Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ മഴ – 14

രണ്ട് മക്കീ സൂറകളായ ഹിജ്ർ (99 ആയത് ), നഹ്ൽ (128 ആയത്) അധ്യായങ്ങളാണ് ഈ ജുസ്ഇലുള്ളത്.ആദ്യ സൂറതിലെ 80-ാം വചനത്തിൽ സ്വാലിഹ് നബി (അ) യുടെ രാജ്യമായ ഹിജ്റിനെക്കുറിച്ച് പരാമർശമുള്ളതിൽനിന്നാണ് ഇതിന് സൂറതുൽ ഹിജ്ർ എന്ന പേര് വന്നത്. ഇപ്പോഴത്തെ സഊദി അറേബ്യയിൽ പുരാതന ഥമൂദിയൻ – ലാഹിയൻ നാഗരികതയിൽ ഉൾപ്പെട്ട ഈ നഗരം, പൂർണ്ണമായും പാറയിൽ സ്ഥാപിതമായതായിരുന്നു. ഇപ്പോൾ ഈ പ്രദേശം മദായിൻ സ്വാലിഹ് എന്നറിയപ്പെടുന്നു.

കേവലാക്ഷരങ്ങൾക്ക് ശേഷം സർവ്വശക്തനായ റബ്ബ് തന്നിൽ നിന്ന് അവതരിച്ച ഖുർആൻ എല്ലാ വൈകല്യങ്ങളിൽ നിന്നും സംരക്ഷിക്കുമെന്നും പ്രതിജ്ഞയെടുത്തിട്ടുണ്ട്. എല്ലാ ശത്രുക്കളുടെയും എതിരാളികളുടെയും അത്യധ്വാനം ഉണ്ടായിരുന്നിട്ടും എല്ലാ മാറ്റങ്ങളിൽ നിന്നും അതിനെ റബ്ബ് സംരക്ഷിക്കുമെന്നും എല്ലാ പ്രവാചകന്മാരും പരിഹസിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നും മാരണം ബാധിച്ചവരുടേതെന്നപോലെ ഒന്നടങ്കം സത്യത്തിനെതിരെ ഏതു കാലത്തും ശത്രുക്കൾ നിലകൊണ്ടിട്ടുണ്ട് എന്ന ചരിത്ര സത്യം അനുസ്മരിച്ച് പ്രവാചകൻ (സ) യെ സാന്ത്വനിപ്പിക്കുകയാണ് ഹിജ്റിലെ ആദ്യ 15 സൂക്തങ്ങൾ . തുടർന്ന് ഭൂമിയിലും ആകാശ ലോകത്തുമായി നാഥൻ വിന്യസിച്ചിട്ടുള്ള വ്യത്യസ്ത അടയാളങ്ങളാണ് 25 വരെ ആയതുകളിൽ റബ്ബ് വർണിക്കുന്നത്.

ഭൂമി,പർവ്വതങ്ങൾ,കാറ്റ്,മഴ എന്നിങ്ങനെ പ്രപഞ്ച സൃഷ്ടിയുടെ വ്യത്യസ്ഥ ദൃഷ്ടാന്തങ്ങൾ പറയുന്ന ഈ ആയതുകളുടെ വിവരണത്തിൽ ഡോ – ബഹാവുദ്ദീൻ നദ്‌വി എഴുതുന്നു:

ഗോളാകൃതിയിലുള്ള ഭൂമിയിൽ എവിടെ സഞ്ചരിച്ചാലും അതു പരന്നതായാണു അനുഭവപ്പെടുക. അതാണിവിടെ സൂചിപ്പിച്ചിരിക്കുന്നത്. സ്വന്തം അച്ചുതണ്ടിൽ തിരിയുന്നത് കൊണ്ട് ചലനാത്മകമാണെങ്കിലും ഉപരിതലത്തിൽ നിവസിക്കുന്ന മനുഷ്യനോ ജന്തുജാലങ്ങൾക്കോ അങ്ങനെയൊരു ബുദ്ധിമുട്ടനുഭവപ്പെടുന്നില്ല. പർവതങ്ങൾ ഭൂമി ഇളകാതിരിക്കാനായി അടിച്ച വലിയ ആണികളെപ്പോലെയാണെന്ന് ഒട്ടേറെ സൂക്തങ്ങളിൽ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. കോടാനുകോടി ചെറുതും വലുതുമായ ജന്തുജാലങ്ങൾക്ക് ഇതേ ഭൂമിയിൽ അല്ലാഹു അന്നപാനാദികൾ നൽകുന്നു. ആനകൾക്കും തിമിംഗലങ്ങൾക്കും മുതൽ അതിസൂക്ഷ്മ ജീവികൾക്കു വരെ നൽകപ്പെടുന്ന ആഹാരങ്ങളുടെ ഖജനാവ് അല്ലാഹുവിങ്കൽ തന്നെയത്രേ. തന്റെ യുക്തിയും ക്രമീകരണങ്ങളും വ്യവസ്ഥകളുമനുസരിച്ചേ ഓരോ ജീവിക്കും അവൻ ഭക്ഷണം കൊടുക്കുകയുള്ളു.

അല്ലാഹു ഭൂതലത്തിൽ സംവിധാനിച്ച അത്യമൂല്യമായ മറ്റൊരനുഗ്രഹമാണ് കാറ്റ്. ഒട്ടേറെ ധർമങ്ങളാണത് നിർവഹിച്ചുകൊണ്ടിരിക്കുന്നത്. കാർമേഘങ്ങൾ വഹിച്ചുകൊണ്ടുപോവുക എന്ന കാറ്റിന്റെ ഒരു മുഖ്യ ദൗത്യമാണിവിടെ പരാമർശിക്കുന്നത്. സസ്യലതാദികളിൽ പരാഗണം നടത്തുന്നതും കാറ്റുതന്നെ. ആ അർത്ഥവും ലവാഖിഹ് എന്ന പദത്തിനു ഉദ്ദേശിക്കാവുന്നതാണ്. കാർമേഘങ്ങളുടെ സഞ്ചാരവും ഓട്ടവും കൊച്ചുകുട്ടികൾക്കു പോലും കാണാം. അല്ലാഹു നിശ്ചയിച്ച സ്ഥലത്തെത്തി അവ മഴവർഷിക്കുന്നു. വൃക്ഷങ്ങളും ചെടികളും സസ്യങ്ങളും ഭൂമിയും മനുഷ്യരുമൊക്കെ ആ വെള്ളം പാനംചെയ്യുന്നു. ഓരോ വർഷവും പെയ്തുകൊണ്ടിരിക്കുന്ന ജലം എവിടെയെങ്കിലും സൂക്ഷിച്ചുവെക്കാൻ മനുഷ്യനു സാധിക്കുമോ!

ഇത്യാദി അനുഗ്രഹങ്ങളും അദ്ഭുതകൃത്യങ്ങളുമൊക്കെ അനുഭവിച്ചും അറിഞ്ഞും കണ്ടും കഴിഞ്ഞുകൂടുന്ന മനുഷ്യൻ പിന്നെയും ധിക്കരിക്കയും അഹങ്കരിക്കയുമാണ്. ജനനവും മരണവുമൊക്കെ അല്ലാഹുവിന്റെ അധീനതയിലാണുള്ളത്. അവന്റെ അഭീഷ്ടത്തിനും തീരുമാനത്തിനും വിധേയനാകാൻ മാത്രമേ മനുഷ്യനു കഴിയൂ. മുൻഗാമികളോ പിൻഗാമികളോ എന്ന യാതൊരു വ്യത്യാസവുമില്ലാതെ സർവരെക്കുറിച്ചുമുള്ള സമഗ്ര വിവരം അല്ലാഹുവിങ്കലുണ്ട്. ഓരോരുത്തരുടെയും കർമങ്ങൾക്കനുസരിച്ച പ്രതിഫലം നൽകാനായി സർവരെയും മഹ്ശറിൽ അവൻ സമ്മേളിപ്പിക്കുന്നതാണ്.

തുടർന്ന് 31 വരെ ആയതുകളിൽ മനുഷ്യ – ജിന്ന്- മലക് എന്നിവരുടെ സൃഷ്ടിപ്പിലുള്ള അന്തരവും വ്യതിരിക്തതകളുമാണ് അനാവരണം ചെയ്യുന്നത്. ശേഷം ഇബ് ലീസിന്റെ കുതർക്കവും നാഥനുമായുള്ള സംവാദവും അവനോടുള്ള മറു വാദവും അവതരിപ്പിച്ചു കൊണ്ട് സുഭഗരായ അടിമകൾക്ക് ഇരുലോകത്തും വാഗ്ദാനം ചെയ്യപ്പെട്ട അനുഗ്രഹങ്ങളെ കുറിച്ചും 48 വരെ സൂക്തികളിൽ ചുരുങ്ങിയ പദങ്ങളിൽ വർണിക്കപ്പെട്ടിരിക്കുന്നു.

തുടർന്ന് ഇസ്‌ലാമിക വിശ്വാസത്തിന്റെ ഒരു അടിസ്ഥാന തത്വമായ, പ്രതിഫലവും ശിക്ഷയും ഭയവും പ്രത്യാശയുമുമെല്ലാം കടന്നുവരുന്നു. തുടർന്ന് ലൂത്വ് (അ) ൻറെയും അദ്ദേഹത്തിന്റെ ജനത്തിൻറെയും അവരുടെ ധാർമിക ച്യുതിയുമാണ് കൈകാര്യം ചെയ്തത്. ശേഷം ശുഐബ് (അ) അസ്വ്ഹാബുൽ ഐകത് [മരക്കാവിന്റെ] ജനതയുടെയും , സ്വാലിഹ് നബിയുടെ സമൂഹമായ ഥമൂദിന്റേയും പേരുകൾ പരാമർശിച്ച് കഥ വളരെ ചുരുക്കമായി പരാമർശിക്കുന്നു 84 വരെ ആയതുകളിൽ . തുടർന്ന് പരലോകത്തിന്റെയും പ്രവാചകന്റേയും വേദഗ്രന്ഥത്തിന്റേയും സത്യതക്ക് തെളിവായുള്ള സംഗതികൾ വിവരിക്കുകയാണ് 90 വരെ സൂക്തങ്ങളിൽ .

തുടർന്ന് ഖുർആനെ പല അംശങ്ങളാക്കി ഇസ്ലാമെന്ന സാകല്യത്തെ പലകള്ളികളിലാക്കിയവരെ പ്രത്യേകം എടുത്ത് പറഞ്ഞ് കൊണ്ട് (91) എല്ലാ നിഷേധികളെയും റബ്ബ് നേരിട്ട് കൈകാര്യം ചെയ്തു കൊള്ളുമെന്നും അവരുടെ പരിഹാസങ്ങളിൽ താങ്കൾ ഖിന്നരാവരുതെന്നും ഉണർത്തി റബ്ബിന്റെ കോടതിയിലേക്ക് എല്ലാം സമർപ്പിച്ച് ഇബാദതുകൾ അവനുമാത്രമാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സൂറ: ഹിജ്ർ സമാപിക്കുന്നു.

തുടർന്ന് മക്കിയ്യായ സൂറ: നഹ് ലാണ് . 128 ആയതുകളാണിതിലുള്ളത്. 68-ാം വചനത്തിൽ തേനീച്ചയെക്കുറിച്ചു പ്രസ്താവിക്കപ്പെട്ടിട്ടുള്ളതുകൊണ്ടു ഇതിനു സൂറത്തുന്നഹ്ൽ എന്നു പേരു പറയപ്പെടുന്നു. മനുഷ്യർക്ക് അല്ലാഹു ചെയ്തുകൊണ്ടിരിക്കുന്ന വളരെയധികം അനുഗ്രഹങ്ങളെക്കുറിച്ചു – തേനതിൽ ഒന്നുമാത്രം -പ്രതിപാദിക്കപ്പെട്ടിട്ടുള്ളതുകൊണ്ടു سورة النعم (അനുഗ്രഹങ്ങളുടെ അദ്ധ്യായം ) എന്നും നഹ് ലിനു പേരുണ്ട്.

അല്ലാഹുവിന്റെ കല്പന വന്നു ! അതിനാൽ, അതിനു നിങ്ങൾ ധൃതിപ്പെടേണ്ട. അവർ പങ്കുചേർക്കുന്നതിൽ നിന്നും അവൻ മഹാ പരിശുദ്ധൻ! അവൻ അത്യുന്നതനുമായിരിക്കുന്നു!! എന്ന തൗഹീദും പരലോകവും ചേർത്ത് പറയുന്ന സൂറ: നഹലിന്റെ ആരംഭവാക്യത്തിന് ശേഷം അല്ലാഹു മനുഷ്യന് നൽകിയ അനുഗ്രഹങ്ങളുടെ എണ്ണവും വണ്ണവും പ്രത്യേകം എടുത്തു പറയുന്നു.. അവയിൽ നിരവധി തരം മൃഗങ്ങളെ പ്രത്യേകം എടുത്തു കാണിക്കുന്നു . മനുഷ്യൻ അവയെ പ്രയോജനപ്പെടുത്തുന്നു. അവന് ആവശ്യമായ സൗകര്യങ്ങളിൽ അവയുടെ സൗന്ദര്യവും നിങ്ങളുടെ സൗകര്യവുമെല്ലാം അവയിലുണ്ടെന്ന് വ്യത്യസ്ത മൃഗങ്ങളെ എടുത്തു പറഞ്ഞു വർണിക്കുകയാണ് സൂറ: നഹ്‌ല് 8 വരെ സൂക്തങ്ങൾ . സന്മാർഗത്തിന്റെ ആവശ്യകത എന്താണ് എന്ന് സൂചിപ്പിച്ചതിന് ശേഷം അതിലേക്ക് വഴി തുറക്കുന്ന ആകാശം, കൃഷി, രാപകലുകൾ, നക്ഷത്രങ്ങൾ, കടൽ, മത്സ്യം , മുത്ത് , പവിഴം, ഭൂമി, പർവ്വതങ്ങൾ, എന്നിങ്ങനെ വിവിധ അനുഗ്രഹങ്ങളിലേതെങ്കിലും ചിലത് മാത്രം തിട്ടപ്പെടുത്താൻ നോക്കിയാലും കഴിയാത്തതാണെന്ന് പഠിപ്പിക്കുകയാണ് 18 വരെ സൂക്തികൾ .

ഈ വൈവിധ്യങ്ങൾക്കിടയിൽ കാണാൻ കഴിയുന്ന ഏകത്വമാണ് റബ്ബിന്റെ ഉണ്മയെന്നും അവൻ സകല കാര്യങ്ങളും കൃത്യമായും വ്യക്തമായും അറിയുന്നുവെന്നും സ്ഥാപിക്കുകയാണ് തുടർന്നുള്ള 23 വരെ ആയതുകൾ. ശേഷം നിഷേധികൾ തങ്ങളുടേയും അവർ വഴി വഴിതെറ്റിയവരുടേയും പാപഭാരങ്ങൾ പേറി നരകത്തിന്റെ വാതിലിലേക്ക് വരുന്നത് വരെയുള്ള ചിത്രങ്ങളാണ് 29 വരെ സൂക്തങ്ങൾ വരച്ചു വെക്കുന്നത്.

– ദൈവഭയവും വിശ്വാസവുമുള്ള ദൂതന്മാരുടെയും അവരുടെ അനുയായികളുടെയും പ്രവർത്തനങ്ങളും അവയുടെ പരിണതിയുമാണ് 32 വരെ ആയതുകളിലുള്ളത്. അതോടൊപ്പം അക്രമികളായവരുടെ പരലോകത്തേക്കുള്ള വരവും പ്രവാചകന്മാരുടെ പ്രബോധനത്തിന്റെ ആകെത്തുകയുമാണ് 35 വരെ സൂക്തങ്ങളിലുള്ളത്. തുടർന്ന് ഓരോ പ്രവാചകന്മാരും അവരുടെ സമൂഹത്തിൽ നിർവ്വഹിച്ച പ്രബോധനം കേവലം തൗഹീദ് മാത്രമായിരുന്നില്ലെന്നും ത്വാഗൂത് / ദൈവേതരരെ വെടിയാനും കൂടിയായിരുന്നുവെന്ന് ഉണർത്തുകയാണ് 36 ാം സൂക്തം.
എല്ലാ പടപ്പുകളും ഒരു രീതിയിലല്ലെന്നും നിഷേധികളെ ബോധ്യപ്പെടുത്താൻ ഏതു നബിക്കുമാവില്ലെന്നും അത് അവർക്ക് തന്നെ ബോധ്യമുള്ളതാണെന്നും അവർ നിഷേധിക്കുന്ന ഏതും സൃഷ്ടിക്കാനും പുനസൃഷ്ടിക്കുവാനുമെല്ലാം അവന് വളരെ നിസ്സാരമാണെന്നും ക്ഷമയോടെ എല്ലാം നാഥനിൽ ഭരമേല്പിച്ച ഉത്തമദാസന്മാർ മാത്രമാണ് അനുഗ്രഹങ്ങൾക്ക് വില കല്പിക്കുന്നതെന്നും തെര്യപ്പെടുത്തുകയാണ് 42 വരെ ആയതുകൾ .

എല്ലാ പ്രവാചകന്മാരും കൊണ്ടുവന്ന പ്രബോധന ദൗത്യം ഒന്നായിരുന്നുവെന്നും എല്ലാ സമൂഹത്തിലേയും നിഷേധികളുടെ വാദമുഖങ്ങളും സമാനമായിരുന്നുവെന്നും അല്ലാഹുവിനെ സൂക്ഷിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന മനുഷ്യനും മറ്റെല്ലാ മലക്കുകളും സ്വമേധയാ അവന്റെ അടിമത്വം അംഗീകരിച്ച് അഹങ്കാരമില്ലാതെയുള്ള കീഴടങ്ങലിൽ വിധേയരരാവുന്നതെന്നുമാണ് 50 വരെ ആയതുകൾ . ( 50ാം ആയതിൽ പാരായണത്തിന്റെ സുജൂദുണ്ട് ) . ഭൂമിയിലും ആകാശലോകത്തുമായി ആരാധനക്കർഹൻ അവൻ മാത്രമാണെന്നും സകല വസ്തുക്കളും അവന് മാത്രം വിധേയപ്പെട്ടിട്ടാണുള്ളതെന്നും അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിസന്ധി മാറുമ്പോഴേക്കും ഏകദൈവത്വത്തിൽ വഴുതിപ്പോവുന്നവരാണധികം എന്നുമുണർത്തുകയാണ് 54 വരെ ആയതുകളിൽ .

അല്ലാഹുവിന് (പെൺ) മക്കളെ സങ്കല്പിക്കുക, തങ്ങൾക്ക് പെൺമക്കളാണെന്നറിഞ്ഞാൽ കുഴിച്ചുമൂടുക, തുടങ്ങി മക്കാ മുശ്രിക്കുകളെ ബാധിച്ചിരുന്ന ചില തെറ്റായ അന്ധവിശ്വാസങ്ങൾ അല്ലാഹുവിനെ ശരിയായി മനസ്സിലാക്കാൻ ശ്രമിക്കാത്തവരുടെ ചില പ്രത്യേകതകൾ എടുത്തു പറയുകയാണ് 60 വരെ സൂക്തങ്ങൾ. അവർ ചെയ്യുന്ന ഓരോ തെറ്റിന്റേയും പേരിൽ അവരെ പിടികൂടുകയാണെങ്കിൽ ഭൂമിയിലൊരു ജീവിയും ബാക്കിയാവില്ലായിരുന്നുവെന്നും മരണം സർവ്വവസ്തുക്കളേയും പിടികൂടുന്നതാണെന്നും പിശാച് അവന്റെ ചങ്ങാതിമാരെ ശിക്ഷക്കർഹരാക്കി കൊണ്ടിരിക്കുമെന്നാണ് 63 വരെ ആയതുകൾ പറയുന്നത്. വിശുദ്ധ ഗ്രന്ഥം സമൂഹത്തിൽ നിലവിലുള്ള അഭിപ്രായ ഭിന്നതകളിൽ വഴി കാട്ടുന്നതാണെന്നു വ്യക്തമാക്കി കൊണ്ട് പ്രപഞ്ചത്തിലെ ജലം, കന്നുകാലികൾ, ഫലവൃക്ഷങ്ങൾ എന്നിവയിലെ വൈജാത്യങ്ങൾക്കിടയിലും ഏകത്വം ദർശിക്കാനാവുന്നത് പ്രസ്തുത വിഷയത്തിന്റെ തെളിവായി അവതരിപ്പിക്കുകയുമാണ് 67 വരെ സൂക്തങ്ങൾ .

തുടർന്ന് സൂറ: യുടെ പേരിന് നിമിത്തമായ തേനീച്ചയെ കുറിച്ച് നാഥൻ പറയുന്നത് വായിക്കൂ : നിന്റെ നാഥൻ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നൽകുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യൻ കെട്ടിയുർത്തുന്നവയിലും നീ പാർപ്പിടങ്ങളുണ്ടാക്കി കൊള്ളുക.പിന്നെ എല്ലാതരം ഫലങ്ങളിൽ നിന്നും നീ ഭക്ഷിച്ചുകൊള്ളുക. എന്നിട്ട് നിന്റെ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാർഗങ്ങളിൽ നീ പ്രവേശിച്ചുകൊള്ളുക. അവയുടെ ഉദരങ്ങളിൽ നിന്ന് വ്യത്യസ്ത വർണങ്ങളുള്ള പാനീയം പുറത്ത് വരുന്നു അതിൽ മനുഷ്യർക്ക് രോഗശമനം ഉണ്ട്. ചിന്തിക്കുന്ന ആളുകൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്.(ഖുർആൻ:16:68,69)

ഒരു തേനീച്ച സമൂഹത്തിലെ 90%വും തൊഴിലാളികളായ പെൺതേനീച്ചകളാണ്. പ്രത്യുല്പാദന ശേഷി ഇല്ലാത്ത പെണ് തേനീച്ചകളാണ് ഈ തൊഴിലാളികൾ.
اِتَّخِذِى ,كُلِى 68 -69 എന്നീ ആയതുകളിലെ ക്രിയകളിൽ വന്നിരിക്കുന്ന ഈ ശാസ്ത്രീയ സത്യം ഒട്ടേറെ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അഥവാ പ്രജനനം ചെയ്യുന്നതൊഴികെയുള്ള മുഴുവൻ തൊഴിലുകളും ചെയ്യുന്നത് ഈ പെണ് തേനീച്ചകളാണ്..

അല്ലാഹുവിന്റെ സൃഷ്ടി മാഹാത്മ്യം മനസ്സിലാക്കാൻ മനുഷ്യായുസ്, മരണം, വിഭവങ്ങളിലുള്ള വ്യത്യാസങ്ങൾ, ഇണകളായുള്ള സൃഷ്ടിപ്പ്, സന്താനലബ്ധി എന്നിവ എടുത്തു പറഞ്ഞതിന് ശേഷം അങ്ങനെയുള്ള നാഥന് സമന്മാരെ സങ്കല്പിക്കുന്ന വിവരക്കേടിലേക്ക് എത്തരുത് എന്ന് ഉദ്ബോധിപ്പക്കുകയാണ് 74 വരെ സൂക്തങ്ങൾ . തുടർന്ന് അല്ലാഹുവിന്റെ പടപ്പുകളുടെ വൈവിധ്യവും അവന്റെ വിവരത്തിന്റെ വൈപുല്യവും വ്യക്തമാക്കി മനുഷ്യസൃഷ്ടിപ്പിന്റെ വിവിധഘട്ടങ്ങളും പക്ഷി, ജന്തു ലോകത്തെ വൈവിധ്യങ്ങളും പ്രപഞ്ച സൃഷ്ടിപ്പിന്റെ വൈജാത്യങ്ങളും സവിസ്തരം പ്രതിപാദിച്ച് കൊണ്ട് നബിയുടെ ദൗത്യമെന്തെന്ന് ഓർമിപ്പിക്കുകയാണ് 82 വരെ ആയതുകൾ . അവന്റെ അനുഗ്രഹങ്ങൾ തൊട്ടറിഞ്ഞിട്ടും അവയെ നിഷേധിക്കുന്ന പ്രവണത എടുത്തു പറഞ്ഞ് ഓരോ സമൂഹത്തിനും അവരുടേതായ സത്യസാക്ഷ്യം നിർവഹിക്കുന്ന ഒരു സാക്ഷി ബുദ്ധിയുടെ വിധിയാണെന്ന് സമർഥിക്കുകയാണ് 89 വരെ സൂക്തങ്ങൾ .

ശേഷം വരുന്ന സൂക്തം പ്രത്യേകം കാണുക:
إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَى ….90
തീർച്ചയായും അല്ലാഹു കൽപിക്കുന്നത്‌ നീതി പാലിക്കുവാനും നൻമചെയ്യുവാനും കുടുംബബന്ധമുള്ളവർക്ക്‌ ( സഹായം ) നൽകുവാനുമാണ്‌ . അവൻ വിലക്കുന്നത്‌ നീചവൃത്തിയിൽ നിന്നും ദുരാചാരത്തിൽ നിന്നും അതിക്രമത്തിൽ നിന്നുമാണ്‌. നിങ്ങൾ ചിന്തിച്ചു ഗ്രഹിക്കുവാൻ വേണ്ടി അവൻ നിങ്ങൾക്കു ഉപദേശം നൽകുന്നു.

ഉമറുബ്നു അബ്ദിൽ അസീസ്(റഹ്) ഏറ്റവും വലിയ പ്രവർത്തനങ്ങളിൽ പെട്ടതായിരുന്നു അലി(റ)നെ മിമ്പറിൽ വെച്ച് ചീത്ത പറയുന്നതിനെ ഒഴിവാക്കാവൻ കൽപിച്ച് കൊണ്ടും ഈ ആയത് പാരായണം ചെയ്യാൻ കല്പിച്ചു കൊണ്ട് കത്തെഴുതിയത്. അല്ലാഹുമായി ചെയ്ത കരാറുകൾ ലംഘിക്കരുതെന്നും ഉണ്ടാക്കിയെടുത്തതെല്ലാം ഒറ്റപ്പിരി ഇളക്കി നശിപ്പിക്കുന്ന മക്കയിലെ ആ ഭ്രാന്തി സ്ത്രീയുടെ പ്രതിരൂപങ്ങളാവരുതെന്നും ഉണർത്തുകയാണ് 92 വരെ സൂക്തങ്ങൾ .

അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ എല്ലാവരും ഒന്നാകുമായിരുന്നുവെന്നും അത് പ്രകൃതിയുടെ നാനാതത്വത്തിന് വിരുദ്ധമാണെന്നും ഉണർത്തി റബ്ബുമായി ചെയ്ത കരാറിൽ വിഘ്നം വരുത്തരുതെന്നും തുച്ഛ വിലക്ക് അവയെ വിറ്റ് ഉപജീവിക്കുന്നവരാവരുതെന്നും അല്ലാഹുവിന്റെ സൂക്ഷിപ്പിലുള്ളതൊന്നും തീരുകയോ കുറയുകയോ ചെയ്യുന്നില്ല എന്നും ആണായാലും പെണ്ണായാലും പ്രവർത്തനങ്ങൾക്ക് അർഹമായ പ്രതിഫലവും സർവ്വോപരി പരിശുദ്ധമായ ജീവിതവും പ്രതിഫലവുമുണ്ടെന്നും ഉണർത്തുകയാണ് 97 വരെ ആയതുകൾ . തുടർന്ന് ഖുർആൻ പാരായണം നടത്തുമ്പോൾ പിശാചിൽ ശരണം തേടേണ്ടതുണ്ടെന്നും പക്ഷേ പിശാചിന്റെ സ്വാധീനവും അധികാരവും നിഷേധികളിൽ പരിമിതമാണെന്നുമാണ് 100 വരെ സൂക്തങ്ങൾ പഠിപ്പിക്കുന്നത്.

ദൃഷ്ടാന്തങ്ങളിൽ ചെറിയൊരു ഭേദഗതി വരുമ്പോഴേക്കും അനുസരണ വൃത്തത്തിൽ നിന്ന് പുറത്തുചാടുന്ന ജന്മങ്ങളെ നമ്പേണ്ടതില്ലെന്നും പ്രവാചകന് പരിശുദ്ധാത്മാവായ ജിബ്രീൽ വഴി ലഭ്യമാവുന്ന സന്ദേശങ്ങളിൽ സന്ദേഹം വെച്ച് പുലർത്തുന്നവർ ശുദ്ധ കള്ളന്മാരും ഹൃദയം നിഷേധം കൊണ്ട് നിറഞ്ഞവരുമാണെന്നാണ് 106 വരെ ആയതുകൾ സൂചിപ്പിക്കുന്നത്.

പരലോകത്തേക്കാൾ ഇഹലോകത്തിന് പ്രാമുഖ്യം നൽകുന്ന ഹൃദയങ്ങളിലും കണ്ണുകളിലും കാതുകളിലും സത്യം ഉൾകൊള്ളാനുള്ള പ്രാപ്തി ഇല്ലെന്നും സകലം നഷ്ടപ്പെട്ട ജന്മങ്ങളാവരുടേതെന്നുമാണ് 109 വരെ സൂക്തങ്ങൾ പ്രഘോഷിക്കുന്നത്. 110 ഹിജ്റയേയും ജിഹാദിനേയും അനുസ്മരിക്കുന്ന സൂക്തമായത് കൊണ്ട് അത് മദനിയ്യാണെന്നാണ് പണ്ഡിതമതം. ശേഷം പരലോകത്തിൽ ആരോടും നീതി നിഷേധിക്കപ്പെടില്ല എന്ന് പറഞ്ഞു കൊണ്ട് പറയുന്ന ഉപമ ശ്രദ്ധേയമാണ്. വിഭവങ്ങൾ സുഭിക്ഷമായി നല്കപ്പെട്ടതിന് ശേഷം അനുവദനീയത് മാത്രം ഭുജിക്കണമെന്നാവശ്യപ്പെട്ട ഒരു സമൂഹം അല്ലാത്തതും അനുഭവിക്കാനാഗ്രഹിക്കുന്നുവെങ്കിൽ അത് അല്ലാഹുവിനോട് ചെയ്യുന്ന നന്ദികേടാണെന്നുണർത്തുകയാണ് 115 വരെ സൂക്തങ്ങളിലൂടെ .

നിയമപരമായ തെളിവുകളില്ലാതെ ഹലാൽ ഹറാം ഫത്‌വകൾ ഇറക്കുന്ന എക്കാലത്തേയും സ്വയം പ്രഖ്യാപിത മുഫ്തിമാരോടും സ്വേഛപ്രകാരം മതനിയമങ്ങളിൽ വെള്ളം ചേർക്കുന്നവരോടുമായി പറയാനുള്ളതാണ് : നിങ്ങളുടെ നാവുകൾ വിശേഷിപ്പിക്കുന്നതിൻറെ അടിസ്ഥാനത്തിൽ ഇത്‌ അനുവദനീയമാണ്‌, ഇത്‌ നിഷിദ്ധമാണ്‌. എന്നിങ്ങനെ കള്ളം പറയരുത്‌. നിങ്ങൾ അല്ലാഹുവിൻറെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയത്രെ ( അതിൻറെ ഫലം ) അല്ലാഹുവിൻറെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുന്നവർ വിജയിക്കുകയില്ല; തീർച്ച. (116)
മക്കീ സമൂഹത്തിൽ മാത്രമല്ല, ഏതു സമയത്തും അത്തരം പ്രതിഭാസങ്ങൾ കാണാമെന്നതിന്റെ തെളിവാണ് ഈ ആയതിന്റെ തൊട്ടുടനെ ജൂതന്മാരെ അനുസ്മരിച്ചത്. അങ്ങനെ ഹലാം ഹറാം നിശ്ചയിക്കാൻ സ്വന്തമിച്ഛയെ ആരെല്ലാം വഴിപ്പെട്ടോ അവരോടെല്ലാമാണീ പ്രഖ്യാപനമെന്ന് 118 സൂക്തങ്ങൾ വ്യക്തമാക്കുന്നത്. അറിയാതെ ചെയ്തു പോയതും അല്ലാത്തതും വ്യത്യാസുണ്ടെന്ന പ്രഖ്യാപനം (119) ഉപരിസൂചിത വിഷയത്തിലെ ചില അവ്യക്തതകൾ പരിഹരിക്കുന്നു.

120 – 123 ആയതുകളിലെ പ്രവാചക കുലപതി ഇബ്രാഹീം നബി (അ)യുടെ ജീവിതത്തെ അനുസ്മരിക്കുന്നേടത്ത് വന്ന ഉമ്മത്, മില്ലത്, ഹനീഫ് എന്നീ സംജ്ഞകളുടെ വിശദീകരണം സൂറ ബഖറയിലും മറ്റും വിശദമായി തന്നെ വന്നതാണ്. സാബത് നാളിലെ (124) ജൂതരുടെ തന്ത്രങ്ങളും പ്രസ്തുത ഭാഗം വിശദമായി ചർച്ച ചെയ്യപ്പെട്ടപ്പോൾ ബഖറ അധ്യായത്തിൽ നാം വായിച്ചു കഴിഞ്ഞതാണ്. പ്രബോധകന്മാർ ദീക്ഷിക്കേണ്ട യുക്തിയും ഉത്തമോപദേശവും സവിശേഷ സംഭാഷണരീതിയും പ്രത്യേകം ശ്രദ്ധിക്കണമെന്നും സ്വതന്ത്ര ഭരണകൂടവും രാഷ്ട്രീയ സ്വാധീനവുമുള്ളപ്പോൾ മാത്രം പ്രതിരോധം അപരാധമല്ലെന്നും അല്ലാത്തപ്പോൾ ക്ഷമയാണ് സുകൃതവന്മാരുടെ മാർഗമെന്നും ഉണർത്തിയാണ് 128 ആയതുകളുള്ള സൂറ: നഹ്ൽ സമാപിക്കുന്നത്.

(സൂറ: നഹ്ൽ ഉള്ളടക്കത്തിൽ മക്കിയ്യാണെങ്കിലും110ാം ആയതും അവസാനത്തിലെ 126, 127 എന്നീ മൂന്ന് വചനങ്ങൾ മദീനയിൽ ഉഹ്ദ് യുദ്ധം കഴിഞ്ഞ ഉടനെ അവതരിച്ചതാണെന്നുമുള്ള പണ്ഡിതാഭിപ്രായങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.)

Related Articles