Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ മഴ -2

സൂറത്തുൽ ബഖറയുടെ രണ്ടാം ഭാഗം നിലവിലുള്ള മുസ്‌ലിം ഉമ്മത്തിനെ ബനൂ ഇസ്റാഈലിനെ നേരത്തെ ഏല്പിച്ചിരുന്ന ലോക നേതൃത്വം ഏറ്റെടുക്കാനുള്ള ആത്മവിശ്വാസം പകർന്നു നൽകുന്നുണ്ട്. ഖിബ് ല മാറ്റം അതിന്റെ രൂപകമാണ്. ലോകത്തിലെ മധ്യമ സമൂഹമെന്ന നിലയിൽ ഇനിയുള്ള കാലം സത്യസാക്ഷ്യ നിർവഹണമെന്ന ബാധ്യത പൂർണമായും ഏറ്റെടുക്കേണ്ടവർ കൂടിയാണ് നിങ്ങളെന്ന് ബോധ്യപ്പെടുത്തുന്നുണ്ട് ഈ അധ്യയം.കാലാകാലങ്ങളിൽ ഈ ഉമ്മത്തിന്റെ സ്വയം പ്രഖ്യാപിത ശത്രുക്കൾ ബനൂ ഇസ്റാഈലാണ്. അവരിൽ മുൻപന്തിയിലാവട്ടെ ഇപ്പോൾ ജൂതന്മാരുമാണ് .അവരുടെ ഗൂഡാലോചനകൾ, ആഗോള തന്ത്രങ്ങൾ എന്നിവയിലേക്ക് സൂചനകൾ നല്കുന്നു ഈ ഭാഗത്തിലെ ആദ്യസൂക്തങ്ങൾ (142-149). പഴയതും പുതിയതുമായ എതിരാളികൾ നടത്തിയ / നടത്തിക്കൊണ്ടിരിക്കുന്ന ബൗദ്ധിക യുദ്ധങ്ങളെ അഭിമുഖീകരിക്കാനും ബനൂ ഇസ്രായീൽ മറ്റ് മുൻ സമൂഹങ്ങളും പരാജയപ്പെട്ട ദൈവിക മാർഗത്തിലെ അപകടങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താനും നിലവിലുള്ള മുസ്‌ലിം സമൂഹത്തിനാവശ്യമായ ദിവ്യ നിർദ്ദേശങ്ങളാണ് തുടർന്ന് വരുന്നത്. ഭൂമിയിൽ ഇമാമത്തിന്റെ പിന്തുടർച്ച നിലനിർത്തുന്ന കാര്യത്തിൽ ധാർമിക മൂല്യങ്ങൾ കൈവരിക്കുക എന്നതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ പ്രവാചക നിയോഗം പോലുമെന്ന് നിലവിലുള്ള ഇസ്ലാമിക സമൂഹത്തെ ഉണർത്തുന്നുണ്ട് 150, 151 സൂക്തങ്ങൾ .

മുസ്‌ലിം ഉമ്മത്തിന് ഇമാമത്തിന്റെ പ്രത്യേകതകളും അതിന്റെ സ്വഭാവ സവിശേഷതകളും സ്വതന്ത്ര അസ്ഥിത്വ ബോധവും അറിവും പകർന്നു നല്കി അവരെ സംബന്ധിച്ചിടത്തോളം ആത്മീയ തേജസ് പകർന്നു നല്കുന്ന ക്ഷമ, നമസ്കാരം എന്നിവയുടെ ചൈതന്യം പഠിപ്പിച്ച് ദൈവമാർഗത്തിൽ പാദം പതറാതെ, ചിത്തം ചിതറാതെ നിലകൊള്ളേണ്ടതിന്റെ ആവശ്യകത ഊന്നി പറയുന്നതോടൊപ്പം ഈ മാർഗത്തിലെ രക്തസാക്ഷിത്വത്തെ ജീവിതത്തിൽ പ്രതീക്ഷിക്കാവുന്ന ഏറ്റവും വലിയ യോഗ്യതയായി ചിത്രീകരിക്കുന്നുണ്ട് ഈ അധ്യായം.ലോകത്തിന്റെ നാഥന് പൂർണ്ണമായി അനുസരിക്കാൻ തയ്യാറാകുന്ന വിധം നിലവിലുള്ള സമൂഹത്തെ ഒന്നടങ്കം പ്രാപ്തരാക്കുന്നുണ്ട് ഈ സൂക്തങ്ങൾ.ആരാധനയ്ക്കായി മസ്ജിദുൽ ഹറാമിൽ പോകാൻ ആഗ്രഹിക്കുന്ന, അതിൽ ഹജ്ജ് നടത്തുന്നത് സ്വപ്നം കാണുന്ന വിശ്വാസികളോട് മക്കയിലെ ബഹുദൈവ വിശ്വാസികൾ സ്വീകരിച്ച ലജ്ജാകരമായ നിലപാടിനെ ശക്തമായി വിമർശിച്ചിരുന്നു കഴിഞ്ഞ ഭാഗത്ത്.പവിത്ര ഭവനത്തിലെ ബഹുദൈവ വിശ്വാസികളുടെ കുത്തകയ്‌ക്കെതിരെയും പ്രതിമകളും വിഗ്രഹങ്ങളും സ്ഥാപിച്ചും അതിനെ അശ്ലീലമാക്കുന്നതിനെതിരെയും അവിടെ ഖുർആൻ ശക്തമായി ശബ്ദമുയർത്തിയിരുന്നു. സ്ഥാപിതമായ ഉന്നതമായ ലക്ഷ്യത്തിൽ നിന്ന് അതിനെ വ്യതിചലിപ്പിക്കുന്നതാണ് ആ സമീപനമെന്നാണ് സൂറ നിരീക്ഷിക്കുന്നത്.

മുസ്‌ലിംകൾ മദീനയിലേക്ക് കുടിയേറിയെങ്കിലും, ബൈതുൽ മഖ്ദിസിലേക്ക് തിരിഞ്ഞുള്ള അവരുടെ പ്രാർഥന മക്കക്കാർക്കും കഅ്ബയിലേക്ക് തിരിയുന്നത് ഇബ്രാഹീമീ പാരമ്പര്യം അവകാശപ്പെടുന്ന ബനൂ ഇസ്റാഈലിനും ഉൾകൊള്ളാവുന്നതിന് മുകളിലായിരുന്നു. അവരുടെ മാത്രം ആചാരങ്ങളാണ് ലോകത്തിലെ ബാക്കിയുള്ളവർ അനുകരിക്കാനുള്ള ഏറ്റവും അനുയോജ്യമായ സംസ്കാരമെന്ന് രണ്ടു കൂട്ടരും കരുതിയിരുന്നു. മത ചിഹ്നങ്ങളുടെ മാത്രം പാരാമീറ്ററുകൾ കൊണ്ട് വിശ്വാസത്തെ അളക്കുന്ന മന്ദബുദ്ധികൾക്കെല്ലാം ഇത്തരം വിവരക്കേടുകൾ ( സഫാഹത്തുകൾ) സംഭവിക്കാറുണ്ട് എന്ന സൂചനയാണ് ഈ ജുസ്ഇലെ ആദ്യ ഭാഗം.സ്വഫയും മർവയും അനുബന്ധ ജാഹിലിയ്യ അനുഷ്ഠാനങ്ങളും മക്കത്ത് അങ്ങിനെ തന്നെ നിലനിർത്തി കൊണ്ട്പോവാൻ മക്കക്കാർ പുലർത്തിയ ജാഗ്രത പക്ഷേ,കഅ്ബയുടെ ഏകദൈവിക മുഖം നിലനിർത്താൻ അവർ കാണിക്കുന്നില്ല എന്ന് വളരെ മൃദുവായി സൂചിപ്പിക്കുന്നുണ്ട് തുടർന്നുള്ള സൂക്തങ്ങൾ .

ഇസ്‌ലാമിന്റെ ശക്തി മദീനയിലെയും പരിസരങ്ങളിലെയും പ്രവാചക സാന്നിധ്യം കൊണ്ട് ക്രമാനുഗതമായി വളരുകയായിരുന്നു. അവിടെയുള്ള ജൂത സമൂഹവും മക്കയിലെ ബഹുദൈവത്വ നേതാക്കളും ഇബ്റാഹീമീ മില്ലത്തിന്റെ പാരമ്പര്യത്തിന്റെ തുടർച്ച തങ്ങളുടെ പ്രപിതാക്കളുടെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് രായ്ക്കുരാമാനം അധരവ്യായാമം നടത്തിക്കൊണ്ടിരുന്നു. എന്നാൽ ആഡ്യത്വ വർത്തമാനങ്ങൾക്കിടയിൽ ഋജുവായ ദർശനം ( ഹനീഫിയ്യ സംഹ:) അവർ രണ്ടു കൂട്ടരിൽ നിന്നും ബഹുദൂരം അകലെയാണെന്ന് തെളിവുകൾ നിരത്തി ഖുർആൻ വ്യക്തമാക്കുന്നു. ഏകദൈവത്വമെന്ന മൂല്യത്തിൽ നിന്നും രണ്ടുകൂട്ടരും പിന്നോട്ട് പോയതിനെ ശക്തമായ വാചകങ്ങളിൽ ആക്ഷേപിക്കുന്നുണ്ട് ഈ സൂറ: (171 – 183 ) . ദൈവസ്നേഹം നാവുകൊണ്ട് ചൊല്ലുകയല്ല, പ്രത്യുത കർമ്മങ്ങൾ കൊണ്ട് തെളിയിക്കേണ്ടതാണെന്നാണ് തുടർന്നുള്ള സൂക്തങ്ങൾ നല്കുന്ന പാഠം.

ശുദ്ധമായ ഏകദൈവ വിശ്വാസത്തിന്റെ സിദ്ധാന്തത്തെയും അതിന്റെ പ്രാപഞ്ചിക തെളിവുകളെയും, ദൃഢവും സ്വതസിദ്ധവുമായ അനുനയ മാർഗ്ഗങ്ങളവലംബിച്ച് അനുഭവസമ്പന്നമായ നിർലോഭ രീതിയിലുള്ള ദൈവത്തിന്റെ അനുസരണത്തെയും സ്നേഹത്തെയും അവഗണിക്കുകയും അവന്റെ ന്യായവിധി മറക്കുകയും മത പുരോഹിതന്മാരെ അന്ധമായി അനുസരിക്കാൻ പ്രതിജ്ഞാബദ്ധമാവുകയും ചെയ്ത ചില ജനതതികളിലേക്കാണ് – അവരുടെ ഭൂത, വർത്തമാനങ്ങളിലേക്ക് – ശക്തമായ സൂചനകൾ നല്കുന്നുണ്ട് തുടർന്നുള്ള ആയത്തുകൾ. അവരുടെ ഹൃദയത്തിൽ അവരുടെ മത നേതൃത്വത്തോടുള്ള സ്നേഹവും സമർപ്പണവുമാണവർ പ്രതിഷ്ഠിച്ചിട്ടുള്ളത്. അവരെ തൃപ്തിപ്പെടുത്തുന്നതിനായി ഈ ഭക്തർ അവരെ പിന്തുടർന്നു . എന്നാൽ യഥാർഥ വിശ്വാസികൾക്ക് നാഥനോടുള്ള സ്നേഹമാവും എല്ലാത്തിനും മുകളിൽ എന്ന ലഘു തത്വം
(وَالَّذِينَ آمَنُوا أَشَدُّ حُبًّا لِلَّهِ .2:165)
വ്യക്തമാക്കുകയാണ് ഖുർആൻ ചെയ്യുന്നത്. നാഥന്റെ സ്നേഹത്തിന് മുന്നിൽ മറ്റേതൊരാളെയും നിരാകരിക്കാനും മറ്റെല്ലാ ബന്ധങ്ങളെയും നിഷേധിക്കാനും ഉൾക്കരുത്ത് നല്കുന്നു ആ സൂക്തം. അതാണ് കലിമത്തുത്തൌഹീദിന്റെ ആകെത്തുകയും .

തുടർന്ന് വിശ്വാസികളുടെ വ്യക്തിപരവും സാമൂഹ്യപരവുമായ ജീവിതത്തെ മഹത്വവൽകരിക്കുകയും ആരാധനകൾ /ഇബാദാത്, ഇടപാടുകൾ / മുആമലാത് തുടങ്ങിയ സകല കാര്യങ്ങളിലും അവർക്ക് കാലാതീതവും നിർണ്ണായകവുമായ വിധികൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. അവയിൽ ഒരു വശത്ത് നോമ്പിനെക്കുറിച്ചും ഇഅ്തികാഫിനെക്കുറിച്ചുമുള്ള വാക്യങ്ങളുള്ളതോടൊപ്പം പണം സമ്പാദിക്കുന്ന രീതിയെക്കുറിച്ചും ചെലവഴിക്കുന്ന മാർഗങ്ങളെ ക്കുറിച്ചും നിർദ്ദേശങ്ങളുണ്ട്. യുദ്ധത്തെക്കുറിച്ചും പ്രതിക്രിയയെ കുറിച്ചും കൊലയുടെ ശിക്ഷയെക്കുറിച്ചും ഭരണാധികാരികളെ പണം കൊണ്ട് അനുകൂലമാക്കുന്നതിനെ സംബന്ധിച്ചും അവർക്ക് കൈക്കൂലി നൽകുന്നതിനെക്കുറിച്ചും ഇന്നത്തേയും യാഥാർഥ്യങ്ങൾ എന്ന നിലക്കു തന്നെ കൈകാര്യം ചെയ്യുന്നുണ്ട്. ഖുർആനിലെ പ്രധാന വിഷയങ്ങളായ ദൈവമാർഗത്തിലെ സമരം, ഹിജ്റ, മദ്യ / ചൂത് നിരോധനം, വിവാഹം, മാസമുറ , ശപഥം, ത്വലാഖ് , ഇദ്ദ , ഇദ്ദാ കാലത്തെ പരിരക്ഷ, അനാഥ സംരക്ഷണം തുടങ്ങി മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പർശിക്കുന്ന ഖുർആനിക ജീവിതത്തിന്റെ അധ്യാപനങ്ങൾ ഇബ്രാഹീം ഖലീലിന്റെ ജീവിത മാർഗത്തോട് ചേർത്ത് വെച്ചു അതെല്ലാം മുഹമ്മദി(സ)ന്റെ അധ്യാപനങ്ങളല്ലെന്നും ഇബ്രാഹീമീ പാരമ്പര്യത്തിന്റെ തുടർച്ചയാണെന്നും വ്യക്തമാക്കുന്നു. ബഹുദൈവ വിശ്വാസത്തിന്റെ എല്ലാ മാലിന്യങ്ങളിൽ നിന്നും മുക്തമായിരുന്നു ഇബ്രാഹീമീ ജീവിതമെന്ന് താരതമ്യങ്ങളിലൂടെ തെര്യപ്പെടുത്തുന്നു 2:252 വരെയുള്ള സൂക്തങ്ങൾ .

ജാലൂത്ത്, ത്വാലൂത്ത്, ദാവൂദ് എന്നിവരുടെ പേര് പ്രത്യേകം പരാമർശിച്ച് നൂറ്റാണ്ടുകൾ നീണ്ടു നിന്ന ജൂത സമൂഹത്തിന്റെ ഡയസ്പോറ അടക്കമുള്ള ചരിത്രത്തെ ചുരുക്കി അടക്കി വെക്കുവാൻ ഖുർആനിക കഥാകഥന ശൈലിക്കാവുന്നു. വ്യത്യസ്ഥ കാലഘട്ടങ്ങളിലെയും യുഗങ്ങളിലെയും വിശ്വാസികളുടെ ജീവിതത്തിന് മാർഗ്ഗനിർദ്ദേശമായാണ് ഈ വാങ്മയ ചിത്രങ്ങൾ ഇവിടെ വിവിധ വർണ്ണങ്ങളിൽ വരച്ചു വെച്ചിരിക്കുന്നത്.

മനുഷ്യർ തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വം ഉറപ്പുവരുത്തുന്നതിനും ഭൂമിയുടെ സംരക്ഷത്തിലും (ഇമാറത്തുൽ അർദ് ) ലോകത്തിന്റെ നീതിയിലും അവർക്കിടയിൽ സഹകരണം ഉറപ്പിക്കുന്നതിനും ഭൂമിയുടെ സമതുലിതാവസ്ഥ (equilibrium) നിലനിർത്താൻ ബാധ്യതപ്പെട്ടവരാണ് വിശ്വാസികളെന്നും ബോധ്യപ്പെടുത്തുന്നു തുടർന്നുള്ള ആയതുകൾ. ചരിത്രത്തിലുണ്ടായ വിവിധങ്ങളായ സത്യാസത്യ സംഘട്ടനങ്ങളിലൂടെ സ്വേച്ഛാധിപത്യത്തിൽ നിന്നും ഏകാധിപതികളുടെ ആക്രമണങ്ങളിൽ നിന്നും ഭൂമിയിലെ അടിയാറുകളെ സംരക്ഷിക്കുന്ന സുന്നത്തുല്ലാഹ് / ദൈവിക രീതിയെ പറയാതെ പരിചയപ്പെടുത്തുകയുമാണ് രണ്ടാം ഭാഗത്തിലെ അവസാന സൂക്തങ്ങൾ നല്കുന്ന പ്രധാന പാഠം.

Related Articles