Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ മഴ – 21

സൂറ: അൻകബൂത് ബാക്കിയുള്ള ഭാഗം ( 46 – 69), സൂറ: റൂം ( 60) , സൂറ: ലുഖ്മാൻ ( 34), സൂറ: സജദ ( 30), എന്നിവ മുഴുവനായും തുടർന്ന് മദനി സൂറയായ സൂറ: അഹ്സാബിന്റെ 30 വരെയുള്ള ഭാഗം എന്നിവ ഉൾപ്പെടുന്നതാണ് 21ാം ജുസുഅ് . وَلَا تُجَادِلُوا أَهْلَ الْكِتَابِ إِلَّا… എന്ന ആയതോടെയാണ് ജുസുഅ് ആരംഭിക്കുന്നത്. പ്രബോധകൻ വന്ന ഇടങ്ങളെ മുഴുവൻ കുറ്റം പറഞ്ഞിട്ട് നിന്നയിടത്തെ മാത്രം നന്നാക്കിപ്പറയുന്നവനല്ല, പ്രത്യുത വന്നയിടങ്ങളിലെ നന്മകളേയും അംഗീകരിക്കുന്നതാവണം പ്രബോധകന്റെ നിലപാട്. സംവാദ സംസ്കാരത്തിന് ഒരു പുത്തനാവിഷ്കാരമാണ് ഇസ്ലാം ഇതിലൂടെ നല്കുന്നത്.സൂറ: നഹ്ൽ 125ാം സൂക്തത്തിൽ പറഞ്ഞ ഏറ്റവും നല്ല സംവാദമാണ് (جدال بالتي هي أحسن) നാം നടത്തേണ്ടത്.

ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങൾ പറയുന്നത് പോലെ No debate, but dialogue എന്ന സംസ്കാരമാണ് ഇസ്ലാമിക പ്രബോധനത്തിന് ഭൂഷണം. പ്രത്യേകിച്ചും ഏകദൈവ വിശ്വാസത്തെ ഹൃദയത്തിൽ സൂക്ഷിക്കുന്ന വേദക്കാരോട് സൂറ ആലി ഇംറാൻ : 64 പറഞ്ഞ യോജിപ്പിന്റെ (سواء بيننا وبينكم) ഇടങ്ങളിൽ നിന്നും തുടങ്ങുന്ന സൗഹൃദ പൂർവ്വമായ സംവാദ സംസ്കാരമാണ് നബി (സ) നജ്റാൻ സാർഥവാഹക സംഘവുമായി നടത്തിയെന്നതിന് ചരിത്രം സാക്ഷി .

ഇറ്റലി- റോം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്ലാമിക പ്രബോധകയായ സെബ്രിന ലീ പറയുന്നു : “നിങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ -അത് എന്തായിരിക്കുമെന്ന് മുൻകൂട്ടി അറിയാതെ ആണെങ്കിൽ പോലും – നിങ്ങൾ യാത്ര ആരംഭിക്കുകയും നിരവധി ദേശങ്ങൾ കടന്ന് വിവിധ സ്ഥലങ്ങളിലും പാർപ്പിടങ്ങളിലും തങ്ങിയാവും അവിടെയെത്തിയിട്ടുണ്ടാവുക. ഒടുവിൽ നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ, ഇതിനകം സഞ്ചരിച്ച വ്യത്യസ്ത പാതകളെ അപമാനിക്കരുത്. ഞാൻ ഇസ്ലാമിനെ ശക്തമായി പിന്തുടരുന്നുണ്ടെങ്കിലും, ക്രിസ്തുമതത്തെയും പഴയ വിശ്വാസങ്ങളെയും അതിന്റെ സംസ്കാരത്തെയും ചരിത്രത്തെയും ഒരിക്കലും അപമാനിക്കുന്നില്ല.എന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ബൗദ്ധികവും വൈകാരികവുമായ യാത്രയായ ഇസ്‌ലാമിലേക്കുള്ള യാത്രയ്ക്കു ശേഷവും അതിനെ അങ്ങനെ കാണാനാണെനിക്കിഷ്ടം.”

ബനൂ ഇസ്റാഈൽ പണ്ഡിതന്മാരിൽ ഇസ്ലാമിന്റെ ശാദ്വല തീരത്തെത്തിയ പണ്ഡിതന്മാരും പ്രബോധകന്മാരും എത്രയോ ഉണ്ട് . അവരിലെ പക്കാ നിഷേധികൾക്കേ സത്യം മനപ്പൂർവ്വം നിഷേധിക്കാൻ കഴിയൂവെന്നും മുഹമ്മദ് നബി (സ) ഉമ്മിയ്യീൻ പ്രതിനിധിയായ , മുൻ വേദഗ്രന്ഥങ്ങൾ പോയിട്ട് എഴുത്തും വായനയും പോലും ശീലിക്കാത്ത ആ ഉമ്മുൽ ഖുറാക്കാരൻ സ്വന്തമായോ സംഘമായോ ഒന്നു കുത്തിക്കുറിക്കാനുള്ള സാധ്യതയോ ന്യായമോ ഇല്ലെന്നും ജ്ഞാനികളുടെ ഹൃദയങ്ങളെ ജാജ്ജ്വലമാക്കുന്ന ദൃഷ്ടാന്ത വിളക്കാണതെന്നും അത് ജനങ്ങളിലേക്ക് പ്രസരിപ്പിച്ച് താക്കീതുകാരന്റേയും സന്തോഷവാർത്ത അറിയിക്കുന്നവന്റേയും ദൗത്യം പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന, അതുൾകൊള്ളുന്ന അനുഗ്രഹവും ഉത്ബോധനവും ലോകത്തിന് വേണ്ടി നെഞ്ചിലേറ്റിയ മഹാഗുരുവാണെന്നും അതിന് സാക്ഷിയായി അല്ലാഹുവുണ്ടെന്നും ഈ സന്ദേശത്തെ നിഷേധിക്കുന്നവനേക്കാൾ വലിയ നഷ്ടകാരി ഇല്ലെന്നുമാണ് 52 വരെ വാക്യങ്ങളിൽ പറയുന്നത്. ഇഹലോകത്ത് അവർക്ക് നേരിടാവുന്ന ആപത്തും പരാജയവും പതിത്വവുമാവുന്ന ഭൗതിക ശിക്ഷയും ശാശ്വതമായ നരകശിക്ഷ ഇവ രണ്ടിനും ധൃതി കൂട്ടുന്ന അക്കൂട്ടർ ഭൗതിക ശിക്ഷ മരണത്തിനു മുമ്പ് തന്നെയും പരലോക ശിക്ഷ അതിന്റെ സമയമെത്തുമ്പോഴും അനുഭവിക്കുമെന്നും വളരെ പെട്ടെന്ന് മുകൾഭാഗത്തു നിന്നും കാലുകൾക്കിടയിൽ നിന്നും ഓർക്കാതിരിക്കെ വന്ന് മൂടിക്കളയുമെന്ന് ഓർമപ്പെടുത്തുകയാണ് 55 വരെ ആയതുകൾ .

ഭൂമി വളരെ വിശാലമാണെന്നും അതിനാൽ അവനെ കീഴ്പ്പെടാൻ അധികം വിഷമിക്കേണ്ടി വരില്ലെന്നും ഉണർത്തിയതിന് ശേഷം മരണമെന്ന യാഥാർഥ്യം ഏതൊരാളേയും കാത്തിരിക്കുന്നുണ്ടെന്നും അതിന് ശേഷം വിശ്വാസികൾക്ക് അവരുടെ ക്ഷമയുടേയും ഭരമേല്പിക്കലിന്റെയും ഫലമായ അനുഗ്രഹങ്ങൾ ചൊരിഞ്ഞ് ലഭിക്കുമെന്നും ഉണർത്തുകയാണ് 59 വരെ വാചകങ്ങൾ. കഠിനാധ്വാനം ചെയ്തു ഉപജീവനം നടത്തുവാൻ സാധിക്കാത്ത ജീവികൾക്കും (സൂറ: ഹൂദ് 6 ൽ പറഞ്ഞത് പോലെ ) ഭക്ഷണവും വെള്ളവും മറ്റു വിഭവങ്ങളും എത്തിച്ച് കൊടുക്കുന്നവൻ അവനാണെന്നും അവൻ ഊട്ടി വളർത്തിയ ഒന്നും ക്ഷീണിച്ച് തളർന്ന അവസ്ഥയിൽ ഉണ്ടാവാറില്ലെന്നുമുള്ള പ്രകൃതി സത്യമാണ് 60ാം ആയത് വഹിക്കുന്നത്.

മക്കീ മുശ്രികുകളിൽ ഭൂരിപക്ഷവും പ്രപഞ്ചത്തിന്റെ സ്രഷ്ടാവും പരിപാലകനും അല്ലാഹുവാണെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആ താല്പര്യത്തിന് വിരുദ്ധമായിക്കൊണ്ട് യാതൊരു അർഹതയും ഇല്ലാത്തവരെ ആരാധിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നതിൽ തലച്ചോറുപയോഗിക്കുന്നില്ല എന്നും ഐഹിക ജീവിതം വെറും തമാശയുമാണെന്നും യഥാർത്ഥ ജീവിതം പരലോകമാണെന്നുമാണ് 64 വരെ സൂക്തങ്ങൾ സൂചിപ്പിക്കുന്നത്. സൂറ: ഹദീദ് 20 ലും മറ്റും ഈ ആശയം വളരെ വിശദമായി വരുന്നുണ്ട്. കാര്യം നടക്കുവോളം മാത്രം ദൈവത്തെയോർക്കുന്ന പാലം കടന്നാൽ എല്ലാം മറക്കുന്ന നന്ദികെട്ടവർ വഴിയെ കാര്യം മനസിലാക്കികൊള്ളുമെന്ന ഭീഷണിയുടെ സ്വരത്തിലാണ് 66 വരെ വാക്യങ്ങൾ . കഅ്ബയും പരിസരവും പവിത്രങ്ങളാണെന്നും അവിടെ വെച്ച് അക്രമമോ കയ്യേറ്റമോ നടത്തുന്നത് വളരെ ഗുരുതരമായ കുറ്റമാണെന്നും ഇത്തരം മൂല്യങ്ങളെല്ലാം സർവ്വാംഗീകൃതമാണെന്നും പറഞ്ഞതിന് ശേഷം അല്ലാഹുവിന്റെ പേരിൽ വ്യാജവാർത്തകൾ കെട്ടിയുണ്ടാക്കുന്നവർക്ക് നരകവും അല്ലാഹുവിന്റെ മാർഗത്തിൽ ത്യാഗപൂർവ്വം പ്രവർത്തിക്കുന്നവർക്ക് സന്മാർഗസൗഭാഗ്യമുണ്ടാവുമെന്നും നാഥനെന്നും അത്തരം സദ്‌വൃത്തരോടൊപ്പമാണെന്നും പ്രസ്താവിച്ച് സൂറ: അൻകബൂത് സമാപിക്കുന്നു.

തുടർന്ന് സൂറ: റൂം ആരംഭിക്കുന്നു. മക്കയിൽ അവതരിച്ച 60 ആയതുകളാണതിലുള്ളത്. പേർഷ്യൻ – റോമൻ യുദ്ധങ്ങൾ പോലുള്ള ആഗോള പ്രാധാന്യമുള്ളവ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ആധിപത്യം സ്ഥാപിക്കാൻ രണ്ടു കൂട്ടരും രക്തരൂക്ഷിതമായ പോരാട്ടങ്ങൾ നടത്തിയത് നിരവധിയാണ്. ഏകദൈവാരാധകർ എന്ന നിലയിൽ മുസ്ലിംകൾക്കന്ന് റോമക്കാരോടും വിഗ്രഹാരാധകരായ മക്കക്കാർക്ക് പേർഷ്യക്കാരോടുമായിരുന്നു അനുഭാവം . ഹിജ്റ: 5ാം വർഷം നടന്ന ആ യുദ്ധത്തിൽ പേർഷ്യക്കാർ വിജയിക്കുകയും ബഹുദൈവാരധകർ ആഹ്ലാദ പ്രകടനം നടത്തി മുസ്ലിംകളെ പരിഹസിക്കുകയും ചെയ്തു. അടുത്തുതന്നെ നിങ്ങളിഷ്ടപ്പെടുന്ന റോമക്കാർ വിജയിക്കുമെന്നും അന്ന് വിശ്വാസികൾക്ക് അനുവദനീയമായ അളവിൽ ആഹ്ലാദിക്കുന്നതിൽ കുഴപ്പമില്ലെന്നും സന്തോഷവാർത്ത അറിയിച്ചു കൊണ്ടുള്ള ഭാഗമാണ് സൂറ:യുടെ തുടക്കത്തിലുള്ള (1-6)തെന്നും സൂറ: ക്ക് പേര് വരാൻ നിമിത്തവും അതാണെന്നും മുഫസ്സിറുകൾ പറയുന്നു.

ഐഹിക ജീവിതത്തിലെ ഉപരിതല വിവരങ്ങളെ നിഷേധികൾക്കുള്ളൂവെന്നും പരലോക വൃത്താന്തങ്ങളവർക്ക് തീർത്തും അജ്ഞാതമാണെന്നും സ്വന്തത്തെപ്പറ്റി ചിന്തിക്കുകയും പുറംലോകം അറിയുകയും ചെയ്തിരുന്നുവെങ്കിൽ അവർ തങ്ങളോട് ഇത്തരം അക്രമങ്ങൾക്ക് മുതിരില്ലായിരുന്നുവെന്നും അവരുടെ പര്യവസാനം ദുരന്തപൂർണ്ണമായിരിക്കുമെന്നും അവരുടെ പരിഹാസത്തിന്റെ കാഠിന്യമനുസരിച്ച് ശിക്ഷയും ശക്തമായിരിക്കുമെന്നാണ് 10 വരെ സൂക്തങ്ങളിൽ പരാമർശിച്ചിട്ടുള്ളത്. സൃഷ്ടി തുടങ്ങുന്നതും അവയുടെ മടക്കവും അല്ലാഹുവിലേക്കാണെന്നും കുറ്റവാളികളെ നിരാശപ്പെടുത്തുന്ന ശൈഥില്യത്തിന്റെ നാളായിരിക്കും അവർക്ക് പരലോകത്ത് നേർക്കുനേരെ നേരിടേണ്ടിവരുന്നതെന്നും ഉണർത്തി വിശ്വാസികൾക്ക് ആനന്ദപ്പൂന്തോപ്പിൽ സന്തോഷിക്കാനാവുമെന്നുമുള്ള സന്തോഷവാർത്തയോടെ 16ാം ആയത് വരുന്നത്. വിശ്വാസികൾ രാത്രിയും പകലുമായി നമസ്കാരങ്ങളിലും സ്തോത്ര കീർത്തനകളും പ്രാർഥനകളുമായി ജീവിക്കുന്നവരുമാവണെന്നുമാണ് 17, 18 വചനങ്ങൾ അനുശാസിക്കുന്നത്.

മരിച്ചതിൽ നിന്നും ജീവനുള്ളതും തിരിച്ചും ,മണ്ണിൽ നിന്നും സൃഷ്ടിപ്പും ഇണകളായുള്ള വിന്യാസവും അവർക്കിടയിലെ സ്നേഹവും കാരുണ്യവും ആകാശവും ഭൂമിയും രാവും പകലും ഇടിയും മിന്നലും മഴയും മേഘവും പോലെയുള്ള സകല സൃഷ്ടികളും അവന്ന് മാത്രം കീഴടങ്ങുന്നവരാകുന്നു എന്ന അടിസ്ഥാനമാണ് 26 വരെ വാക്യങ്ങൾ ലളിതമായി വ്യക്തമാക്കുന്നത്. ശൂന്യതയിൽ നിന്നു സൃഷ്ടിക്കുന്നതും സ്വന്തം കൈ ഉടമപ്പെടുത്തിയ വസ്തുക്കൾ പോലും ഉപകരിക്കാത്ത ,സൃഷ്ടിയും സ്വേഛയുമെല്ലാം സൂചിപ്പിച്ച് അവരെ സഹായിക്കാനാരുമില്ലാത്ത വിധമുള്ള നിസ്സഹായാവസ്ഥ ചിത്രീകരിച്ച് മനുഷ്യ പ്രകൃതത്തിന്റെ വ്യവസ്ഥക്ക് കീഴ്പ്പെട്ട് ജീവിതം ഋജുവാക്കാനുള്ള ആഹ്വാനമാണ് 30 വരെ ആയതുകൾ.സർവ്വം അല്ലാഹുവിന് സമർപ്പിച്ച് നമസ്കാരവും സകാതും മറ്റും നിർവഹിച്ച് കഴിയുന്ന വിശ്വാസികളും സ്വന്തം മതത്തെ ഛിന്നഭിന്നമാക്കി പല ഗ്രൂപ്പുകളും ഉപവിഭാഗങ്ങളുമായി കഴിയുന്ന ബഹുദൈവാരാധകരും ഒരിക്കലും സമമല്ലെന്നും അവരിലെ ഓരോ കക്ഷിയും തങ്ങളുടെ വിശ്വാസത്തെ കുറിച്ച് സന്തോഷമടങ്ങി വല്ല ദുരിതവും ബാധിച്ചാൽ ദൈവത്തെ ഓർക്കുകയും സന്തോഷഘട്ടങ്ങളിൽ മതിമറന്ന് പഴയ ജീവിത ശൈലിയിലേക്ക് തിരിച്ചു പോവുകയും ചെയ്യുന്നവരേയും വിജയിക്കുന്ന വിശ്വാസികളെയും താരതമ്യം ചെയ്യുകയാണ് 38 വരെ സൂക്തങ്ങൾ. കൊടുത്തതിനെക്കാൾ തിരിച്ചു കിട്ടണമെന്ന ഉദ്ദേശ്യത്തിൽ നല്കുന്ന കടം മാത്രമല്ല ദാനവും നിരോധിത പലിശയാണെന്നാണ് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്. വിശ്വാസികൾ സകാതിലൂടെയാണ് തങ്ങളുടെ ജീവിത സൗഭാഗ്യങ്ങളെ ഇരട്ടിപ്പിക്കുന്നതെന്നും അല്ലാഹു 39-ാം സൂക്തത്തിലറിയിക്കുന്നു.

അല്ലാഹു ഭൂമിയെ ജീവിക്കാൻ യോഗ്യമാക്കിയെന്നും മനുഷ്യന്മാർ അതിന്റെ സമതുലിതാവസ്ഥയ്ക്ക് വിഘ്നം വരുത്തി ലോകത്ത് അശാന്തിയും അരാജകത്വവും വ്യാപിപ്പിച്ചവരുടെ അവസ്ഥ അറിയാൻ പുറം ലോകത്ത് യാത്രചെയ്യുവാനും വക്രതയില്ലാത്ത ദീനിലേക്ക് തിരിയാനും നന്ദികേട് കാണിക്കൽ സ്വയം ശിക്ഷ വിളിച്ചുവരുത്തുന്ന പ്രവർത്തിയാണെന്നും പരലോകത്ത് മാത്രമാണ് നീതിപൂർവ്വമായ രക്ഷാശിക്ഷകൾ ആർക്കും സാധ്യമാവൂ എന്നുമാണ് 45 വരെ സൂക്തങ്ങൾ പറയുന്നത്.മഴ , കാറ്റ്, പ്രവാചകന്മാർ, ഭൂമി, എന്നിങ്ങനെയുള്ള തെളിവുകൾ ലഭ്യമായിട്ടും നിഷേധിച്ച് കളയുന്നവരെ ‘മരിച്ചവർ, ബധിരർ, അന്ധർ ‘ എന്നീ ഉപമകളിലൂടെ ചിത്രീകരിക്കുകയാണ് 53 വരെ ആയതുകൾ. ദൗർബല്യം , ശക്തി , വാർധക്യം, നര എന്നിങ്ങനെയുള്ള ഘട്ടങ്ങൾ മനുഷ്യജീവിതത്തിന്റെ ആത്യന്തിക അവസ്ഥകളല്ലെന്നും അപ്രകാരം തന്നെയാണ് പരലോകത്തിന്റെ സംഭവ്യത എന്നും വിജ്ഞാനവും വിശ്വാസവും ഒരിമിച്ചുള്ളവർ ഈ സത്യങ്ങളെ അംഗീകരിക്കുമെന്നും അല്ലാത്തവർ ഒഴിവ്കഴിവ് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുമെന്നുമുള്ള അവസ്ഥകളെ 57 വരെ സൂക്തികൾ വരച്ചുകാട്ടുന്നു. ഖുർആന്റെ ഉപമകൾ സർവ്വവ്യാപിയാണെന്നും, പക്ഷേ ഹൃദയത്തിൽ മുദ്രയുള്ളവർ അതൊന്നും മനസ്സിലാക്കില്ല എന്ന സത്യം വ്യക്തമാക്കി നിഷേധികൾ നിങ്ങളെ കൊച്ചാക്കുന്ന സാഹചര്യങ്ങൾ ഇല്ലാതെ നോക്കേണ്ടത് നമ്മൾ തന്നെയാണെന്നും അവർക്ക് പരിഹസിക്കാനുള്ള അവസരം നാമായി ഉണ്ടാക്കി കൊടുക്കരുതെന്നും പരീക്ഷണങ്ങളിൽ പതറാതെ പിടിച്ചു നിൽക്കാൻ കഴിയണമെന്നുമുണർത്തി സൂറ: റൂം അവസാനിക്കുന്നു..

തുടർന്ന് മക്കയിൽ അവതരിച്ച 34 വചനങ്ങളുള്ള സൂറ: ലുഖ്മാൻ ആരംഭിക്കുന്നു. (27 മുതൽ മൂന്നു വചനങ്ങൾ മദീന:യിൽ അവതരിച്ചതാണെന്നും പക്ഷമുണ്ട്‌) വിശുദ്ധ ഖു4ആനിൽ അല്ലാഹു പേരെടുത്ത് പറഞ്ഞ ഒരു മഹത് വ്യക്തിത്വമാണ് ലുഖ്മാൻ(അ). ഈ സൂറയിൽ 12-ാം ആയതിൽ അദ്ദേഹത്തിന്റെ പേര് പറഞ്ഞിട്ടുണ്ട്. അദ്ദേഹം നബിയായിരുന്നു എന്ന ഒരു ദുർബലമായ വാദം നിലവിലുണ്ട്.
الله أعلم

കേവലാക്ഷരങ്ങൾക്ക് ശേഷം ഖുർആനെയും വിശ്വാസികളെയും പരിചയപ്പെടുത്തി ആരാണ് വിജയികളെന്നും ആർക്കാണ്അ പമാനകരമായശിക്ഷയുള്ളതെന്നും ചുരുങ്ങിയ വാചകങ്ങളിൽ നിർവചിക്കുകയും രണ്ടു കൂട്ടരുടേയും പരിണതികൾ താരതമ്യം ചെയ്യുകയുമാണ് 9 വരെ ആയതുകൾ . (ആറാമായതിൽ പറയുന്ന വിനോദ വാർത്ത/لهو الحديث സംഗീതമാണെന്നും അതിനാൽ അത് നിഷിദ്ധമാണെന്നുമുള്ള ഒരു ഫിഖ്ഹീ വായനയുണ്ട്. (വിശദമായി കർമശാസ്ത്ര ഗ്രന്ഥങ്ങൾ വായിക്കുക ) പ്രപഞ്ചത്തിൽ കാണുന്ന ഭൂമി, മലകൾ, സസ്യങ്ങൾ, ജന്തുക്കൾ എന്നീ വൈവിധ്യങ്ങൾ അല്ലാഹുവിന്റെ ഏകത്വത്തിന്റെയും അതേ സമയം നിഷേധികളുടെ വഴികേടിന്റേയും അടയാളങ്ങളായി അവതരിപ്പിക്കുകയാണ് 11 വരെ സൂക്തികൾ.

ലുഖ്മാൻ(അ) തന്റെ മകന് നൽകിയ ഉപദേശങ്ങളാണ് തുടർന്ന് എടുത്ത് പറയുന്നത് (12- 19 ). ﻳَٰﺒُﻨَﻰَّ (യാ ബുനയ്യ – എന്റെ കുഞ്ഞുമകനേ) എന്നുവിളിച്ചുകൊണ്ടാണ് അദ്ദേഹം ഈ ഉപദേശങ്ങൾ നൽകുന്നതെന്നതും ശ്രദ്ധേയമാണ്. ഖുർആനിൽ പറയുന്ന പാരന്റിങ് സംബന്ധമായ സൂക്തങ്ങളിൽ പ്രധാനപ്പെട്ടവയാണിവ.

1. ആരേയും അല്ലാഹുവിനോട് പങ്കുചേർക്കരുത്‌..
2. ഏതു സംഗതിയും അവനറിയുമെന്നറിയുക..
3. നമസ്‌കാരം നിലനിർത്തുക..
4. സദാചാരം (നൻമ) കൽപ്പിക്കുക..
5. ദുരാചാരത്തിൽ നിന്ന് തടയുക.
6. ക്ഷമ കൈകൊള്ളുക..
7. അഹങ്കാരമരുത്
8. ഭൂമിയിലൂടെ പൊങ്ങച്ചത്തോടെ നടക്കരുത്‌.
9. നടത്തത്തിൽ മിതത്വം പാലിക്കണം.
10. ശബ്ദം ഒതുക്കി സംസാരിക്കണം.

ശേഷം ഭൂമിയിലുള്ള ദൃഷ്ടാന്തങ്ങൾ എടുത്തു പറഞ്ഞു ബഹുദൈവ വാദികളോട് സംവദിച്ചാൽ അവർ കുതർക്കികളായി, തീർത്തും പാരമ്പര്യവാദികളായി പിന്തിരിഞ്ഞ് കളയുമെന്നും അത്തരക്കാരുടെ നിഷേധങ്ങൾ നിങ്ങളെ ദുഃഖിപ്പിക്കരുതെന്നും വിശ്വാസത്തിന്റെ ഉറപ്പുള്ള അടിത്തറ മുറുകെ പിടിക്കുന്ന സദ്വൃത്തരെ ഓർത്ത് സന്തോഷിക്കാനും നിഷേധികളെ നാഥൻ ഭൗതിക സൗകര്യങ്ങൾ ഒരുക്കി കഠിന ശിക്ഷയിലേക്ക് മെല്ലെമെല്ലെ കൊണ്ടുപോവുകയാണെന്നും ഉണർത്തുകയാണ് 24 വരെ ആയതുകൾ. തുടർന്ന് 29:61 ൽ പറഞ്ഞതുപോലെ പ്രപഞ്ചത്തിന്റെ നാഥൻ ( റബ്ബ്) അല്ലാഹുവാണെന്നംഗീകരിക്കുന്ന മുശ്രിക്കുകൾ അവനാണ് ഇലാഹ് (ആരാധ്യൻ, കീഴ്വണങ്ങപ്പെടുന്നവൻ ) എന്നതിലാണ് ഭിന്നിച്ച് പോയതെന്നും അല്ലാഹുവിന്റെ വാചകങ്ങൾ എഴുതിത്തീരാൻ ഭൂമിയിലെ എല്ലാ മരങ്ങളും സമുദ്രങ്ങളിലെ വെള്ളം മുഴുവനും മഷിയാക്കിയാലും എഴുതിത്തീരില്ലെന്നും കോടാനുകോടി മനുഷ്യരെ ഒന്നിച്ച് അല്ലാഹു പുനർജീവിപ്പിക്കുന്നത് അവന് അവരെ ആദ്യമായി സൃഷ്ടിച്ചതിനെക്കാൾ നിസാരമാണെന്നും പറഞ്ഞ് കൊണ്ട് രാപകലുകൾ, സൂര്യ-ചന്ദ്രാദികൾ, കടൽ, മേഘങ്ങൾ, പർവ്വതങ്ങൾ എന്നീ نواميس / വ്യവസ്ഥകൾ അവതരിപ്പിച്ച് പ്രപഞ്ച വൈവിധ്യങ്ങളിലെ ദൈവിക ഏകത്വം കണ്ടെത്താൻ കഴിയുന്നവർ വിശ്വാസികളും അല്ലാത്തവർ പരമവഞ്ചകരും നന്ദികെട്ടവരുമെന്നും രണ്ടായി തിരിച്ച് എല്ലാവരോടും അല്ലാഹുവിന്റെ ശക്തിയും സംരക്ഷണവും പരലോകത്തിന്റെ സത്യതയും ചുരുക്കിപ്പറഞ്ഞ് സൂറ: സമാപിക്കുന്നു.

തുടർന്ന് സൂറ: സജദഃ (സാഷ്ടാംഗം) ആരംഭിക്കുന്നു.മക്കയിൽ അവതരിച്ച 30 സൂക്തങ്ങളുള്ള ഒരധ്യായമാണിത്. 15ാം ആയതിൽ സജദഃ (സാഷ്ടാംഗം) യെ കുറിച്ച പരാമർശം വന്നതാണ് സൂറ:യുടെ നാമകരണത്തിന് കാരണം. കേവലാക്ഷരങ്ങൾക്കും ഖുർആനെ കുറിച്ച ലഘുവായ ആമുഖത്തിനും ശേഷം അത് കെട്ടിച്ചമക്കപ്പെട്ടതാണെന്നും കാലവിളംബത്തിന് ശേഷം വന്ന ഉമ്മിയ്യായ്യ പ്രവാചകന് നൽകപ്പെട്ട സന്മാർഗ വാചകങ്ങളുമാണെന്നാണ് 3 വരെ സൂക്തങ്ങൾ വ്യക്തമാക്കുന്നത്. ആകാശ – ഭൂമികളുടെ 6 ദിവസങ്ങളിലെ / ഘട്ടങ്ങളിലെ സൃഷ്ടിപ്പും ദിവസത്തിന്റെ ദൈർഘ്യത്തിന്റെ മാനദണ്ഡങ്ങളും ദൃശ്യവും അദൃശ്യവും മനുഷ്യ സൃഷ്ടിപ്പും അതിന്റെ പരമ്പരയും സൃഷ്ടിപ്പിന്റെ ആദിയും അന്തവും കണ്ണ്, കാത്, ഹൃദയം എന്നീ അനുഗ്രഹങ്ങളും എടുത്തു പറഞ്ഞതിന് ശേഷം നിഷേധികൾ പറയാറുള്ള പതിവു പല്ലവിയായ മണ്ണായതിനു ശേഷവും നമ്മെ പുന:സൃഷ്ടിക്കുമെന്ന ചോദ്യവും അതിനുള്ള മറുപടിയായി ലിഖാഇനെ (കണ്ടു മുട്ടൽ, പ്രതിഫലം നേടൽ) നിഷേധിച്ചവരാണിവർ എന്ന മറുപടിയുമാണ് 10 വരെ ആയതുകൾ .

പിന്നീട് പ്രവാചകനോട് പ്രഘോഷണം നടത്തണമെന്ന് അല്ലാഹു ആവശ്യപ്പെട്ട മരണ -പാരത്രിക രംഗങ്ങളുടെ ചിത്രീകരണവും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ അംഗീകരിക്കുന്നവരുടെ വിധേയത്വത്തിന്റേയും സമർപ്പണത്തിന്റേയും ഹൃദയാവർജകമായ വിശേഷണവുമാണ് 15 വരെ സൂക്തങ്ങളിലുള്ളത് (ഇവിടെ തിലാവതിന്റെ സുജൂദുണ്ട്. നബി (സ) വെള്ളിയാഴ്ച ഫജ്റിന് ഓതാറുണ്ടായിരുന്ന ആദ്യ സൂറയാണിത്).വിശ്വാസിയുടെ രാവും പകലുമെല്ലാം ആശയും ആശങ്കയുടേയും മധ്യേയാണെന്നും അർദ്ധരാത്രിയിലുള്ള നിശാ നമസ്കാരത്തിനും / തഹജ്ജുദ് , ഖിയാമുല്ലൈൽ ദാനധർമങ്ങൾക്കും അവന്റെ പ്രചോദനം ആ ഭയവും പ്രത്യാശയുമാണെന്നും അവർക്കായി റബ്ബ് തയ്യാർ ചെയ്ത പ്രതിഫലം ആനന്ദദായകവും പ്രതീക്ഷാനിർഭരവുമാണെന്നും സർവ്വോപരി അവരുടെ ആതിഥ്യമായി പ്രത്യേക സ്വർഗത്തോപ്പുകളുണ്ടെന്നും പ്രഖ്യാപിച്ചതിന് ശേഷം ഇതിന്റെ നേർവിപരീതമായ ജീവിതം നയിച്ചവർക്ക് ഈ ലോകത്ത് ചെറിയ തരം ശിക്ഷകളും പരലോകത്തു വലിയ ശിക്ഷയുമെണ്ടന്ന് ഓർമപ്പെടുത്തുകയാണ് 21 വരെ വാക്യങ്ങൾ.ദൃഷ്ടാന്തങ്ങൾ നൽകപ്പെട്ടിട്ടും നിഷേധിച്ചവരെക്കാൾ വലിയ അക്രമി ആരുണ്ടെന്നും അത്തരക്കാരോട് ശക്തമായ ശിക്ഷാനടപടി ഉണ്ടാവുമെന്ന ഭീഷണി ഉയർത്തുകയാണ് 22-ാം സൂക്തം.

ശേഷം മൂസാ (അ) യേയും അദ്ദേഹത്തിന്റെ സമൂഹത്തിലുണ്ടായ സന്മാർഗത്തിന്റെ ധ്വജവാഹകരായ നേതാക്കളേയും അനുസ്മരിച്ച് ഇത്തരം വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസം വെച്ചുപുലർത്തിയവരുടെ വിഷയത്തിലുള്ള തീരുമാനം അന്ത്യനാളിലേക്ക് മാറ്റി വെക്കുന്നു എന്നുണർത്തിയ ശേഷം മുമ്പ് നശിപ്പിക്കപ്പെട്ട സമൂഹങ്ങളിലേക്കും അന്തിമ തീരുമാനത്തിന്റെ വിഷയത്തിൽ ധൃതികൂട്ടുന്നവരേയും പ്രത്യേകം എടുത്തു പറഞ്ഞ് കൊണ്ട് അവരിൽ നിന്ന് ബോധപൂർവ്വം തിരിഞ്ഞ് കളയാനും അവരോടൊപ്പം അന്തിമ തീരുമാനം കാത്തിരുന്നോളൂ എന്നും ഉണർത്തി സൂറ: സജദ: സമാപിക്കുന്നു.

ശേഷം സൂറ:അഹ്‌സാബ് (സഖ്യ കക്ഷികൾ) ആരംഭിക്കുന്നു.മദീനയിൽ അവതരിച്ച ഈ സൂറ:യിൽ 73 ആയതുകളുണ്ടെങ്കിലും ആദ്യ 30 സൂക്തങ്ങളാണ് ഈ ജുസ്ഇൽ വരുന്നത്.

മദീനയിലെ മുസ്‌ലിങ്ങളെ ആക്രമിക്കാൻ മുന്നൊരുക്കങ്ങളുമായി വന്ന ഖുറൈശികളും ജൂതരും മറ്റു ചില ഗോത്രങ്ങളും അടങ്ങിയ സഖ്യകക്ഷികളെ (الأحزاب) മദീനയിലെ മുസ്‌ലിംങ്ങൾ കിടങ്ങ് കുഴിച്ച് നേരിട്ട യുദ്ധമാണ് (CE.627/AH.5 മാർച്ച് 31 – ഏപ്രിൽ 5) സൂറയുടെ പശ്ചാത്തലം.അഹ്സാബ് എന്ന പദം ഖുർആനിൽ പലയിടത്തും ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഈ സൂറ:യിലെ 20-22 സൂക്തങ്ങളിൽ ഖന്ദഖ് യുദ്ധത്തിലെ സഖ്യകക്ഷികൾ എന്നയർഥത്തിൽ ഉപയോഗിച്ചതാണ് സൂറ:യുടെ പേരിന് നിമിത്തം . ഇസ്ലാമിക സമൂഹത്തിന്റെ ജീവിതത്തിന്റെ യാഥാർത്ഥ്യമേഖലയുമായി ബന്ധപ്പെട്ട സൂറ: യാണിത് . ബദ്‌ർ മുതൽ ഹുദൈബിയ വരെ നീളുന്ന മദനീ കാലഘട്ടത്തിൽ ക്രമപ്രവൃദ്ധമായി ഉണ്ടായ ചില പ്രത്യേക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സൂറ: എന്ന നിലയിൽ സൂറ: നൂർ പോലെയും സൂറ:നിസാഅ് പോലെയോ ഉള്ള നേർക്കുനേരെ ഇസ്ലാമിക വിധികളുമായ് ബന്ധമുള്ള ഒരധ്യായമാണിത്.

ഇസ്ലാമിക ആദർശത്തിന്റെ പ്രകടശത്രുവായ സത്യനിഷേധികളും ആഭ്യന്തര പ്രശ്നക്കാരായ കപടന്മാരേയും ധിക്കരിച്ച് റബ്ബിന്റെ കല്പനകളാൽ മുന്നോട്ട് പോവാനും അവനിൽ അഭയം പ്രാപിക്കുവാൻ ആദ്യ 3 ആമുഖ വാക്യങ്ങളിൽ പറയുന്നു.ഒരാൾക്കും മന:സാക്ഷിയെ വഞ്ചിക്കാതെ രണ്ടു നിലപാടുകൾ എടുക്കാൻ കഴിയില്ലെന്നും അത്തരക്കാർ ദ്വിഹൃത്തരോ ദ്വിമുഖികളോ ആയിരിക്കുമെന്നും ബോധ്യപ്പെടുത്തി ദത്തു സമ്പ്രദായത്തിന്റെ മതപരത വ്യക്തമാക്കുകയും ചെയ്യുകയാണ് 5 വരെ ആയതുകൾ. നബി (സ)യുടെ ദത്തുപുത്രനായ സൈദിനെ ചിലർ സൈദ് ബിൻ മുഹമ്മദ് എന്നു വിളിക്കാറുണ്ടായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കല്പനാകളാണീ സൂക്തങ്ങളിലുള്ളത്.

ദത്ത് പുത്രന്മാർക്ക് യഥാർത്ഥ പുത്രന്മാരുടെ സ്ഥാനം കൽപ്പിക്കപ്പെടുന്ന പതിവ് ജാഹിലിയ്യാ കാലത്തുണ്ടായിരുന്നു. പക്ഷെ ആ സമ്പ്രദായത്തെ (തബന്നീ ) ഇസ്ലാം നിരോധിക്കുകയാണ്. ‘നിങ്ങളുടെ ദത്തു പുത്രന്മാരെ അവൻ നിങ്ങളുടെ പുത്രന്മാരാക്കുകയും ചെയ്തിട്ടില്ല. അതൊക്കെ നിങ്ങളുടെ വായ കൊണ്ടുള്ള വാക്കുകളെത്രെ ..’ പോറ്റു മക്കൾക്ക് പേറ്റു മക്കളുടെ നിയമം ബാധകമല്ലെന്നത്രെ ഇത് പഠിപ്പിക്കുന്നത്. അവർ അനന്തരാവകാശികളാകുന്നുമില്ല. പോറ്റുമക്കളെ സ്വീകരിക്കുന്നതിനേയും അവരെ മക്കളെപ്പോലെ സ്‌നേഹിച്ചു വളർത്തുന്നതിനെയും ഖുർആൻ വചനം വിരോധിക്കുന്നില്ലതാനും…. അവരെ അവരുടെ പിതാവിലേക്ക് ചേർത്ത് വിളിച്ച് കൊള്ളുവിൻ. അതത്രെ അല്ലാഹുവിങ്കൽ ഏറ്റവും നീതിയായിട്ടുള്ളത് ( 4-5).

പ്രവാചകൻ (സ) വിശ്വാസികളുടെ ഏറ്റവും കൂടുതൽ ബന്ധമുള്ളയാളും അദ്ദേഹത്തിന്റെ പത്നിമാർ അവരുടെ മാതാക്കളുമാണെന്നും അതോടപ്പമുള്ള രക്ത ബന്ധങ്ങൾക്കും അർഹിക്കുന്ന പ്രാധാന്യവുമുണ്ടെന്ന് പ്രതിപാദിക്കുന്നതാണ് ആറാം സൂക്തം.

തുടർന്ന് പറയുന്ന കരാർ പ്രവാചകന്മാർ നിർവഹിച്ച കരാറാണ് . വിശ്വാസികളുടെ സത്യസന്ധതയും ആത്മാർത്ഥതയും അളക്കുന്നതോടൊപ്പം നിഷേധികളുടെ വാഗ്ദത്ത ലംഘനത്തിന്റെ സാന്ദ്രത ബോധ്യപ്പെടുത്താൻ കൂടിയുള്ള സംവിധാനമാണത് എന്നാണ് 7-8 സൂക്തങ്ങൾ വ്യക്തമാക്കുന്നത്. തുടർന്ന് 22 വരെ സൂക്തങ്ങളിൽ ഖന്ദഖ് / അഹ്സാബ് യുദ്ധസജ്ജീകരണങ്ങളും സൈനിക വിന്യാസവുമെല്ലാമാണ് . അതിനിടയിൽ നബിയുടെ മാതൃക പ്രത്യേകമെടുത്ത് വിശ്വാസികൾക്ക് പകർത്താനുള്ള റോൾ മോഡൽ അദ്ദേഹത്തിന്റേതാണെന്ന് ഉണർത്തുന്നുണ്ട്. അല്ലാഹുവോട് ചെയ്ത കരാർ പാലിച്ച് സത്യ / കർമ / രക്ത സാക്ഷ്യങ്ങൾ നിർവഹിച്ചവരെ പ്രത്യേകം എടുത്തു പറഞ്ഞ് ചിലരത് പ്രതീക്ഷാപൂർവ്വം കാത്തിരിക്കുന്നവരാണെന്നും അതിലൂടെ നിസ്വാർഥരായ വിശ്വാസികളെയും പ്രദർശനാത്മക ‘വിശ്വാസികളെയും ‘ തിരിച്ചറിയുമെന്നും നിഷേധികളുടെ ഈർഷ്യതയോടെ തന്നെ നിരാശരാക്കി യുദ്ധം നിർത്തിയതവനാണെന്നും സഖ്യകക്ഷികളിൽ പങ്കാളികളായ ചില ജൂതഗ്രോതങ്ങളെ പേടിയുടെ മുൾമുനയിൽ നിർത്തിയതും ഏതാനും വർഷങ്ങൾക്കുള്ളിൽ അവരുടെ ഖൈബറിലും ഫദകിലും ബനൂന്നദീറിലുമുള്ള കോട്ടകൊത്തളങ്ങൾ ഇസ്ലാമിന്റെ വരവിൽ വന്നതുമാണ് 27 വരെ സൂക്തങ്ങളുടെ ഉദ്ദേശമെന്നാണ് മനസിലാവുന്നത്.
പ്രവാചക പത്നിമാർ വിശ്വാസികളുടെ മാതാക്കളാണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ? അവർ മറ്റു മഹിളകളെപ്പോലെ ഐഹികാലങ്കാരങ്ങളും ഭൗതിക സൗകര്യങ്ങളും ആവശ്യപ്പെടുന്നത് ഉപരിസൂചിത പദവിക്ക് യോജിക്കാത്ത തരത്തിലുള്ളതാണ് എന്ന സൂചനയോടെ 30ാം ആയതിൽ ജുസ്അ് അവസാനിക്കുന്നു.

Related Articles