Current Date

Search
Close this search box.
Search
Close this search box.

സഹവാസിയോടുള്ള നന്മ

وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا وَبِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَالْجَارِ ذِي الْقُرْبَىٰ وَالْجَارِ الْجُنُبِ وَالصَّاحِبِ بِالْجَنبِ وَابْنِ السَّبِيلِ وَمَا مَلَكَتْ أَيْمَانُكُمْ ۗ إِنَّ اللَّهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورًا ﴿٣٦﴾

നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനോട്‌ യാതൊന്നും പങ്കുചേർക്കാതിരിക്കുകയും മാതാപിതാക്കളോട്‌ നല്ല നിലയിൽ വർത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയൽക്കാരോടും അന്യരായ അയൽക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയിൽ വർത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല. (4:36)

മഹിത മര്യാദകൾ പഠിപ്പിക്കുന്ന ഇസ്‌ലാമിക പ്രമാണങ്ങളിൽ നാമുമായി ബന്ധപ്പെട്ട എല്ലാവർക്കും അവരവരർഹിക്കുന്ന അവകാശങ്ങൾ ഉണ്ടായിരിക്കുന്നത് സ്വാഭാവികമാണ്.അവ പ്രധാനമായും വിശ്വാസികളായ എല്ലാവർക്കും ധാർമ്മികമായി വന്നു ചേരുന്ന ബാധ്യതകളുമാണ്. മാതാപിതാക്കൾ, ബന്ധുക്കൾ, അനാഥകൾ, പാവങ്ങൾ, അയൽവാസികൾ എന്നിവരെ പോലെ തന്നെ ഖുർആൻ പരിഗണിച്ച ഒന്നാണ് സഹവാസിയോടുള്ള കടമകൾ, അവനോടുള്ള മര്യാദകൾ എന്നിവ.അവന്റെ സ്ഖലിതങ്ങൾ മറക്കുക, അവനോടുള്ള നന്മകൾ ജീവിതമുടനീളം കാത്തുസൂക്ഷിക്കുക, അവനിൽ നിന്ന് നല്ലതല്ലാതെ ഒന്നും കേൾക്കാൻ ഇടവരാതെ നോക്കുക. വല്ലതും സംഭവിച്ചാൽ പോലും നല്ല രീതിയിൽ പ്രതികരിക്കുക എന്നിവ അവനോടുള്ള ഇഹ്സാൻ/ നന്മയുടെ ഭാഗമാണ്.

ഈ ആയത്തിൽ ആദ്യമാദ്യം പറയുന്നവരെ സേവിക്കുന്നതിലും കടമകൾ നിർവഹിക്കാൻ ശുഷ്കാന്തി പുലർത്തുന്നവർ പോലും പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന കടമയാണ് സുഹൃദ്ബന്ധങ്ങളുടേത്. സദാ വികസിക്കുകയും അനന്തമായി നിലനില്ക്കുകയും ചെയ്യുന്ന വളരെ ഊർജ്ജസ്വലമായ ബന്ധമാണ് നമ്മുടെ എല്ലാ വിധ സഹവാസങ്ങളും. സാമൂഹികവും കലാപരവും ആത്മീയവും വിനോദപരവും വിദ്യാഭ്യാസപരവുമായ മേഖലയിലൊക്കെ അത്തരം ചില പ്രത്യേക ബന്ധങ്ങൾ നമുക്കു എല്ലാവർക്കും ഉണ്ട്; ഉണ്ടാവണം. സുഹൃത്തിനോടുള്ള കടമയെന്ന നിലക്ക് നാം ബോധപൂർവ്വം നട്ട് നനച്ച് നിലനിർത്തേണ്ടതാണാ ബന്ധങ്ങൾ

എന്നാൽ ആരൊക്കെയാണീ ഖുർആൻ പറയുന്ന സ്വാഹിബ് ബിൽ ജൻബ് /സഹവാസി ?? അവർ നമ്മുടെ
1. സഹപാഠികളാവാം
2. സഹപ്രവർത്തകരാവാം
3. സഹയാത്രികരാവാം
4. സഹപ്രഭാഷകർ / സഹസദസ്യർ എന്ന് തുടങ്ങി നമ്മുടെ ജീവിതത്തിൽ സുപ്രധാന സാഹചര്യങ്ങളിൽ നമ്മുടെ കൂടെ നിന്ന ആരും ഖുർആൻ കൽപ്പിച്ച ആ തലവാചകത്തിൽ ഉൾപ്പെടും. ഇബ്നു ആശൂർ പറയുന്നതനുസരിച്ച് നമ്മുടെ സ്വന്തം നല്ലപാതിയെ പരിഗണിക്കാതെ എന്ത് സ്വാഹിബ് ബിൽ ജൻബ് ?!
നമുക്ക് നന്മ ചെയ്ത എല്ലാവരോടും കൂറും സ്നേഹവും സന്തോഷവും സമാധാനവും നന്മയും
അനിവാര്യമാക്കുന്ന എത്ര മഹത്തായ ഉദ്ബോധനമാണീ സൂക്തം !. ഈ ബന്ധങ്ങളിൽ പെടാത്ത മറ്റു വല്ല ബന്ധവും ഈ ലോകത്ത് നമുക്കുണ്ടാവുമോ ?? ഇവരെ കൂടാതെയുള്ള ഒരു ജീവിതം നമുക്ക് സാധ്യമാവുമോ?! ആയതിനാൽ ജൻബിലേക്ക് (അടുത്തേക്ക് ) ചേർത്ത് നിർത്താം ആ സ്വാഹിബിനെ . മുകളിൽ സൂചിപ്പിച്ച ഏത് കാറ്റഗറിയിൽ പെട്ടയാളുമാവട്ടെ, മറന്നു പോവരുത് അവരോടുള്ള കടമകൾ / നന്മകൾ . അവരിൽ നിന്നും അകന്നു നിന്നുകൊണ്ടുള്ള പൊങ്ങച്ചവും ദുരഭിമാനവും റബ്ബിന്റെ അതൃപ്തിക്കിടയാക്കുമെന്നറിയുക നാം .

Related Articles