Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ മഴ – 16

കഹ്ഫിലെ ഇനിയുള്ള മൂന്നു പേജുകളും കപ്പൽ , മതിൽ, കൊല സംഭവങ്ങളുമെല്ലാം കടന്നുവരുന്നത് ഇനിയുള്ള ഭാഗത്താണ് . തുടർന്ന് ദുൽ ഖർനൈനിയുടെ പടയോട്ടവും അതിഗംഭീരമായ സമാപനവും കൂടി മാത്രമേ ഇനി ബാക്കിയുള്ളൂ. ശേഷം സൂറ: മർയമും ( 98 ആയത്) സൂറ: ത്വാഹ (135 ആയത്) ആണ് 16-ാം ജുസ്അ് .

സൂറ: കഹ്ഫിലെ 3 പദങ്ങൾ(فأردتُ),(فأراد ربك) ,(فأردنا) എന്നിങ്ങനെ മൂന്നു രീതിയിൽ പറഞ്ഞതിന്റെ രഹസ്യം എന്തായിരിക്കും? ഈ മൂന്ന് സർവ്വനാമങ്ങൾ തമ്മിലുള്ള മനോഹരവും ചിന്ത്യവുമായ വ്യത്യാസമെന്തായിക്കും?

കപ്പലിന്റെ കഥയിലെ فأردتُ അഥവാ ന്യൂനതയുണ്ടാക്കാൻ റബ്ബ് പറഞ്ഞിട്ടു പോലും ഖിദ്ർ (അ) ആ പണി തന്നിലേക്ക് ചേർത്താണ് പറഞ്ഞത്. കാരണം ന്യൂനത വരുത്തലിന്റെ ബാഹ്യമായ പാർശ്വമേ ആളുകൾ കാണുന്നുള്ളൂ. ആന്തരികമായ നന്മ പെട്ടെന്നാർക്കും പിടികിട്ടില്ല എന്നതിന്റെ ഉദാഹരണമാണല്ലോ മൂസ (അ) പോലും അദ്ദേഹത്തോട് ആ വിഷയത്തിൽ തർക്കിച്ചത്.

“ആ കപ്പലില്ലേ; അത് കടലിൽ കഠിനാധ്വാനം ചെയ്തുകഴിയുന്ന ഏതാനും പാവങ്ങളുടേതാണ്. അതിനാൽ ഞാനത് കേടുവരുത്തണമെന്ന് കരുതി. കാരണം അവർക്ക് മുന്നിൽ എല്ലാ നല്ല കപ്പലും ബലാൽക്കാരം പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു. 18:79. (മിസ്കീൻ എന്നതിന്റെ അതിസുന്ദരമായ കർമശാസ്ത്ര പഠനം നടത്താൻ വകുപ്പുള്ള ഭാഗമാണിത്)

കഹ്ഫിൽ 77 ൽ പറയുന്ന ആ മതിൽ പണിയുന്നതിന്റെ കഥ പ്രത്യക്ഷമായും പരോക്ഷമായും സംശുദ്ധവും സുഗ്രാഹ്യവും നേർക്കുനേരെ രണ്ട് അനാഥക്കുട്ടികളിലേക്ക് അതിന്റെ ഫലം എത്തിച്ചേരുന്നതും അവരുടെ നിധി അവർക്കുവേണ്ടി കണ്ടെടുക്കുന്നതിന് വേണ്ടിയുള്ള ഉദ്യമവുമായതിനാലാണ് فأراد ربك (നിന്റെ നാഥൻ കരുതി ) എന്ന് പറഞ്ഞത്.

താൻ ചെയ്ത കർമ്മങ്ങളെ ന്യായീകരിച്ചും തന്റെ നിരപരാധിത്വം തെളിയിച്ച് കൊണ്ടും ഖിദ്ർ പറയുന്നത് ശ്രദ്ധിക്കുക:
” ആ മതിലിന്റെ കാര്യം: അത് ആ പട്ടണത്തിലെ രണ്ട് അനാഥക്കുട്ടികളുടേതാണ്. അതിനടിയിൽ അവർക്കായി കരുതിവെച്ച ഒരു നിധിയുണ്ടായിരുന്നു. അവരുടെ പിതാവ് നല്ലൊരു മനുഷ്യനായിരുന്നു. അതിനാൽ അവരിരുവരും പ്രായപൂർത്തിയെത്തി തങ്ങളുടെ നിധി പുറത്തെടുക്കണമെന്ന് നിന്റെ നാഥൻ ആഗ്രഹിച്ചു. ഇതൊക്കെയും നിന്റെ നാഥന്റെ അനുഗ്രഹമത്രെ. ഞാനെന്റെ സ്വന്തം ഹിതമനുസരിച്ച് ചെയ്തതല്ല ഇതൊന്നും. താങ്കൾക്കു ക്ഷമിക്കാൻ കഴിയാതിരുന്ന കാര്യങ്ങളുടെ പൊരുളിതാണ്. ” 18:82
നല്ല രക്ഷാകർത്താക്കളുടെ ധിക്കാരിയാവാൻ സാധ്യതയുള്ള മകനെ ഒഴിവാക്കി അവർക്ക് രണ്ടു ലോകത്തും ഉപകാരപ്പെടുന്ന ഉത്തമനായ മകനെ നല്കുവാൻ അല്ലാഹു നേരിട്ട് فأردنا വാക്ക് പറയുന്നതാണ് പ്രസ്തുത സംഭവങ്ങൾക്കിടയിൽ റബ്ബ് പറയുന്നത് :

ആ ബാലന്റെ കാര്യമിതാണ്: അവന്റെ മാതാപിതാക്കൾ സത്യവിശ്വാസികളായിരുന്നു. എന്നാൽ ബാലൻ അവരെ അതിക്രമത്തിനും സത്യനിഷേധത്തിനും നിർബന്ധിതരാക്കുമെന്ന് നാം ഭയപ്പെട്ടു.അവരുടെ നാഥൻ അവനുപകരം അവനെക്കാൾ സദാചാര ശുദ്ധിയുള്ളവനും കുടുംബത്തോടു കൂടുതൽ അടുത്ത് ബന്ധപ്പെടുന്നവനുമായ ഒരു മകനെ നൽകണമെന്ന് നാം ആഗ്രഹിച്ചു. 18:80-81. ഓരോ വാക്കുകളിലും ഏറ്റവും ചുരുങ്ങിയ വിശദാംശങ്ങളിലും റബ്ബിലേക്ക് ചേർത്ത് ഉദ്ദേശിച്ചിരിക്കുന്നു എന്ന് പറഞ്ഞതിലെ അതി സൂക്ഷ്മതലങ്ങൾ (فأردتُ),(أراد ربك) ,(فأردنا) എന്നീ പദവിന്യാസങ്ങളിൽ ഉൾചേർന്നിരിക്കുന്നു.
تفسير القرطبي – تفسير ابن كثير – بدائع الفوائد لابن القيم ) എന്നീ ഗ്രന്ഥങ്ങളിൽ ഈ വിഷയം കൈകാര്യം ചെയ്യുന്നത് വായിക്കുക )

തുടർന്ന് ദുൽഖർനൈനിയുടെ ശക്തി പരീക്ഷണങ്ങളും ദ്വിഗ്വിജയങ്ങളുമാണ് 98 വരെ സൂക്തങ്ങൾ .

നീതിമാനായ ഒരു രാജാവായിരുന്നു ദുൽഖർനൈൻ. ബൈബിളിലും ക്ലാസിക്കൽ സാഹിത്യങ്ങളിലുമെല്ലാം നിറഞ്ഞ് നിൽക്കുന്ന പോരാളിയായ ജനക്ഷേമ തല്പരനായ ചക്രവർത്തി . ചില മുഫസ്സിറുകൾ അദ്ദേഹത്തെ അലക്സാണ്ടറാണെന്ന് തെറ്റുധരിച്ചിരിക്കുന്നു. ദുൽ ഖർനൈൻ ശുദ്ധ ഏകദൈവ വിശ്വാസിയുമായിരുന്നു.കിഴക്കു പടിഞ്ഞാറൻ രാജ്യങ്ങളിലൂടെ യാത്ര നടത്തിയിരുന്ന അദ്ദേഹത്തിന്റെ സുപ്രധാനമായ മൂന്ന് യാത്രകളെ കുറിച്ച് ഖുർആൻ പ്രസ്താവിക്കുന്നുണ്ട്.

ദുൽഖർനൈനിന്റെ അവസാന യാത്രയിൽ, രണ്ട് മലകൾക്കിടയിലുള്ള പ്രദേശത്ത് താമസിക്കുന്ന ഒരു ജനവിഭാഗത്തെ കാണുകയുണ്ടായി. തങ്ങളെ പലപ്പോഴും കടന്നാക്രമിക്കുന്ന യഅ്ജൂജ് മഅ്ജൂജ് എന്ന വിഭാഗത്തെ കുറിച്ചും അവരുടെ ഉപദ്രവങ്ങളെക്കുറിച്ചും അവർ ദുൽഖർനൈനിനോട് ആവലാതിപ്പെട്ടു.ഇനിയും അവർ തങ്ങളെ കടന്നാക്രമിക്കാതിരിക്കാൻ അവർക്കും തങ്ങൾക്കുമിടയിൽ ഒരു മതിൽ നിർമ്മിച്ചു തരണമെന്നും അവർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം അതിനു സമ്മതിക്കുകയും അപ്രകാരം ഒരു സുരക്ഷാമതിൽ നിർമ്മിക്കുകയും ചെയ്തു.

തന്റെ ശക്തിയിലും അധികാരത്തിലും അഹങ്കരിക്കാമായിരുന്ന ദുൽഖർനൈൻ,പക്ഷെ, കൂടുതൽ വിനയാന്വിതനാകുകയാണ് ചെയ്തത്. അല്ലാഹു തനിക്കു നൽകിയ സൗകര്യങ്ങളെ ഉപയോഗപ്പെടുത്തുക മാത്രമാണ് താൻ ചെയ്തത് എന്ന മാനസിക നിലയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. വൻമതിൽ നിർമ്മാണത്തിനു ശേഷം ആ ജനങ്ങളുടെ മുമ്പാകെ നടത്തിയ അദ്ദേഹത്തിന്റെ പ്രസംഗ വരികൾ ഖുർആൻ ഉദ്ധരിക്കുന്നുണ്ട് അദ്ദേഹം (ദുൽഖർനൈൻ) പറഞ്ഞു: ഇത് എന്റെ രക്ഷിതാവിങ്കൽ നിന്നുള്ള കാരുണ്യമത്രെ. എന്നാൽ എന്റെ രക്ഷിതാവിന്റെ വാഗ്ദത്ത സമയം വന്നാൽ അവൻ അതിനെ തകർത്ത് നിരപ്പാക്കിക്കളയുന്നതാണ്. എന്റെ രക്ഷിതാവിന്റെ വാഗ്ദാനം യാഥാർത്ഥ്യമാകുന്നു. (കഹ്ഫ്: 98) അഥവാ യഅ്ജൂജ് – മഅ്ജൂജ്മാർ ആ ഭിത്തി തകർത്തു മുന്നേറാൻ റബ്ബ് നിശ്ചയിച്ച സമയത്ത് അത് നടക്കുമെന്നർഥം.

തുടർന്ന് സ്വൂറിൽ (കാഹളത്തിൽ ) ഊതപ്പെടുന്ന ദിനത്തിൽ സ്വയം കണ്ണടച്ചിരുട്ടാക്കിയ നിഷേധികൾക്ക് മുമ്പിൽ പോലും നരകത്തെ പ്രദർശിപ്പിക്കുകയും ചെയ്യുമെന്നും അതവരുടെ തിന്മകൾക്കുള്ള പകരമായി അവർക്കായി തയ്യാറാക്കിയിട്ടുള്ള സൽക്കാരമാണെന്നും എല്ലാ അധ്വാനവും പാഴായ അവരാണ് ഏറ്റവും നഷ്ടകാരികളെന്നും നാഥന്റെ അനുഗ്രഹങ്ങളേയും അവന്റെ ലിഖാഇ(സന്ധി / പ്രതിഫല സിദ്ധി) നേയും നിഷേധിച്ചവർക്ക് നരകം തന്നെയാണ് പ്രതിഫലമെന്നാണ് 106 വരെ സൂക്തങ്ങളിൽ പരാമർശിച്ചിട്ടുള്ളത്. എന്നാൽ വിശ്വാസികൾക്കുള്ള സൽക്കാരം നിത്യ ജീവിതം നല്കപ്പെടുന്ന സ്വർഗത്തോപ്പുകളായിരിക്കുമെന്ന് ഉണർത്തിച്ച് (108 വരെ) ഖുർആന്റെയും പ്രവാചകന്റേയും മേന്മകൾ എടുത്തു പറഞ്ഞ് സൂറ: സമാപിക്കുന്നു.

തുടർന്ന് മക്കിയ്യായ സൂറ: മർയമാരംഭിക്കുന്നു. ഇതിലെ വചനങ്ങൾ 98 എന്നും 99 എന്നും അഭിപ്രായമുണ്ട്. 58-ാം വചനമായ സജദഃയുടെ ആയത്തു മദനീ കാലഘട്ടത്തിൽ അവതരിച്ചതാകുന്നു. ബാക്കി ഭാഗങ്ങളാണ് മക്കീ ഘട്ടത്തിൽ അവതരിച്ചത്. ഖുർആനിലും ബൈബിളിലും യേശുവിന്റെ മാതാവാണ് മർയം (Mary). വളരെ ഉത്തമയായ സ്ത്രീ ആയാണ് മർയമിനെ ഇസ്‌ലാം ഇവരെ പരിചയപ്പെടുത്തുന്നത് . ഖുർആനിൽ പേര് പരാമർശിക്കപ്പെട്ട ഏകവനിതയാണ് മർയം. ബൈബിൾ പുതിയനിയമത്തേക്കാൾ കൂടുതൽ തവണ ( 34 പ്രാവശ്യം ) ഖുർആനിൽ ഇവരുടെ നാമം പരാമർശിക്കപ്പെടുന്നുണ്ട്.

സകരിയ്യ (അ) ഇസ്രായേല്യരിൽ നിയോഗിക്കപ്പെട്ട ഒരു പ്രവാചകനായിരുന്നു. ഈസാ നബിയുടെ മാതാവായ മറിയമിന്റെ സംരക്ഷകനായിരുന്ന അദ്ദേഹം പ്രവാചകനായ യഹ്‌യ(ബൈബിളിലെ സ്നാപക യോഹന്നാൻ)യുടെ പിതാവുകൂടിയാണ്. ഇബ്രാഹീം നബിയെപ്പോലെ വളരെ വൈകിയാണ് അദ്ദേഹത്തിനും സന്താന സൗഭാഗ്യമുണ്ടാവുന്നത്. തനിക്കൊരു പിൻഗാമിയെ നിശ്ചയിക്കാൻ ഹൃദയത്തിൽ നിന്നുമുള്ള അദ്ദേഹത്തിന്റെ പ്രാർഥനയോടെയാണ് സൂറ: ആരംഭിക്കുന്നത്. തുടർന്ന് അല്ലാഹു അദ്ദേഹത്തിന് ഉത്തരം നൽകി യഹ്‌യ എന്ന മകനെ വാഗ്ദാനം നൽകി. ഈ ചരിത്രമാണ് 15 വരെ സൂക്തങ്ങൾ പറയുന്നത്. തുടർന്ന് മറിയം ബിന്ത് ഇമ്രാന്റെ അത്യത്ഭുതകരമായ ചരിത്രവും ഈസാ നബി(അ)യുടെ ജന്മ വിശേഷങ്ങളുമാണ് 36 വരെ ആയതുകളിലുള്ളത്. തുടർന്ന് വേദക്കാർ യഹൂദരും ക്രിസ്ത്യാനികളുമായി പിന്നീട് അവർ തന്നെ പല അവാന്തര വിഭാഗങ്ങളുമായി പിരിഞ്ഞതും സത്യം കണ്ടറിയാനോ കേട്ടു മനസ്സിലാക്കാനോ ഹൃദയം കൊണ്ട് ഗ്രഹിക്കാനോ കഴിയാത്ത നിഷേധികൾക്ക് നഷ്ടബോധത്തിന്റെ നാളിൽ നല്ല കേൾവിയും കാഴ്ചയുമായിരിക്കുമെന്ന് ഉണർത്തുകയാണ് 39 വരെ സൂക്തികൾ . ഭൂമിയിലുള്ള സകലതിന്റേയും ഉടമാവകാശവും അനന്തരാവകാശവും അല്ലാഹുവിനാണെന്നും എല്ലാവരുടേയും മടക്കം അവങ്കലേക്ക് തന്നെയാണെന്നുമുള്ള ഭീഷണിയാണ് 40-ാം ആയത് .

തുടർന്ന് ഇബ്രാഹിം, ഇസ്ഹാഖ്, യഅ്ഖൂബ്, മൂസാ, ഹാറൂൻ, ഇദ്‌രീസ് (അലൈഹി മുസ്സലാം) എന്നീ നബിമാരുടെ ചരിത്രം 57 വരെ സൂക്തങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. അല്ലാഹു അനുഗ്രഹം നല്കിയ ആ പ്രവാചകന്മാരിൽ പെട്ട ആദമും നൂഹു (അലൈഹിമാ സ്സലാം) പ്രവാചകന്മാരും അനുയായികളും പരമകാരുണികന്റെ തെളിവുകൾ കേട്ടാൽ താഴെ വീണ് കരയുന്നവരായിരുന്നു എന്ന സത്യമാണ് തൊട്ടുടനെ ഉണർത്തുന്നത്. ( ഇവിടെ – 58- തിലാവതിന്റെ സുജൂദുണ്ട് )

എന്നാൽ ഈ സുകൃതവാന്മാർക്ക് ശേഷം വന്ന വരിൽ വിശ്വാസികൾ തുലോം കുറവായിരുന്നുവെന്നും തന്നിഷ്ടങ്ങളെ പിന്തുടരുന്നവരായിരുന്നു അവരിലധികമെന്നും വളരെ ന്യൂന പക്ഷം മാത്രമാണ് പരമകാരുണികൻ വാഗ്ദാനം ചെയ്ത സ്വർഗത്തിലെത്തി നിരർഥകമായ യാതൊന്നും കേൾക്കാതെയുള്ള സ്വർഗത്തെ അനന്തരമെടുക്കുന്നവർ എന്നാണ് 63 വരെ ആയതുകൾ സൂചിപ്പിക്കുന്നത്. തുടർന്ന് ജിബ്രീൽ നബിയോട് അല്ലാഹുവിനെ കുറിച്ചും അവനോടുള്ള നിലപാടുകളെ കുറിച്ചും ഓർമപ്പെടുത്തുമെന്ന സുപ്രധാന അറിയിപ്പാണ് തുടർന്നുള്ള 2 ആയതുകളിൽ . നിഷേധിയായ മനുഷ്യന്റെ ചില സംശയങ്ങളും അവയ്ക്കുള്ള മറുപടിയുമാണ് 80 വരെ സൂക്തങ്ങളിൽ .തുടർന്ന് ദൈവേതരരെ വിളിച്ചു പ്രാർഥിക്കുന്നവരുടെ നിരർഥകതയും പരലോകത്ത് അവരെ ഒരുമിച്ചു കൂട്ടുന്നതും യാതൊരു ശുപാർശയും ഉപകാരപ്പെടാത്ത അവസ്ഥയുമൊക്കെയാണ് 87 വരെ ആയതുകളിൽ വരുന്നത്.

ആകാശവും ഭൂമിയും താറുമാറാവുന്ന വർത്തമാനമാണ് അല്ലാഹുവിന് മക്കളുണ്ടെന്നവാദമെന്നും ഏകാകിയായി അവന്റെയടുത്ത് അന്ന് വിചാരണക്കു വരുമ്പോൾ അവക്ക് മറുപടി പറയാൻ കഴിയില്ല എന്നും എടുത്തു പറഞ്ഞ് സത്യവിശ്വാസികളായ സദ്വൃത്തർക്ക് നല്ലവരായ മനുഷ്യരുടേയും മാലാഖമാരുടേയും സ്നേഹമായിരിക്കും അവിടെ അഭിവാദ്യമായി ലഭ്യമാവുന്നതെന്നും സൂചിപ്പിക്കുകയാണ് 96 വരെ ആയതുകൾ .
ഖുർആൻ ലളിതമാക്കിയിരിക്കുന്നത് ധർമനിഷ്ഠയുള്ളവർക്ക് സന്തോഷവാർത്തയായാണെന്നും മർക്കടമുഷ്ടിക്കാരായവർക്ക് താക്കീതാണെന്നും ഒരു നേരിയ ശബ്ദം പോലും നിലച്ചു പോവുന്ന വിധേന അവരെല്ലാം നിഷ്പ്രഭരാവുമെന്നും ഉണർത്തി സൂറ: അവസാനിക്കുന്നു.

തുടർന്ന് സൂറ: ത്വാഹ ആരംഭിക്കുന്നു. 135 ആയതുകളുള്ള ഈ മക്കീ സൂറ:യുടെ ഉദ്ദേശ്യങ്ങളിലൊന്ന് ദൈവികസന്ദേശം / രിസാലത് ഏറ്റുവാങ്ങുന്നതിനും പ്രസരണം നടത്തുന്നതിനുമുള്ള ക്ഷമ പ്രവാചകനിൽ നിന്നുമാവശ്യപ്പെട്ടുകൊണ്ടും നിഷേധികളുടെ പരിഹാസങ്ങളിൽ തിരുഹൃദയത്തിന് സാന്ത്വനവുമായാണ് സൂറ: അവതരിച്ചത്.ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അല്ലാഹുവിനെ നിർവചിച്ച സൂറകളിലൊന്നാണിത് . പ്രവാചകത്വത്തിന്റെ സത്യതയും പരലോകത്തിന്റെ അനിവാര്യതയും കാര്യമായി ഊന്നുന്നുവെന്ന് ഇതിന്റെ വായനയിൽ നമുക്ക് ബോധ്യപ്പെടും.

നബി (സ) ക്ക് ഖുർആൻ അവതരിച്ചത് അദ്ദേഹത്തെ കഷ്ടപ്പെടുത്താനല്ലെന്നും ഭയപ്പെടുന്നവർക്കുള്ള ഉദ്ബോധനമായ് ആകാശ ഭൂമികളുടെ സ്രഷ്ടാവ് അയച്ചതാണിതെന്നുമാണ് ത്വാഹ എന്ന കേവലാക്ഷരങ്ങൾക്ക് ശേഷം റബ്ബ് പ്രസ്താവിക്കുന്നത്.
5 -പരമകാരുണികനായുള്ളവൻ സിംഹാസനത്തിൽ ആരോഹണം ചെയ്തിരിക്കുന്നു.
6 -അവന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും, അവയ്ക്കിടയിലുള്ളതും, മണ്ണിനടിയിലുള്ളതുമെല്ലാം.
7 -നീ വാക്ക്‌ ഉച്ചത്തിലാക്കുകയാണെങ്കിൽ തീർച്ചയായും അവൻ ( അല്ലാഹു ) രഹസ്യമായതും, അത്യന്തം നിഗൂഢമായതും അറിയും ( എന്ന്‌ നീ മനസ്സിലാക്കുക )
8 -അല്ലാഹു- അവനല്ലാതെ ഒരു ദൈവവുമില്ല. അവൻറെതാകുന്നു ഏറ്റവും ഉൽകൃഷ്ടമായ നാമങ്ങൾ. (الأسماء الحسنى)

വിശ്വാസ സംബന്ധിയായ വാചകമാണ് 5ാം സൂക്തമായി വന്നിട്ടുള്ളത്. അർശ് (സിംഹാസനം ), ഇസ്തിവാഅ് (ആരോഹണം ) കുർസി ( കസേര )എന്നിവയെ കുറിച്ച് ഉപമകളില്ലാതെ വിശ്വസിക്കുക എന്നതാണ് സലഫുസ്സ്വാലിഹുകളുടെ രീതി. ഇമാം മാലിക് (റഹ്) പറയുന്നത് ശ്രദ്ധിക്കുക:
الاستواء معلوم.. والكيف مجهول.. والإيمان به واجب ആരോഹണം അറിയപ്പെടുന്നതാണ് … എങ്ങനെയെന്നത് അജ്ഞാതമാണ് … അതിൽ വിശ്വസിക്കൽ കടമയാണ്.
5 – 8 ആയതുകൾ പഠിപ്പിക്കുന്ന എല്ലാ കാര്യങ്ങളും വിശ്വാസപരമായി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
തുടർന്ന് 9 മുതൽ 52 ആയതുകൾ മൂസാ നബിയുടെ ജന്മം മുതൽ പ്രബോധനം വരെയുള്ള സുപ്രധാനമായ ഓരോ ഘട്ടങ്ങളിലൂടെയും കടന്നുപോവുന്നു.

ഭൂമിയെ താമസയോഗ്യമാക്കിയതും കന്നുകാലികൾക്കും മനുഷ്യർക്കും ഭക്ഷ്യയോഗ്യമാക്കിയതും അതിലേക്കു തന്നെ തിരിച്ചുപോവേണ്ടതുണ്ടെന്നും ഓർമപ്പെടുത്തുന്ന മൂസാ നബിയുടെ പ്രബോധനത്തിന്റെ ആദ്യ ഘട്ടമാണ് 55 വരെ സൂക്തങ്ങളിലുള്ളത്. ഫിർഔന് റബ്ബിന്റെ ദൃഷ്ടാന്തങ്ങളവതരിപ്പിച്ചതും അയാളവയെ നിരസിച്ചതും മൂസ (അ) യുമായി സംവാദത്തിലേർപ്പെട്ടതും തുടർന്ന് ആ നാട്ടുകാർ അഭിപ്രായവ്യത്യാസത്തിലായതും മാരണക്കാരുടെ മാരണം നിഷ്പ്രഭമായതും ആ മാരണക്കാരെല്ലാം വിശ്വാസികളാവുകയും തങ്ങളുടെ വിശ്വാസം തങ്ങളിൽ വരുത്തിയ മാറ്റത്തെ കുറിച്ച് പ്രഘോഷണം നടത്തുകയും ചെയ്യുന്ന രംഗം വരെ 73 വരെയുള്ള ആയതുകൾ ചിത്രീകരിക്കുന്നു.

കുറ്റവാളികളുടെയും സത്യവിശ്വാസികളുടെയും പ്രത്യേകം പ്രത്യേകം പ്രതിഫലങ്ങൾ ഉണർത്തുന്നതുവരെയാണ് മൂസാ നബിയുടെ പ്രവാചകത്വത്തിന്റെയും പ്രബോധനത്തിന്റേയും പുതിയ ഘട്ടത്തെ വരച്ച് കാണിക്കുന്നുണ്ട് 76 വരെ സൂക്തങ്ങൾ . തുടർന്ന് മൂസാ നബിയുടെ തന്റെ സമൂഹവുമായുള്ള പുറപ്പാടും ഫിർഔൻ സൈന്യം പിന്നാലെ പോയതും അവർക്കുണ്ടായ പരിണതിയും ഇസ്രായേലികൾ ത്വൂരിൽ എത്തുന്നതും മന്നും സൽവായും അവർക്കിറക്കിയതും അതിരുകവിയരുതെന്ന് പ്രത്യേകം ഉണർത്തിയതും പശ്ചാത്തപിക്കുന്നവർക്ക് പൊറുത്തുകൊടുക്കുകയും സന്മാർഗത്തിലാക്കുകയും ചെയ്യുന്ന നാഥനുണ്ടെന്ന് സന്തോഷവാർത്ത അറിയിക്കുകയായിരുന്നു 82 വരെ ആയതുകൾ .

തുടർന്ന് ന്യായപ്രമാണങ്ങൾ സ്വീകരിക്കാനായി മൂസാ നബി ഒറ്റക്കു യാത്ര ചെയ്തതും അക്കാലയളവിൽ സാമിരീ അവരെ വിഗ്രഹാരാധനയിലേക്ക് വഴിതെറ്റിച്ചതും ഹാറൂൻ ( അ ) തന്നെക്കൊണ്ടാവുംവിധം അവരെ തടയാൻ മൂസാ കുപിതനായി തിരിച്ചെത്തുന്നതും സാമിരിയോട് സംവദിക്കുന്നതും ജനങ്ങളിലുള്ള ഭക്തി മുതലെടുത്തതാണെന്ന് അയാൾ സമ്മതിക്കുകയും ലാമിസാസ (തൊടരുത് , അടുക്കരുത് ) എന്ന് പറഞ്ഞ് ജീവതകാലം കഴിച്ചു കൂട്ടിയതുമെല്ലാം 97 വരെ ആയതുകളിൽ അതി സുന്ദരമായി വിന്യസിച്ചിരിക്കുന്നു. ശേഷം അല്ലാഹുവിന്റെ ഏകത്വവും മുൻതലമുറകളുടെ ചരിത്രങ്ങളിൽ നിന്ന് പാഠമുൾ കൊള്ളേണ്ടതുണ്ടെന്നുണർത്തുകയും അഥവാ പിന്തിരിഞ്ഞു കളയാനാണ് ഭാവമെങ്കിൽ സർവ്വ പാപഭാരവും പേരി ശാശ്വതരായി , വിവർണ്ണരായി നരകത്തിൽ പ്രവേശിക്കുകയും ഭൂമിയിൽ വളരെ കുറഞ്ഞകാലമേ ജീവിക്കാൻ പറ്റിയുള്ളൂ എന്നു വിലപിക്കുകയും ചെയ്യുന്ന രംഗങ്ങൾ 104വരെ സൂക്തങ്ങളിൽ നമുക്ക് വായിക്കാം.

തുടർന്ന് പർവ്വതങ്ങൾ പോലും ഇറക്കമോ കയറ്റമോ ഇല്ലാത്ത സമനിരപ്പാവുന്ന പരലോകത്തേയും അന്നത്തെ എല്ലാവരുടേയും നേർത്ത ശബ്ദത്തേയും അനുസ്മരിച്ച് കൊണ്ട് ശുപാർശകൾ ഉപകാരപ്പെടാത്ത ദിവസമായിരിക്കുമതെന്നും അതിനെകുറിച്ച് അവർക്കൊന്നും യാതൊരു ധാരണയുമില്ലെന്നും ഉണർത്തുകയാണ് 110 വരെ ആയതുകൾ . തുടർന്ന് പരലോകത്തിലെ ചില പ്രത്യേക കാഴ്ചകളും പടച്ചവന്റെ ഔന്നത്യവുമാണ് 114 വരെ സൂക്തങ്ങൾ ചർച്ചചെയ്യുന്നത്. ഓരോ വഹ്‌യുണ്ടാവുമ്പോൾ മറന്നു പോകുമോ എന്ന ആശങ്കയാൽ ധൃതികാണിച്ചിരുന്ന രംഗവും ജ്ഞാനവർധനവിനായുള്ള പ്രാർഥനയുമെല്ലാം ആ ഭാഗത്ത് വരുന്നുണ്ട്. തുടർന്ന് ആദ (അ )മിനോട് റബ്ബ് ചെയ്ത കരാറും ഇബ് ലീസ് ആദമിനുള്ള സുജൂദിൽ നിന്ന് വിസമ്മതിച്ചതും അവൻ എന്നന്നേക്കുമുള്ള ശത്രുവാണെന്നും റബ്ബ് പ്രഖ്യാപിക്കുന്നതും വിശപ്പ്, ദാഹം, നഗ്നത എന്നിവ അനുഭവിക്കാത്ത സ്വർഗീയലോകത്തു നിന്നും ആദമും ഇണയും പുറത്താക്കപ്പെടുന്നതും റബ്ബിന്റെ മാർഗദർശനത്തിലൂടെ മാത്രമേ വഴികേടിൽ നിന്നും കഷ്ടപ്പാടിൽ നിന്നും രക്ഷപ്പെടാൻ കഴിയുകയുള്ളൂ എന്ന ഉദ്ബോധനമാണ് 123 വരെ സൂക്തങ്ങളിലുള്ളത് . അല്ലാഹുവിന്റെ ഉൽബോധനത്തെ അവഗണിക്കുന്നവർക്ക് ഇടുങ്ങിയ ജീവിതമാവുമെന്നും അത് ചോദിക്കുമ്പോൾ നീ അതിനെ മറന്നതുപോലെ നീയും മറക്കപ്പെടുകയും പരലോകത്തെ കഠിനമായ സ്ഥായിയായ ശിക്ഷ അന്ധത കാണിച്ചവർക്കുള്ളതാണെന്നും ഉണർത്തുകയാണ് 127 വരെ സൂക്തങ്ങൾ .

ധിക്കാരികളായ മുൻഗാമികളുടെ പതനത്തിൽ നിന്നുമവർക്ക് ഗുണപാഠം ലഭിച്ചില്ലേയെന്നും നബിയുടെ സമുദായത്തെ സമ്പൂർണമായി ഉന്മൂലനം ചെയ്യില്ലെന്ന നിശ്ചയം / കലിമത് ഇല്ലായിരുന്നുവെങ്കിൽ ശിക്ഷാ നടപടി ഇവർക്കും അനിവാര്യമാകുമായിരുന്നുവെന്നും നിഷേധികളുടെ പ്രകോപനങ്ങളിൽ ക്ഷമയാണ് താങ്കൾക്ക് ഭൂഷണമെന്നുണർത്തുകയാണ് 130 വരെ ആയതുകൾ. ഐഹികജീവിതാലങ്കാരങ്ങളിലേക്ക് ദൃഷ്ടികൾ പായിക്കാതെ രക്ഷിതാവിന്റെ പാരത്രിക ഉപജീവനത്തിൽ പ്രതീക്ഷയർപ്പിക്കാനും നമസ്കാരം, ക്ഷമ എന്നിവയിലൂടെ ശുഭപര്യവസാനം ആഗ്രഹിക്കാനും ഉത്ബോധിപ്പിക്കുകയാണ് 132 വരെ സൂക്തങ്ങൾ . നബി എന്തുകൊണ്ടു ദൃഷ്ടാന്തങ്ങൾ കൊണ്ടുവരുന്നില്ല എന്ന് സന്ദേഹം പങ്കുവെക്കുന്നവരോട് പൂർവ ഗ്രന്ഥങ്ങളിലെ പകൽ പോലെ വ്യക്തമായ തെളിവ് കിട്ടിയിട്ടും അവർ വിശ്വസിക്കുന്നില്ലെന്നും ഇനി വല്ല ശിക്ഷയുമാണ് ബാധിക്കുന്നതെങ്കിൽ ഇതെല്ലാം അറിയിച്ചു തരുന്ന ഒരു ദൂതനെ നേരത്തെ അയച്ചു തന്നില്ല എന്നും അവർ ചോദിച്ചു കൊണ്ടിരിക്കും . എന്നാൽ നമുക്ക് കാത്തിരിക്കാം , നേരായ പാത ആരുടേതാണെന്ന് നമുക്ക് പരീക്ഷിച്ചറിയാമെന്ന ഭീഷണിയോടെയാണ് 135ാം സൂക്തത്തിൽ സൂറ: സമാപിക്കുന്നത്.

Related Articles