Current Date

Search
Close this search box.
Search
Close this search box.

ഹിംസാത്മക പദപ്രയോഗങ്ങള്‍; ഖുര്‍ആന്‍ ബൈബിള്‍ താരതമ്യം

bible-quran.jpg

ഖുര്‍ആനേക്കാള്‍ കൂടുതല്‍ അക്രമവും, ഉന്മൂലനവും ചര്‍ച്ച ചെയ്യുന്നത് ബൈബിളാണെന്ന കണ്ടെത്തലുമായി ഒരു പഠനം പുറത്ത് വന്നിരിക്കുകയാണ്. ഇസ്‌ലാം പ്രകൃത്യാ തന്നെ ഹിംസയിലും അക്രമത്തിലും അധിഷ്ഠിതമായ മതമാണെന്ന സ്ഥിരം ആരോപണത്തിന്റെ നിജസ്ഥിതി എന്താണെന്നറിയാന്‍ അമേരിക്കക്കാരനായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ടോം ആന്‍ഡേഴ്‌സണ്‍ ആണ് ഇത്തരമൊരു പഠനം നടത്തിയത്. ഈ രണ്ട് മതഗ്രന്ഥങ്ങളിലും എത്രത്തോളമാണ് ഹിംസയെയും അക്രമത്തെയും കുറിക്കുന്ന പദപ്രയോഗങ്ങള്‍ അടങ്ങിയിരിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ അന്വേഷണം.

‘ഇസ്‌ലാമിക മതമൗലികവാദത്തിന് ഭീകരവാദവുമായി ബന്ധമുണ്ടോ, മറ്റു മതങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇസ്‌ലാമാണ് കൂടുതല്‍ ആക്രമണോത്സുകത കാണിക്കുന്ന മതം തുടങ്ങി പൊതുസമൂഹത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന സംവാദങ്ങളാണ് ഇത്തരമൊരു പഠനം നടത്താന്‍ എനിക്ക് പ്രേരണ നല്‍കിയത്.’ ടോം ആന്‍ഡേഴ്‌സണ്‍ പറയുന്നു. ബൈബിള്‍ പഴയ നിയമം, പുതിയ നിയമവും, പരിശുദ്ധ ഖുര്‍ആന്റെ 1917-ല്‍ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പരിഭാഷ എന്നിവയാണ് താന്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത Odin Text എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ടോം ആന്‍ഡേഴ്‌സണ്‍ വിശകലനത്തിന് വിധേയമാക്കിയത്.

കേവലം രണ്ട് മിനുട്ട് കൊണ്ട് പരിധോധന പൂര്‍ത്തിയാക്കിയ സോഫ്റ്റ് വെയര്‍, പ്രസ്തുത മതഗ്രന്ഥങ്ങളില്‍ വന്നിരിക്കുന്ന വൈകാരിക പദങ്ങളുടെ വിശദവിവരങ്ങള്‍ ടോമിന്റെ മുന്നില്‍ നിരത്തി. സന്തോഷം, വിശ്വാസം, ഭയം, അത്ഭുതം, ദുഃഖം, വെറുപ്പ്, കോപം, പ്രതീക്ഷ ( joy, trust, fear, surprise, sadness, disgust, anger and anticipation) തുടങ്ങിയ എട്ട് വികാരങ്ങളില്‍, കോപത്തിന്റെ കാര്യത്തില്‍ ബൈബിളാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അതേസമയം സന്തോഷം, വിശ്വാസം എന്നിവയുടെ കാര്യത്തില്‍ ഖുര്‍ആനേക്കാള്‍ ഏറെ പിന്നിലാണ് ബൈബിള്‍ എന്ന് ടോമിന്റെ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബൈബിളിന്റെ കാര്യം മാത്രം എടുത്ത് നോക്കിയാല്‍ പുതിയ നിയമത്തേക്കാള്‍ ഏറ്റവും കൂടുതല്‍ ആക്രമണോത്സുകത പഴയ നിയമത്തിനാണെന്ന് പഠനം ചൂണ്ടികാട്ടുന്നു. ‘ഉന്മൂലനം ചെയ്യുക’, ‘കൊല്ലുക’, ‘പകവീട്ടുക’ തുടങ്ങിയ പദങ്ങളും അവയുമായി ബന്ധപ്പെട്ട പ്രയോഗങ്ങളും വിശകലന വിധേയമാക്കിയിട്ടുണ്ട്.

പഠന ഫലത്തെ സംഗ്രഹിച്ച് കൊണ്ട് ആന്‍ഡേഴ്‌സണ്‍ എഴുതുന്നു ‘ഈ മൂന്ന് ഗ്രന്ഥങ്ങളില്‍, ഏറ്റവും കൂടുതല്‍ ആക്രമണോത്സുകമായ ഉള്ളടക്കമുള്ളത് പഴയ നിയമത്തിലാണ്. കൊലപാതകം, ഉന്മൂലനം എന്നിവയുമായി ബന്ധപ്പെട്ട പദപ്രയോഗങ്ങള്‍ ചെറിയ വ്യത്യാസത്തിനാണെങ്കിലും, ഖുര്‍ആനേക്കാള്‍ (2.1%) കൂടുതലുള്ളത് പുതിയ നിയമത്തിലാണ് (2.8%). പക്ഷെ പഴയനിയമത്തില്‍ ഖുര്‍ആനിലുള്ളതിനേക്കാള്‍ രണ്ടിരട്ടിയാണ് കൊലപാതകവും ഉന്മൂലനവുമായി ബന്ധപ്പെട്ട പദപ്രയോഗങ്ങള്‍ വന്നിട്ടുള്ളത് (5.3%).’

അതേസമയം ആന്‍ഡേഴ്‌സണ്‍ ഒരു കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്: ‘ആദ്യമായി പറയാനുള്ളത്, മറ്റു മതങ്ങളേക്കാള്‍ ഏറ്റവും കൂടുതല്‍ അക്രമാസക്തം ഇസ്‌ലാമാണ് എന്നോ, അല്ലായെന്നോ തെളിയിക്കാനല്ല നാം ഈ പഠനം നടത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ജൂദായിസത്തിന്റെയും, ക്രിസ്തുമതത്തിന്റെയും, ഇസ്‌ലാമിന്റെയും അധ്യാപനങ്ങള്‍, നിയമങ്ങള്‍ എന്നിവ പ്രസ്തുത മൂന്ന് മതഗ്രന്ഥങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും നമുക്കറിയാം. ഇത് കേവലം ഉപരിപ്ലവമായ വിശകലനം മാത്രമാണെന്നും, കണ്ടെത്തലുകള്‍ ആ ഗ്രന്ഥങ്ങളെ കുറിച്ചുള്ള അവസാനവാക്കല്ലെന്നും ഒരിക്കല്‍ കൂടി അടിവരയിട്ട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഖുര്‍ആനെയും, പഴയനിയമത്തെയും, പുതിയനിയമത്തെയും വളരെ ദൂരെനിന്ന് ഒന്ന് നോക്കി കാണുക മാത്രമാണ് ഞങ്ങള്‍ ചെയ്തിട്ടുള്ളത്. അവസാനമായി ഒരു കാര്യം കൂടി, എന്തെന്നാല്‍ ഇതൊരു അത്യധികം വൈകാരികമായ വിഷയമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു, ഈയൊരു അന്വേഷണത്തിന്റെ ഫലമായി ആരുടെ മനസ്സും വേദനിച്ചിട്ടില്ലെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.’

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles