമിയിലേക്കുള്ള നിയോഗം, മൂസ (അ) യുടെ അനുയായികളുടെഅവസ്ഥാന്തരങ്ങൾ,ഇബ്രാഹീം (അ) യുടെ സന്താനങ്ങളുടെ ഉത്ഥാന പതനങ്ങൾ എന്നീ ചരിത്ര സംഭവങ്ങളിലൂടെ ഉണർത്തുന്നതും അത് തന്നെ. ആദ്യ അദ്ധ്യായമായ ഫാതിഹയിൽ പറഞ്ഞ ഇഹ്ദിനായുടെ വിശദീകരണമാണീ സൂക്തങ്ങളെല്ലാമെന്ന് ചുരുക്കിപ്പറയാം.

പശുവിന്റെ കഥ ഇസ്രായേൽ മക്കളുടെ പ്രധാന തെറ്റുകളെയെല്ലാം പ്രത്യക്ഷീകരിക്കുന്നു. സൂറയ്ക്ക് ബഖറ എന്ന പേര് നൽകിയത്, ഭൂമിയുടെ ഉത്തരവാദിത്തമുള്ള വിശ്വാസിക്ക് അവന്റെ മുൻഗാമികളുടെ തെറ്റുകൾ ഓർമ്മിക്കാനും അവ ജീവിതത്തിൽ ഒഴിവാക്കാനും കഴിയണമെന്നത് കൊണ്ടാണ്.

ഇസ്രായേൽ മക്കളുടെ ജീവിതത്തിന്റെ വഴികേട് വിവരിക്കുന്നത് ആരംഭിക്കുന്നത് സൂറത്തിലെ 40-‍ാ‍ം വാക്യത്തോടെയാണ്, ഭൂമിയിലുള്ള അവരുടെ ഉത്തരവാദിത്തത്തിന്റെ നിർവ്വഹണത്തിൽ അവർ പരാജയപ്പെട്ടുവെന്ന് ചരിത്രങ്ങൾ വിവരിച്ച് വരച്ച് കാണിക്കുന്നു. അല്ലാഹുവിനോടുള്ള ബാധ്യതകൾ നിർവഹിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അവൻ നിശ്ചയിച്ച പരിധികൾ ലംഘിക്കപ്പെടാതെ കാത്ത് സൂക്ഷിക്കുക,മറ്റുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കുക, അനീതിയുടെ വിപാടനം, ജനങ്ങളുടെ സമാധാനപൂർണമായ ജീവിതം എന്നിവ സാധ്യമാക്കുക എന്നിവയാണ് പ്രധാനമായും ഓരോ വിശ്വാസിയുടേയും ബാധ്യതകളെന്നാണ് തുടർന്നുള്ള നൂറ് സൂക്തങ്ങളിലായി സൂറ: നമ്മെ പഠിപ്പിക്കുന്നത്.

Related Articles